•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ഇടയവഴികളില്‍ പൂചൂടിയ സഫലജീവിതം

  • കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
  • 24 August , 2023

 പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണത്തിരുനാളും ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും ഒരുമിച്ചാഘോഷിക്കുന്ന മുഹൂര്‍ത്തത്തിലാണ് അഭിവന്ദ്യ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവിന്റെ മെത്രാഭിഷേകസുവര്‍ണജൂബിലി നാം കൊണ്ടാടുന്നത്. പിതാവിന്റെ ഇടയശുശ്രൂഷയെ സംബന്ധിച്ചായാലും, പരിശുദ്ധ അമ്മയുടെ തിരുനാളിന്റെ അടിസ്ഥാനത്തിലായാലും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തെക്കുറിച്ചു ചിന്തിക്കുന്നതിന്റെ വെളിച്ചത്തിലായാലും സ്വാതന്ത്ര്യമാണ് നമ്മുടെ ധ്യാനവിഷയം. കാരണം, സ്വാതന്ത്ര്യമാണ് നമ്മുടെ കര്‍ത്താവ് നമുക്കു നല്കിയ രക്ഷാകരമായ ദാനം. പാപത്തിന്റെ അടിമത്തത്തില്‍നിന്ന് കര്‍ത്താവ് നമ്മെ മോചിപ്പിച്ചുകൊണ്ട് നമുക്കു നല്കിയതാണ് ഈ ദാനം. സ്വാതന്ത്ര്യത്തിനു ശാരീരികമായും മാനസികമായും ആധ്യാത്മികമായും  അര്‍ഥതലങ്ങളുണ്ട്. ശാരീരികമായ സ്വാതന്ത്ര്യം എന്നുപറഞ്ഞാല്‍ നമ്മുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ സാഹചര്യങ്ങളും 
ലഭിക്കുന്ന ഒരു അവസ്ഥയാണ്. രോഗങ്ങള്‍ നമ്മെ  സംബന്ധിച്ചിടത്തോളം ഈ സ്വാതന്ത്ര്യത്തിനു തടസ്സം സൃഷ്ടിക്കുന്നു. പക്ഷേ, രോഗാവസ്ഥയിലും സ്വാതന്ത്ര്യം അനുഭവിക്കാന്‍ സാധിക്കും, രോഗാവസ്ഥയിലുള്ള ആളിന്റെ മനോഭാവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അത്.
മാനസികമായ സ്വാതന്ത്ര്യമെന്നാല്‍ മനസ്സിന്റെ വികാസമാണ്. ആ വികാസത്തില്‍ എപ്പോഴും ആയിരിക്കാന്‍ കഴിയുന്ന അവസ്ഥയാണ് സ്വാതന്ത്ര്യം. ആ വികാസത്തിനു 
തടസ്സം വന്നാല്‍, മറ്റുള്ളവരുടെ സ്‌നേഹപൂര്‍ണമായ പരിചരണത്തിലൂടെ തിരികെവരാന്‍ സാധിക്കും. അത് മാനസികരോഗികളാണങ്കില്‍പ്പോലും സാധ്യമാണെന്നാണ് ആധുനികശാസ്ത്രം പറയുന്നത്. അവിടെയും സ്വാതന്ത്ര്യം സാധ്യമാണ്.
ആധ്യാത്മികമായ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. പാപത്തിന്റെ അടിമത്തത്തില്‍നിന്നുള്ള സ്വാതന്ത്ര്യം. ഗലാത്തിക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ സ്വാതന്ത്ര്യം എങ്ങനെയുള്ളതാണെന്ന് പൗലോസ് ശ്ലീഹാ പറയുന്നുണ്ട്:  ''സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഭൗതികസുഖ
ത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടി ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍'' (5:13). 
പരസ്പരമുള്ള ശുശ്രൂഷയാണ് സഭയുടെ കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ആവശ്യം. ഇതാണ് യഥാര്‍ഥസ്വാതന്ത്ര്യം. നമ്മുടെ സമഗ്രമായ വളര്‍ച്ചയെ സഹായിക്കുന്ന സ്വാതന്ത്ര്യം. വ്യക്തിപരമായും 
കുടുംബപരമായും സഭാപരമായും രാജ്യത്തെ പൗരന്മാരെന്ന നിലയിലുമൊക്കെയുള്ള നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അനുഭവത്തില്‍ നാമെല്ലാവരും 
വികസിതരാകുന്നു. ശാരീരികമായും മാനസികമായും ആധ്യാത്മികമായും വികസിതരായിത്തീരാനുള്ള അവസ്ഥയ്ക്കാണ് സ്വാതന്ത്ര്യം എന്നു പറയുന്നത്.
അറുപതുകളിലും എഴുപതുകളിലുമൊക്കെ നാം പറയാറുണ്ടായിരുന്നു: രാഷ്ട്രീയമായിട്ടേ നാം സ്വാതന്ത്ര്യം പ്രാപിച്ചിട്ടുള്ളൂ, നമുക്കു സാമ്പത്തികസ്വാതന്ത്ര്യം ഇല്ല  എന്ന്. എന്നാല്‍, ഇപ്പോള്‍ സാമ്പത്തികമായും നാം സ്വതന്ത്രരായി എന്നു പറയാന്‍ കഴിയും. എന്നിട്ടും ഈ സ്വാതന്ത്ര്യത്തിന്റെ നടുവിലും നാം നന്നായി ജീവിക്കുന്നില്ല. എന്നുവച്ചാല്‍, ഭൗതികസുഖ
ത്തിനുവേണ്ടിയുള്ള വ്യഗ്രതയില്‍, പൗലോസ്ശ്ലീഹ പറയുന്നതുപോലെ, നമ്മള്‍ നമ്മളെത്തന്നെ അടിമകളാക്കുന്നു. ഇങ്ങനെയുള്ള അവസ്ഥയില്‍
നിന്നു മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവും സഭാപരവുമായ സമഗ്രമായ വളര്‍ച്ചയ്ക്ക് നാം നമ്മെത്തന്നെ ഒരുക്കുമ്പോഴാണ് യഥാര്‍ഥത്തിലുള്ള  സ്വാത
ന്ത്ര്യം നമുക്ക് അനുഭവിക്കാന്‍ സാധിക്കുന്നത്.
പരിശുദ്ധ അമ്മയില്‍ നാം കാണുന്നത് ഈ സ്വാതന്ത്ര്യമാണ്. തന്നെത്തന്നെ പൂര്‍ണമായി ദൈവഹിതത്തിനു വിട്ടുകൊടുത്തുകൊണ്ട് സ്വയം ദൈവപുത്രന്റെ അമ്മയായിത്തീര്‍ന്ന പരിശുദ്ധ അമ്മ, മകനെ ഗര്‍ഭം ധരിക്കുന്നതിനും പ്രസവിക്കുന്നതിനും വളര്‍ത്തുന്നതിനും അവന്റെ സഹനങ്ങളില്‍ പങ്കുചേരുന്നതിനും കുരിശുമരണത്തില്‍ അവനോടൊപ്പം നില്‍ക്കുന്നതിനും അവന്റെ ഉത്ഥാനത്തിന്റെ മഹത്ത്വം കാണുന്നതിനുമൊക്കെ ഭാഗ്യം ലഭിച്ച ഒരു പരിശുദ്ധ അമ്മ.  ഈ അമ്മയുടെ സ്വര്‍ഗാരോപണം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഈ അമ്മയുടെ സ്വാതന്ത്ര്യമാണ് നമുക്കും ഉണ്ടാകേണ്ടത്. പ്രതിബന്ധങ്ങളില്‍ നിന്നും കെട്ടുകളില്‍നിന്നും ബന്ധനങ്ങളില്‍നിന്നുമൊക്കെ
യുള്ള ഒരു സ്വാതന്ത്ര്യം. ദൈവത്തിന്റെ മകളായി, കര്‍ത്താവീശോമിശിഹായുടെ അമ്മയായി, ശിഷ്യന്മാര്‍ക്ക്  അമ്മയായി, സഭയിലും അമ്മയായി 
വാഴുന്ന പരിശുദ്ധ അമ്മ ഏറ്റവുമധികം സ്വാതന്ത്ര്യം അനുഭവിച്ചു ജീവിച്ചയാളാണ്. അങ്ങനെയുള്ള ഒരു സ്വാതന്ത്ര്യത്തെ മനസ്സില്‍ കണ്ടുകൊണ്ട് 
എപ്പോഴും വ്യാപരിക്കുകയാണെങ്കില്‍ അതുവഴി നമുക്കുണ്ടാകേണ്ട വളര്‍ച്ച വളരെ വലുതാണ്.
അഭിവന്ദ്യ പള്ളിക്കാപറമ്പില്‍ പിതാവിന്റെ ജീവിതത്തില്‍ ഇതുപോലൊരു വളര്‍ച്ച കാണാന്‍ സാധിക്കും.  ഇതുപോലൊരു സ്വാതന്ത്ര്യത്തിന്റെ അനുഭവം. 
പിതാവ് തന്നെത്തന്നെ പൂര്‍ണമായി ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ടാണ് വളര്‍ന്നുവന്നത്. കുടുംബത്തിന്റെ പാരമ്പര്യമനുസരിച്ചുള്ള പ്രാര്‍ഥനാജീവിതത്തില്‍ ദൈവത്തിന്റെ ഒരു മകനായി വളര്‍ന്നുവരാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. ആ ഭാഗ്യം കൂടുതല്‍ക്കൂടുതല്‍ വളര്‍ന്നതല്ലാതെ ഒരിക്കലും മുരടിച്ചുപോയിട്ടില്ല. 
ആ സ്വാതന്ത്ര്യത്തിന്റെ അനുഭവം പിതാവിന്റെ ജീവിതത്തില്‍ എപ്പോഴും ഉണ്ടായിരുന്നു. വൈദികനായതിനുശേഷം അറിവില്‍ വളരെ വളര്‍ന്നു. അതിനുമുമ്പുതന്നെ ലയോള കോളജില്‍നിന്ന് എം.എ. വിദ്യാഭ്യാസം നേടി അറിവിന്റെ തലങ്ങളില്‍ വിഹരിക്കാന്‍ തുടങ്ങിയ പിതാവ്, തത്ത്വശാസ്ത്രത്തില്‍ റോമില്‍ ഉപരിപഠനം ചെയ്തു തിരിച്ചുവന്നപ്പോള്‍  മറ്റുള്ളവരെ പഠിപ്പിക്കുന്ന ജോലികളിലേക്കു നിയോഗിക്കപ്പെട്ടു. 
മേജര്‍ സെമിനാരികളില്‍ വൈദികപരിശീലകനായിരുന്നു. അതുപോലെതന്നെ, പിതാക്കന്മാരുടെ മധ്യത്തില്‍ സഭയുടെ പാരമ്പര്യത്തെക്കുറിച്ചും ആരാധനക്രമത്തെക്കുറിച്ചുമൊക്കെ പഠിപ്പിക്കുന്ന ഒരു വലിയ മേലധ്യക്ഷനായി വളരുകയും ചെയ്തു. ഈ വളര്‍ച്ചയുടെ തലത്തില്‍ പിതാവിന് ആന്തരികമായ സ്വാതന്ത്ര്യം വളരെയേറെ അനുഭവിക്കാന്‍ കഴിഞ്ഞുവെന്നുമാത്രമല്ല, മറ്റുള്ളവരെ ഈ സ്വാതന്ത്ര്യത്തിലേക്കു കൊണ്ടുവരാനും സാധിച്ചു. ഹൃദയം തുറന്നു സംസാരിക്കുകയും ചിരിക്കുകയും ചിരിപ്പിക്കുകയും സമൂഹത്തില്‍ സന്തോഷത്തിന്റെ അലയടികള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പിതാവാണ് ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവ്. ഈ പിതാവ് ഇപ്രകാരം 
പിതാക്കന്മാരുടെ സമ്മേളനത്തില്‍ വ്യാപരിക്കുന്നതു കണ്ടിട്ട് ഒരിക്കല്‍ റോമില്‍വച്ച് അവിടുത്തെ ഒരു വൈദികന്‍ എന്നോടു ചോദിച്ചു: ''ഇദ്ദേഹം ആരാണ്?'' ഞാന്‍ അതിനു മറുപടി പറഞ്ഞുകഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: '“He is a wonderful person.’’കാരണം, അദ്ദേഹത്തിന്റെ ജീവിതരീതി ഞാന്‍ നിരീക്ഷിക്കുകയായിരുന്നു.”He makes everybody happy’  അത്  അദ്ദേഹത്തിന്റെ പ്രകൃതമാണ്. അദ്ദേഹത്തിന്റെ പ്രകൃതത്തില്‍ അദ്ദേഹം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു അനുഗ്രഹമാണ് അതെന്ന് പിന്നീട് എനിക്കു മനസ്സിലായി. വളരെയേറെ  പ്രശ്‌നങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരു സഭയാണ് നമ്മുടേത്. അവയുടെയൊക്കെ നടുവിലും  ഈ സ്വാതന്ത്ര്യത്തിന്റെ അനുഭവത്തില്‍ പിതാക്കന്മാരുടെകൂടെ സന്തോഷത്തോടെ നീങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചു. ഉറച്ചബോധ്യത്തോടെ സംസാരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ സംസാരിക്കുകയും സഭയുടെ വലിയൊരു വക്താവും സഭാശുശ്രൂഷകരുടെ വലിയൊരു പ്രയോക്താവുമായി എപ്പോഴും വ്യാപരിക്കുകയും ചെയ്യുന്നുണ്ടെന്നത്  അദ്ഭുതകരമായ ഒരു വസ്തുതയാണ്.
ഈ രൂപതയുടെ പ്രഥമശില്പി അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവാണ്. ആ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ അതേ ശൈലിയില്‍ തുടര്‍ന്നുകൊണ്ട്, അതേ വളര്‍ച്ച ഈ രൂപതയ്ക്കു നല്കിക്കൊണ്ടു പൂര്‍ണതയിലേക്കു നയിക്കുകയാണ് പള്ളിക്കാപറമ്പില്‍ പിതാവ് ചെയ്തത്. പിതാവിന്റെ പ്രാര്‍ഥനാരീതി അദ്ദേഹത്തിന്റെ മാത്രമല്ല, അരമന
യില്‍ അദ്ദേഹത്തിനൊപ്പം താമസിക്കുന്നവര്‍ക്കും രൂപതയിലെ ദൈവജനത്തിനാകെയും സ്വാതന്ത്ര്യത്തിന്റെ വലിയ ഒരു അനുഭവം പകര്‍ന്നുകൊടുത്തു. പ്രാര്‍ഥിക്കുകയും പ്രാര്‍ഥിപ്പിക്കുകയും, പഠിക്കുകയും പഠിപ്പിക്കുകയും, സ്‌നേഹിക്കുകയും സ്‌നേഹിപ്പിക്കുകയും ചെയ്യുന്ന ഒരു മേലധ്യക്ഷനാണ് അഭിവന്ദ്യ പള്ളിക്കാപറമ്പില്‍ 
പിതാവ്. ഇത് ദൈവികമായ ഒരു അനുഭവമാണ്.
ദൈവം കര്‍ത്താവീശോമിശിഹാവഴി നമുക്കു നല്കിയിട്ടുള്ള എല്ലാ ദാനങ്ങളുടെയും സ്വഭാവമാണ് സ്വാതന്ത്ര്യം. സ്‌നേഹം സ്വാതന്ത്ര്യമാണ്. കാരുണ്യം സ്വാതന്ത്ര്യമാണ്. നമ്മുടെ എല്ലാവിധ നന്മകളും സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യത്തിന്റെ അനുഭവം, ദൈവത്തിന്റെ ഭാവത്തിന്റെ അനുഭവം - അത് പിതാവു സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 
സ്‌നേഹവാത്സല്യങ്ങളും കരുതലും അനുഭവിക്കാന്‍ പല അവസരങ്ങളിലും എനിക്കു സാധിച്ചിട്ടുണ്ട്. 
കുടുംബത്തിലും സഭയിലുമൊക്കെ സമ്പന്നനായിത്തന്നെ ജീവിക്കാനുള്ള സാഹചര്യമുണ്ടായിട്ടും ലളിതമായ ജീവിതശൈലിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. എല്ലാവരോടും വളരെ വിധേയത്വത്തോടും സ്‌നേഹത്തോടുംകൂടിയാണ് പിതാവ് പെരുമാറിക്കൊണ്ടിരിക്കുന്നത്. പിതാവിന്റെ ഇപ്രകാരമുള്ള ജീവിതം മഹത്തായ ഒരു സ്വാതന്ത്ര്യത്തിന്റെ അനുഭവമാണ്. അത് നമുക്ക് ഒരു മാതൃകയാണ്. പിതാവ് വിസീത്തകള്‍ നടത്തി ഈ രൂപതയെ ഏകോപിപ്പിച്ച  ഒരു വ്യക്തിയാണ്. വലിയ ഇടവകകളെ ചെറിയ ഇടവകകളായിത്തിരിച്ച് എല്ലാ ജനങ്ങള്‍ക്കും അജപാലനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തി. ഇതുവഴി കുടുംബവിശുദ്ധീകരണം പിതാവ് ലക്ഷ്യം വച്ചു. സ്വയം വിശുദ്ധീകരിക്കുക, മറ്റുള്ളവരെയും വിശുദ്ധീകരിക്കുക എന്നത് പിതാവിന്റെ ഒരു നിഷ്ഠയായിരുന്നു. പിതാവിന്റെ ആപ്തവാക്യം 'അവര്‍ക്കു ജീവനുണ്ടാകാന്‍' എന്നതാണ്. അത്  കര്‍ത്താവിന്റെ ദൗത്യംതന്നെയാണ്. കര്‍ത്താവിന്റെ ആ ദൗത്യത്തില്‍ നമ്മള്‍ വളരണം. മറ്റുള്ളവരെ വളര്‍ത്തണം. ഈ ഒരു ഉത്തരവാദിത്വത്തോടെ, പ്രതിജ്ഞാബദ്ധതയോടെ പിതാവ് പ്രവര്‍ത്തിച്ചു, സ്വാതന്ത്ര്യം അനുഭവിച്ചു.
ത്രിയേകദൈവത്തിന്റെ ഒരു കൂട്ടായ്മ പാലാ രൂപതയില്‍ നമുക്കു കാണാം. സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ വളരെയേറെ മാതൃകാപരമായ ഒരു രൂപതയാണിത്. സഭയോടുള്ള സ്‌നേഹത്തില്‍ വളരുന്ന കൂട്ടായ്മാനുഭവമാണ് പാലാ രൂപതയ്ക്കു സവിശേഷമായുള്ളത്. ആ മാതൃകയും ജീവിതസാക്ഷ്യവുമാണ് സഭയിലാകെ രൂപതാകുടുംബം പ്രസരിപ്പിക്കുന്നത്.
ആന്റിയോക്കിലെ വിശുദ്ധ ഇഗ്നേഷ്യസാണ് മെത്രാന്മാരുടെ ശുശ്രൂഷയെക്കുറിച്ച് ആദ്യമായി ദൈവശാസ്ത്രവിശകലനങ്ങള്‍ സഭയില്‍ കൊടുക്കുന്നത്. മെത്രാന്റെ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്:“Do nothing without the Bishop.’’ കര്‍ത്താവീശോമിശിഹാ ദൈവപിതാവിനെ അനുകരിക്കുന്നതുപോലെ നാമെല്ലാവരും കര്‍ത്താവിനെ അനുകരിക്കണമെന്ന് അദ്ദേഹം വൈദികരെയും അല്മായശുശ്രൂഷകരെയും പഠിപ്പിക്കുന്നു.
അദ്ദേഹം തുടര്‍ന്നു പറയുന്നു:“Where there is Christ there is the Church.’ പിന്നീട് അതിന്റെ വ്യാഖ്യാനമായി അദ്ദേഹം പറയുന്നു: “Where there is a Bishop there is a Church. ക്രിസ്തുവിന്റെ സ്ഥാനത്തുനില്ക്കുന്ന, പിതാവിനെപ്പോലെ വ്യാപരിക്കുന്നവനാണ് ബിഷപ് എന്നാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്. ദൈവപിതാവിന്റെ സ്ഥാനം എടുത്തുകൊണ്ട് ഒരു സമൂഹത്തിനു ദൈവപരിപാലന കൊടുക്കുന്ന ആളാണ് ബിഷപ്. ആന്റിയോക്കിലെ വി. ഇഗ്നേഷ്യസ് ഇപ്രകാരം തുടരുന്നു: ഐക്യത്തെ മുന്നില്‍ക്കണ്ടുകൊണ്ട് ഈ ശുശ്രൂഷ ദൈവപിതാവിന്റെ സ്ഥാനത്തുനിന്നുകൊണ്ട് പുത്രനായ ക്രിസ്തുവിനുവേണ്ടി ഈ സഭ നിര്‍വഹിക്കുന്നു. അപ്രകാരം വി. ഇഗ്നേഷ്യസിന്റെ ദര്‍ശനത്തില്‍, ബിഷപ് ദൈവത്തിന്റെ സ്ഥാനത്തു നില്‍ക്കുന്നവനാണ്, ദൈവത്താല്‍ നയിക്കപ്പെടുന്നവനാണ്. ദൈവം നമ്മുടെ ഹൃദയത്തിന്റെ അഗാധതയില്‍ അജപാലനത്തിലൂടെ എല്ലാം കേന്ദ്രീകരിക്കുന്നതുപോലെ നാമെല്ലാം ദൈവത്തില്‍, കര്‍ത്താവായ ഈശോമിശിഹായില്‍ പരിശുദ്ധാത്മാവിന്റെ കൃപയില്‍ എല്ലാം കേന്ദ്രീകരിച്ചുകൊണ്ടുപോകണം. നമ്മുടെ വിശുദ്ധ കുര്‍ബാനയില്‍ വളരെയധികം പ്രാവശ്യം പിതാവിന്റെ പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ എന്നേക്കും എന്നു പറയുന്നുണ്ട്. ഈ ത്രിയേക ദൈവത്തെ വിളിച്ചുകൊï് കര്‍ത്താവായ മിശിഹായിലൂടെ നമുക്കു ലഭിച്ചിരിക്കുന്ന  സുന്ദരമായ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തില്‍ നാം ദൈവത്തെ സ്തുതിക്കുന്നു, അവിടുത്തെ കൃപകള്‍ ചോദിക്കുന്നു, സമൂഹത്തിന്റെ കൂട്ടായ്മ വളര്‍ത്തുന്നു. ഇതുതന്നെയാണ് ഒരു മെത്രാന്റെ ശുശ്രൂഷ. ഈ ശുശ്രൂഷയിലാണ് വൈദികരും സന്ന്യസ്തരും അല്മായരും പങ്കുചേരുന്നത്. ഒരേയൊരു കൂട്ടായ്മ, അതാണു സഭയുടെ യാഥാര്‍ഥ്യം, അഭിവന്ദ്യ പള്ളിക്കാപറമ്പില്‍ പിതാവ് നമുക്കു കാണിച്ചുതരുന്നതും ഈ കൂട്ടായ്മയുടെ മാതൃകയാണ്. 
ദൈവദാസിയായ മദര്‍ മേരി സെലിന്റെ ഒരു പ്രാര്‍ഥനയുണ്ട്: ''പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ!'' സാധാരണയായി മിസ്റ്റിക്കുകള്‍ പറയുന്ന ഒരു വാക്യമാണിത്. ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ത്രിത്വത്തിന്റെ മഹത്ത്വത്തിലേക്കു പ്രവേശിച്ച് അത് അനുഭവിച്ചാനന്ദിച്ച് പിതാവിന്റെ മകളെന്ന നിലയില്‍ പുത്രനായ ഈശോമിശിഹായോടു സംസാരിച്ച് പരിശുദ്ധാത്മാവില്‍ ലയിച്ചു ജീവിച്ചിരുന്ന ഒരു പുണ്യവതിയാണ് മദര്‍ മേരി സെലിന്‍. ദൈവകേന്ദ്രീകൃതമായ, അതേസമയം, മിശിഹാ കേന്ദ്രീകൃതമായ, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭാകൂട്ടായ്മയായി നമ്മുടെ സഭ തീരണം, നമ്മുടെ കുടുംബാംഗങ്ങള്‍ മാറണം, നമ്മളോരോരുത്തരും മാറണം. അഭിവന്ദ്യ പള്ളിക്കാപറമ്പില്‍ പിതാവ് നമുക്കു കാണിച്ചുതന്നിരിക്കുന്ന മാതൃകയും ഇതുതന്നെയാണ്.നമ്മള്‍ സഭാപിതാക്കന്മാരെക്കുറിച്ച്, അവര്‍ 'ഐക്കണ്‍സ് ഓഫ് ഹോളിനസ്' ആണെന്നു പറയുന്നുണ്ട്. അതുപോലെതന്നെ, ഒരു ഐക്കണ്‍ ഓഫ് ഹോളിനസ് ആയി പള്ളിക്കാപറമ്പില്‍ പിതാവ് കേരളസഭയില്‍ ശോഭിക്കുകയാണ്. 

(ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേകസുവര്‍ണജൂബിലിയോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ പ്രസംഗത്തില്‍നിന്ന്)

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)