•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്ക് പ്രൗഢോജ്ജ്വലസമാപനം

പാലാ: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനതല പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്കു സംഘടനയുടെ ജന്മഭൂമിയായ പാലാ രൂപതയിലെ ഭരണങ്ങാനത്ത് ആവേശോജ്ജ്വലസമാപനം. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മൂവാറ്റുപുഴ രൂപതാമെത്രാന്‍ ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്തു.
മിഷന്‍ലീഗ് സംസ്ഥാനസമിതി ഏര്‍പ്പെടുത്തിയ പി.സി. അബ്രഹാം പല്ലാട്ടുകുന്നേല്‍ (കുഞ്ഞേട്ടന്‍) പുരസ്‌കാരം   സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫിനും, ഫാ. ജോസഫ് മാലിപ്പറമ്പില്‍ പുരസ്‌കാരം റവ. ഫാ. അബ്രഹാം പോണാട്ടിനും ബിഷപ് സമ്മാനിച്ചു.  
സംസ്ഥാനഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍ ആമുഖപ്രഭാഷണം നടത്തുകയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശം വായിക്കുകയും ചെയ്തു.
പാലാ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്റോ തകിടിയേല്‍, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍, പാലാ രൂപത പ്രസിഡന്റ് ഡോ. ജോബിന്‍ റ്റി. ജോണി തട്ടാംപറമ്പില്‍, സംസ്ഥാന വൈസ് ഡയറക്ടര്‍ സി. ലിസ്‌നി എസ്.ഡി, സംസ്ഥാന ജനറല്‍ ഓര്‍ഗനൈസര്‍ അരുണ്‍ ജോസ് പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, രൂപത, മേഖല, ശാഖാ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തില്‍ 2021-22 പ്രവര്‍ത്തനവര്‍ഷത്തെ മികച്ച രൂപത, മേഖല, ശാഖകള്‍ക്കുള്ള അംഗീകാരപത്രങ്ങള്‍ സമ്മാനിച്ചു.
സമാപനസമ്മേളനത്തിനു മുന്നോടിയായി മേലമ്പാറ ദീപ്തി ഭവന്‍ ജങ്ഷന്‍, ഇടപ്പാടി കുരിശുപള്ളി ജങ്ഷന്‍ എന്നിവിടങ്ങളില്‍നിന്നും ഭരണങ്ങാനത്തേക്കു പതിനായിരങ്ങള്‍ പങ്കെടുത്ത പ്രേഷിതറാലി നടത്തി. ഇടപ്പാടിയില്‍നിന്നാരംഭിച്ച റാലി  സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. ഓസ്റ്റിന്‍ കച്ചിറമറ്റവും സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ദീപ്തിഭവനില്‍നിന്നാരംഭിച്ച റാലി എം.എസ്.റ്റി. ഡയറക്ടര്‍ ജനറല്‍ റവ. ഫാ. ആന്റണി പെരുമാനൂരും രൂപത പ്രസിഡന്റ് ഡോ. ജോബിന്‍ തട്ടാംപറമ്പിലും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ വിവിധ രൂപതകളില്‍നിന്നുള്ള പ്രതിനിധികളും പാലാ രൂപതയിലെ എല്ലാ ശാഖകളില്‍നിന്നുമുള്ള കുട്ടികളും അധ്യാപകരും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് റാലിയില്‍ പങ്കെടുത്തു. വിശുദ്ധരുടെ വേഷവിധാനങ്ങളണിഞ്ഞെത്തിയ കുഞ്ഞുമിഷനറിമാരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടത്തിയ റാലിയില്‍ കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ പങ്കെടുത്തു.
രൂപത വൈസ് ഡയറക്ടര്‍ സി. മോനിക്ക എസ്.എച്ച്., രൂപത ഭാരവാഹികളായ ലിന്റു ടോമി, അഗസ്റ്റിന്‍ കടൂക്കുന്നേല്‍, ഷൈനി ജോസഫ്, അമല്‍ വാക്കാട്ടില്‍പുത്തന്‍പുരയില്‍, ദിയ ഫ്രാങ്ക്‌സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)