•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

നീതിപീഠം ജീവന്റെ കാവലാളാകുമ്പോള്‍

  • ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍
  • 26 October , 2023

ജീവനും ജീവിതമൂല്യങ്ങളും സംസ്‌കൃതിയോടിഴചേര്‍ന്ന ഭാരതത്തില്‍, ജീവന്റെ സംസ്‌കാരത്തിന് ഊര്‍ജം പകരുന്നൊരു ഉണര്‍ത്തുപാട്ട് പരമോന്നതനീതിപീഠത്തില്‍നിന്നു കേള്‍ക്കാനായതിന്റെ ആഹ്ലാദത്തിലാണു നമ്മള്‍ ഭാരതീയര്‍. ജീവനെ സ്നേഹിക്കുന്നവര്‍ക്കു പ്രത്യാശയുടെ സംഗീതംപോലെ ഒരുണര്‍ത്തുപാട്ട്. ഗര്‍ഭച്ഛിദ്രം എന്ന തെറ്റിന്, സ്വവര്‍ഗവിവാഹം എന്ന പ്രകൃതിയോടിണങ്ങാത്ത അവകാശവാദത്തിന്, കൈയടിക്കാന്‍ ഞങ്ങളില്ലെന്നു നീതിപീഠം ആര്‍ജവത്തോടെ വിളിച്ചുപറഞ്ഞ രണ്ടു സുപ്രധാന വിധികള്‍.  

ഭൂമിയില്‍ ജനിച്ചു ജീവിക്കാന്‍ മനുഷ്യജീവനെ പ്രാപ്തമാക്കാനും, വിവാഹമെന്ന മഹനീയ ഉടമ്പടിയെ വിശുദ്ധമാക്കാനും സഹായിക്കുന്ന പരമപ്രധാനമായ വിധികളാണ് ഇന്ത്യന്‍ സുപ്രീം കോടതി ഒക്ടോബര്‍ 16നും 17നുമായി പുറപ്പെടുവിച്ചത്. വിധി ഭാരതത്തിനുമാത്രമല്ല ജീവന്റെ മൂല്യങ്ങള്‍ക്കു വില കല്പിക്കുന്ന അന്താരാഷ്ട്രസമൂഹത്തിനാകെയും അഭിമാനവും പ്രതീക്ഷയും പകരുന്നതാണ്.  
നിയമസാധുതയില്ലാവുന്ന ഗര്‍ഭച്ഛിദ്രം
ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രത്തിന്റെ നിയമസാധുത സംബന്ധിച്ചു നിര്‍ണായകമാണ് സുപ്രീംകോടതി ഈ വിഷയത്തില്‍ ഒടുവില്‍ പുറപ്പെടുവിച്ച വിധി. 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി തേടിക്കൊണ്ടു വിവാഹിതയായ ഒരു സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ്മാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ച് ഈ നിര്‍ണായകവിധി പുറപ്പെടുവിച്ചത്.
ഭ്രൂണത്തില്‍ ജീവന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഭ്രൂണഹത്യയ്ക്ക് ഉത്ത രവിടാന്‍ ആഗ്രഹിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കിയപ്പോള്‍, നിലവിലുള്ള ഏതൊരു നിയമവും മനുഷ്യജീവന്റെ നിലനില്പിനു വിധേയമാണെന്നാണ് പരമോന്നതനീതിപീഠം കണ്ടെത്തിയത്.
ഗര്‍ഭച്ഛിദ്രം അവകാശപ്പെടുന്ന സ്ത്രീയ്ക്കു സ്വന്തം ശരീരത്തില്‍ അവകാശമുള്ളതുപോലെ ഗര്‍ഭസ്ഥ ശിശുവിനും അതേ അവകാശമുണ്ടെന്നുള്ള കോടതിയുടെ കണ്ടെത്തല്‍ മനുഷ്യജീവനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും ജീവന്റെ നിലനില്പിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക്  ഊര്‍ജവും ശക്തിയും പകരുന്നതാണ്.
കൊലക്കളമാകരുത് ഗര്‍ഭപാത്രം
സ്‌നേഹവും പരിചരണവും ലഭിച്ചു കുഞ്ഞുജീവന്‍ വളരേണ്ട അമ്മയുടെ ഉദരം കൊലക്കളമാകരുതെന്നുതന്നെയാണ് സുപ്രീംകോടതി ഭാരതത്തോടും ലോകത്തോടും നല്‍കുന്ന കൃത്യമായ സന്ദേശം. സുപ്രീം കോടതിവിധിക്കു വഴിതെളിച്ച കേസില്‍ കുഞ്ഞിന്റെ ജീവനെ ഹനിക്കാന്‍ അമ്മതന്നെ നിയമസാധുത തേടിയെന്ന ദുഃഖകരമായ യാഥാര്‍ഥ്യം മുന്നിലുണ്ട്. ആറുമാസത്തിലധികം താന്‍ സുരക്ഷിതമായി സുഖനിദ്രയിലാണ്ടുകിടന്ന അമ്മയുടെ ഗര്‍ഭപാത്രം ആ ജീവനു നിത്യനിദ്രനല്‍കുന്ന ഇടമായി മാറുന്നതിലെ ക്രൂരത മനഃസാക്ഷിയുള്ളവര്‍ക്ക് എങ്ങനെ നീതീകരിക്കാനാകും?
ചരിത്രമാണ് ഈ ചോദ്യങ്ങള്‍
കേസിന്റെ വാദം നടക്കുമ്പോള്‍, ജഡ്ജിമാരില്‍ ഒരാള്‍ നടത്തിയ പ്രസ്താവന എക്കാലവും അടിവരയിട്ടു ഭാരതം വായിക്കണം: ''ഏതു കോടതിയാണ് ജീവന്റെ തുടിപ്പുള്ള ഭ്രൂണത്തെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുക..? തീര്‍ച്ചയായും അതു ഞങ്ങളല്ല.''
കേസിന്റെ പരിഗണനാവേളയില്‍ ജഡ്ജി ഉന്നയിച്ച മറ്റൊരു ചോദ്യവും പ്രസക്തമാണ്: ''കേസിലെ ഹര്‍ജിക്കാരിയായ സ്ത്രീയുടെ ഭാഗം വാദിക്കാനും സര്‍ക്കാരിന്റെ ഭാഗം വ്യക്തമാക്കാനും അഭിഭാഷകരുണ്ട്. ഉദരത്തില്‍ കിടക്കുന്ന കുഞ്ഞുജീവന്റെ ഭാഗം ആരു വാദിക്കും..?''
ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചും ജീവനുനേരേയുള്ള വെല്ലുവിളികളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കു തീപിടിക്കുമ്പോള്‍ ഓരോ മനുഷ്യസ്‌നേഹിയുടെയും ഉള്ളില്‍ അസ്വസ്ഥത പടര്‍ത്തേണ്ട ചോദ്യമാണിത്.
ഒരു കോടതിയുത്തരവിലൂടെ എങ്ങനെയാണ് ഒരു കുഞ്ഞിനെ മരണത്തിലേക്കു പറഞ്ഞുവിടുക എന്നു കൂടി കോടതിയുടെ നിര്‍ണായകമായ നിരീക്ഷണമുണ്ട്.
ഇങ്ങനെയെല്ലാം പറയുമ്പോഴും 24 ആഴ്ചവരെ പാകപ്പെട്ട ഗര്‍ഭസ്ഥജീവനെ ഇല്ലാതാക്കാന്‍ ഇന്ത്യയില്‍ നിയമമുണ്ടെന്നതും ഓര്‍ക്കേണ്ടതുണ്ട്. ആ നിയമവും പുനഃപരിശോധിക്കുന്നതിലേക്കു പുതിയ കോടതിവിധി കാരണമാകട്ടെ.
സ്വവര്‍ഗവിവാഹത്തിന്റെ നിയമസാധുത
രാജ്യം കാത്തിരുന്ന ചരിത്രപരമായ മറ്റൊരു വിധിയും സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. സ്വവര്‍ഗവിവാഹം നിയമപരമായി സാധുതയുള്ളതല്ലെന്നതായിരുന്നു ഭൂരിപക്ഷവിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത്.
അഞ്ചംഗ ഭരണഘടനാബെഞ്ചില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റീസ് ഹിമകോലി, ജസ്റ്റീസ് നരസിംഹ എന്നിവരാണ് സ്വവര്‍ഗവിവാഹത്തിനെതിരായ വിധി പ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റീസ് സഞ്ജയ് കൗള്‍ എന്നിവര്‍ സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്കുന്നതിനെ അനുകൂലിച്ചത് ഏറെ ആശങ്കയോടും ആകാംക്ഷയോടുംകൂടിയാണ് ലോകം ശ്രദ്ധിച്ചത്.
സ്‌പെഷല്‍ മാര്യേജ് ആക്ട്, വിദേശവിവാഹനിയമം തുടങ്ങിയവയിലെ നിയമസാധുതകള്‍ ഇക്കാര്യത്തില്‍ കോടതി പരിശോധിച്ചുവെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ എതിര്‍നിലപാടും സ്വവര്‍ഗസഹവാസികള്‍ക്കു സാമൂഹികവും നിയമപരവുമായ അവകാശങ്ങളും ആനുകൂല്യങ്ങളും നല്കുന്നതു പരിഗണിക്കാന്‍ ഒരു സമിതി രൂപീകരിക്കാനുമുള്ള സര്‍ക്കാര്‍നിര്‍ദേശവും സ്വവര്‍ഗവിവാഹത്തിനെതിരേ ശക്തമായ നിലപാടെടുക്കാന്‍ നീതിപീഠത്തെ പ്രേരിപ്പിച്ചുവെന്നുവേണം കരുതാന്‍.
വിവാഹം പാവനം
മറ്റേതൊരു ബന്ധങ്ങളെക്കാളുമുപരി വിശുദ്ധവും പകരം വയ്ക്കാനില്ലാത്തതുമായ പാവനമായ ബന്ധമാണു വിവാഹം. സ്ത്രീയും പുരുഷനും പങ്കാളികളാകുമ്പോള്‍മാത്രമേ വിവാഹം പാവനവും പൂര്‍ണവുമാകുന്നുള്ളു. കുടുംബമെന്ന സങ്കല്പത്തിനു രൂപം നല്കുകയും കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും ചെയ്യുന്ന വിശുദ്ധമായ പ്രക്രിയയുടെ ഉടമ്പടിയാണ് വിവാഹം.
എന്നാല്‍, പ്രകൃതിവിരുദ്ധവും അശാസ്ത്രീയവും ദൈവഹിതമല്ലാത്തതുമായ അനുരാഗബന്ധങ്ങളെ വിവാഹമെന്ന പേരില്‍ അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പൈശാചികപ്രവണതകളെയാണ് സുപ്രധാനവിധിയിലൂടെ ഭാരതം പിഴുതെറിഞ്ഞത്. ബന്ധങ്ങളെയും വ്യക്തിജീവിതങ്ങളെയും രണ്ടുതട്ടില്‍ നിര്‍ത്തുന്ന നിയമസംഹിതകള്‍ ശാശ്വതമായി പൊളിച്ചെഴുതണം.
രാജ്യത്തെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കെല്ലാം സന്തോഷവും പ്രതീക്ഷയും പകരുന്ന കോടതി ഉത്തരവുകളാണ് ഗര്‍ഭച്ഛിദ്രത്തിന്റെയും സ്വവര്‍ഗവിവാഹത്തിന്റെയും കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. ജീവന്‍, ജീവിതം, കുടുംബം, കുഞ്ഞുങ്ങള്‍ എന്നിങ്ങനെ മാനുഷികമായ വസ്തുതകള്‍ നമ്മുടെ നിയമങ്ങള്‍ക്കുപരി സുപ്രീംകോടതിയില്‍ ക്രിയാത്മകമായി വിലയിരുത്തപ്പെട്ടുവെന്നതും ഓരോ ഭാരതീയനും അഭിമാനിക്കാന്‍ വകനല്‍കുന്നതാണെന്നു പറയാതെ വയ്യ.
മനുഷ്യത്വത്തിന്റെയും ജീവിതമൂല്യങ്ങളുടെയും സ്‌നേഹപതാകകള്‍ ഭാരതത്തിന്റെയും ലോകത്തിന്റെയും ആകാശങ്ങളില്‍ അഭിമാനത്തോടെ പാറിപ്പറക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇന്ന് രാജ്യത്തിന്റെ പരമോന്നതനീതിപീഠത്തെ നോക്കി ഹൃദയപൂര്‍വം പറയും - സല്യൂട്ട് സര്‍.

(കെസിബിസി പ്രോലൈഫ് സംസ്ഥാനസമിതി സംസ്ഥാന പ്രസിഡന്റാണു ലേഖകന്‍.)

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)