•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

ക്ലാരയും എബിയും പിന്നെ ജിക്കുവും

  • പൊന്നന്‍
  • 20 August , 2020


രാത്രിമുതല്‍ തുടങ്ങിയ മഴയ്ക്ക് ഒരു ശമനവുമില്ല. അയാള്‍ ട്രാഫിക്കിലൂടെ ഒരു സര്‍ക്കസ്സുകാരനെപ്പോലെ തന്റെ വാഹനം ഒരു വിധത്തില്‍ മുമ്പോട്ടു കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നു. വീട്ടില്‍നിന്നിറങ്ങിയിട്ട് ഒന്നരമണിക്കൂറിലേറെയായി. ഓഫീസിലെത്താന്‍ ഒരു സിഗ്നല്‍കൂടി കടക്കണം. ക്ലാര എവിടെയെത്തിയോ ആവോ? അയാള്‍ വ്യാകുലപ്പെട്ടു. രണ്ടു വയസ്സുകാരന്‍ ജിക്കുവിനെ ഡേ കെയര്‍ സെന്ററില്‍ വിട്ടിട്ടു വേണം അവള്‍ക്ക് മറൈന്‍ഡ്രൈവിലെ ബാങ്കിലെത്താന്‍. 
ഹോണടികളും ശാപവാക്കുകളും കടന്ന് ഒരുവിധം അയാള്‍ ഇന്‍ഫോ പാര്‍ക്ക് സമുച്ചയത്തിലെത്തി.
റിസപ്ഷനില്‍ എന്നും നിറപുഞ്ചിരിയുമായി ഇരിക്കുന്ന ദീപ്തിയുടെ സീറ്റില്‍ ഓഫീസ് ബോയ് രാജു ഗമയില്‍ ഇരിപ്പുണ്ട്. 
''എന്താ, ഇതുവരെ ആരും എത്തിയില്ലേ?'' എബി തിരക്കി.
''ഇന്നു പകുതിപ്പേരുപോലും ഉണ്ടാവുമെന്നു തോന്നുന്നില്ല. മിക്കവാറും ആള്‍ക്കാരൊക്കെ മഴയില്‍ കുടുങ്ങിയിരിക്കയാണ്.'' 
എബി തന്റെ ക്യൂബിക്കിളിലെത്തി സിസ്റ്റം ഓണ്‍ ചെയ്ത് സീറ്റിലേക്കു ചായാന്‍ തുടങ്ങിയപ്പോഴാണ് ആ മഞ്ഞ സ്റ്റിക്കര്‍ ശ്രദ്ധിച്ചത്. രഞ്ജന്‍സാറിന്റെ മെസേജാണ്. ഉടന്‍ അദ്ദേഹത്തിന്റെ ക്യാബിനിലേക്കു ചെല്ലാന്‍. എബി രഞ്ജന്‍സാറിന്റെ ക്യാബിന്റെ വാതില്‍ക്കല്‍ എത്തിയതേയുള്ളൂ. ''ആ, എബി വരൂ, വി ഹാവ് ആന്‍ എമര്‍ജന്‍സി റ്റുഡേ, ദി യുകെ ടീം വില്‍ ബി ഹിയര്‍ എനി മൊമെന്റ്. ആന്‍ഡ് ദി വേര്‍സ്റ്റ് പാര്‍ട്ട് ഈസ്, വേണു വില്‍ നോട്ട് ബി കമിങ്... സോ യൂ ഹാവ് റ്റു മാനേജ് ദി ഷോ.''
പുതിയൊരു പ്രപ്പോസലിന്റെ ഫൈനല്‍ ഡിസ്‌കഷന് ക്ലയന്റ്‌നേരിട്ടെത്തിയിരിക്കയാണ്. എബി ഉള്‍പ്പെടുന്ന ടീമിന്റെ ലീഡര്‍ വേണുവാണ് പ്രപ്പോസല്‍ ഡ്രാഫ്റ്റ് ചെയ്തത്. ഇപ്പോള്‍ വേണുവില്ലാതെ എങ്ങനെ ക്ലയന്റിനോടു സംസാരിക്കും ഈശ്വരാ... 
എബി വേഗം പോയി പ്രപ്പോസല്‍ ഫയല്‍ ലൊക്കേറ്റ് ചെയ്തു. ഒരു മണിക്കൂറെങ്കിലും എടുക്കും അതൊന്നു വായിച്ചു തലയില്‍ കേറ്റാന്‍. അപ്പോഴാണ് സെല്‍ ഫോണ്‍ റിങ് ചെയ്തത്. ക്ലാരയാണ്: ''ഡേ കെയറില്‍നിന്നു വിളിച്ചിരുന്നു. അവിടെ വെള്ളം കയറിക്കൊണ്ടിരിക്കയാണ്, എത്രയുംവേഗം മോനെ കൂട്ടിക്കൊണ്ടുപോവാനാണ് അവര്‍ ആവശ്യപ്പെടുന്നത്. ഞാന്‍ ഇപ്പോള്‍ ബാങ്കില്‍ വന്നുകയറിയതേയുള്ളൂ. ഇവിടെ പകുതി സ്റ്റാഫ് പോലുമെത്തിയിട്ടില്ല. എനിക്കിവിടുന്നു മാറാന്‍ ഒരുതരത്തിലും പറ്റില്ല.'' 
മോനെ വിട്ടുകൊണ്ടിരിക്കുന്ന 'ടെന്‍ഡര്‍ ടോട്ട്‌സ് ഡേ കെയര്‍ സെന്ററി'ലേക്കു താമസസ്ഥലത്തുനിന്നു നടന്നുപോവാനുള്ള ദൂരമേയുള്ളൂ. എബി ഉടന്‍തന്നെ ഡേ കെയര്‍ സെന്ററിന്റെ മാനേജര്‍ ലാലിയെ വിളിച്ചു കാര്യമന്വേഷിച്ചു.
''ഇവിടൊക്കെ വെള്ളം കയറിക്കൊണ്ടിരിക്കയാണ്. പകുതിയോളം കുട്ടികളെ രക്ഷിതാക്കള്‍ വന്നു കൊണ്ടുപോയി. വെള്ളം ഇപ്പോള്‍ നമ്മുടെ ഫ്‌ളോര്‍ ലെവലില്‍ എത്തിയിരിക്കുകയാണ്. വി ഹാവ് റ്റു ഇവാക്വേറ്റ് അര്‍ജന്റ്‌ലി.'' 
എബിയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി. ദൈവമേ, ഞാന്‍ എന്തുചെയ്യും... ഫോണിലേക്കു നോക്കിയപ്പോള്‍ രണ്ടു മിസ്ഡ് കോളുകള്‍. ക്ലാരയുടേതാണ്. ഉടന്‍തന്നെ അയാള്‍ ക്ലാരയെ വിളിച്ചു. ''നിങ്ങള്‍ എന്തെടുക്കുവാ, മോനെ പിക്ക് ചെയ്യാന്‍ പോകുന്നില്ലേ?'' അവളുടെ സ്വരമാകെ പതറിയിരുന്നു.
''ക്ലാരാ ഞാന്‍...''
''ഒന്നും പറയേണ്ട, വേഗം പോയി കുഞ്ഞിനെ കൂട്ടിക്കൊണ്ടുവാ, എനിക്കൊരു മനസ്സമാധാനവുമില്ല.''
''ക്ലാരാ, പറയുന്നതു കേള്‍ക്കൂ, ഇന്ന് വേണു എത്തിയിട്ടില്ല. യുകെ ടീം ഇപ്പോഴിങ്ങെത്തും.''
''അപ്പോള്‍ നമ്മുടെ കുഞ്ഞിനെ മഴവെള്ളത്തില്‍ ഉപേക്ഷിച്ചേക്കാമെന്നാണോ നിങ്ങള്‍ പറയുന്നത്? എന്റെ കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ പിന്നെ ജീവിച്ചിരിക്കില്ല പറഞ്ഞേക്കാം.''
ശരിയാണ്, കുഞ്ഞിന്റെ ഒരു കാര്യത്തിലും അവള്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ജിക്കു അവള്‍ക്കു ജീവനാണ്, തനിക്കും. നീണ്ട കാത്തിരിപ്പിനുശേഷം ഉണ്ടായ കുട്ടിയാണ് ജിക്കു. പ്രാര്‍ത്ഥനകളും നേര്‍ച്ചകാഴ്ചകളും ചികിത്സകളുമൊക്കെയായി ആറു വര്‍ഷങ്ങള്‍.
അപ്പോഴേക്കും രഞ്ജന്‍സാറിന്റെ കാള്‍ വന്നു. യുകെ ടീം എത്തിയിരിക്കുന്നു. ഒന്നുകൂടി കെയര്‍ സെന്ററിലെ ലാലിയെ വിളിച്ചു: 
''മാഡം, എനിക്കു വരാന്‍ ഒരു നിവൃത്തിയുമില്ല. വൈഫിനും വരാന്‍ സാധിക്കില്ല. എന്താണു ചെയ്യുക?''
''എന്താ മിസ്റ്റര്‍ എബി പറയുന്നത്, ഇതെന്താ തമാശയാണോ? എല്ലാ കുട്ടികളെയുംതന്നെ കളക്ടു ചെയ്തു. ഇനി ജിക്കുവും മനുവും മാത്രമേയുള്ളൂ.'' 
എബിക്കു ഭ്രാന്തു പിടിക്കുന്നതുപോലെ തോന്നി. ക്ലാര വീണ്ടും വിളിച്ചു: ''നിങ്ങളിതുവരെ പോയില്ലേ?'' അയാള്‍ ഒന്നും പറഞ്ഞില്ല. ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ അവള്‍ കരയാന്‍തുടങ്ങി. ''എനിക്കവിടെയെത്താന്‍ ഒരു മാര്‍ഗവുമില്ല. പോണ വഴിയിലെല്ലാം വെള്ളമാണ്. ഓട്ടോയും ബസ്സും ഒന്നും പോകുന്നില്ല. ഞാന്‍ മരിക്കും. എന്റെ കുട്ടി...'' അവള്‍ ഒരു ഉന്മാദിനിയെപ്പോലെ പുലമ്പാന്‍ തുടങ്ങി. 
ഒന്നു ചിന്തിക്കാന്‍പോലുമുള്ള ഗ്യാപ് ഇല്ല. അപ്പോഴേക്കും രാജു എത്തി: ''സര്‍, അവര്‍ കോണ്‍ഫെറന്‍സ് ഹാളില്‍ വെയിറ്റ് ചെയ്യുകയാണ്.'' എബി ഉടന്‍ എണീറ്റ് ഹാളിലേക്കു പുറപ്പെട്ടു. എബിയെ കണ്ടതും രഞ്ജന്‍സാര്‍ ചോദിച്ചു: ''വാട്ട് ഹാപ്പെന്‍ഡ് എബി? യു ലുക്ക് അപ്‌സറ്റ്.'' 
''സര്‍, ഐ ഹാവ് എ പേര്‍സണല്‍ എമര്‍ജന്‍സി. പ്ലീസ് ഗിവ് മി എ മൊമെന്റ് ടൂ സോര്‍ട്ട് ഇറ്റ് ഔട്ട് ആന്‍ഡ് ദെന്‍ ജോയിന്‍ യു.''
രഞ്ജന്‍സാര്‍ ഡെലിഗേറ്റ്‌സിനെ നോക്കി. അവരുടെ തലവന്‍ മി. ആദം ആദ്യം വാച്ചിലേക്കും പിന്നെ എബിയുടെ മുഖത്തേക്കും നോക്കിയിട്ടു പറഞ്ഞു: ''ഓക്കെ മാന്‍, മേക്ക് ഇറ്റ് ഫാസ്റ്റ്, വി വില്‍ വെയ്റ്റ് ഫോര്‍ എ ഫ്യൂ മിനിട്ട്‌സ്.''
എബി സീറ്റിലേക്ക് ഓടി. പോകുന്നവഴിയില്‍ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. ഡേ കെയറില്‍നിന്നാണ്. ''സാര്‍, ഞങ്ങള്‍ സെന്റര്‍ അടയ്ക്കുകയാണ്, കുഞ്ഞിനെ എന്തു ചെയ്യും?''
എബിക്കു ശബ്ദിക്കുവാന്‍ കഴിഞ്ഞില്ല. അയാള്‍ കരയുകയായിരുന്നു.
''സാര്‍, ഞാന്‍ ഒരു സജഷന്‍ പറയട്ടേ...''
''പറയൂ...''
''മനുവിന്റെ അച്ഛന്‍ മിസ്റ്റര്‍ ഉണ്ണിക്കൃഷ്ണന്‍ എത്തിയിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് ജിക്കുവിനെക്കൂടി വീട്ടിലേക്കു കൊണ്ടുപോകാമോയെന്നു ചോദിക്കട്ടെ...''
''അത്...''
''സാരമില്ല സര്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റെന്താണു ചെയ്യാന്‍ സാധിക്കുക? മിസ്റ്റര്‍ ഉണ്ണിക്കൃഷ്ണന്‍ നല്ലൊരാളാണ്. ഇതാ ഞാന്‍ അദ്ദേഹത്തിനു ഫോണ്‍ കൊടുക്കാം. നേരിട്ടു സംസാരിച്ചോളൂ.'' 
വിറയ്ക്കുന്ന സ്വരത്തില്‍ എബി പറഞ്ഞു: ''ഹലോ''
''ഹലോ, എബീ, ഡോണ്ട് വറി. എനിക്കു നിങ്ങളുടെ സിറ്റുവേഷന്‍ മനസ്സിലാകും. മോനെ ഞാന്‍ എന്റെ വീട്ടിലേക്കു കൊണ്ടുപൊയ്‌ക്കൊള്ളാം. നിങ്ങള്‍ വൈകിട്ടു വന്ന് അവനെ കൊണ്ടുപോയാല്‍ മതി. മിസിസ്സിനോടും പറഞ്ഞേക്കൂ, വിഷമിക്കണ്ടായെന്ന്. മനുവിനും ജിക്കുവിനെ വലിയ ഇഷ്ടമാണ്. ഞാന്‍ വീട്ടില്‍ ചെന്നിട്ടു വിളിക്കാം.''
''ഒരുപാടു നന്ദിയുണ്ട് മിസ്റ്റര്‍ ഉണ്ണി.'' 
ഉടന്‍തന്നെ ക്ലാരയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. അവള്‍ ഇപ്പോഴും കരച്ചിലാണ്. പാവം... ആകെ തകര്‍ന്നുപോയിരിക്കുന്നു. ഉണ്ണിയുടെ നമ്പറും കൊടുത്തു. ''സമാധാനിക്ക് മോളേ, ദൈവം കാണിച്ചുതന്ന ഒരു മാര്‍ഗ്ഗമാണിത്. നമ്മള്‍ വൈകിട്ടു പോയി മോനെ കൊണ്ടുവരുമല്ലോ.''
ഉടന്‍തന്നെ എബി കോണ്‍ഫെറന്‍സ് റൂമിലേക്കു പാഞ്ഞു. 
ആറുമണിവരെ നീണ്ട ഡിസ്‌കഷന്‍സ്. സൈലന്റില്‍ വച്ചിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ എടുത്തുനോക്കിയ എബി ഞെട്ടിപ്പോയി. പതിനഞ്ചു മിസ്ഡ് കാള്‍സ്! ക്ലാരയുടെയും ലാലിയുടെയും കൂടാതെ, ഏതാനും അണ്‍നോണ്‍ നമ്പറുകളും. ആരെയൊക്കെ തിരിച്ചുവിളിക്കും? ആദ്യം ക്ലാരയെ വിളിച്ചു. അങ്ങേത്തലയ്ക്കല്‍ പരിചയമില്ലാത്ത ഒരു ശബ്ദം, ക്ലാരയുടെ സഹപ്രവര്‍ത്തക സൂസനാണ്. ക്ലാരയ്ക്ക് ഉച്ചകഴിഞ്ഞപ്പോള്‍മുതല്‍ ഒരു തലചുറ്റലും പനിയും. അവര്‍ പലതവണ എബിയെ ബന്ധപ്പെടുവാന്‍ ശ്രമിച്ചത്രേ. അവസാനം മാനേജര്‍ പറഞ്ഞതനുസരിച്ച് സൂസന്‍ ക്ലാരയെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. ബാങ്കിനടുത്തുതന്നെയാണ് സൂസന്റെ വീട്. ക്ലാര ഇപ്പോള്‍ മയക്കത്തിലാണ്. എബി ഒരുവിധത്തില്‍ സൂസനോടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ''ക്ലാരയെ ഞാന്‍ സമാധാനിപ്പിച്ചുകൊള്ളാം, എബി കുട്ടിയുടെ കാര്യം നോക്കിക്കോളൂ,'' സൂസന്‍ പറഞ്ഞു. ഒരു കാളല്‍ എബിയുടെ ഉള്ളിലൂടെ കടന്നുപോയി. ഞാനങ്ങനെ ജിക്കുവിനെ ഇനി കളക്ട് ചെയ്യും? അയാള്‍ ഉടന്‍ ഉണ്ണിയെ വിളിച്ചു: ''ഉണ്ണീ. ഐ ആം വെരി സോറി, ഞാനൊരു ശാപം കിട്ടിയ അച്ഛനാണ്...'' ഉണ്ണി വളരെ ശാന്തയോടെ പറഞ്ഞു: ''സാരമില്ല എബി, ചിലപ്പോഴൊക്കെ നമ്മള്‍ വിചാരിക്കുന്നതുപോലൊന്നും കാര്യങ്ങള്‍ നടക്കില്ല. ഹി ഈസ് വെരി കംഫര്‍ട്ടബിള്‍ ഹിയര്‍, യു ടേക്ക് കെയര്‍ ഓഫ് ക്ലാര. നിങ്ങള്‍ ഫുള്ളി ഫ്രീയായിട്ടു വന്നാല്‍ മതി. അതിനി നാളെ രാവിലെയായാലും കുഴപ്പമില്ല.''
''നിങ്ങളെ ദൈവം അനുഗ്രഹിക്കും.'' അയാള്‍ തേങ്ങി: ''മോന്റെ കയ്യില്‍ ഫോണ്‍ ഒന്നു കൊടുക്കാമോ,'' ഉണ്ണി ജിക്കുവിനു ഫോണ്‍ കൊടുത്തു. ''ദാ മോന്റെ പപ്പാ...'' 
''മോനേ, ജിക്കൂ, പപ്പേടെ ചക്കരേ...''
അവന്‍ അവ്യക്തമായി എന്തോ പറഞ്ഞു. ''പപ്പ ഉടന്‍ വരാട്ടോ.'' ഈറനണിഞ്ഞ കണ്ണുകളോടെ അയാള്‍ ഫോണ്‍ വച്ചു. ജിക്കുവിന് രണ്ടു വയസ്സായെങ്കിലും അവന്‍ സംസാരിച്ചുതുടങ്ങിയിട്ടില്ല. അവനെക്കൊണ്ട് 'അമ്മേ'യെന്നെങ്കിലും പറയിക്കാന്‍ താനും ക്ലാരയും നിരന്തരമായി ശ്രമിച്ചിട്ടും സാധിച്ചില്ല. അവ്യക്തമായ എന്തോ ശബ്ദങ്ങള്‍ മാത്രമാണ് അവന്‍ ഇപ്പോഴും കേള്‍പ്പിക്കുന്നത്. തുടര്‍ന്ന് അയാള്‍ സൂസനെ ഒരിക്കല്‍കൂടി വിളിച്ചു. ഭാഗ്യം, ക്ലാര ഉണര്‍ന്നിരിക്കുന്നു. ''ക്ലാരാ...'' അവള്‍ ഒന്നും പ്രതികരിച്ചില്ല. ''ഐ ആം സോറി മോളേ, എന്റെ അവസ്ഥ ഇങ്ങനെയായിപ്പോയി. ഞാന്‍ ഉണ്ണിയെ വിളിച്ചിരുന്നു. ജിക്കു അവിടെ സെയ്ഫാണ്. അവര്‍ വളരെ നല്ല മനുഷ്യരാണ്. ഞാന്‍ എത്രയും പെട്ടെന്ന് ഓഫര്‍ സബ്മിറ്റ് ചെയ്തിട്ടുവരാം, ഓക്കേ...'' അവസാനം അവള്‍ ഒന്നു മൂളി.
എബി തന്റെ സീറ്റിലേക്കു മടങ്ങി. രണ്ടു സഹപ്രവര്‍ത്തകര്‍ ഓഫറിന്റെ പണി തുടങ്ങിയിരിക്കുന്നു. എബിയും അവരോടോപ്പം ചേര്‍ന്നു. എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി പത്തുമണി. പാര്‍ക്കിംഗിലേക്ക് ഓടുകയായിരുന്നു. പതിനൊന്നുമണിയോടെ ഒരുവിധത്തില്‍ അയാള്‍ സൂസന്റെ അപ്പാര്‍ട്ട്‌മെന്റിനു മുന്നിലെത്തി. വിറയ്ക്കുന്ന കാലുകളോടെ അയാള്‍ നടകള്‍ കയറി ഡോര്‍ ബെല്‍ അടിച്ചു. സൂസന്‍ വന്നു വാതില്‍ തുറന്നു: ''ആഹാ എബിയെത്തിയല്ലോ.. ക്ലാരാ, ദാ എബിയെത്തി.'' ഒരു പൊട്ടിത്തെറിയാണ് അയാള്‍ പ്രതീക്ഷിച്ചത്. പക്ഷേ, ക്ലാരയുടെ മുഖം വിളറി ക്ഷീണിച്ച ഒരു രോഗിയുടേതുപോലിരുന്നു. മെല്ലെ അവള്‍ അയാള്‍ക്കരികിലേക്കുവന്ന് മുഖത്തു സൂക്ഷിച്ചുനോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. എബിച്ചായാ... അവള്‍ അയാളുടെ നെഞ്ചിലേക്കു വീണു. പിന്നെ കുറെ വിതുമ്പലുകള്‍ മാത്രം. അയാളും കരയുന്നുണ്ടായിരുന്നു. 
എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല.. സൂസന്നയുടെ വാക്കുകളാണ് അവരെ ഉണര്‍ത്തിയത്: ''എബീ, രണ്ടാളും വന്ന് വല്ലതും കഴിക്ക്. ക്ലാര ഇന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല.'' സൂസന്റെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടുപേരും അല്പം ഭക്ഷണം കഴിച്ചെന്നു വരുത്തി. ഉടന്‍തന്നെ ജിക്കുവിന്റെ അടുത്തെത്തണം. പിന്നെയും ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ കുണ്ടിലും കുഴിയിലും വെള്ളക്കെട്ടിലൂടെയുമുള്ള സാഹസം. ക്ലാര എബിയുടെ കൈത്തണ്ടയില്‍ മുറുകെപ്പിടിച്ചിരിക്കയാണ്.
''എബിച്ചായാ, ഐ ആം വെരി സോറി, എബിച്ചായന്‍ എത്രമാത്രം വിഷമിച്ചിരിക്കാമെന്നു ചിന്തിച്ചില്ല. അതോടൊപ്പം ഓഫീസിലെ ഇന്നത്തെ അവസ്ഥയും. സൂസന്‍ പറഞ്ഞപ്പോളാണ് ഞാനതേപ്പറ്റി ചിന്തിച്ചത്. ഉണ്ണിയും മഞ്ജുവും എത്ര നല്ല ആള്‍ക്കാരാണ്, ഒരു ബന്ധമോ പരിചയമോ ഇല്ലാത്ത നമുക്കുവേണ്ടി അവര്‍...'' വീണ്ടും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഉണ്ണിയുടെ അപ്പാര്‍ട്ട്‌മെന്റിനു മുന്നിലെത്തിയപ്പോള്‍ രാത്രി പന്ത്രണ്ടര. ഡോര്‍ ബെല്‍ അടിച്ചതേ മഞ്ജു വന്നു വാതില്‍ തുറന്നു. ജിക്കുവിനെയും തോളത്തു കിടത്തിക്കൊണ്ട് അപ്പോഴേക്കും ഉണ്ണിയുമെത്തി. മനുവിന്റേതായിരിക്കണം, ഒരു മഞ്ഞയുടുപ്പാണവന്‍ അണിഞ്ഞിരുന്നത്, ജിക്കുവിനെ കണ്ടതും ക്ലാര ഓടിച്ചെന്ന് അവനെ കൈയില്‍ വാങ്ങി. അടക്കിവച്ചിരുന്ന തേങ്ങലുകളൊക്കെ ഒരിക്കല്‍കൂടി പുറത്തേക്കുവന്നു. ''എന്റെ ചക്കരക്കുട്ടാ...'' അവള്‍ അവനെ ഉമ്മകള്‍കൊണ്ടു പൊതിഞ്ഞു. എല്ലാവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ഇതിനിടയില്‍ ഉറക്കത്തില്‍ നിന്നെണീറ്റ ജിക്കു എല്ലാവരെയും തുറിച്ചുനോക്കി. അവസാനം അവന്റെ നോട്ടം ക്ലാരയിലെത്തി. അവന്റ ചുമലുകള്‍ വിറച്ചു. എന്തോ പറയാന്‍ ശ്രമിക്കുന്നതുപോലെ. എന്തോ ഒരു അവ്യക്തശബ്ദം പുറത്തേക്കു വന്നു. അടുത്ത നിമിഷം അവര്‍ കേള്‍ക്കാന്‍ കാത്തുകാത്തിരുന്ന ആ വാക്ക് അവന്റെ ചുണ്ടുകളില്‍നിന്നു വീണു. 'മ്മേ,' ക്ലാരയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തന്റെ കുട്ടി ആദ്യമായി തന്നെ അമ്മേയെന്നു വിളിച്ചിരിക്കുന്നു. ''എന്റെ കുട്ടാ,'' അവള്‍ വീണ്ടും വീണ്ടും അവനെ ചുംബിച്ചു. അത്രനേരം പിടിച്ചുനിന്ന എബി രണ്ടാളെയും ചേര്‍ത്തുപിടിച്ച് വിങ്ങിപ്പൊട്ടി.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)