ഹിന്ദി സിനിമ മേഖല ലഹരി മരുന്നില്‍ മുങ്ങിതാഴുന്നുവോ? സമീപകാലത്ത് ബോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതാണ്. ബോളിവുഡിലെ ഭൂരിപക്ഷം താരങ്ങളും അണിയറപ്രവര്‍ത്തകരും ലഹരി മരുന്നിന് അടിമകളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത്താണ് ഈ വിവരം പുറത്തുവിട്ടത്. ബോളിവുഡില്‍ ഒരു ലഹരിമരുന്ന് ശ്രുംഖല ഉണെ്ടന്നും ഈ ശ്രുംഖലയില്‍ അന്‍പതിലേറെ അംഗങ്ങള്‍ ഉണെ്ടന്നുമാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ കണെ്ടത്തിയത്. മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട് . നിരവധി താരങ്ങളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ് പുട്ടിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ സി ബി അന്വേഷണം വ്യാപിപ്പിച്ചപ്പോഴാണ് ഹിന്ദി സിനിമാലോകത്തെ ലഹരിമരുന്ന് ഉപയോഗത്തിന്റെ ആഴം പുറം ലോകം അറിഞ്ഞത്. വിചാരിച്ചതിലും ഏറെയാണ് അതിന്റെ ആഴവും പരപ്പും എന്ന് അപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മനസിലായത് .
ജൂണ്‍ 14ന് സുശാന്ത് സിംഗ് രാജ്പുട്ടിനെ മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തുകയായിരുന്നു. മൃതദേഹത്തിന്റെ ഫോട്ടോകള്‍ പരിശോധിച്ച ഡോക്ടര്‍ സുശാന്തിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാവാമെന്ന് സംശയിച്ചിരുന്നു . ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് മയക്കുമരുന്നു ലോബിയുടെ വേരുകള്‍ കണെ്ടത്തിയത് . സുശാന്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടിട്ടുണെ്ടന്ന് സുശാന്തിന്റെ വീട്ടു ജോലിക്കാരനായ ദീപേഷ് സാവന്ത് അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു .
കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ വെളിപ്പെടുത്തലുകളാണ് അന്വേഷണം ബോളിവുഡിലെ മയക്കുമരുന്നു ലോബിയിലേക്ക് നീളാന്‍ ഇടയാക്കിയത് . സുശാന്തിന്റെ കാമുകിയായായിരുന്നു നടി റിയ .
താനും സുശാന്തും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിയ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു . തന്റെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി വഴിയാണ് മയക്കുമരുന്നു നിറച്ച സിഗരറ്റ് സുശാന്തിന് കൊടുത്തിരുന്നതെന്നും റിയ കുറ്റസമ്മതം നടത്തിയിരുന്നു . ബോളിവുഡില്‍ 80 ശതമാനം താരങ്ങളും മയക്കുമരുന്നിന് അടിമയാണെന്ന് റിയ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു .
മയക്കുമരുന്ന് ഉപയോഗിക്കുന്ന പതിനഞ്ചോളം താരങ്ങളുടെ പേര് വിവരവും റിയ നല്‍കിട്ടുണ്ട് . സാറാ അലിഖാന്‍, രാകുല്‍ പ്രീത് സിങ്, ഡിസൈനര്‍ സിമോണ്‍ ഖംബാട്ട എന്നിവര്‍ തന്നോടൊപ്പം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിയ മൊഴി നല്‍കിയിരുന്നു . ദീപിക പദുക്കോണ്‍, സുശാന്തിന്റെ കൂട്ടുകാരി രോഹിണി അയ്യര്‍, സംവിധായകന്‍ മുകേഷ് ഛബ്ര എന്നിവരും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി റിയയുടെ മൊഴിയിലുണ്ട് . റിയ , സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തി, സാമുവല്‍ മിറാന്‍ഡ എന്നിവരുള്‍പ്പെടെ നിരവധി പേരെ ഈ കേസുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന 25 ബോളിവുഡ് താരങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു ചോദ്യം ചെയ്യാനുള്ള നീക്കം എന്‍ സി ബി തുടങ്ങിക്കഴിഞ്ഞു. ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ എന്നിവരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തിരുന്നു .പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ സഹപ്രവര്‍ത്തകര്‍ക്കായി നല്കിയ വിരുന്നില്‍ മയക്കുമരുന്നുകള്‍ വിളമ്പിയതായി അന്വേഷണോദ്യോഗസ്ഥര്‍ കണെ്ടത്തിയിട്ടുണ്ട്. നടന്‍ വിക്കി കൗശല്‍ ഈ വിരുന്നില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ ചിലര്‍ പുറത്തുവിട്ടിരുന്നു. കരണ്‍ ജോഹറിനെയും ചോദ്യം ചെയ്യുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം .
ബോളിവുഡിലെ മയക്കുമരുന്നു മാഫിയകള്‍ക്കെതിരേ കങ്കണ റണാവത്ത് എന്ന നടി നേരത്തേ രംഗത്തുവന്നിരുന്നു. സുശാന്തിനെ എല്ലാവരും ചേര്‍ന്ന് മരണത്തിലേക്കു തള്ളിവിടുകയായിരുന്നെന്നും സുശാന്തിന്റേത് ആത്മ ഹത്യയല്ല കൊലപാതകമാണെന്നുമാണ് റിപ്പബ്ലിക് ടിവിക്ക് നല്കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞത്. ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് താരങ്ങളുടെ വിവരങ്ങള്‍ അന്വേഷണഏജന്‍സിയോട് വെളിപ്പെടുത്താന്‍ തയ്യാറാണെന്നും കങ്കണ പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം വ്യാപിപ്പിച്ചാല്‍ നിരവധി പ്രമുഖ അഭിനേതാക്കള്‍ അഴിക്കുള്ളിലാകുമെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, കങ്കണ മയക്കുമരുന്നുപയോഗിച്ചിരുന്നതായും അത് ഉപയോഗിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും കങ്കണയുടെ മുന്‍ കാമുകന്‍ അദ്ധ്യായന്‍ സുമന്‍ വെളിപ്പെടുത്തി. ഇതിനെപ്പറ്റി മുംബൈ പൊലീസിന്റെ ആന്റി-നാര്‍ക്കോട്ടിക്‌സ് സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണേ്ടാ എന്ന് അറിയുന്നതിനുള്ള വൈദ്യപരിശോധനയ്ക്കും ഫോണ്‍ കോള്‍ പരിശോധന നടത്തുന്നതിനും താന്‍ തയ്യാറാണെന്ന് കങ്കണ വ്യക്തമാക്കി. മയക്കുമരുന്ന് മാഫിയയുമായി തനിക്കു ബന്ധമുണെ്ടന്നു തെളിഞ്ഞാല്‍ എന്നെന്നേക്കുമായി മുംബൈ വിടുമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു ദശാബ്ദമായി ബോളിവുഡ് മയക്കുമരുന്നിന്റെ പറുദീസയാണന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു ലഭിച്ച വിവരം. സിനിമാക്കാരുമായി അടുത്ത ബന്ധമുള്ള മയക്കു മരുന്ന് ഇടപാടുകാരന്‍ ബകുല്‍ ചന്ദ്രയാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് കിട്ടിയ വിവരം. പന്ത്രണ്ടരലക്ഷത്തിന്റെ മയക്കുമരുന്നുമായി ഇയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കെല്ലാം മയക്കുമരുന്ന് എത്തിക്കുന്നത് ബകുല്‍ ചന്ദ്രയാണെന്നാണ് എന്‍.സി.ബിയുടെ നിഗമനം.
ബോളിവുഡിലെ താരങ്ങളുടെ മയക്കുമരുന്നുപയോഗം സംബന്ധിച്ചു മുന്‍പും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തോക്ക് കൈവശം വച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച സഞ്ജയ് ദത്ത് മുമ്പ് കൊക്കെയ്ന്‍ സൂക്ഷിച്ചതിന് അറസ്റ്റിലായിട്ടുണ്ട്. 2001 ല്‍ കൊക്കെയ്ന്‍ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ബോളിവുഡ് നടന്‍ ഫര്‍ദീന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെപ്പറ്റി ബിജെപി എംപിയും മുന്‍കാല നടിയുമായ രൂപ ഗാംഗുലി പറഞ്ഞത് ഇങ്ങനെയാണ്: ''ഇത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍, ദീപിക പദുക്കോണും സാറാ അലിഖാനും ഇതില്‍ ഉള്‍പ്പെട്ടത് ആശ്ചര്യപ്പെടുത്തി.'' അണിയറയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികൂടാന്‍ ഈ താരങ്ങള്‍ ഇനി സഹായിക്കുകയാണു ചെയ്യേണ്ടതെന്നും രൂപ പറഞ്ഞു.
''സിനിമാരംഗത്തെ പല ആളുകളും വെളുത്ത പൊടി ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മഹാഭാരതം ചെയ്തിരുന്ന സമയത്ത് ഒരു പ്രമുഖ ഡയറക്ടര്‍ വിളിച്ചതനുസരിച്ച് ഒരു പാര്‍ട്ടിയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവിടത്തെ ഇരുട്ടു നിറഞ്ഞ, പുകമയമായ അന്തരീക്ഷം കണ്ടു പേടിച്ചു ഹോട്ടല്‍ മുറിയിലേക്കു മടങ്ങുകയാണ് ഞാന്‍ ചെയ്തത്. പല ആളുകളും വമ്പന്‍ വാഗ്ദാനങ്ങളുമായി എന്നെയും സമീപിച്ചിട്ടുണ്ട്. ദുബായില്‍ ഷോ, കൈനിറയെ പണം തുടങ്ങി വമ്പന്‍ വാഗ്ദാനങ്ങളാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. നമ്മളെ വലയിലാക്കി അവരുടെ റാക്കറ്റില്‍ കണ്ണിയാക്കുകയാണ് ഇവരുടെ ലക്ഷ്യം. അക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ ഒരു ടേപ്പ് റിക്കോര്‍ഡറില്‍ ഇവരുടെ സംഭാഷണം ഞാന്‍ റെക്കോഡ് ചെയ്തു. അത് പൊലീസിനു കൈമാറുമെന്നു ഭീഷണിപ്പെടുത്തി ഈ റാക്കറ്റില്‍നിന്നു ഞാന്‍ രക്ഷപ്പെടുകയാണു ചെയ്തത്.'' ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ രൂപ ഗാംഗുലി വ്യക്തമാക്കി. ''വിദേശഷോകള്‍ക്കും മറ്റും വലിയ പ്രതിഫലവും വമ്പന്‍ സമ്മാനങ്ങളും വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ അവ സ്വീകരിക്കുന്നതിനുമുമ്പ് പുതുതലമുറ താരങ്ങള്‍ നന്നായി ഒന്നു ചിന്തിക്കണം. പകരമായി ഈ ലോബികള്‍ ആവശ്യപ്പെടുന്നത് ലഹരിമരുന്ന് എത്തിച്ചുകൊടുക്കാനായിരിക്കും. അതുകൊണ്ട് പുതുതലമുറ സിനിമാക്കാര്‍ കരുതലോടെയിരിക്കണം. അത്യാ
ഗ്രഹം വേണ്ട.'' രൂപ ഗാംഗുലി പറഞ്ഞു.