•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ആശങ്കയൊഴിയാതെ അതിര്‍ത്തികള്‍

  • തോമസ് കുഴിഞ്ഞാലിൽ
  • 24 September , 2020

ലഡാക്കും പിന്നീട് കാശ്മീരും പിടിച്ചെടുക്കുകയെന്ന ദീര്‍ഘകാലപദ്ധതി മുന്നില്‍ക്കണ്ട് ശത്രുരാജ്യമായ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) അക്‌സായ്ചിന്നിനു തെക്കുപടിഞ്ഞാറുള്ള നിയന്ത്രണരേഖയ്ക്കടുത്ത് താവളമടിച്ചിട്ട് നാലുമാസം തികയുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുകിടക്കുന്ന ഗല്‍വാന്‍ താഴ്‌വാരവും പാംഗോംഗ് തടാകവും വടക്കന്‍അതിര്‍ത്തിയിലെ കാരക്കോറം പാസും പിടിച്ചെടുത്താല്‍ അവരുടെ ലക്ഷ്യം എളുപ്പമാകും.
ലഡാക്കിലെ നിയന്ത്രണരേഖ കടന്നെത്തിയ ചൈനീസ് ഭടന്മാരുമായി നമ്മുടെ സൈനികര്‍ കായികമായി ഏറ്റുമുട്ടിയത് ജൂണ്‍ 15-ാം തീയതിയാണ്. നമ്മുടെ സൈനികര്‍ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ കേണല്‍ ബി. സന്തോഷ്‌കുമാര്‍ ഉള്‍പ്പെടെ 20 സൈനികരാണ് അന്നു വീരമൃത്യു വരിച്ചത്.
ഒക്‌ടോബര്‍മുതല്‍ മാര്‍ച്ചുവരെയുള്ള ആറുമാസങ്ങളിലെ അതിശൈത്യം സൈനികനീക്കങ്ങള്‍ക്കു തടസ്സമാകുമെന്നതിനാലാണ് മേയ്മാസം മുതലുള്ള ചൈനക്കാരുടെ പടയൊരുക്കം. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിന് പാക്കിസ്ഥാന്‍ തിരഞ്ഞെടുത്തതും മേയ്, ജൂണ്‍, ജൂലൈ മാസങ്ങളായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
'രണ്ടടി മുന്നോട്ട്, ഒരടി പിന്നോട്ട്' എന്ന ഗൂഢതന്ത്രം ചൈന പയറ്റുന്നത് റഷ്യന്‍ വിപ്ലവനേതാവായിരുന്ന ലെനിന്‍ പുതിയ സാമ്പത്തികനയം പ്രഖ്യാപിച്ചുകൊണ്ട് 1921 ല്‍ നടപ്പാക്കിയ തന്ത്രംതന്നെയാണ്. ചൈനീസ് ഏകാധിപതിയായിരുന്ന മാവോ സേതൂങ് ഗൊറില്ലാ നേതാവായിരുന്ന കാലത്ത് വിജയകരമായി നടപ്പാക്കിയതും ഇതേ പദ്ധതിയാണ്. കാരക്കോറം ചുരത്തിനു സമീപത്തു പത്തു കിലോമീറ്ററോളം ഉള്ളിലേക്ക് ചൈനീസ് സൈന്യം കടന്നുകയറിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇപ്പോള്‍ ലഡാക്കിലെ നിയന്ത്രണമേഖലയില്‍നിന്ന് എട്ടു കിലോമീറ്ററോളം ഉള്ളില്‍ക്കയറി 40 ച. കിലോമീറ്റര്‍ പ്രദേശം കൈവശപ്പെടുത്തിക്കഴിഞ്ഞുവെന്ന് റിട്ട് ലഫ്. ജനറല്‍ എച്ച്.എസ്. പനാഗ് പറയുന്നു.
ഇന്ത്യാ-ചീന-ഭായി ഭായി വിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരുന്ന കാലത്താണ് 1962 ലെ ചൈനീസ് ആക്രമണം. അക്‌സായ്ചിന്നും ഡെംചോക്കും അരുണാചല്‍പ്രദേശിലെ 90000 ച. കിലോമീറ്റര്‍ സ്ഥലവും നഷ്ടപ്പെട്ടത് ആ യുദ്ധത്തിലാണ്. അരുണാചല്‍പ്രദേശായിരുന്നു പ്രധാന തര്‍ക്കവിഷയമെങ്കിലും രണ്ടു യുദ്ധങ്ങളിലും ഒരേസമയം മുന്നേറിയ ചൈനീസ് പടയുടെ മുമ്പില്‍ നമ്മുടെ സൈന്യത്തിന് അടിപതറി. 
സിക്കിം-ഭൂട്ടാന്‍ അതിര്‍ത്തിയിലെ നാഥുലാചുരം പിടിക്കുന്നതിന് 1967 ല്‍ നടന്ന ഏറ്റുമുട്ടലില്‍ വിജയിക്കാനായെങ്കിലും 38 സൈനികരെ നമുക്കു നഷ്ടമായി. 
1971 ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ ജമ്മുകാശ്മീരിന്റെ പകുതിയോളം ഭാഗമാണ് പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയത്. 10 ലോക്‌സഭാമണ്ഡലങ്ങളും 25 നിയമസഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്ന വിശാലമായ പ്രദേശമാണ് അന്ന് അടിയറ വച്ചത്. മുസാഫറാബാദ്, ചിലാസ്, ഗില്‍ഗിത്, ബാല്‍തിന്ന്, മിര്‍പൂര്‍ തുടങ്ങിയവയാണ് പാക്കിസ്ഥാന്‍ അധിനിവേശകാശ്മീരിലെ പ്രധാന പട്ടണങ്ങള്‍. മുസാഫറാബാദാണ് തലസ്ഥാനം. കിഴക്കന്‍ പാക്കിസ്ഥാനെ വിമോചിപ്പിച്ച് ബംഗ്ലാദേശ് എന്ന സ്വതന്ത്രരാഷ്ട്രത്തെ സൃഷ്ടിക്കാനായതാണ് 1971 ഇന്ത്യാ-പാക് യുദ്ധത്തിലെ നാഴികക്കല്ല്.
വിശ്വസിക്കാന്‍ കൊള്ളാത്ത രണ്ട് അയല്‍ക്കാരോടൊപ്പം മറ്റൊരു അയല്‍രാജ്യമായ നേപ്പാള്‍കൂടി ചേര്‍ന്നതും സംഘര്‍ഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വടക്കേയിന്ത്യന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലിപുലേക്ക് ചുരത്തിനുസമീപം ഒരു ബറ്റാലിയന്‍ ചൈനീസ് സൈന്യത്തെ വിന്യസിച്ചതായാണ് വാര്‍ത്ത. പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ മാനസസരോവറിലെത്തുന്ന 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോരപാതയുടെ നിര്‍മ്മാണം തടസ്സപ്പെടുത്തുകയും, ലിപുലേക്ക് ഉള്‍പ്പെടുന്ന കാലാപാനിമേഖലയെ തങ്ങളുടെ ഭൂപടത്തില്‍ ചേര്‍ക്കുകയും ചെയ്ത നേപ്പാളിന്റെ നടപടിയാണ് പുതിയ ആശങ്കയ്ക്കടിസ്ഥാനം. നാഥുലാചുരം ഉള്‍പ്പെടുന്ന ദോക്‌ലായിലും അരുണാചല്‍പ്രദേശിലും ഇതേ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ആഗോളതലത്തിലുള്ള സൈനികനീക്കങ്ങള്‍ സുഗമമാക്കുന്നതിന് പാക്കിസ്ഥാന്‍, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‌ലന്റ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ, യുഎഇ, താജിക്കസ്ഥാന്‍, സെയ്‌ഷെല്‍സ്, ആഫ്രിക്കന്‍ രാജ്യമായ അംഗോള, ജിബൂട്ടി, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ ചൈന സൈനികതാവളങ്ങള്‍ നിര്‍മ്മിക്കുകയാണെന്നു കഴിഞ്ഞയാഴ്ചയാണ് പെന്റഗണ്‍ റിപ്പോര്‍ട്ടു ചെയ്തത്. തുറമുഖനഗരമായ ജിബൂട്ടിയിലെ സൈനികതാവളത്തില്‍നിന്ന് കര, നാവിക, വ്യോമനീക്കങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിക്കഴിഞ്ഞു. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിനു പുറത്ത് കടലില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന അത്യാന്താധുനിക ഹാര്‍ബറിനുള്ള ശതകോടികളുടെ സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ ചൈനയുടേതാണ്. എല്ലാ രാജ്യങ്ങളിലുമുള്ള നിര്‍മ്മാണപദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ ദക്ഷിണചൈനാക്കടലിനു പുറമേ, ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമുള്ള സമ്പൂര്‍ണ്ണ അധീശത്വം ചൈനയ്ക്കാകും. വിശാലമായി ചിന്തിക്കുമ്പോള്‍ നമുക്കു ചുറ്റുമുള്ള എല്ലാ രാജ്യങ്ങളെയും വരുതിയിലാക്കുന്നത് നമ്മുടെ രാജ്യത്തെ ഇടംവലം തിരിക്കാന്‍ അനുവദിക്കാത്ത രീതിയിലുള്ള ആസൂത്രിതനീക്കങ്ങളാണെന്നു ഗ്രഹിക്കാനാകും.
നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ തകര്‍ന്നുകിടക്കുന്ന സാമ്പത്തികസ്ഥിതി വലിയ ഒരു യുദ്ധത്തിന് അനുകൂലമല്ല. എന്നാല്‍, 1970 മുതല്‍ ചൈന കൈവരിച്ച സാമ്പത്തികവളര്‍ച്ച മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവില്ല. ചൈനയുടെ യഥാര്‍ത്ഥ സൈനികശക്തി എത്രയെന്നുപോലും ആര്‍ക്കും കൃത്യമായി അറിഞ്ഞുകൂടാ. നമ്മുടെ രാജ്യത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള ശത്രുരാജ്യത്തിന്റെ സായുധശേഷിയും അത്രകണ്ട് ഇരട്ടിയായിരിക്കുമെന്ന് സാമാന്യബുദ്ധികൊണ്ട് അനുമാനിക്കാവുന്നതേയുള്ളൂ. (ഇന്ത്യയുടെ ഭൂവിസ്തൃതി 32,87,590 ച. കി. മീറ്റര്‍, ചൈനയുടേത് 95,96,960 ച.കി.മീറ്റര്‍) ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധിയില്ലായിരുന്നെങ്കില്‍ ഒരു ദശകത്തിനകം യുഎസിനെ മറികടക്കാന്‍ ചൈനയ്ക്കാകുമായിരുന്നെന്നു കരുതുന്നുവരുണ്ട്.
രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ മോസ്‌കോയില്‍ നടത്തിയ ചര്‍ച്ചകളില്‍ സേനാപിന്മാറ്റം വേഗത്തിലാക്കാന്‍ ധാരണയായതായി വാര്‍ത്തയുണ്ട്. പ്രത്യേകിച്ചും, നിര്‍ണായകമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സമാധാനവും സ്വസ്ഥതയും പുലരേണ്ടത് അനിവാര്യമാണെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
രണ്ട് അണുശക്തിരാഷ്ട്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ പ്രത്യാഘാതം താങ്ങാന്‍ ലോകത്തിനാകില്ല. പ്രബലരായ എല്ലാ രാഷ്ട്രങ്ങളും അണ്വായുധങ്ങള്‍ കുന്നുകൂട്ടിയിരിക്കുന്നു. ആണവായുധങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിനെതിരേ ഈ വര്‍ഷത്തെ ഹിരോഷിമദിനത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പാ നല്‍കിയ ആഹ്വാനം ലോകനേതാക്കള്‍ക്കു താക്കീതായിരുന്നു. അദ്ദേഹം പറഞ്ഞു: ''സമാധാനം നിലനില്ക്കണമെങ്കില്‍ അണുബോംബുപോലുള്ള നശീകരണശക്തി കൂടിയ ആയുധങ്ങള്‍ കൈയൊഴിഞ്ഞേ മതിയാകൂ. അണുശക്തി യുദ്ധാവശ്യത്തിനുപയോഗിക്കുന്നതും അണ്വായുധങ്ങള്‍ കൈവശം വയ്ക്കുന്നതും അധാര്‍മ്മികമാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകള്‍ക്കിരയായവരുടെ ശബ്ദം കാതുകളില്‍ മുഴങ്ങണം.''

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)