•  Published From Palai
  •  Contact Us
  •  Previous Issues
  •  8 May 2025
  •  ദീപം 58
  •  നാളം 9
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • സിനിമ
    • നേര്‍മൊഴി
    • നോവല്‍
    • ബാലനോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
    • പ്രതിഭ
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ഏകാധിപത്യത്തിന്റെ ഗവര്‍ണര്‍കസേരകള്‍

  • ജോര്‍ജ് കള്ളിവയലില്‍
  • 30 November , 2023

ഭരണഘടനയുടെ അന്തഃസത്തയെയും പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തെയും പലതരത്തില്‍ അട്ടിമറിക്കുകയോ, ദുര്‍ബലപ്പെടുത്തുകയോ ചെയ്യാന്‍ പലപ്പോഴും ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, ഭരണഘടനാപദവിയിലുള്ള ഗവര്‍ണര്‍മാര്‍ തന്നെ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് അഭികാമ്യമല്ല. കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായി പല ഗവര്‍ണര്‍മാരും തരംതാഴുമ്പോള്‍ ജനാധിപത്യം വെല്ലുവിളി നേരിടും. രാഷ്ട്രീയതാത്പര്യങ്ങള്‍ക്കുവേണ്ടി ഏകപക്ഷീയനടപടികള്‍ സ്വീകരിക്കുന്ന ഗവര്‍ണര്‍മാരുടെ പദവിതന്നെ ആവശ്യമില്ലെന്ന ചര്‍ച്ച കൂടുതല്‍ സജീവമാക്കുന്നതാണു പുതിയ സംഭവഗതികള്‍.

സംസ്ഥാനനിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ ഗവര്‍ണര്‍മാര്‍ കാലതാമസം വരുത്തുന്നതില്‍ സുപ്രീം കോടതി പരസ്യമായ അതൃപ്തിയാണു രേഖപ്പെടുത്തിയത്. ഗവര്‍ണര്‍മാര്‍ മടക്കിയയച്ചതാണെങ്കിലും നിയമസഭ വീണ്ടും പാസാക്കിയശേഷം അയച്ച ബില്ലുകള്‍ക്ക് അനുമതി നല്‍കാന്‍ ഗവര്‍ണര്‍മാര്‍ ബാധ്യസ്ഥരാണെന്ന് നവം
ബര്‍ 20 ന് ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
തമിഴ്‌നാട്, കേരളസര്‍ക്കാരുകള്‍ വെവ്വേറെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് പരമോന്നതകോടതി ഗവര്‍ണര്‍മാരുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചത്. കേരള, തമിഴ്‌നാട് ഗവര്‍ണര്‍മാരോട് പ്രതികരണം കോടതി ആവശ്യപ്പെടുകയും ചെയ്തു. നിയമസഭയുടെ പുനരാലോചനയെത്തുടര്‍ന്ന് ഒരു ബില്‍ ഗവര്‍ണര്‍ക്കു തിരിച്ചയച്ചുകഴിഞ്ഞാല്‍ അത് ഗവര്‍ണര്‍ അനുമതി നല്‍കേണ്ട മണിബില്ലായി മാറുമെന്നു ബെഞ്ച് പറഞ്ഞു.
കക്ഷികള്‍ കോടതിയെ സമീപിക്കുന്നതുവരെ ഗവര്‍ണര്‍മാര്‍ എന്തിനു കാത്തിരിക്കണം? എന്നിട്ട് അവര്‍ അഭിനയിക്കാന്‍ തുടങ്ങുന്നു. എന്തുകൊണ്ടാണ് അവര്‍ക്ക് 
അവരുടെ ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ സ്വന്തമായി നിര്‍വഹിക്കാന്‍ കഴിയാത്തത്? കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, 
കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 24 നകം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഓഫീസില്‍നിന്നു മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചിട്ടുമുണ്ട്.
ഗവര്‍ണര്‍മാര്‍ക്കു മുന്നറിയിപ്പ്
കേരളഗവര്‍ണറുടെ മുമ്പാകെ കെട്ടിക്കിടക്കുന്ന എട്ടു ബില്ലുകളില്‍ മൂന്നെണ്ണം ഗവര്‍ണര്‍ആദ്യം അംഗീകരിച്ച് ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ചതാണെന്ന കേരളത്തിന്റെ വാദം കോടതിയുത്തരവില്‍ രേഖപ്പെടുത്തി. ഏഴു മുതല്‍ 26 മാസം വരെയുള്ള കാലയളവില്‍ ഈ ബില്ലുകള്‍ തീര്‍പ്പാക്കാതെ കിടക്കുകയാണെന്ന് കേരള സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാടിന്റെ കാര്യത്തിലും സുപ്രീംകോടതി കഴിഞ്ഞ പത്താം തീയതി ഉത്തരവു നല്‍കിയതാണെന്നു സുപ്രീംകോടതി ഓര്‍മിപ്പിച്ചു.''ഞങ്ങളുടെ ആശങ്ക ശരിക്കും ഇതാണ്. നവംബര്‍ 10 ന് കോടതി ഉത്തരവു പാസാക്കുകയും ബില്ലുകള്‍ തിരികെ നല്‍കുകയും ചെയ്തു. ഗവര്‍ണര്‍ എന്തിന് ഞങ്ങളുടെ ഉത്തരവിനായി കാത്തിരിക്കണം? 2020 ജനുവരിയിലാണ് ഏറ്റവും പഴയ ബില്‍ അദ്ദേഹത്തിനയച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഗവര്‍ണര്‍ എന്താണു ചെയ്യുന്നത്?'' അറ്റോര്‍ണി 
ജനറലിനോടുള്ള സുപ്രീംകോടതിയുടെ ചോദ്യം രാജ്യത്തെ എല്ലാ ഗവര്‍ണര്‍മാര്‍ക്കുംവേണ്ടിയുള്ളതാണെന്നുകൂടി ജഡ്ജിമാര്‍ക്കു മുന്നറിയിപ്പു നല്‍കേണ്ടിവന്നു. ഏതെങ്കിലുമൊരു ഗവര്‍ണര്‍ ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കാലതാമസം വരുത്തിയോ എന്നതുമാത്രമല്ല പ്രശ്‌നം. ഭരണഘടനാപര
മായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പൊതുവായ കാലതാമസമുണ്ടോ എന്നതാണ് പ്രശ്‌നം.'നിയമനിര്‍മാണസഭയുടെ പരിധിക്കുപുറത്ത് ആദായനികുതിനിയമത്തില്‍ സംസ്ഥാനം ഭേദഗതി വരുത്തുന്നു എന്നു കരുതുക. ഇത്തരമൊരു സാഹചര്യത്തില്‍ ഗവര്‍ണര്‍ എന്താണു ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 
അത്തരം സാഹചര്യത്തില്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാനുള്ള മൂന്നാമത്തെ ഓപ്ഷന്‍ ഗവര്‍ണര്‍ക്കു നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് മനു സിംഘ്‌വി ചൂണ്ടിക്കാട്ടിയതോടെ ഇക്കാര്യത്തിലും അവ്യക്തത നീങ്ങി.
സര്‍ക്കാരുമായി ഏറ്റുമുട്ടരുത്
കേരളമടക്കം നിരവധി സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നത് ജനാധിപത്യവിരുദ്ധമാണെന്നു പറയാതെ പറയുകയാണ് സുപ്രീംകോടതി. വിസമ്മതത്തിന്റെ കാരണങ്ങളൊന്നും വ്യക്തമാക്കാതെയാണ് 10 ബില്ലുകള്‍ തമിഴ്‌നാട് ഗവര്‍ണര്‍ തിരിച്ചയച്ചതെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയുടെ അനുച്ഛേദം 200 ന്റെ ഉത്തരവിനു വിരുദ്ധമാണെന്നും തമിഴ്‌നാടിനുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചതും ശ്രദ്ധേയമാണ്. 
2000 മുതല്‍ അവതരിപ്പിച്ച 181 ബില്ലുകളില്‍ 152 എണ്ണവും ഗവര്‍ണര്‍ പാസാക്കിയിട്ടുണ്ടെന്നും 
സംസ്ഥാന സര്‍വകലാശാലകളില്‍ വൈസ്ചാന്‍സലര്‍മാരെ നിയമിക്കാനുള്ള ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബില്ലുകള്‍ക്കാണ് പ്രധാനമായും അംഗീകാരം തടഞ്ഞതെന്നും വാദിച്ച് തലയൂരാനാണ് ഗവര്‍ണറുടെ വക്കീലായ വെങ്കിട്ടരമണി ശ്രമിച്ചത്. 2020 ജനുവരി മുതലാണ് തമിഴ്‌നാട് ഗവര്‍ണറുടെ പക്കല്‍ കെട്ടിക്കിടക്കുന്ന പഴക്കമേറിയ ബില്ലെന്ന വസ്തുത കോടതി രേഖപ്പെടുത്തി. അത്തരം ബില്ലുകളുടെ മെറിറ്റിലേക്കോ ഉള്ളടക്കത്തിലേക്കോ കടക്കാതെയാണു കോടതി വിഷയം ഡിസംബര്‍ ഒന്നിലേക്കു മാറ്റിയത്. 
ബില്ലുകള്‍ തീര്‍പ്പാക്കുന്നതില്‍ ഗവര്‍ണറുടെ കാലതാമസത്തിനെതിരേ പഞ്ചാബ് സര്‍ക്കാരിന്റെ സമാനമായ ഹര്‍ജി പരിഗണിക്കവേ, സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത നിയമസഭാസമ്മേളനത്തിന്റെ സാധുത ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍മാര്‍ക്ക് ഭരണഘടനാപരമായ അധികാരമില്ലെന്ന് നവംബര്‍ 10 ന് സുപ്രീം കോടതി വിധിച്ചിരുന്നു. നാലു ബില്ലുകള്‍ തീര്‍പ്പാക്കാത്തതിന് പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കോടതി വിമര്‍ശിച്ചു. രാജ്ഭവന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും പെരുമാറ്റത്തില്‍ അന്നു കോടതി അതൃപ്തി രേഖപ്പെടുത്തി. 
ഭരണഘടന സംരക്ഷിക്കപ്പെടണം
പാര്‍ലമെന്ററി ജനാധിപത്യത്തില്‍, യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണെന്ന് സുപ്രീം കോടതി അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. രാഷ്ട്രപതിയാല്‍ നിയമിതനാകുന്ന ഗവര്‍ണര്‍, സംസ്ഥാനത്തിന്റെ  നാമമാത്ര തലവന്‍മാത്രമാണെന്നും പരമോന്നതകോടതി വ്യക്തമാക്കി. പഞ്ചാബില്‍ നിയമസഭയെ സസ്‌പെന്‍ഡഡ് ആനിമേഷനില്‍ നിര്‍ത്തിയ നടപടി ഭരണഘടനയെ പരാജയപ്പെടുത്തുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചു.
ഭരണഘടനാപരമായി ജനാധിപത്യസംവിധാനം പ്രവര്‍ത്തിക്കുകയെന്നതാണു പ്രധാനം. അതിനു മുഖ്യമന്ത്രിമാരുമായി യോജിച്ചു പ്രവര്‍ത്തിക്കാനായിരിക്കണം ഗവര്‍ണര്‍മാര്‍ ശ്രദ്ധിക്കേണ്ടത്. തിരിച്ച് ഗവര്‍ണര്‍മാരെ വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രിമാരും തയാറാകണം. നിയമസഭ പാസാക്കിയ ബില്ലുകള്‍ പരിഗണിക്കാനും അംഗീകരിക്കാനും അനാവശ്യകാലതാമസം വരുത്തുന്നത് അംഗീകരിക്കാനാകില്ല. 
ജനാധിപത്യസര്‍ക്കാരിന്റെ ദൈംദിനഭരണത്തെ തടസ്സപ്പെടുത്താന്‍ ഗവര്‍ണര്‍മാരെ ദുരുപയോഗിക്കുന്ന കേന്ദ്രസര്‍ക്കാരുകളുടെ കപടരാഷ്ട്രീയമാണു സുപ്രീംകോടതിയുടെ ഉത്തരവിലൂടെ വെളിപ്പെടുത്തുന്നത്. ഭരണഘടനാപദവികളില്‍ ഇരിക്കുന്നവര്‍ കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയതാത്പര്യത്തിനു തുള്ളുന്ന പാവകളാകരുത്. രാഷ്ട്രതന്ത്രജ്ഞരായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ എതിരാളിയെപ്പോലെ പ്രവര്‍ത്തിക്കുന്ന സ്ഥിതി പാടില്ല. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍പോന്ന കോടതികളുടെ ഇടപെടലുകള്‍ രാജ്യത്തിനാകെ പ്രത്യാശയേകും.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)