•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

ഓര്‍മ്മയിലെ ഓണം

  • പ്രഫ. തോമസ് കണയംപ്ലാവൻ
  • 3 September , 2020


ഓണം വീണ്ടുമണഞ്ഞിടുന്നു, മലരി-
ന്നുള്ളത്തിലും മാനവ-
പ്രാണന്നുള്ളിലുമൊന്നുപോല്‍ മധുകണം
ചിന്തും വസന്തര്‍ത്തുപോല്‍;
ക്ഷീണം മാറിയുണര്‍ന്ന കേരളമിതാ
മിന്നും വനജ്യോത്സ്‌നയാ-
ലോണക്കോടിയുടുത്തു മന്ദഹസിതം
തൂകുന്നു കാന്താംഗിയായ്!
2
ആടിക്കാറുകള്‍ മാഞ്ഞാ, വാനിലലസം
നീന്തുന്നു തൂവെണ്‍മുകില്‍;
കോടക്കാറ്റുകളില്ല; മന്ദപവനന്‍
വീശു,ന്നിതാശാമുഖം
പാടേ ശ്രാവണകാന്തി നിര്‍ഝരിയതില്‍
മുങ്ങുന്നു; പുന്നെല്‍ക്കതിര്‍
തേടിക്കൂടു വെടിഞ്ഞിതാ കിളികുലം
പാറുന്നു പാടങ്ങളില്‍!
3
തുമ്പത്തിന്‍ നില്‍പോലുമില്ല, നിഭൃതം
തുള്ളുന്നു പൂത്തുമ്പികള്‍;
തുമ്പപ്പൂക്കളുമൊത്തുപുഞ്ചിരി മുദാ
തൂകുന്നു മുക്കുറ്റികള്‍,
അമ്പില്‍പ്പൂക്കളിറുത്തു ജാതകുതുകം
വൃത്തത്തില്‍ ഗേഹങ്ങള്‍ തന്‍
മുമ്പില്‍പ്പൂക്കളമായ കാവ്യമെഴുതി-
ത്തീര്‍ക്കുന്നിളം കൈയുകള്‍!
4
നാനാഹീനവിഭാഗചിന്തകളിതാ
മാനുഷ്യകത്തെപ്പിള-
ര്‍ന്നാനന്ദം വിളയേണെ്ടാരീ വസുധയില്‍
ഭ്രാന്താലയം തീര്‍ക്കവേ,
നാനാത്വത്തിലുമൈക്യമന്ത്രമുരുവി-
ട്ടെത്തുന്നു പൊന്നോണനാള്‍
വാനും പാരുമതേറ്റു പാടിയണിവൂ
രോമാഞ്ചമാം കഞ്ചുകം!

5
മാവേലിപ്പഴമയ്ക്കു കാന്തിനവമായ്
വായ്ക്കുന്നു, പണ്ടാദവും
ഹാവായും ഭുവിനഷ്ടമാക്കിയ മഹാ-
സൗഭാഗ്യമിന്നോര്‍മ്മയില്‍
ജീവന്‍ പൂണ്ടുണരുന്നു; പാരിലിനിയെ-
ന്നാമട്ടിലാകമ്രമായ്
പൂവിട്ടീടുമനന്തശാന്തി വഴിയും
തേജോമയം ജീവിതം!
6
തേഞ്ചോരും ശിശുവിന്റെ ചുണ്ടിലമൃതായ്
ത്തീരും മുലപ്പാലിലും
നഞ്ചാണിന്നഭയാര്‍ത്ഥികള്‍ക്കു സമമായ്
സത്യം സദാചാരവും;
കഞ്ചാവും മധുസേവയും ലഹരിയും
തീര്‍ക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍
ചാഞ്ചാടുന്നവരുണ്ടനേക,മലസം
ചാടും മരഞ്ചാടിപോല്‍!
7
ഈവര്‍ണ്ണപ്പൊലിമയ്ക്കു പിന്നിലുമഹോ
ദാരിദ്ര്യദാവാഗ്നിയില്‍
പാവപ്പെട്ടവരുണ്ടു നീറിവിറകായ്
നിത്യം ദഹിച്ചീടുവോര്‍;
ഈ വിശ്വം സകലര്‍ക്കുമായി വിരചി-
ച്ചോരാപ്പരാശക്തിതന്‍
ജീവന്‍ നമ്മില്‍ വസിച്ചിടേണമവരേ
നാമുദ്ധരിച്ചീടണം!
8
അല്ലെന്നാകില്‍ നിരര്‍ത്ഥ,മര്‍ത്ഥരഹിതം
കാവ്യം കണ്ക്കീമഹാ
കല്യശ്രീ കലരുന്നൊരുത്സവ,മതി-
ന്നോര്‍ക്കണമെല്ലാവരും;
നല്ലോണം ഭുവിനാമൊരുക്കുക മുദാ
സര്‍വ്വര്‍ക്കുമായപ്പൊഴോ
ഫുല്ലാബ്ജത്തിനു തുല്യമായി വിരിയും
'സര്‍വ്വോദയം' സുന്ദരം!

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)