മൃത്യു വിരുന്നുവരുന്നേരം മാനുജന്‍
ദൃഷ്ടികള്‍ പൂട്ടി മയക്കമാകും
സ്രഷ്ടാവയച്ചിടും ദൂതന്മാരെത്തിടും
നിദ്രവിട്ടാത്മാവുണരും വേഗം
''ഇത്ര മതീലോകവാസം നിനക്കിപ്പോള്‍
പോയിടാം സ്രഷ്ടാവിന്‍ സന്നിധിയില്‍''
ദൂതന്റെ വാക്കു ശ്രവിക്കുന്ന മാത്രയി-
ലാത്മാവിന്‍ നെഞ്ചിടിപ്പെന്തു ചൊല്ലാം?
കെഞ്ചിപ്പറഞ്ഞിടു''മൊട്ടുനേരംകൂടി
ബന്ധുജനങ്ങളെ കണ്ടിടാനും,
ലോകത്തിന്‍ സൗന്ദര്യമാസ്വദിച്ചിടാനും
ആഗ്രഹമൊത്തിരി ബാക്കിയെന്നില്‍.''
''തെല്ലിട ബാക്കി നിനക്കില്ല, സോദരാ,
താതന്‍വിധിയാളന്‍ കാത്തിരിപ്പൂ''
ജീവിതവൈകല്യമോര്‍ത്തോര്‍ത്തു ഭീതിയാല്‍
താതന്റെ സന്നിധീലാത്മാവെത്തും
''ഭീതിവേണെ്ടന്നുടെ വത്സലാ, നീയിപ്പോള്‍
എന്നുടെയിച്ഛപോല്‍ ജീവിച്ചില്ലേ?
സ്വര്‍ഗ്ഗഭാഗ്യം നിനക്കേകിടും ഞാനിപ്പോള്‍
ആര്‍ത്തുപാടീ നൃത്തമാടൂ വേഗം.''
സ്വര്‍ഗ്ഗീയതാതന്റെ പൊന്‍മുഖം ദര്‍ശിക്കേ
പൊന്‍പാദം ചുംബിക്കുമാത്മാവപ്പോള്‍
സ്വര്‍ഗ്ഗകവാടം തുറന്നിടും ദൂതന്മാര്‍
സ്വര്‍ഗ്ഗവൃന്ദങ്ങളോടൊപ്പം ചേര്‍ക്കും.
ഈ ലോകജീവിതം നന്മപൂര്‍ണ്ണമെങ്കി-
ലന്ത്യത്തില്‍ ഭീതിവേണേ്ടതൊരാള്‍ക്കും
സന്മാര്‍ഗ്ഗജീവിതം പാലിച്ചുജീവിച്ചോന്‍
സ്വര്‍ഗ്ഗസൗഭാഗ്യത്തിന്നര്‍ഹനാകും.
കൊല്ലും കൊലയുമഭ്യാസമായി ജീവിച്ചാല്‍
ആത്മാവിന്‍ രക്ഷയകലെത്തന്നെ.
ദുര്‍മ്മാര്‍ഗ്ഗജീവിതം പാലിച്ചോനന്ത്യത്തില്‍
ആര്‍പ്പുവിളിയുമട്ടഹാസവും,
പൈശാചികവേഷമൊന്നൊന്നായ് കാട്ടിടും
ദുഷ്ടാത്മാവെത്തുമിരുട്ടറയില്‍
എപ്പോള്‍ മരണമെന്നാര്‍ക്കുമറിഞ്ഞൂടാ
ശാന്തി ലഭിക്കാനൊരുക്കം വേണം.
തമ്പുരാന്‍തന്‍വിളി കാതോര്‍ത്തു നന്മയില്‍
ജീവിച്ചാല്‍ രക്ഷ കരസ്ഥമാക്കാം.
ലോകത്തെ ഞെട്ടിക്കും കോവിഡുരോഗത്താ-
ലെത്രപേര്‍ ഞെട്ടറ്റു വീഴുന്നയ്യോ!!
ബന്ധുമിത്രാദികളാരെയും കാണാതെ
മൃത്യുവന്നെത്തിടുന്നയ്യോ കഷ്ടം!!
ജാതിമതഭേദമേതുമേ നോക്കാതെ
സോദരത്വേന നാം വാഴ്കവേണം.
പാപമാര്‍ഗ്ഗം വെടിഞ്ഞീശ്വരചിന്തയില്‍
പുണ്യമാര്‍ഗ്ഗത്തില്‍ ഗമിച്ചിടേണം.
സദ്യമേളം