ഒരുദിവസം രാവിലെ ഫ്രാന്‍സീസ് പുണ്യവാന്റെ ആശ്രമത്തിനു മുമ്പില്‍ ഒരാളെത്തി. അയാള്‍ക്കു ദൈവത്തെ കാണണം! ഫ്രാന്‍സിസ് പുണ്യവാന്‍ അദ്ദേഹത്തോടു പറഞ്ഞു:''കൊള്ളാം വളരെ നല്ലത്.'' പെട്ടെന്നാണ് ഫ്രാന്‍സിസ് പുണ്യവാന്‍ അതു കണ്ടത്. അയാള്‍ ഒരു ഭാണ്ഡക്കെട്ട് കക്ഷത്തില്‍ ഇടുക്കിപ്പിടിച്ചിരിക്കുന്നു. ആ ഭാണ്ഡക്കെട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് പുണ്യവാന്‍ ചോദിച്ചു:
''ഈ ഭാണ്ഡത്തില്‍ എന്താണ്?''
ആഗതന്‍ മറുപടി പറഞ്ഞു:
''മാറാനുള്ള വസ്ത്രം; ഒരു ജോഡി ചെരുപ്പ്. പിന്നെ എനിക്കേറ്റം ഇഷ്ടപ്പെട്ട കുറെ സാധനങ്ങളും.''
അയാളുടെ മറുപടി കേട്ടപ്പോള്‍ ഫ്രാന്‍സിസ് പുണ്യവാന്‍ ഒരു കഥ പറയാന്‍ തുടങ്ങി.
പണ്ടു പണ്ട് ഒരു സന്ന്യാസിക്ക് ദൈവത്തെ കാണാന്‍ വലിയ ആഗ്രഹമായി. അദ്ദേഹം ദൈവത്തെ അന്വേഷിച്ചു നടപ്പായി. പള്ളികളിലും ആരാധനാലയങ്ങളിലുമൊക്കെ അദ്ദേഹം കയറിയിറങ്ങി. കരഞ്ഞും പ്രാര്‍ത്ഥിച്ചും യാചിച്ചും ആ സന്ന്യാസി ദിവസങ്ങള്‍ തള്ളിനീക്കി. പക്ഷേ, അദ്ദേഹത്തിന് ദൈവത്തെ കാണാന്‍ സാധിച്ചില്ല. എന്തോ ഒരു തടസ്സം!
എന്തായിരുന്നു അത്? പുണ്യവാന്‍ വിശദീകരിച്ചു. സന്ന്യാസിയുടെ ഭാണ്ഡത്തില്‍ ഒരു ഭരണി ഉണ്ടായിരുന്നു. മനോഹരമായ കൊത്തുപണികള്‍ ചെയ്തതായിരുന്നു ആ ഭരണി! സന്ന്യാസിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതായിരുന്നു ആ ഭരണി. സന്ന്യാസി ചിന്തിക്കാന്‍ തുടങ്ങി. തന്റെ ഇഷ്ടവസ്തുവായ ഭരണിയെ, താന്‍ ദൈവത്തെക്കാള്‍ സ്‌നേഹിക്കുന്നുണ്ടോ? അതുകൊണ്ടായിരിക്കുമോ ദൈവം തനിക്കു ദര്‍ശനം നല്കാത്തത്?
തന്റെ മനസ്സില്‍ ഉദിച്ച ആ ചിന്ത ആ സന്ന്യാസിയെ പിടിച്ചുലച്ചു. അല്പനേരം ധ്യാനചിന്തയിലാണ്ട സന്ന്യാസി ധ്യാനത്തില്‍നിന്നുമുണര്‍ന്നു.
പിന്നെ താമസിച്ചില്ല. തന്റെ ഭാണ്ഡത്തില്‍നിന്ന് ആ ഭരണി പുറത്തെടുത്ത് ഒരേറ്! ഭരണി തവിടുപൊടി!
അപ്പോഴതാ സന്ന്യാസിയുടെ മുമ്പില്‍ നില്ക്കുന്നു ദൈവം!
ചിരിച്ചുകൊണ്ട് കഥ അവസാനിപ്പിച്ച്, ഫ്രാന്‍സിസ് പുണ്യവാന്‍ പറഞ്ഞു:
''വരൂ, ഈ ഭാണ്ഡക്കെട്ട് അഴിക്കൂ. ഇവയൊക്കെ പാവപ്പെട്ട ആര്‍ക്കെങ്കിലും കൊടുക്കാം. ഭാണ്ഡവുമായി ആരെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല.''