മധ്യപൂര്‍വദേശത്ത് സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും ശീതക്കാറ്റ് വീണ്ടും വീശുന്നു. ഇന്നലെവരെ പരസ്പരം പോരടിച്ച രാജ്യങ്ങള്‍- ഇറാനും സൗദി അറേബ്യയും - ഇന്ന് ആലിംഗനം ചെയ്ത് അമ്പരപ്പിക്കുമ്പോള്‍ ലോകം ഞെട്ടിയത് ഇരുവരുടെയും ഒരുമയുടെ പുതുവഴികള്‍ കണ്ടല്ല; മറിച്ച്, പുത്തന്‍ സൗഹൃദക്കൂട്ടുകെട്ടിന്റെ ഇടനിലക്കാരനായി ചൈന മെനഞ്ഞ അപ്രതീക്ഷിത നയതന്ത്രം കണ്ടായിരുന്നു. അമേരിക്കയും റഷ്യയും കൈയടക്കിവച്ചിരുന്ന സൈനിക, സാമ്പത്തികമധ്യസ്ഥതയുടെ റോളിലേക്ക് ചൈന കടന്നുവന്നത് പലരുടെയും ചിന്തകള്‍ക്കതീതമായി. അമേരിക്കയുടെ സൗദിബന്ധത്തിലെ ആനുകാലിക ഉലച്ചിലുകള്‍ ചൈന ബുദ്ധിപൂര്‍വം സമര്‍ഥമായി ഉപയോഗിച്ചു. ഹിജാബ് രക്തപ്പുഴയില്‍ താളംതെറ്റിവീണ് ആഭ്യന്തരകലാപത്തിന്റെ മൂര്‍ധന്യതയില്‍ ലോകത്തിനുമുമ്പിലും സ്വന്തം രാജ്യത്തും പ്രതിരോധത്തിലായ തീവ്രമതഭരണകൂടമായ ഇറാന് ചൈനയെന്ന പുതിയ മധ്യസ്ഥനിലൂടെ തത്കാലം പിടിച്ചുനില്‍ക്കാനും അറബ് ബന്ധങ്ങളില്‍ പുതിയ ചുവടുവയ്പ്പിനും അവസരമേകിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇറാനെ ശത്രുവായും സൗദി അറേബ്യയെ സഖ്യകക്ഷിയായുംകണ്ട് മധ്യപൂര്‍വദേശത്ത് അമേരിക്ക നടപ്പാക്കിയ നയതന്ത്രത്തിനു കനത്ത തിരിച്ചടിയേകുന്നതാണ് ചൈനയുടെ പുതിയ ചുവടുവയ്പ്പ്.
ഇറാനിലൊഴുകിയ ഹിജാബ് രക്തം
ഇസ്ലാമികവിപ്ലവത്തിലൂടെ 1979 ല്‍ ഇറാനില്‍ അധികാരം പിടിച്ചെടുത്ത ആയത്തൊള്ള ഖൊമേനിമാരുടെ മതഭരണത്തിനെതിരേ ''ഏകാധിപത്യം തുലയട്ടെ.
ഞങ്ങള്‍ക്കുവേണം സ്വാതന്ത്യ''മെന്ന് മുദ്രാവാക്യങ്ങളുയര്‍ത്തി ആയിരക്കണക്കിനു സ്ത്രീകള്‍ തെരുവിലിറങ്ങി ആഭ്യന്തരകലാപത്തിലേക്കു നീങ്ങിയത് 2022 സെപ്തംബറിലാണ്. 2021 ഓഗസ്റ്റ് 3 ന് ഇറാന്‍ പ്രസിഡന്റുപദവിയിലേറിയ ഇബ്രാഹിം റെയ്സി നിയമങ്ങള്‍ നിഷ്ഠുരം അടിച്ചേല്പിക്കുന്നതിനും ഏകാധിപത്യത്തിന്റെ മറവില്‍ സ്ത്രീകളെ കൂച്ചുവിലങ്ങിട്ടു
കൂട്ടിലടയ്ക്കുന്നതിനുമെതിരേയുള്ള ജനരോഷം ആയിരക്കണക്കിനു യുവത്വങ്ങളുടെ ജീവനെടുത്തു രക്തപ്പുഴയൊഴുക്കി കറുത്ത അധ്യായം ഇറാനില്‍ സൃഷ്ടിച്ചു. ഇസ്ലാം മതനിയമങ്ങള്‍ സൃഷ്ടിക്കുന്ന അടിച്ചമര്‍ത്തലുകളില്‍നിന്നും ഭീകരവാദത്തില്‍നിന്നും രക്ഷനേടി കരകയറാന്‍ പുതുതലമുറ ചിന്തിയ രക്തം ഇതുവരെ ഉണങ്ങിയിട്ടില്ല. ഏതുസമയവും ആഭ്യന്തരയുദ്ധമായി കൂടുതല്‍ കരുത്തോടെ ഇനിയും ജനരോഷം ആഞ്ഞടിക്കുമെന്ന് ഇറാന്‍ മതഭരണകൂടം ഭയപ്പെടുന്നു.
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയെന്ന ഇരുപത്തിരïുകാരിയുടെ നിഷ്ഠുര കസ്റ്റഡികൊലപാതകം
സൃഷ്ടിച്ച ഭരണ മതവിരുദ്ധവികാരത്തിന്റെ അലയൊലികള്‍ ആഭ്യന്തര അസ്വസ്ഥതയായി തുടരുകമാത്രമല്ല 1979 ല്‍ സ്ഥാപിതമായ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അവസാനം കുറിക്കുമെന്നും സൂചനകളേറെ.
'ഞങ്ങള്‍ക്കു പള്ളിയും വേണ്ട ഖുറാനും വേണ്ട' എന്നുയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ മതംമാറ്റത്തിന്റെ മറ്റൊരു അവസ്ഥയിലേക്കും ഇറാന്റെ വിവിധ കോണു
കളിലേക്കു വ്യാപിക്കുമ്പോഴാണ് ഇറാന്‍ പുത്തന്‍ നയതന്ത്രവുമായി അറബ് കൂട്ടായ്മയില്‍ ചേക്കേറാന്‍ തലതാഴ്ത്തി മുന്നോട്ടുവന്നത്. 1979 വരെ ഭരണം നടത്തിയ ഷാ ഭരണകൂടത്തിനു വിവിധ പാശ്ചാത്യരാജ്യങ്ങളുമായുനായിരുന്ന ബന്ധങ്ങള്‍ മുഴുവന്‍ അട്ടിമറിച്ച് അധികാരത്തില്‍ തുടര്‍ന്ന ആയത്തൊള്ള ഖൊമേനിമാര്‍ക്കു പിടിച്ചുനില്‍ക്കാനായി കിട്ടിയ ഒരു കച്ചിത്തുരുമ്പാണ് സൗദി അറേബ്യയുമായുള്ള പുനഃസമാഗമനം. ഒരിക്കലും പ്രതീക്ഷിക്കാത്ത ചൈന ഇതിനു നയതന്ത്ര ഇടനിലക്കാരനുമായി. ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യരാജ്യം രണ്ട് തീവ്രമത ഏകാധിപത്യരാജ്യങ്ങളുടെ ഇടനിലക്കാരനാവുന്ന വൈരുധ്യം മുസ്ലീംരാജ്യങ്ങളുടെ ആഭ്യന്തരവിപണി ലക്ഷ്യം വയ്ക്കുന്നു. ഇതു കച്ചവടക്കണ്ണുമാത്രമാണെന്നു സൂചിപ്പിക്കാതെ തരമില്ല.
ചൈനയുടെ സൗദി-ഇറാന്‍ നയതന്ത്രം
2022 ഡിസംബറില്‍ സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ 21 അറബ് ലീഗ് രാജ്യങ്ങളുമായി നടന്ന കൂടിക്കാഴ്ചയെത്തുടര്‍ന്ന് സൗദി-ഇറാന്‍ സൗഹൃദം ചൈനയുടെ മധ്യസ്ഥതയില്‍ കൂടുതല്‍ സജീവമായി.
2021 ല്‍ ഇറാഖിലും പിന്നീട് ലബനനിലും നടന്ന ചര്‍ച്ചകളും ഇതിന് ആധാരമായിട്ടുണ്ടെങ്കിലും 2022 സെപ്തംബറില്‍ ഇറാനിലൊഴുകിയ ഹിജാബ് രക്തപ്പുഴ മതമൗലികഭരണത്തിന്റെ നിലനില്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചത് ചര്‍ച്ചകള്‍ക്കു വേഗംകൂട്ടി. നിരവധി രാജ്യാന്തര ഉപരോധങ്ങള്‍ നേരിടുമ്പോഴും അടിച്ചേല്പിക്കുന്ന മതഭരണം അട്ടിമറിക്കപ്പെടുന്ന സാധ്യതകള്‍ മുന്നില്‍ക്കണ്ട് അനുരഞ്ജനത്തിന്റെ വഴിയൊരുക്കിയുള്ള ഇറാന്റെ കീഴടങ്ങല്‍ മധ്യപൂര്‍വദേശത്തിന്റെ ചരിത്രം വരുംനാളുകളില്‍ ഒരുപക്ഷേ, മാറ്റിമറിച്ചേക്കാം. ഏഴു വര്‍ഷം നീണ്ട സംഘര്‍ഷങ്ങള്‍ക്കുശേഷമുള്ള സമാധാനപദ്ധതി
കള്‍ക്ക് സൗദിയുടെ ഭാഗത്തുനിന്നുള്ള താത്പര്യം ചൈന ഇറാനെ അറിയിച്ചതോടെയാണ് പുത്തനുണര്‍വു
കൈവരിച്ചത്. 2023 ഫെബ്രുവരിയില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി വ്യാപാര, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ചൈന സന്ദര്‍ശിച്ചെങ്കിലും പ്രധാന ഉദ്ദേശ്യം സൗദി-ഇറാന്‍ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. 2003 നു
ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യ ഇറാന്‍ പ്രസിഡന്റാണ് റെയ്സി.
ഷിയാ-സുന്നി സംഘര്‍ഷങ്ങള്‍
ഇസ്ലാമിനുള്ളിലെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളാണ് സൗദിയിലും ഇറാനിലും ശക്തമായിട്ടുള്ളത്. ഇറാനില്‍ ഭൂരിപക്ഷം ഷിയാ മുസ്ലീമുകളും സൗദിയില്‍ സുന്നികളുമാണ്. ഈ രണ്ടു മുസ്ലീം
വിഭാഗങ്ങളും തമ്മില്‍ നടക്കുന്ന തമ്മിലടിയാണ് മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങളുടെ മുഖ്യകാരണം. ഇവരെ രണ്ടുകൂട്ടരെയും ഒരുമിച്ചു ചേര്‍ത്തുനിര്‍ത്തിയാണ് ചൈനയുടെ നയതന്ത്ര അരങ്ങേറ്റം.2016 ല്‍ ഷിയ മതമേധാവി നിമ്ര അല്‍ നിമ്രയെ സൗദി വധശിക്ഷയ്ക്കു വിധിച്ചപ്പോള്‍ വിവിധ രാജ്യങ്ങളില്‍ വന്‍പ്രതിഷേധമുയര്‍ന്നു. തുര്‍ക്കി, ലബനന്‍, ബഹ്റൈന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറി. മക്ക, മദീനയടക്കം മുസ്ലീം പുണ്യസ്ഥലങ്ങളുടെ രാജ്യമെന്ന നിലയില്‍ സൗദിക്കുണ്ടായിരുന്ന മുസ്ലീം അപ്രമാദിത്വത്തെ 1979 ലെ ഇസ്സാമികഭരണത്തോടെ ഇറാന്‍ ചോദ്യം ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലെ ഷിയ മുസ്ലീമുകളെ സുന്നികള്‍ക്കെതിരേ അണിനിരത്താന്‍ വന്‍സഹായങ്ങളും നല്‍കി. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് സൗദി സദ്ദാം ഹുസൈനോടൊപ്പമായിരുന്നു. 1991 ല്‍ പിന്നീട് ഇരുരാജ്യങ്ങളും സഹകരിച്ചു. 2003 ല്‍ സദ്ദാം ഹുസൈനെ പുറന്തള്ളി, ഇറാഖില്‍ ഷിയ ഭരണം വന്നപ്പോള്‍ സൗദി അകന്നു. ബഹ്റൈന്‍, സിറിയ, യെമന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളിലും സുന്നി-ഷിയ തമ്മിലടികള്‍ക്കുപിന്നില്‍ സൗദിയും ഇറാനുമാണ് പണവും ബലവുമേകിയത്. അതിനാല്‍ത്തന്നെ ഇവര്‍തമ്മിലുള്ള സമാധാനക്കരാര്‍ നിലനിന്നാല്‍ മേല്പറഞ്ഞ വിവിധ രാജ്യങ്ങളിലും സമാധാനം സൃഷ്ടിക്കപ്പെടാം.
യമനില്‍ ഭരണകൂടത്തെ സൗദി പിന്തുണച്ചപ്പോള്‍ ഹൂതി വിമതര്‍ക്ക് ഇറാന്‍ ഒത്താശ ചെയ്തു. ഇങ്ങനെ വിവിധ അയല്‍രാജ്യങ്ങളിലെയും സുന്നി-ഷിയ സംഘര്‍ഷങ്ങളിലൂടെ ആയിരങ്ങളുടെ ജീവനെടുത്ത് ഈ രാജ്യങ്ങളും നേട്ടണ്ടാക്കി. ഇവയ്ക്കെല്ലാം മൗനസമ്മതമേകി അമേരിക്കയുണ്ടായിരുന്നെങ്കില്‍, പുതിയ നീക്കത്തില്‍ ചൈനയുടെ തന്ത്രമാണു പ്രധാനം.
ക്രിസ്ത്യാനിറ്റിയുടെ വളര്‍ച്ച
ഇറാനും ഇറാക്കും ഉള്‍പ്പെടെ മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങളുടെയും ഭീകരവാദത്തിന്റെയും അനന്തരഫലം മുസ്ലീംവിഭാഗത്തിലെ നിഷ്പക്ഷരും സമാധാനകാംക്ഷികളുമായവരുടെയിടയില്‍ രൂപപ്പെട്ട ഇസ്ലാംമതവിരുദ്ധതയാണ്. പ്രത്യേകിച്ച്, മതത്തിന്റെ പേരില്‍ നടമാടുന്ന വ്യക്തിസ്വാതന്ത്ര്യ അടിച്ചമര്‍ത്തലിനും മതഭീകരവാദത്തിനുമെതിരേ പുതുതലമുറയില്‍ രൂപപ്പെടുന്ന എതിര്‍പ്പ്. ഈ എതിര്‍പ്പിന്റെ ആഴമാണ് 2022 സെപ്തംബറില്‍ ടെഹ്റാനില്‍ അരങ്ങേറി ഇന്നും തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭം. മതഭീകരഭരണത്തിനും ഏകാധിപത്യ അടിച്ചമര്‍ത്തലിനുമെതിരേ മുസ്ലീം രാജ്യങ്ങളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം ഇസ്ലാം വിട്ടോടുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയരുന്നതും ഞെട്ടിപ്പിക്കുന്നതാണ്. ഇറാനില്‍ തീവ്ര ഇസ്ലാം ഭരണമാണെങ്കിലും ക്രിസ്ത്യാനിറ്റി രാജ്യത്തുടനീളം പ്രത്യേകിച്ച്, നഗരങ്ങളില്‍ ആഴത്തില്‍ വേരുറപ്പിക്കുന്നത് ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. വിവിധ മധ്യപൂര്‍വരാജ്യങ്ങളിലും ഇതിന്റെ തുടര്‍ചലനങ്ങളുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കടന്നുചെന്ന് ക്രിസ്ത്യാനിറ്റിക്കെതിരേ അക്രമങ്ങളുയരുമ്പോള്‍ മധ്യപൂര്‍വദേശത്തെ ഇസ്ലാംമണ്ണില്‍ ഭീകരതയും അടിച്ചമര്‍ത്തലുംമൂലം ഇസ്ലാംമതം വിടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നതിന്റെ ആഘാതം ഇറാനില്‍ വലിയ വെല്ലുവിളിയാണു സൃഷ്ടിച്ചിരിക്കുന്നത്.
അബ്രാഹം ഉടമ്പടി ഭയപ്പെടുത്തിയോ?
അറബ്‌രാജ്യങ്ങളുമായി ഇസ്രായേല്‍ നടപ്പിലാക്കിയ ഉടമ്പടിയാണ് അബ്രാഹം ഉടമ്പടി. മധ്യപൂര്‍വദേശത്തും ലോകമെങ്ങും സമാധാനസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും സഹകരണത്തിലൂടെയും സംഭാഷണത്തിലൂടെയും സൗഹൃദബന്ധം വികസിപ്പിക്കുന്നതിനും സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുന്ന ഉടമ്പടിയില്‍ വിവിധ അറബ് രാജ്യങ്ങള്‍ 2020 ല്‍ ഒപ്പിട്ടു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രമ്പിന്റെ മധ്യസ്ഥതയില്‍ 2020 സെപ്തംബര്‍ 15 ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി യുഎഇ അബ്രാഹം ഉടമ്പടിപ്രകാരമുള്ള സമാധാനക്കരാര്‍ ഒപ്പിട്ടു. അന്നേദിവസംതന്നെ ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച് സഹകരണ സമാധാനക്കരാറിലായി. അറബ് രാജ്യങ്ങള്‍ ഒന്നൊന്നായി ഇസ്രായേല്‍ പക്ഷത്തോട് അനുഭാവം പുലര്‍ത്തുന്നത് തീവ്രമതഭരണരാജ്യങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കി. സൗദിപോലും ഇറാന്റെ ബദ്ധശത്രുവായ ഇസ്രായേലുമായി സഖ്യത്തിലേക്കു നീങ്ങാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം വ്യോമപാത തുറന്നുകൊടുത്തു. ഇസ്രായേലിന്റെ സ്വാധീനം അറബ്‌രാജ്യങ്ങളെ കീഴ്‌പ്പെടുത്തുന്നതില്‍ സൃഷ്ടിച്ച ഭയപ്പാടും സൗദിയുമായി സഹകരിക്കാന്‍ ഇറാനെ പ്രേരിപ്പിച്ചു. അമേരിക്കയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാന്‍ തക്കംപാര്‍ത്തിരുന്ന ചൈനയ്ക്ക് ഇതൊരു കച്ചിത്തുരുമ്പായി. 2020 ഡിസംബര്‍ 20 ന് അമേരിക്കയുടെ മധ്യസ്ഥതയില്‍ മൊറോക്കോയും ഇസ്രായേലും തമ്മില്‍ ചരിത്രത്തിലെ സുപ്രധാനമായ സമാനമായ കരാര്‍ ഒപ്പിട്ടു നടപ്പാക്കി.
സമാധാന ഉടമ്പടിയിലെന്ത്?
2023 മാര്‍ച്ച് 6 മുതല്‍ 10 വരെ ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ രൂപപ്പെട്ട ഉടമ്പടി ഏറെ ശ്രദ്ധേയമാണ്. 2023 മേയ് മാസത്തോടെ ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും എംബസികള്‍ തുറക്കുകയും ചെയ്യും. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. യാതൊരു സായുധപോരാട്ടവും നടത്തില്ല. ഇരുരാജ്യങ്ങളുടെയും ആഭ്യന്തരവിഷയത്തില്‍ ഇടപെടില്ല. വിയോജിപ്പുള്ള വിഷയങ്ങളില്‍ പരസ്പരം ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പിലെത്തണമെന്നും സമധാനക്കരാറില്‍ പറയുന്നു.
സമാധാനശ്രമങ്ങളുടെ ഭാഗമായി യമനിലെ ഹൂതിവിമതരുമായി സനയില്‍വെച്ച് സൗദി - ഒമാന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ സൈനിക ഇടപെടലുകള്‍ അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും അഭ്യര്‍ഥിച്ചിരുന്നു. ഹൂതികളെ പിന്തുണയ്ക്കുന്നത് ഇറാനാണെന്നിരിക്കേ, മുന്നോട്ടുള്ള ചര്‍ച്ചകള്‍ക്ക് ഹൂതികള്‍ അനുരഞ്ജനത്തിന്റെ വഴി തേടിയേ പറ്റൂ. തുര്‍ക്കിയും സൗദിയും തമ്മിലുണ്ടായിരുന്ന അകല്‍ച്ചയ്ക്കും ഖത്തറുമായിട്ടുള്ള അറബ് രാജ്യങ്ങളുടെ നീരസത്തിനും പുതിയ മാറ്റങ്ങള്‍ അവസാനമുണ്ടാക്കാം.
സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദും ഇറാന്റെ ഹുസൈന്‍ അമീര്‍ അബുല്ലാഹിയാനും ബെയ്ജിങ്ങില്‍ 2023 മാര്‍ച്ച് 10 ന് ഒപ്പിട്ട സമാധാനക്കരാറില്‍ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനും യാത്രാവീസ നല്‍കാനും തീരുമാനമായി. 1998 ല്‍ ഒപ്പുവച്ച വ്യാപാര, സാമ്പത്തിക, നിക്ഷേപക്കരാര്‍ പുനഃസ്ഥാപിക്കും. 2001 ല്‍ ഒപ്പുവച്ച സുരക്ഷാസഹകരണക്കരാര്‍ വീണ്ടും നടപ്പാക്കും.
സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഡമാസ്‌കസില്‍ ഏപ്രില്‍ രണ്ടാംവാരം നടത്തിയ കൂടിക്കാഴ്ചയും അനുരഞ്ജനവഴികള്‍ തുറക്കുന്നു. സിറിയന്‍ യുദ്ധം അവസാനിപ്പിക്കാനും സിറിയയും സൗദിയും നയതന്ത്ര വ്യോമയാനബന്ധങ്ങള്‍ പുനരാരംഭിക്കാനും ധാരണയായി. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമികശക്തികളുടെ ഒത്തുചേരല്‍ പശ്ചിമേഷ്യന്‍മേഖലയെയും ഭരണ രാഷ്ട്രീയ വ്യാപാര സമ്പദ്ഘടനയെയും എങ്ങനെ ബാധിക്കുമെന്നു കാത്തിരുന്നു കാണാം.
ചൈനയുടെ നോട്ടമെന്ത്?
മധ്യപൂര്‍വദേശത്ത് ചൈന ഒരിക്കലും സൈനിക ഇടപെടലുകള്‍ നടത്തിയിട്ടില്ല. മറിച്ച്, ഇറാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളുമായി മികച്ച വ്യാപാരബന്ധമുണ്ട്. ഇരുരാജ്യങ്ങളുടെയും ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. സൈനിക ഇടപെടലുകളില്ലാത്തതുമൂലം ചൈനയോട് ഇരുകൂട്ടര്‍ക്കും ശത്രുതയുമില്ല. അതുകൊണ്ട്, പുതിയ മധ്യസ്ഥതയിലൂടെ ഇരുരാജ്യങ്ങളെയും ചേര്‍ത്തുനിര്‍ത്തിയുള്ള വ്യാപാരക്കുതിപ്പ് ചൈന പ്രധാനമായും ലക്ഷ്യമിടുന്നു. കാലക്രമേണ അമേരിക്കയെ പുറന്തള്ളി ചൈനയുടെ ശക്തിവലയത്തിനുള്ളില്‍ ഈ രാജ്യങ്ങളൊതുങ്ങുമെന്നു ചുരുക്കം.
അതേസമയം, അമേരിക്ക കാലങ്ങളായി ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് ചൈനയുടെ സഹായത്തോടെ മറുപടി നല്‍കുകയാണ് ഇറാന്‍. സൗദി അറേബ്യയ്ക്കാകട്ടെ, ജോര്‍ജ് ബുഷിന്റെ കാലഘട്ടങ്ങളിലേതുപോലെ അമേരിക്കയുമായുള്ള ബന്ധം അത്ര ശക്തവുമല്ല. രാഷ്ട്രീയ വ്യാപാരലക്ഷ്യങ്ങളോടെയാണ് മധ്യപൂര്‍വദേശത്ത് ചൈന സമാധാനം സ്ഥാപിക്കുന്നത്. സമാധാനശ്രമങ്ങളെ വിവിധ അറബ് രാജ്യങ്ങള്‍ സ്വാഗതം ചെയ്യുമ്പോഴും ഇസ്രായേല്‍ ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അജണ്ടകളെ തിരിച്ചറിയുന്നു. അമേരിക്കയെ പുറന്തള്ളി മധ്യപൂര്‍വദേശത്ത് ചൈന സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാവിഫലത്തെ ഇസ്രായേല്‍ സംശയത്തോടെ കാണുന്നത് ഭാവിയില്‍ വലിയ തിരിച്ചടികള്‍ സൃഷ്ടിക്കാം. പക്ഷേ, ലോകരാഷ്ട്രങ്ങള്‍ സ്വപ്നത്തില്‍പോലും കാണാതിരുന്ന ഒരു സമാധാനക്കരാറാണ് ചൈനമധ്യസ്ഥതയില്‍ 2023 മാര്‍ച്ച് 10 ന് രൂപെപ്പട്ടത് എന്നുള്ളത് വസ്തുതയാണ്. ഇറാനും സൗദിയുമായുള്ള സഹകരണം രണ്ടു രാജ്യങ്ങളുടെ സൗഹൃദപരിധിക്കുള്ളില്‍ ഒതുക്കിനിര്‍ത്തേണ്ടാ. ജിസിസി രാജ്യങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.
ഇന്ത്യ - അറബ് - ഇസ്രായേല്‍ ബന്ധം
അറബ് രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്വാധീനവും ദിനംപ്രതി കരുത്താര്‍ജിക്കുന്നു. 2022 ല്‍ ഏര്‍പ്പെട്ട ഇന്ത്യ-യുഎഇ വ്യാപാരക്കരാര്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. യുഎഇയും സൗദി അറേബ്യയും ഇന്ത്യയുടെ മൂന്നാമത്തെയും നാലാമത്തെയും വലിയ വ്യാപാരപങ്കാളികളുമാണ്. ഇറാഖ് യുദ്ധവും അറബ് വസന്തവും അമേരിക്കയെ അകറ്റിനിര്‍ത്താന്‍ പല അറബ്‌രാജ്യങ്ങളെയും പ്രേരിപ്പിക്കുമ്പോള്‍ ആ വിടവിലൂടെ അകത്തുകയറാന്‍ ഇന്ത്യയ്ക്കായി. എന്നാല്‍, ഇന്ത്യയെ ഞെട്ടിപ്പിക്കുന്ന ഒരു ഇടപെടലാണ് ചൈനയിപ്പോള്‍ നടത്തിയത്. ഇസ്രയേലിനെ അറബ്‌രാജ്യങ്ങളുമായി അനുനയിപ്പിക്കുന്നതിന്റെ പിന്നില്‍ അമേരിക്കയോടൊപ്പം ഇന്ത്യയുടെ കരങ്ങളുമുണ്ടെന്നു വ്യക്തമാണ്. ഇസ്രായേല്‍, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള അബ്രാഹം കരാറുകള്‍, നെഗേവ് ഫോറം, ഫ്രാന്‍സ്-യുഎഇ-ഇന്ത്യ ത്രിരാഷ്ട്ര ചട്ടക്കൂട് എന്നിവയെല്ലാം ഇന്ത്യ-ഇസ്രായേല്‍ - അറബ്‌രാജ്യങ്ങള്‍ തമ്മില്‍ വളര്‍ന്നുവരുന്ന ഇന്തോ-അബ്രാഹാമിക് സഖ്യത്തിലേക്കു വിരല്‍ചൂണ്ടുന്നു. ഈ സഖ്യത്തില്‍ വിള്ളലേല്പിക്കാനുള്ള ചൈനീസ്തന്ത്രങ്ങള്‍ എത്രമാത്രം വിജയിക്കുമെന്നതു കണ്ടറിയണം.