മതഭീകരതയുടെ മറവിലെ പൈശാചികതാണ്ഡവം, നിസ്സഹായരും നിര്‍ദോഷികളുമായ 26 മനുഷ്യരുടെ ജീവനെടുത്ത കടുത്ത ആഘാതത്തില്‍നിന്ന് ഭാരതസമൂഹം ഇനിയും മോചിതരായിട്ടില്ല. ഇന്ത്യയുടെ അന്തരാത്മാവില്‍ ഭീകരര്‍ സൃഷ്ടിച്ച മുറിവിന്റെ ആഴം വാക്കുകളിലൂടെ അളക്കാവുന്നതല്ല. ആര്‍ഷഭാരതസംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച്, ലോകത്തിന്റെ നെറുകയില്‍ കൈകള്‍ ഉയര്‍ത്തി, സ്‌നേഹവും സാഹോദര്യവും സമാധാനവും വിളിച്ചറിയിക്കുന്നവരാണ് നമ്മള്‍. ഋഷീശ്വരന്മാരിലൂടെ പങ്കുവച്ച മാനിഷാദമന്ത്രങ്ങള്‍ ഉരുവിട്ടു പഠിപ്പിച്ചവരുടെ ആത്മാവ് നിറഞ്ഞുപ്രകാശിക്കുന്ന ഈ മണ്ണില്‍ മതത്തിന്റെ പേരില്‍ മനുഷ്യനെ നീചമായികൊലചെയ്യുന്ന കാപാലികര്‍ക്ക് ഇടത്താവളമൊരുക്കുന്നതാര്? കശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹല്‍ഗാമിലെ ബൈസരണില്‍ നടന്ന കൂട്ടക്കൊലപാതകത്തിന്റെ പിന്നിലെ ദുഷ്ടശക്തികള്‍ക്കും അവരുടെ മതത്തിനും ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വളവും വെള്ളവും നല്‍കുന്ന അതിക്രൂരന്മാരെയും വെറുതെവിടാന്‍ ലോകമനഃസാക്ഷിക്കാവുമോ? ഇന്ത്യയുടെ ആത്മാവിനെ വെട്ടിമുറിച്ച് ആഹ്ലാദിക്കുന്ന ഭീകരവാദികളെ അവര്‍ ലോകത്തിലെ ഏതു രാജ്യത്തിന്റെ കോണിലാണെങ്കിലും ഉന്മൂലനം ചെയ്തില്ലെങ്കില്‍ ഭാരതീയനാണെന്ന് അഭിമാനിച്ച് അഹങ്കരിക്കുന്നതില്‍ അര്‍ഥമില്ല. ഈ കൊടുംഭീകരതയുടെ പിന്നാമ്പുറങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഓരോ ഭാരതപൗരന്റെയും മുന്നോട്ടുള്ള ജീവിതയാത്രയ്ക്ക് ശരിയായ വഴികള്‍ തിരഞ്ഞെടുക്കുവാനും രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കാനുമുള്ള അവസരമാണ്.
പഹല്‍ഗാമില്‍ സംഭവിച്ചത്
2025 ഏപ്രില്‍ 22 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. ഈ സമയം, പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയിലെ ജിദ്ദയില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ആതിഥേയത്വം സ്വീകരിച്ച് സുപ്രധാന രാജ്യാന്തരകരാറുകള്‍ ഒപ്പിടാനുള്ള ഒരുക്കത്തിലായിരുന്നു. ഭീകരാക്രമണവിവരം അറിഞ്ഞപ്പോള്‍ത്തന്നെ സൗദി രാജാവ് ഒരുക്കിയ അത്താഴവിരുന്നുപോലും ഉപേക്ഷിച്ച് രണ്ടുദിവസത്തെ സന്ദര്‍ശനം ഏതാനും മണിക്കൂറുകള്‍കൊണ്ടവസാനിപ്പിച്ച് പ്രധാനമന്ത്രി സ്വന്തം മണ്ണിലേക്കു മടങ്ങിയെത്തി.
കേരളമുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമുള്ള ടൂറിസ്റ്റുകളാണ് ഇന്ത്യയിലെ മിനി സ്വിറ്റ്സര്‍ലാന്റിന്റെ മനോഹാരിത ദര്‍ശിക്കാന്‍ പഹല്‍ഗാമിലെത്തിയത്. മഞ്ഞ് പെയ്തിറങ്ങി തണുപ്പേകുന്ന കുളിര്‍ക്കാറ്റിന്റെ തലോടലില്‍ കുടുംബാംഗങ്ങളോടൊപ്പം അവര്‍ ചെലവിട്ട സന്തോഷവും ആനന്ദവും നിറഞ്ഞ നിമിഷങ്ങളെയാണ് കൊടുംഭീകരര്‍ വെടിയുതിര്‍ത്തു തകര്‍ത്തെറിഞ്ഞത്. മതം ഏതാണ് എന്നുമാത്രമല്ല, മുസ്ലീം വിശ്വാസം വിളിച്ചുപറയുന്ന കലിമ ചൊല്ലാനും ഭീകരര്‍ ആവശ്യപ്പെട്ടു. കൈയില്‍ കിട്ടിയ മുസ്ലീം മതത്തില്‍പ്പെടാത്ത പുരുഷന്മാരെയെല്ലാം കൊന്നൊടുക്കി. മതമേതെന്ന് ഉറപ്പാക്കാന്‍ വസ്ത്രമഴിച്ചു പരിശോധിച്ചു. ഭാര്യമാരോടു പറഞ്ഞത് മുസ്ലീം അല്ലാത്തതുകൊണ്ടാണ് ഭര്‍ത്താവിനെ കൊല്ലുന്നത് എന്നാണ്. അതേസമയം, ഭീകരരെ തടയുന്നതിനിടയില്‍ ആദില്‍ ഹസ്സന്‍ ഷായെന്ന കശ്മീര്‍ കുതിരക്കാരനും ഭീകരവാദികളുടെ തോക്കിനിരയായി.
കശ്മീരിലെ രാഷ്ട്രീയം
ഭീകരാക്രമണങ്ങള്‍കൊണ്ടു പൊറുതി മുട്ടിയപ്പോഴാണ് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. തുടര്‍ന്ന്, കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള ഭരണഇടപെടലും പട്ടാളത്തിന്റെ സാന്നിധ്യവുംകൊണ്ട് പതിറ്റാണ്ടുകളായി കശ്മീരില്‍ നിലനിന്നിരുന്ന പാക്കിസ്ഥാന്‍ അധിനിവേശത്തിനും ഭീകരവാദ അജണ്ടകള്‍ക്കും അവസാനമായി. ജനജീവിതം സാധാരണനിലയിലേക്കു കടന്നു. റോഡുകള്‍ സജീവമായി, കടകള്‍ തുറന്നു, ടൂറിസം ആകര്‍ഷകമായി, കൃഷിയിടങ്ങളില്‍ ആപ്പിളുകള്‍, തടാകങ്ങളില്‍ ബോട്ടുകള്‍, ഹോട്ടലുകളില്‍ ജനങ്ങള്‍. ഇന്നലെകളില്‍ ഭീകരാക്രമണത്തില്‍ ജീവന്‍വെടിഞ്ഞവരും കൂട്ടപ്പലായനം നടത്തിയവരുമായ പണ്ഡിറ്റുകള്‍ ചരിത്രത്തിലിടം നേടി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം സുപ്രീം കോടതി അംഗീകരിച്ചതിനെത്തുടര്‍ന്ന് ശാന്തമായ അന്തരീക്ഷത്തില്‍ കഴിഞ്ഞവര്‍ഷം കശ്മീരില്‍ ലോകസഭ തിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാതിരഞ്ഞെടുപ്പും നടന്നു. മൂന്നരപ്പതിറ്റാണ്ടിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനവും രേഖപ്പെടുത്തി. ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയുമായി. കശ്മീരില്‍ സമാധാനം കടന്നുവന്ന് നിലനില്‍ക്കുന്നതും ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ കരുത്തുനേടി ശക്തിപ്രാപിക്കുന്നതും ഏറ്റവും അസ്വസ്ഥപ്പെടത്തിയത് പാക്കിസ്ഥാനെയാണ്. പാക്കിസ്ഥാന്‍ പട്ടാളനേതാവിന്റെ മതവികാരമുണര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ ഭീകരവാദികള്‍ക്ക് ഉത്തേജനം നല്കിയെന്നുമാത്രമല്ല, ഇന്ത്യയ്ക്കെതിരെ തിരിയാനുള്ള അനൗദ്യോഗികലൈസന്‍സായി മാറുകയും അക്രമത്തിലെത്തുകയും ചെയ്തു. കശ്മീര്‍ മലമടക്കില്‍ ചോരപ്പുഴയൊഴുക്കിയ പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ക്കു തിരിച്ചടി നല്‍കേണ്ടതാണെന്ന് ലോകം മുഴുവന്‍ ആവര്‍ത്തിച്ചുപറയുന്നു.
അരുംകൊലയുടെ പിന്നിലാര്?
പഹല്‍ഗാമിലെ കൂട്ടക്കുരുതിക്കു പിന്നില്‍ പാക്കിസ്ഥാനാണെന്നു വ്യക്തമെങ്കിലും പാക്കിസ്ഥാന്‍ പട്ടാളവും ഭരണസംവിധാനവും ആരോപണം നിഷേധിക്കുന്നു. ജനാധിപത്യത്തെ നിര്‍വീര്യമാക്കുന്ന പട്ടാളത്തിന്റെ സ്വാധീനം പാക്കിസ്ഥാന്‍ ഭരണത്തില്‍ ഏറെ നിര്‍ണായകമാണ്. അതേസമയം, 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന മുസ്ലീം ഭീകരവാദസംഘടന ഭീകരവാദത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഈ സംഘടനയാകട്ടെ, പാക്കിസ്ഥാന്റെ മുസ്ലീം മതഭ്രാന്തിനു വെടിമരുന്നുകൊളുത്തുന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ ബി ടീമും.
ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യമാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ചുപ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ കറാച്ചി കേന്ദ്രമാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഭീകരാക്രമണം നടത്തിയവരില്‍ പാക്കിസ്ഥാന്‍ സൈനികബന്ധത്തിന്റെ തെളിവുകള്‍ വന്നു. ആളുകള്‍ക്കു നേരെ വെടിവെച്ച ആസിഫ് ഫൗജി മുന്‍ പാക്ക് സൈനികനാണ്. ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്നു വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
പ്രതിഷേധം-പ്രതികരണം
പഹല്‍ഗാമിലെ കൂട്ടക്കൊലയ്ക്കെതിരെ ഇന്ത്യയിലുടനീളം പ്രതിഷേധം തുടരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നത് കശ്മീര്‍ജനതകള്‍ക്കിടയിലാണ്. തെരുവിലേക്ക് ഒഴുകിയെത്തിയ ജനസാഗരം കശ്മീര്‍ ബന്ദ് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഭീകരര്‍ക്കെതിരെ കശ്മീര്‍ ജനത ശക്തമായ നിലപാട് പ്രഖ്യാപിച്ചത് ഭീകരവാദപ്രസ്ഥാനങ്ങളെപ്പോലെ പാക്കിസ്ഥാന്‍ഭരണകൂടത്തെയും ഞെട്ടിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പ്രദേശവാസികളില്‍ ഒരു വിഭാഗത്തെ കൂടെനിര്‍ത്താന്‍ ഇക്കൂട്ടര്‍ക്കായെങ്കില്‍ പ്രാദേശികമായി ഭീകരര്‍ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ അവരുടെ പ്രതീക്ഷകളെയും തകര്‍ത്തു. 35 വര്‍ഷത്തിനിടെ ആദ്യമായാണ് കശ്മീരില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ബന്ദ് നടത്തി പ്രതിഷേധിക്കുന്നത്.
1971 ലെ ഇന്ത്യാ-പാക് യുദ്ധത്തിലെ തോല്‍വിക്കു പകരംചോദിക്കാന്‍ കെല്പില്ലാത്തതാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ മതഭീകരവാദികളെ പാലൂട്ടി വളര്‍ത്താനുള്ള മുഖ്യകാരണം. 2016 ലെ ഉറി ഭീകരാക്രമത്തിന്റെ മുറിപ്പാടുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. സൗദി അറേബ്യ ഉള്‍പ്പെടെ മുസ്ലീംരാജ്യങ്ങളും ഇതര രാഷ്ട്രങ്ങളും ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ പിന്തുണയുമായി രംഗത്തുവന്നത് പാക്കിസ്ഥാനു തിരിച്ചടിയും ഇന്ത്യയ്ക്കു ഭീകരവാദത്തെ തകര്‍ക്കാനായി ആയുധമെടുക്കാന്‍ പുത്തന്‍ ഊര്‍ജവുമാണ്.
ഇതിനോടകം കശ്മീരില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ സാന്നിധ്യവും അതിര്‍ത്തിയില്‍ സുരക്ഷയും ശക്തമാക്കി. ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. അവരുടെ വീടുകള്‍ കണ്ടെത്തി നശിപ്പിച്ചു. മൂന്നു ഭീകരരെ വെടിവെച്ചിട്ടു. പാക്കിസ്ഥാനിലേക്കുള്ള വിസകള്‍ റദ്ദാക്കി.
നിലവില്‍ ഇന്ത്യയില്‍ തങ്ങുന്ന പാക്കിസ്ഥാനികള്‍ മടങ്ങിപ്പോകണമെന്നു നിര്‍ദേശം നല്‍കി. പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കി. സിന്ധുനദീജലകരാര്‍ മരവിപ്പിച്ചു. വാഗ, അട്ടാരി അതിര്‍ത്തികള്‍ അടച്ചുപൂട്ടി. ഏതു നിമിഷവും പോരാട്ടത്തിനു തയ്യാറാകണമെന്നുള്ള നിര്‍ദേശം സൈന്യത്തിനും കൈമാറിയിട്ടുണ്ട്. 'ഓപ്പറേഷന്‍ ടിക്ക' എന്ന പേരിലാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും 530 കിലോമീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നാല്പത്തെട്ടു മണിക്കൂറിനകം വിളവെടുപ്പു നടത്തണമെന്ന് ബിഎസ്എസ് കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ അതിര്‍ത്തിയില്‍ യുദ്ധസന്നാഹമൊരുങ്ങാനുള്ള സാധ്യതയേറെ.
'രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെ'ന്ന് 2016 ലെ ഉറി ഭീകരാക്രമണത്തിനു മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുവെങ്കിലും അയല്‍ രാജ്യങ്ങളുടെ വെള്ളം മുടക്കാന്‍ മനുഷ്യത്വത്തിന്റെ പേരില്‍ ഇന്ത്യ തയ്യാറായില്ല. പക്ഷേ, ഇക്കുറി കടുത്ത തീരുമാനത്തിലേക്കു രാജ്യം നീങ്ങുമ്പോള്‍ 1960 ലെ സിന്ധുനദീജലകരാര്‍ റദ്ദാക്കുന്നത് പാക്കിസ്ഥാനിലെ ജനജീവിതത്തെ സാരമായി ബാധിക്കും. ഇന്ത്യയും പാക്കിസ്ഥാനും ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 സെപ്തംബര്‍ 19 ന് കറാച്ചിയില്‍വച്ച് ഒപ്പുവച്ചതാണ് സിന്ധുനദീജല ഉടമ്പടി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് ഒപ്പുവച്ചത്.
1972 ജൂലൈ 2 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഒപ്പുവച്ചതാണ് ഷിംല കരാര്‍. ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന യുദ്ധത്തില്‍ പിടിക്കപ്പെട്ട പാക്കിസ്ഥാന്‍തടവുകാരെ മോചിപ്പിച്ചതും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വഴിതെളിച്ചതും ഈ കരാറാണ്. അതോടൊപ്പം, ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ നിയന്ത്രണരേഖ ഇരുരാജ്യങ്ങളും ഈ കരാറില്‍ അംഗീകരിച്ചു. പക്ഷേ, ഇന്നിപ്പോള്‍ ഈ നിയന്ത്രണരേഖയും കടന്നുള്ള പാക് അധിനിവേശം തുടരുമ്പോള്‍ ഭാവിയില്‍ പാക്കിസ്ഥാന്‍ മറ്റൊരു യുദ്ധം ക്ഷണിച്ചുവരുത്താനുള്ള സാധ്യതകളുമേറുന്നു.
മതഭീകരതയെ വെള്ളപൂശരുത്
മതംനോക്കി മനുഷ്യരെ കൊലചെയ്ത കൊടുംഭീകരരെ അവര്‍ ഏതു മതത്തിന്റെ വിശ്വാസികളും വക്താക്കളുമാണെങ്കിലും ഭൂമുഖത്തുനിന്നു തുടച്ചുനീക്കണം. ഭീകരവാദത്തെ വെള്ളപൂശി വെളുപ്പിച്ചെടുക്കാനുള്ള രാഷ്ട്രീയനേതൃത്വങ്ങളുടെ വാചകക്കസര്‍ത്തുകളിലെ ധാര്‍മികാധഃപതനവും പൊതുസമൂഹം ഈ ദിവസങ്ങളില്‍ തിരിച്ചറിഞ്ഞു. മതംനോക്കി തിരിച്ചറിഞ്ഞ് മുസ്ലീം അല്ലാത്തതിന്റെ പേരില്‍മാത്രം ജീവനെടുക്കപ്പെട്ടവരാണ് 26 പേരും. എന്നിട്ടും കേരളത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ അടിമകളായ ഭരണ-പ്രതിപക്ഷനേതാക്കള്‍ ആവര്‍ത്തിച്ചുപറയുന്നത് കശ്മീരിലേത് മതഭീകരതയല്ലെന്നാണ്.
നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത അധമരാഷ്ട്രീയത്തിന്റെ അവതാരങ്ങളായി സാക്ഷരകേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങള്‍ അധഃപതിക്കുന്നതിന്റെ ഉദാഹരണമാണ് പഹല്‍ഗാമിലെ കൂട്ടക്കൊലയിന്‍മേലുള്ള നേതാക്കളുടെ വിചിത്രപ്രതികരണങ്ങള്‍. മതഭ്രാന്തിനെ വെള്ളപൂശാന്‍ ശ്രമിക്കുന്ന വൃത്തികെട്ട രാഷ്ട്രീയാടിമത്തത്തിനെതിരെ സാക്ഷരകേരളത്തിന്റെ മനഃസാക്ഷി ഇനിയെങ്കിലും ഉണരണം. തീവ്രവാദത്തിനു മതമില്ലെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ ആവര്‍ത്തിച്ചുപറയുമ്പോഴും തങ്ങള്‍ക്കു മതമുണ്ടെന്നു പറയുകമാത്രമല്ല, അരുംകൊലയുടെ അവസാനം ഭീകരവാദികള്‍ തങ്ങളുടെ മതം വിളിച്ചുപറഞ്ഞു പ്രഖ്യാപിക്കുന്നതും ലോകമിന്നു നേരിട്ടുകാണുന്നു. മതരാഷ്ട്രമായ പാക്കിസ്ഥാന്റെ ഭീകരാക്രമണങ്ങള്‍ മതത്തിന്റെ പേരിലല്ലാതെ മറ്റെന്തിന്റെ പേരിലാണ്?
ആഗോളഭീകരതയുടെ അടിവേരുകള്‍
ആഗോള മതഭീകരതയുടെ അടിവേരുകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. കേരളത്തിലും ആശങ്കകളേറുന്നു. മതഭീകരവാദത്തിന്റെ സ്ലീപ്പിങ് സെല്ലുകള്‍ കേരളത്തിലുണ്ടെന്ന് പൊതുവേദികളില്‍ വിളിച്ചുപറഞ്ഞത് സംസ്ഥാനത്തെ മുന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. യുഎന്‍ റിപ്പോര്‍ട്ടും ഇതാവര്‍ത്തിച്ചു ശരിവച്ചു. കശ്മീരില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലും സാന്നിധ്യവും ശക്തമായപ്പോള്‍ ഭീകരവാദികളുടെ മറ്റൊരു സുരക്ഷിതതാവളമായി കേരളം മാറിയോയെന്ന ആശങ്കയും ബാക്കിയാകുന്നു. ഇതിനു തെളിവുകളേറെ. അവയിലൊന്നാണ് ഐഎസ് ഭീകരസംഘടനയിലെ മലയാളിസാന്നിധ്യം. മതംമാറി കുടുംബമായി ഭീകരവാദികള്‍ക്കുവേണ്ടി അഫ്ഗാനിസ്ഥാനില്‍ അക്രമം അഴിച്ചുവിട്ടവരുടെ ഗണത്തിലും കേരളീയരുണ്ട്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തില്‍ ക്രൈസ്തവദേവാലയത്തില്‍ ബോംബിട്ട് അക്രമം നടത്തിയ ഭീകരവാദസംഘടനയുടെ വേരുകള്‍ പാലക്കാട്ടും കണ്ടെത്തിയിരുന്നു.
മദ്യവും മയക്കുമരുന്നും ഒഴുക്കി കേരളത്തിന്റെ പുതുതലമുറയെ നാശത്തിലേക്കു തള്ളിവിടുന്ന അജണ്ടയും ഭീകരവാദത്തിന്റെ പുതിയ പതിപ്പാണെന്ന് ഇനിയും കേരളസമൂഹം തിരിച്ചറിയാത്തതെന്ത്? അതിഥിത്തൊഴിലാളികളുടെ മറവില്‍ സംസ്ഥാനത്തുടനീളം ഭീകരവാദപ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കുന്നതിനെ അധികാരരാഷ്ട്രീയത്തിന്റെയും വോട്ടുബാങ്കിന്റെയും പേരില്‍ നിസ്സാരവത്കരിക്കുന്നത് അപകടമാണ്. വഖഫ് ഭേദഗതിക്കെതിരെ കോഴിക്കോട്ടു നടന്ന പ്രതിഷേധറാലിയില്‍ ആഗോളഭീകരവാദത്തിന്റെ തലതൊട്ടപ്പന്മാരായ ഹസനുല്‍ബന്ന, സയിദ് ഖുത്തബ് എന്നിവരുടെ ചിത്രങ്ങള്‍ ഉയര്‍ന്നത് കണ്ടില്ലെന്നു നടിച്ചാല്‍ സമത്വസുന്ദരമെന്നു കൊട്ടിഘോഷിക്കുന്ന സാക്ഷരകേരളം നാളെ മറ്റൊരു കശ്മീരാകും. ആലപ്പുഴയിലുയര്‍ന്ന അരിയും മലരും മുദ്രാവാക്യവും കാസര്‍ഗോട്ടെ വെല്ലുവിളികളും മലയാളികള്‍ക്കു മറക്കാനാവുമോ? ഗാസയിലെ ഹമാസ് എന്ന ഭീകരപ്രസ്ഥാനത്തെയും അവര്‍ നടത്തുന്ന അക്രമങ്ങളെയും പിന്തുണച്ചവരുടെ നാടാണ് കേരളമെന്ന് ഓര്‍മിക്കണം.
ഇറാക്കിലെ യസീദി ക്രിസ്ത്യാനികളെ കൊന്നൊടുക്കിയതും സിറിയയില്‍ കൂട്ടക്കുരുതി നടത്തിയതും ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരവാദസംഘടനയാണ്. ലോകസമാധാനം പ്രഘോഷിക്കുന്ന ബുദ്ധസന്ന്യാസികള്‍ക്കു ജീവിക്കാന്‍വേണ്ടി മ്യാന്മറില്‍ അവസാനം തോക്കെടുക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് രോഹിഗ്യന്‍ എന്ന ഭീകരക്കൂട്ടമാണ്. ഇവരാണ് അതിഥികളായി കേരളത്തില്‍ കടന്നുവന്നിരിക്കുന്നവരിലേറെയും. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് ഒസാമ ബിന്‍ലാദന്റെ അല്‍ക്വയിദയാണ്. അഫ്ഗാനിസ്ഥാനില്‍ മതത്തിന്റെ പേരില്‍ തലവെട്ടുന്ന താലിബാന്‍ ഇന്ന് ഭരണം നടത്തുന്നു. ഇന്ത്യന്‍വിമാനം റാഞ്ചി കാഠ്മണ്ഡുവില്‍ വിലപേശിയത് ജയ്ഷെ മുഹമ്മദാണ്. നൈജീരിയയില്‍ ഇന്നും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്ന ബൊക്കോ ഹറാമിന് സാമ്പത്തികസഹായം നല്‍കുന്നത് മധ്യപൂര്‍വരാജ്യങ്ങളാണ്. ഈജിപ്തില്‍ 1928 ല്‍ രൂപം കൊണ്ട മുസ്ലീം ബ്രദര്‍ഹുഡിന്റെ വകഭേദങ്ങള്‍ മതതീവ്രവാദത്തിന്റെ വൈറസ് പടര്‍ത്തി വിവിധ രൂപങ്ങളിലും പേരുകളിലും ലോകത്തുടനീളം അനുദിനം വ്യാപിക്കുന്നു. ഇങ്ങനെ മതത്തിന്റെ മറവിലെ ഭീകരവാദം ലോകത്ത് മനുഷ്യക്കൊല ആവര്‍ത്തിക്കുമ്പോള്‍ ഇതിനെതിരെ മനുഷ്യമനഃസാക്ഷി ഉണരുന്നില്ലെങ്കില്‍ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടും.
മതവിശ്വാസത്തിന്റെ മറവില്‍ മനുഷ്യജീവന്‍ അമ്മാനമാടിക്കളിക്കുന്ന ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്യാന്‍ അധികാരകേന്ദ്രങ്ങള്‍ക്കും ഭരണസംവിധാനങ്ങള്‍ക്കും സാധിക്കണം. സ്‌നേഹവും സമാധാനവും സന്തോഷവും പങ്കുവച്ച് ആത്മീയതയില്‍ ജനസമൂഹത്തെ കൈപിടിച്ചുയര്‍ത്തുന്ന ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ വിവിധ മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമാകണം. മതത്തിന്റെ പേരിലുള്ള സംഘടിത വിലപേശലുകളും വിശ്വാസത്തിന്റെ മറവില്‍ വികാരമുണര്‍ത്തി ജനങ്ങളെ മരണത്തിലേക്കു തള്ളിവിടുന്ന ഭീകരവാദ അജണ്ടകളും ഈ മണ്ണില്‍ വളരാന്‍ ഇനിയും അനുവദിക്കരുത്.