വൃദ്ധജനങ്ങളൊരാശീര്‍വാദം
മര്‍ത്ത്യസമൂഹമതറിയേണം.
അനുപമ,സുന്ദര,മതിഗംഭീരം,
അനുഭവഖനിയാം വാര്‍ദ്ധക്യം!
പല്ലില്ലാത്ത ചിരിക്കില്ലേയൊരു
മുല്ലപ്പൂവിന്‍ സൗഭാഗ്യം!
വെള്ളിനിലാവിന്‍ രശ്മികള്‍പോലെ
വെണ്‍മതിളങ്ങും മുടിയിഴയില്‍
മാനവജീവിത സത്വവിശുദ്ധികള്‍
കാണാന്‍ കണ്ണിനു കഴിയേണം.
തേനൊഴുകുന്നൊരു പൂങ്കനിയല്ലോ
ജ്ഞാനം കിനിയും വാര്‍ദ്ധക്യം!
രണ്ടാം ശൈശവമെന്നോതുന്നു
പണ്ഡിതരതിനെ സാര്‍ത്ഥകമായ്
അറിവില്ലാത്തൊരു ബാല്യം, ചഞ്ചല-
ഹൃദയം പേറും കൗമാരം,
ഉത്കടമായ വികാരപരമ്പര
ദുര്‍ഘടമാക്കും യൗവനവും
ഇല്ല, കൊതിക്കില്ലാരും വാര്‍ദ്ധക-
വല്ലിക്കുടിലിലണഞ്ഞെന്നാല്‍!
ഇവിടെ വിരിഞ്ഞു വിരാജിക്കുകയാ-
ണവികല ശാന്തി സ്ഫുരണങ്ങള്‍
ഇവിടെ ധ്യാനനിദിധ്യാസങ്ങള്‍
പവിഴച്ചിറകുവിടര്‍ത്തുന്നു!
ചിന്മയനേകുമനുഗ്രഹമല്ലോ
നന്മകള്‍ നിറയും വാര്‍ദ്ധക്യം!
വാര്‍ദ്ധകമാകും കവിതയിലുള്ളതു
വാത്സല്യത്തിന്‍ രസമല്ലോ!
മുത്തവുമായിട്ടുണ്ണികളെത്തും
മുത്തച്ഛന്റെ മടിത്തട്ടില്‍
മുത്തശ്ശിക്കഥ പാല്‍പ്പായസമായ്
നിത്യവുമിമ്പം പകരുന്നു!
അമലം ശൈശവ, മതുപോലേറ്റം
വിമലം സഫലം വാര്‍ദ്ധക്യം.
ഇവ രണ്ടിന്നുമടുത്താണല്ലോ
മരണമെഴാത്തൊരു പറുദീസ!