•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

മാനവികതയില്‍ വളരണോ മാതൃഭാഷ അറിയണം

  • ഡോ. സ്മിത കെ. നായര്‍
  • 2 March , 2023
വൈവിധ്യമാര്‍ന്ന ഭാഷാസംസ്‌കാരങ്ങളുടെ ഒരു സങ്കലനമാണ് ഇന്ത്യ എന്ന ബഹുഭാഷാരാഷ്ട്രം. ഓരോ ഭാഷയും ഓരോ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നു. ഭാഷയെന്നത് ആശയവിനിമയോപാധി മാത്രമല്ല സാംസ്‌കാരികോപാധികൂടിയാണ്. ഭാഷയിലൂടെയാണ് മനുഷ്യന്റെ സാമൂഹിക, സാംസ്‌കാരികബോധം രൂപപ്പെടുന്നത്. അക്ഷരാര്‍ഥത്തില്‍ മനുഷ്യന്റെതന്നെ രൂപപ്പെടല്‍ ഭാഷയിലൂടെയാണ്. നിരവധി പ്രദേശങ്ങളില്‍ സംസാരഭാഷയായി ഉപയോഗിക്കുന്നതും സാഹിത്യസമ്പത്തുള്ളതുമായ ഭാഷകള്‍മുതല്‍ വളരെ ചെറിയ ജനവിഭാഗങ്ങള്‍ സംസാരിക്കുന്ന ലിപിയില്ലാത്ത ഭാഷകള്‍വരെ ഇത്തരത്തില്‍ സാംസ്‌കാരിക വിനിമയോപാധിയായി വര്‍ത്തിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണപരവും സാമൂഹികവുമായ ഏകീകരണത്തിനും വികാസത്തിനും പ്രധാന വെല്ലുവിളിയായത് ഭാഷാപരമായ വൈവിധ്യംതന്നെയായിരുന്നു. ഹിന്ദി ദേശീയഭാഷയാക്കാനുള്ള ശ്രമങ്ങളും അതിനോടുള്ള അഹിന്ദി പ്രദേശങ്ങളുടെ എതിര്‍പ്പും പ്രാദേശികതലത്തില്‍ ഭാഷാസമരങ്ങള്‍ക്കു വഴിയൊരുക്കി. അഹിന്ദിപ്രദേശങ്ങളില്‍നിന്നുള്ളവരുടെ ആവശ്യമുള്‍ക്കൊണ്ട് 15 വര്‍ഷത്തേക്ക് ഇന്ത്യയില്‍ ഇംഗ്ലീഷ് ഔദ്യോഗികഭാഷയായി തുടരുമെന്ന് 1950 ല്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു. പതിനഞ്ചു വര്‍ഷത്തിനുശേഷം, അതായത്, 1965 ല്‍ ഇംഗ്ലീഷ് ഒഴിവാക്കണമെന്നും പകരം ഹിന്ദി ഭരണഭാഷയായി മാറണമെന്നുമുള്ള നിര്‍ദേശം അഹിന്ദിപ്രദേശങ്ങളില്‍ ഹിന്ദിവിരോധത്തിനും പ്രാദേശികഭാഷാസമരങ്ങള്‍ക്കും വഴിതെളിയിച്ചു. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശില്‍ നടന്ന ഭാഷാസമരങ്ങള്‍ക്കൊടുവില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കാന്‍ തീരുമാനമുണ്ടാക്കുകയും 1953 ല്‍ ആന്ധ്രാപ്രദേശ് എന്ന ഭാഷാസംസ്ഥാനത്തിന്റെ പ്രാഥമികരൂപവത്കരണം സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന്, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുകയെന്നത് നയപരമായ തീരുമാനമായി ഏറ്റെടുത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ വിശദമായ പഠനം 
നടത്തുകയും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കാനുള്ള രൂപരേഖ തയ്യാറാക്കുകയും 1956 ല്‍ വിവിധ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് തിരു-കൊച്ചി-മലബാര്‍ പ്രദേശങ്ങള്‍ ചേര്‍ന്ന് 1956 ല്‍ കേരളസംസ്ഥാനം രൂപംകൊണ്ടത്.
ഇന്ത്യ ഒരു ബഹുഭാഷാരാഷ്ട്രമാണെന്നു വിലയിരുത്തി ഭരണഘടനയുടെ 8-ാം ഷെഡ്യൂളില്‍ ഭാഷകളെ പ്രാധാന്യമനുസരിച്ച് പട്ടികപ്പെടുത്തി. ഓരോ സംസ്ഥാനങ്ങളിലെയും ഔദ്യോഗികഭാഷയായി കരുതപ്പെടാന്‍പോന്ന, ലിപിയുള്ള, ഭൂരിഭാഗം ജനങ്ങളുടെയും സംവേദനമാധ്യമമായ ഭാഷകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. പ്രാദേശികഭാഷകളെ ഔദ്യോഗിക
ഭാഷയായി രൂപപ്പെടുത്തുക, ഭാഷകളുടെ സംവേദനപരവും ഭരണപരവും വിദ്യാഭ്യാസപരവുമായ വികാസം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് ഭാഷകളെ ഇത്തരത്തില്‍ പട്ടികപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇത് ന്യൂനപക്ഷഭാഷകളുടെ നിലനില്പിനുതന്നെ വെല്ലുവിളിയായി മാറി. ഒരു രാജ്യത്തിന്റെ വികസനപ്രക്രിയയില്‍ ഭാഷയ്ക്കു വളരെയധികം പ്രാധാന്യമുണ്ട്. ഭാഷ ജീവനോപാധികൂടിയാവണം. അതായത്, സ്വന്തം ഭാഷകൊണ്ട് ഒരാള്‍ക്കു ജീവിതത്തില്‍ ഔദ്യോഗികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ വ്യത്യസ്ത ധര്‍മങ്ങളെ നിര്‍വഹിക്കാന്‍ കഴിയണം. പട്ടികയിലുള്ളവ, ഇല്ലാത്തവ എന്ന തരംതിരിവ് ആദിവാസിഭാഷകള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷഭാഷകളുടെ സാമൂഹികമായ പ്രാധാന്യം ഇല്ലാതാക്കുകയും അവയില്‍ ഭൂരിഭാഗം ഭാഷകളും വംശനാശഭീഷണി നേരിടുന്നതിനു കാരണമാകുകയും ചെയ്തു. എന്നാല്‍, മറുഭാഗത്ത് 8-ാം പട്ടികയിലുള്‍പ്പെടുത്തിയ ഭാഷകള്‍ക്കും കാര്യമായ പുരോഗതിയുണ്ടായി എന്നു പറയാനാവില്ല. 
2011 ലെ സെന്‍സസ് അനുസരിച്ച്, 1369 ഭാഷകള്‍ ഇന്ത്യയില്‍ മാതൃഭാഷയായി സംസാരിക്കുന്നുണ്ട്. ഈ ഭാഷകളെ ഭാഷാപരമായി വിശകലനം ചെയ്തും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരിച്ചും പതിനായിരമോ അതിനു മുകളിലോ ആളുകള്‍ സംസാ
രിക്കുന്ന ഭാഷകള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ അനുയോജ്യമായ ഭാഷകള്‍ക്കു കീഴില്‍ പട്ടികപ്പെടുത്തിയുമാണ് ഭാഷകളുടെ എണ്ണം 121 ആയി പരിമിതപ്പെടുത്തിയത്. ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 22 ഭാഷകളും എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത 99 മറ്റു ഭാഷകളും ചേര്‍ന്നതാണ് ഈ 121 ഭാഷകള്‍. 1961 സെന്‍സസ്പ്രകാരം, 1600 മാതൃഭാഷകള്‍ ഉണ്ടായിരുന്നത് 2011 സെന്‍സസ് ആയപ്പോഴേക്കും 1369 ല്‍ എത്തിയെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഭാഷയെ സംബന്ധിച്ച ഇത്തരം കണക്കുകള്‍ അടിസ്ഥാനപരമായി ധ്വനിപ്പിക്കുന്ന ചിലതുണ്ട്. ഒറ്റനോട്ടത്തില്‍ നിസ്സാരമെന്നു തോന്നാമെങ്കിലും വളരെ ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ചില ഭാഷാപ്രശ്‌നങ്ങളിലേക്കാണ് ഇത്തരം കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.
 ഭാഷ, ഭാഷാഭേദം എന്നിവ നിര്‍വചിക്കപ്പെടു
ന്നത് ഭാഷാശാസ്ത്രപരം എന്നതിലുപരി രാഷ്ട്രീയപരമായ കാരണങ്ങളുടെകൂടി അടിസ്ഥാനത്തിലായി മാറി. ഭാഷയെന്നത് സമൂഹത്തില്‍ അഭിമാനത്തിന്റെ രൂപമായി മാറി. ഒരു വലിയ ഭൂവിഭാഗത്ത് സംസാരിക്കുന്ന മേലാളിത്തഭാഷയായി അതു മാറിയിരിക്കുന്നു. അധികാരത്തിന്റെ പിന്തുണയില്ലാത്ത പ്രാദേശികഭാഷകളെ ഭാഷ എന്ന ഗണത്തില്‍പ്പോലും പെടുത്തുന്നില്ല. ഭാഷാശാസ്ത്രപരമായി വ്യത്യസ്തഭാഷകളായി കണക്കാക്കാന്‍ കഴിയുന്ന ഭാഷകള്‍പോലും ഇത്തരത്തില്‍ രാഷ്ട്രീയപരമായി അവഗണിക്കപ്പെടുന്നു. ഇത് ഭാഷകളുടെ പ്രയോഗസാധ്യത കുറയ്ക്കുന്നതിനും ക്രമേണ അന്യംനിന്നു പോകുന്നതിനും കാരണമാകുന്നു. യുനെസ്‌കോയുടെ റിപ്പോര്‍ട്ടുപ്രകാരം, ലോകത്ത് ഏറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന ഭാഷകള്‍ ഇന്ന് ഇന്ത്യയിലാണുള്ളത്. 196 ഭാഷകളാണ് 
ഇന്ത്യയില്‍ വംശനാശഭീഷണി നേരിടുന്നത്. കുറഞ്ഞത് പതിനായിരം പേരെങ്കിലും ഉപയോഗിച്ചാല്‍ മാത്രമേ മാതൃഭാഷയായി കണക്കാക്കൂ എന്നതാണ് സെന്‍സസിന്റെ ഭാഷാകണക്കെടുപ്പുമാനദണ്ഡം. ഇത് ആദിവാസിഭാഷകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷഭാഷകളെ സംബന്ധിച്ചിടത്തോളം വലിയൊരു സംഖ്യയാണ്. പതിനായിരം പേര്‍ സംസാരിക്കുന്ന ഭാഷ എന്ന നിബന്ധന ഈ ഭാഷകളെ സംബന്ധിച്ചിടത്തോളം പ്രതികൂലഘടകമായി വര്‍ത്തിക്കുന്നു. മറ്റു ഭാഷകള്‍ സംസാരിക്കുന്നവര്‍ എന്ന പേരില്‍ ഏതാണ്ട് 19 ലക്ഷം പേര്‍ ഇന്ത്യയിലുണ്ട്. അവര്‍ സംസാരിക്കുന്ന ഭാഷകള്‍ക്കു പേരില്ല. വര്‍ഗീകരിക്കാത്ത മറ്റുഭാഷകള്‍ (അണ്‍ക്ലാസിഫൈഡ് അദര്‍ ലാംഗ്വേജസ്) എന്നാണ് ഇവയെ പൊതുവായി പറയപ്പെടുന്നത്. വംശനാശഭീഷണി നേരിടുന്ന ഭാഷകളെ ഒരു ഭാഷയായിപ്പോലും ഉള്‍പ്പെടുത്താതിരിക്കുന്നത്, പേരില്ലാത്ത ഭാഷകളായി അവ മാറുന്നത് അവയെ ഇല്ലാതാക്കുന്നതിനു തുല്യമാണ്.
ഇന്ത്യയിലെ ആദിവാസിഭാഷകള്‍ ഉള്‍പ്പെടെയുള്ളവ നേരിടുന്ന ഭാഷാപരമായ അവഗണന ഇതിന് 
ഉദാഹരണമാണ്. സ്വതന്ത്രഭാഷകളായിരുന്നിട്ടും ആദിവാസിഭാഷകള്‍ എപ്പോഴും അതതു പ്രദേശത്തെ പട്ടികഭാഷകളുടെ ഭാഷാഭേദമായിട്ടാണ് രേഖപ്പെടുത്തിവരുന്നത്. ഭാഷകര്‍ക്ക് പരസ്പരം പറയുന്നതു മനസ്സിലാകുമ്പോള്‍കൂടിയാണ് അത് ഭാഷാഭേദമായി വരിക എന്നിങ്ങനെയുള്ള സാമാന്യമാനദണ്ഡങ്ങള്‍പോലും ഇവിടെ ബാധകമാകുന്നില്ല. അതുകൊണ്ടുതന്നെ, ആദിവാസിഭാഷകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് വളരെയധികം കുറഞ്ഞുവരുന്നു. ആദിവാസിഭാഷകള്‍ മാതൃഭാഷയായുള്ള കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ അവര്‍ പൊതുധാരയുടെ ഭാഗമാവുകയും പ്രസ്തുത പ്രദേശത്തെ പട്ടികയിലുള്‍പ്പെട്ട ഭാഷ അവരുടെ  മാതൃഭാഷയായി മാറുകയും ചെയ്യുന്നു. 
കേരളത്തിലെ ആദിവാസിവിദ്യാര്‍ഥികളുടെ മാതൃഭാഷ മലയാളവും അതിര്‍ത്തിപ്രദേശങ്ങളില്‍ മലയാളമോ തമിഴോ കന്നടയോ ആയി മാറിമാറിവരുന്നതും ഇത്തരത്തില്‍ യഥാര്‍ഥഭാഷകളെ മറച്ചുവയ്ക്കുന്നു. ഒറീസയില്‍ നിലവിലുള്ള 62 ആദിവാസിഭാഷകള്‍ കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ ഒറിയ എന്ന ഒറ്റപ്പേരിലൊളിച്ച് അപ്രസക്തമാകുന്നു. ഇത്തരത്തില്‍ അതിഭീതിദമായ ഒരു സാഹചര്യമാണ് മാതൃഭാഷകളെ സംബന്ധിച്ചു നിലനില്‍ക്കുന്നത്. 
1957 ല്‍ ഭാഷാടിസ്ഥാനത്തില്‍ കേരളസംസ്ഥാനം നിലവില്‍വന്നശേഷം ജനാധിപത്യസംവിധാനത്തില്‍ ആദ്യം തിരഞ്ഞെടുക്കപ്പെട്ട ഇ.എം.എസ്. സര്‍ക്കാരിന്റെ മുഖ്യോദ്ദേശ്യം ഭരണഭാഷ മലയാളമാക്കുക എന്നതായിരുന്നു. ഇതിനായി പഠനം നടത്താന്‍ ഇ.എം.എസ് സര്‍ക്കാര്‍ 1957-ല്‍ തന്നെ കോമാട്ടില്‍ അച്യുതമേനോന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. 
കോമാട്ടില്‍ അച്യുതമേനോന്‍ കമ്മിറ്റി, ജസ്റ്റീസ് നരേന്ദ്രന്‍ കമ്മിറ്റി, ഔദ്യോഗികഭാഷാസമിതി, വിവിധ നിയമസഭാസമിതികള്‍ എന്നിവയുടെ നിര്‍ദേശങ്ങളൊന്നുംതന്നെ ഔദ്യോഗികഭാഷ മലയാളമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നില്ല. 
2017 മേയ് 1 മുതല്‍ സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല/സ്വയംഭരണ സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗികഭാഷയായി മലയാളം ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണഭാഷാപ്രഖ്യാപനം നടത്തുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. 
1957 മുതല്‍ നടന്ന നടപടിക്രമങ്ങളുടെയും ഭാഷാസ്‌നേഹികളുടെ പരിശ്രമങ്ങളുടെയും ഫലമായാണ് 2017 ല്‍ ഇത് സംഭവ്യമായത്. ഭാഷ ഭരണഭാഷയാകുമ്പോഴാണ്, ഭരണകാര്യങ്ങളില്‍ സ്ഥാനം വഹിക്കുമ്പോഴാണ് ആ ഭാഷയ്ക്ക് സാമൂഹികമായി മൂല്യമുണ്ടാകുന്നത്. മലയാളഭാഷയുടെ കാര്യത്തില്‍ ഏറ്റവും അര്‍ഥവത്തും ആശാവഹവുമായ ഒരു കാര്യമാണ് നിരന്തരപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ ഔദ്യോഗികഭാഷാപ്രഖ്യാപനം എന്നുപറയാം. എങ്കിലും കോടതിഭാഷ മലയാളമാക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
കേരളത്തിലെ ആദിവാസിവിദ്യാര്‍ഥികളുടെ മാതൃഭാഷ മലയാളവും അതിര്‍ത്തിപ്രദേശങ്ങളില്‍ മലയാളമോ തമിഴോ കന്നടയോ ആയി മാറിമാറിവരുന്നതും ഇത്തരത്തില്‍ യഥാര്‍ഥഭാഷകളെ മറച്ചുവയ്ക്കുന്നു. ഒറീസയില്‍ നിലവിലുള്ള 62 ആദിവാസിഭാഷകള്‍ കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ ഒറിയ എന്ന ഒറ്റപ്പേരിലൊളിച്ച് അപ്രസക്തമാകുന്നു. ഇത്തരത്തില്‍ അതിഭീതിദമായ ഒരു സാഹചര്യമാണ് മാതൃഭാഷകളെ സംബന്ധിച്ചു നിലനില്‍ക്കുന്നത്. 
1957 ല്‍ ഭാഷാടിസ്ഥാനത്തില്‍ കേരളസംസ്ഥാനം നിലവില്‍വന്നശേഷം ജനാധിപത്യസംവിധാനത്തില്‍ ആദ്യം തിരഞ്ഞെടുക്കപ്പെട്ട ഇ.എം.എസ്. സര്‍ക്കാരിന്റെ മുഖ്യോദ്ദേശ്യം ഭരണഭാഷ മലയാളമാക്കുക എന്നതായിരുന്നു. ഇതിനായി പഠനം നടത്താന്‍ ഇ.എം.എസ് സര്‍ക്കാര്‍ 1957 ല്‍ തന്നെ കോമാട്ടില്‍ അച്യുതമേനോന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. 
കോമാട്ടില്‍ അച്യുതമേനോന്‍ കമ്മിറ്റി, ജസ്റ്റീസ് നരേന്ദ്രന്‍ കമ്മിറ്റി, ഔദ്യോഗികഭാഷാസമിതി, വിവിധ നിയമസഭാസമിതികള്‍ എന്നിവയുടെ നിര്‍ദേശങ്ങളൊന്നുംതന്നെ ഔദ്യോഗികഭാഷ മലയാളമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നില്ല. 
2017 മേയ് 1 മുതല്‍ സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല/സ്വയംഭരണ സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗികഭാഷയായി മലയാളം ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണഭാഷാപ്രഖ്യാപനം നടത്തുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. 
1957 മുതല്‍ നടന്ന നടപടിക്രമങ്ങളുടെയും ഭാഷാസ്‌നേഹികളുടെ പരിശ്രമങ്ങളുടെയും ഫലമായാണ് 2017 ല്‍ ഇത് സംഭവ്യമായത്. ഭാഷ ഭരണഭാഷയാകുമ്പോഴാണ്, ഭരണകാര്യങ്ങളില്‍ സ്ഥാനം വഹിക്കുമ്പോഴാണ് ആ ഭാഷയ്ക്ക് സാമൂഹികമായി മൂല്യമുണ്ടാകുന്നത്. മലയാളഭാഷയുടെ കാര്യത്തില്‍ ഏറ്റവും അര്‍ഥവത്തും ആശാവഹവുമായ ഒരു കാര്യമാണ് നിരന്തരപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ ഔദ്യോഗികഭാഷാപ്രഖ്യാപനം എന്നുപറയാം. എങ്കിലും കോടതിഭാഷ മലയാളമാക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)