അത്തം നാളില്‍, നഗരത്തിലെ ഒരു ചെറിയ ആകാശക്കൂടിന്റെ മുന്നിലെ ബാല്‍ക്കണിയില്‍ ഞാനും ഒരു കൊച്ചുപൂക്കളം തീര്‍ത്തിരുന്നു. എതിര്‍വശത്തെ ബാല്‍ക്കണിയില്‍, ചെറുപ്പക്കാരിയായ എന്റെ അയല്‍ക്കാരിയും. ''അടുക്കളയില്‍ നൂറുകൂട്ടം പണിയുണ്ട്. കുട്ടികള്‍ക്കു സ്‌കൂളില്‍ പോകാന്‍ നേരമായി. എനിക്ക് ഓഫീസിലും. പൂ കിട്ടാനും വൈകി. പൂവിനൊക്കെ എന്താ വില! എന്നാലും, ഇന്ന് അത്തമല്ലേ, ഒരു ചെറിയ പൂക്കളമെങ്കിലും ഇടാതെ...!''
യുവതിയുടെ മനസ്സു മുഴുവന്‍ വീട്ടിലെ പ്രശ്‌നങ്ങളിലും കൈമാത്രം പൂക്കളത്തിലും ആയിരുന്നെന്നു തോന്നി.
പുറത്തൊരു വരുമാനവും വേണം വീട്ടില്‍ തികഞ്ഞൊരു വീട്ടമ്മയുമാകണം എന്ന നിയോഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുന്ന, യുവഭാര്യമാരുടെ ഒരു പ്രതീകമായിക്കാണാറായ അവളുടെ ബദ്ധപ്പാടുകള്‍ മനസ്സിലാക്കാമായിരുന്നു.
അത്തംതൊട്ട് തിരുവോണംവരെയുള്ള ദശദിനങ്ങളുടെ ആഘോഷങ്ങള്‍, ഏതൊരു മലയാളിയെ സംബന്ധിച്ചിടത്തോളവും മഹാബലിത്തമ്പുരാന്റെ വരവേല്പിന്റെ ആനന്ദമെന്നതില്‍ കവിഞ്ഞ്, ഗൃഹാതുരതയുടെ വിവരിക്കാനാവാത്ത ഹൃദയവികാരംകൂടിയാണെന്നത് ആര്‍ക്കാണറിയാത്തത്!
പ്രവാസികളെ സംബന്ധിച്ചിടത്തോളമാണെങ്കില്‍, പറയാനുമില്ല.
ആകാശക്കൂടുകളില്‍ കഴിയേണ്ടിവരുന്ന, കൊച്ചുജനാലപ്പുറത്തെ ഒരു കഷണം നരച്ച ആകാശംമാത്രം കാഴ്ചയാകാന്‍ വിധിയാകുന്ന, നഗരവാസികളായ പഴയ തലമുറക്കാരുടെ മാനസങ്ങള്‍, ഓണക്കാലത്ത് സ്വന്തം ബാല്യാനുഭവങ്ങളിലേക്കും കാലം കറുപ്പിക്കാത്ത ഓണസ്മരണകളിലേക്കും കുതിക്കുന്നത്, സ്വാഭാവികം.
നഷ്ടപ്പെടുമ്പോഴാണല്ലോ ഏതിന്റെയും മൂല്യം ഇരട്ടിയാകുന്നത്! അകലത്തിരുന്നു കാണുമ്പോള്‍ ഏതഴകിനും ഏഴു മടങ്ങിന്റെ മാറ്റുണ്ടാകുമെന്നു പറയുന്നതെത്ര സത്യം!
കാറൊഴിഞ്ഞ്, മഴയൊഴിഞ്ഞ്, മാനം വെളുക്കുന്ന കാലം. മനം തെളിഞ്ഞ്, മാലോകരെല്ലാം ഒത്തുകൂടുന്ന കാലം. പാടത്ത് പൊന്‍പൊലിമ വിടര്‍ന്നുമുറ്റും കാലം. പറമ്പിലും പരിസരത്തും ചന്തമുള്ള വര്‍ണപുഷ്പങ്ങള്‍ തലകാട്ടി സാന്നിധ്യം കുറിക്കുന്ന കാലം.
നെന്മണികള്‍ ഉതിര്‍ന്നുതുടങ്ങുന്നുണ്ടോ എന്നു ചാഞ്ഞും ചെരിഞ്ഞുമന്വേഷിച്ച് പാടവരമ്പത്തു കിളികള്‍ കലപില കൂട്ടും കാലം. തൊലിച്ചും പൊളിച്ചും നെല്ലു മൂപ്പായോ എന്നു പരിശോധിച്ചുകൊണ്ട് അണ്ണാറക്കണ്ണന്മാര്‍ കവാത്തിനിറങ്ങും കാലം.
ഓണത്തിന്റെ വരവും കൊട്ടിപ്പാടി, നേരിയ മഴത്തണുപ്പുമായി, വറുത്തുപ്പേരികളുടെ വാസനകളുമായി ഓണക്കാറ്റെത്തും കാലം.
കുഴിയിലും കുന്നിലും കുടിലിലും കൊട്ടാരത്തിലും ഒരുപോലെ പരക്കുന്ന ഓണനിലാവിന്റെ കാലം. അടുക്കളയും അകത്തളവും, പലതരം ശബ്ദങ്ങളുടെയും മണങ്ങളുടെയും കലവറയാവുന്ന കാലം. കിഴക്ക് പൊന്‍തിരി തെളിയുംമുമ്പ്, പലനിറത്തിലും മണത്തിലും വലുപ്പത്തിലുമുള്ള പൂക്കള്‍കൊണ്ട് ചാണകം മെഴുകിയ മുറ്റത്ത് എല്ലാ പ്രായത്തിലുമുള്ളവരും ഒന്നിച്ചിരുന്ന് പൂക്കളങ്ങള്‍ തീര്‍ത്തിരുന്ന കാലം. നാനാതരം രസവിഭവങ്ങളുടെ സമഞ്ജസമേളമാകുന്ന തൂശനിലയിലെ സദ്യകളുടെ കാലം.
തീരുന്നില്ല, മനക്കാഴ്ചകള്‍!
വളകള്‍ കിലുക്കിക്കൊണ്ട്, കൈകള്‍ തട്ടിക്കൊണ്ട്, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളില്‍നിന്നുതിരുന്ന പാട്ടിന്‍വരികള്‍ക്ക് ചുവടുവച്ചുകൊണ്ട്, മങ്കമാര്‍ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളികള്‍. ഉയരങ്ങളിലേക്കു കുതിച്ച് മാനം തൊട്ടിറങ്ങാന്‍ കൊതിപ്പിക്കുന്ന ഊഞ്ഞാലുകള്‍.
ഓരങ്ങളോടു കിന്നാരംപറഞ്ഞ്, നിറഞ്ഞുവഴിഞ്ഞ്, അലസഗമനത്തിലാഴുന്ന നദികള്‍. മുരുകന്‍ കാട്ടാക്കടയുടെ വരികളാണ് മനസ്സിലേക്കപ്പോള്‍ കയറിവന്നത്:
'ഓര്‍മയ്ക്കു പേരാണിതോണം.
പൂര്‍വനേരിന്റെ നിനവാണിതോണം.
ഓര്‍ക്കുവാന്‍ എന്തെങ്കിലും വേണം
എന്നുള്ള വാക്കിന്റെ നിറവാണിതോണം!'
എത്ര വാസ്തവം അല്ലേ?
ഓണസ്മരണകള്‍ ആര്‍ദ്രതയോടെ അവതരിപ്പിച്ചിട്ടുള്ള, ഓണസ്മൃതിഭംഗിയുടെ, മഴവില്‍പ്രകാശം നിറച്ച കവിതകള്‍ സമ്മാനിച്ചിട്ടുള്ള, ഉള്ളൂര്‍, വൈലോപ്പിള്ളി, ബാലാമണിയമ്മ, ഒ.എന്‍.വി., സുഗതകുമാരി തുടങ്ങി എത്രയെത്രയോ കവികളാണ് നമുക്കുള്ളത്.
'പോവല്ലേ, പോവല്ലേ പൊന്നോണമേ' എന്നു പാടിയത് ഇടശ്ശേരി!
'എത്ര പാട്ടുകള്‍ പാടി നമ്മള്‍? എന്നാല്‍, ഓണത്തെപ്പറ്റി മൂളിയ പാട്ടിന്‍ മാധുരി വേറൊന്നല്ലേ' എന്നു പാടിയത് നമ്മുടെ പ്രിയപ്പെട്ട കാല്പനികകവി പി. കുഞ്ഞിരാമന്‍നായര്‍!
എന്നാല്‍, അതൊക്കെയും ഏതോ ഒരു കാലം, ഇനി വരാത്ത കാലം, എന്നുള്ളതും ഇന്നു നമുക്കറിയാം. പുതിയ തലമുറ പറയുന്നതും അതുതന്നെ!
പാടങ്ങളും വരമ്പുകളും കോണ്‍ക്രീറ്റുകാടുകള്‍ക്കു വഴിമാറിക്കഴിഞ്ഞു. നദികള്‍ നൂലൊഴുക്കുകളുടെ ചാലുകളായി.
നനവൂറുന്ന മണ്ണിലും മുള്ളിലും പുല്ലിലും കല്ലിലും നടന്ന്, പ്രകൃതിയുമായി കളിച്ചും ചിരിച്ചും ചെടിയറിഞ്ഞും വള്ളിയറിഞ്ഞും, വേരറിഞ്ഞും ഇലയറിഞ്ഞും പൂമ്പാറ്റകളെ കണ്ടുരസിച്ചും കൂട്ടംകൂടി കുട്ടികള്‍ പൂ പറിച്ചിരുന്ന കാലവും പോയി.
പൂക്കളങ്ങള്‍ മത്സരവേദികള്‍ക്കുവേണ്ടിക്കൂടിയായി. അതിനുവേണ്ട പൂക്കള്‍ക്കുപോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണമെന്ന ഗതിയുമായി!
സദ്യകള്‍, അടുക്കളയില്‍നിന്നു പുറത്തേക്കല്ല; മറിച്ച്, പുറത്തുനിന്ന് അകത്തേക്ക് എത്തിക്കേണ്ടതായ സാഹസമാണ് ഇന്നു കണ്ടുവരുന്നത്.
കാര്‍ഷികസംസ്‌കാരത്തിന്റെ ആഘോഷംകൂടിയാകുന്ന ഓണം, ഇന്ന് വാണിഭസംസ്‌കാരത്തിന്റെ പിടിയില്‍ ആണ്ടുപോകുന്നത് സാധാരണകാഴ്ചയാണ്.
എന്നാല്‍, തീര്‍ച്ചയായും, കേരളത്തില്‍ മാത്രമല്ല, ലോകത്തെമ്പാടും അങ്ങേയറ്റത്തെ ആര്‍ഭാടത്തോടെ സമയം കണ്ടെത്തിക്കൊണ്ടുതന്നെ, മലയാളികള്‍ ഓണം കൊണ്ടാടുന്നുണ്ടെന്നുള്ളത് ഒരു വാസ്തവം തന്നെ!
അതേസമയം, ഒരുവശത്ത് ആര്‍ഭാടങ്ങളുടെ പേരില്‍ ധൂര്‍ത്തും അവശ്യസാധനങ്ങളുടെ അമിതമായ ലാഭേച്ഛയോടെയുള്ള വില്പനയും; മറുഭാഗത്ത്, ചെലവുകള്‍ക്കിടയില്‍ നട്ടംതിരിയുന്ന സാധാരണ പൗരന്റെ ഗതികേടും എല്ലാം ഓണക്കാലത്തെ കാഴ്ചകളാവാറുണ്ടെന്നതും സത്യം.
പാവം, മഹാബലിചക്രവര്‍ത്തിയെ, ഒരു കുടവയറനായി സങ്കല്പിച്ച്, വളരെ പ്രാകൃതമായി വേഷം കെട്ടിച്ച് എഴുന്നള്ളിക്കുന്ന, ഒരു രീതിയും ഇന്നുണ്ട്. ഒരുകാലത്തെ ഏറ്റവും കരുത്തനായിരുന്ന ഒരു ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം എന്നോര്‍ക്കണം!
എന്തായാലും, ഏതു രീതിയിലുള്ള ആഘോഷമായാലും, ഓണത്തിന്റെ ആന്തരികമായ സ്വത്വം മനസ്സില്‍നിന്നു ചോര്‍ന്നുപോകാതെ നമ്മള്‍ സൂക്ഷിക്കേണ്ടതുണ്ട്. പൂക്കളവും പൂവിളിയും പൂവടയും സദ്യയും ആര്‍പ്പും ആരവങ്ങളും പുലിക്കളിയും എന്നതിലൊക്കെയുമുപരിയായി ഓണമെന്നത് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ധര്‍മനിഷ്ഠയുടെയും പ്രതീകംകൂടിയാണെന്നുള്ളത് വളരുന്ന തലമുറ മറക്കരുത്.
ജാതിമതലിംഗഭേദങ്ങള്‍ക്കും സാമ്പത്തികമായ ഏറ്റക്കുറച്ചിലുകള്‍ക്കുമതീതമായി, മാനുഷരെല്ലാരും ഒന്നുപോലെ എന്നുള്ളത് പാടിപ്പോകാനുള്ളതല്ല; മറിച്ച്, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ളതാണ്.
ഓണത്തിന്റെ കാതലാകുന്നത് ഒന്നിക്കുന്നതിലെ സൗന്ദര്യമാണ്, ഒന്നാകുന്നതിന്റെ പ്രസക്തിയാണ്. അതൊക്കെയും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്! ഉത്തമസംസ്‌കാരത്തിന്റെ, മികവും മൂല്യവും കാലം മാറുമ്പോഴും കൂടെക്കൂട്ടേണ്ടതുണ്ട്.
പ്രത്യേകിച്ച്, കൊള്ളയും കൊലയും സ്ത്രീപീഡനവും നിത്യവാര്‍ത്തയാകുന്ന, നാടും കാടും അരക്ഷിതമാകുന്ന ഇക്കാലത്ത്, ധാര്‍മികത ചോര്‍ന്നുപോകാതെ നോക്കേണ്ടത് നമ്മുടെ ചുമതലയാണ്, ബാധ്യതയാണ്. മനുഷ്യനും പ്രകൃതിയും പരസ്പരപൂരകങ്ങളാണ്, പ്രകൃതിയുടെ പരിപോഷണത്തിലൂടെമാത്രമേ മനുഷ്യനു നിലനില്പുള്ളൂ എന്നുള്ളതിന്റെ അറിയിപ്പുമാണ് ഓണം.
ആഘോഷിക്കേണ്ടത് ഒത്തൊരുമയാണ്. മനുഷ്യര്‍ക്കന്യോന്യവും മനുഷ്യനും പ്രകൃതിയുമായും വേണ്ടതായുള്ള തികഞ്ഞ സമന്വയം!
വര്‍ത്തമാനകാലത്തിലെ ഓരോ നിമിഷവും സാര്‍ഥകമാക്കിക്കൊണ്ട്, നന്മ വിതച്ച് നന്മകള്‍മാത്രം കൊയ്യാറാകുന്ന ഒരു ഭാവി നമുക്കു വാര്‍ത്തെടുക്കേണ്ടതുണ്ട്. ഓരോ ഓണവും അതിനുള്ള പ്രചോദനമാകട്ടെ, ഊന്നലാകട്ടെ!
ഏതു നഷ്ടങ്ങളുടെ സ്മൃതിമധ്യത്തിലാണെങ്കിലും കാലികപ്രശ്‌നങ്ങളുടെ കുരുക്കിലാണെങ്കിലും ഓരോ പൊന്നിന്‍തിരുവോണവും കടന്നുപോകുന്നത് പാവനമായ മാനവികതയുടെയും നിറഞ്ഞ പ്രത്യാശയുടെയുമായ വാടാത്ത പൂക്കളങ്ങള്‍ നമ്മുടെ മനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ടാകട്ടെ.
കവര്‍സ്റ്റോറി
മനസ്സില്‍ നിറയട്ടെ മാനവികതയുടെ വാടാത്ത പൂക്കളങ്ങള്‍
