രാജ്യത്ത് വര്‍ഗീയതയുടെ കനലുകള്‍ ഊതിക്കത്തിക്കുന്നതിനുവേണ്ടിയുള്ള വളരെ അപകടകരമായ സിദ്ധാന്തത്തറയാണ് ആര്‍എസ്എസും മോഹന്‍ ഭഗവതും ഒരുക്കുന്നത്. വിഭജനത്തെക്കുറിച്ചുള്ള ഏറ്റവും അപകടകരമായ ഓര്‍മകള്‍ പുനരാവിഷ്‌കരിക്കുന്നതിലൂടെ ജനങ്ങളുടെ മനസ്സില്‍ വെറുപ്പിന്റെയും പകയുടെയും കനലുകള്‍ കോരിയിടുകയാണ്.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് വീണ്ടും വര്‍ഗീയവിഷം തുപ്പുകയാണ്. രാജ്യത്ത് നിലവിലുള്ള മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാവളര്‍ച്ചയുടെ അസമത്വം പരിഹരിക്കാന്‍ ജനസംഖ്യാനിയന്ത്രണം വേണമെന്നാണ് ആര്‍എസ്എസ് സ്ഥാപകദിനമായ വിജയദശമിദിനത്തില്‍ നാഗ്പൂര്‍ ആസ്ഥാനത്തെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞത്. 'മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസമത്വം ഭൂമിശാസ്ത്രപരമായ അതിരുകള്‍ മാറ്റുമെന്നും ജനനനിരക്കിലെ വ്യത്യാസങ്ങള്‍ക്കൊപ്പം ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമുള്ള മാറ്റങ്ങളും ജനസംഖ്യാ അസമത്വത്തിന് കാരണമാകുന്നു'വെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. കഴിഞ്ഞ വര്‍ഷത്തെ ദസ്‌റ പ്രസംഗത്തിലും രാജ്യത്ത് ജനസംഖ്യാനിയന്ത്രണനയം അനിവാര്യമാണെന്ന് മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. ''ജനസംഖ്യാവളര്‍ച്ചാനിരക്കിലെ അസന്തുലിതാവസ്ഥയിലെ വെല്ലുവിളി'' എന്ന വിഷയത്തില്‍ 2015 ല്‍ റാഞ്ചിയില്‍ നടന്ന ആര്‍എസ്എസിന്റെ അഖിലേന്ത്യ നിര്‍വാഹകസമിതിയോഗം പാസാക്കിയ പ്രമേയത്തെ പരാമര്‍ശിച്ചാണ് മോഹന്‍ ഭഗവത് ജനസംഖ്യാനിയന്ത്രണനയം വേണമെന്നു തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
കപടദേശീയതയുടെ വിഷവാക്കുകള്‍
മതത്തിന്റെ അടിസ്ഥാനത്തിലെ ജനസംഖ്യാ അസന്തുലിതാവസ്ഥ പുതിയ രാജ്യങ്ങളുടെ പിറവിക്കു വഴിവച്ചിട്ടുണ്ടെന്ന അപകടകരമായ നിരീക്ഷണങ്ങളും പ്രസംഗത്തിനിടയില്‍ മോഹന്‍ ഭഗവത് നടത്തുന്നുണ്ട്. മതാടിസ്ഥാനത്തിലുള്ള ഇന്ത്യ- പാക്കിസ്ഥാന്‍ വിഭജനത്തിന്റെ ചരിത്രം പഠിക്കാന്‍ യുവാക്കളോടാവശ്യപ്പെടുന്ന ആര്‍എസ്എസ് തലവന്‍, മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥകാരണം പുതിയ രാജ്യങ്ങള്‍ ഉയര്‍ന്നുവരുന്നതിന് കിഴക്കന്‍ തിമൂര്‍, കൊസോവൊ, ദക്ഷിണ സുഡാന്‍ എന്നിവയെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഈ ഉദാഹരണങ്ങളിലൂടെ ചരിത്രത്തെ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് മതപരമായ ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ മാറ്റിവരയ്ക്കും എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും നുഴഞ്ഞുകയറ്റവും ഇതിനുള്ള കാരണങ്ങളാണെന്നും മോഹന്‍ ഭഗവത് അടിവരയിട്ടു പറയുന്നു. രാജ്യത്ത് വര്‍ഗീയതയുടെ കനലുകള്‍ ഊതിക്കത്തിക്കുന്നതിനുവേണ്ടിയുള്ള വളരെ അപകടകരമായ സിദ്ധാന്തത്തറയാണ് ആര്‍എസ്എസും മോഹന്‍ ഭഗവതും ഇതിലൂടെ ഒരുക്കുന്നത്. വിഭജനത്തെക്കുറിച്ചുള്ള ഏറ്റവും അപകടകരമായ ഓര്‍മകള്‍ പുനരാവിഷ്‌കരിക്കുന്നതിലൂടെ ജനങ്ങളുടെ മനസ്സില്‍ വെറുപ്പിന്റെയും പകയുടെയും കനലുകള്‍ കോരിയിടുകയാണ്.
മോഹന്‍ ഭഗവതിന്റെ വാദങ്ങള്‍ പൊളിയുന്നു
രാജ്യത്ത് ജനസംഖ്യാനിയന്ത്രണം കൊണ്ടുവരുന്നതിന് സംഘപരിവാര്‍ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നതു സത്യമാണ്. ഈ വര്‍ഷം ഏപ്രിലില്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം രാകേഷ് സിന്‍ഹ ജനസംഖ്യാനിയന്ത്രണ
ബില്ല് സഭയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍, രാജ്യത്ത് സജീവമായി നടന്നുവരുന്ന 'കുടുംബാസൂത്രണബോധവത്കരണവും ആരോഗ്യസുരക്ഷാലഭ്യതയും ജനസംഖ്യാസ്ഥിരത ഉറപ്പാക്കി' എന്നായിരുന്നു ഇതിന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്. സംഘപരിവാറിന്റെ വാദങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു മന്ത്രിയുടെ മറുപടി. രാജ്യത്തെ ആകെ പ്രത്യുത്പാദനശേഷിനിരക്ക് രണ്ടു ശതമാനത്തിനു താഴെയായി എന്നും ഇത് കുടുംബാസൂത്രണദൗത്യം വിജയത്തില്‍ എത്തുന്നതാണു കാണിക്കുന്നതെന്നും മന്‍സൂഖ് മാണ്ഡവ്യ സഭയില്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ രാകേഷ് സിന്‍ഹ ബില്ല് പിന്‍വലിക്കുകയായിരുന്നു. ഈ വസ്തുതകള്‍ അറിഞ്ഞില്ലെന്നു നടിച്ചുകൊണ്ടാണ് മോഹന്‍ ഭഗവത് മതപരമായ അസമത്വം ഒഴിവാക്കുന്നതിനുവേണ്ടി എന്ന പേരില്‍ വീണ്ടും വീണ്ടും ജനസംഖ്യാനിയന്ത്രണത്തെക്കുറിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
കണക്കുകള്‍ സത്യം പറയുന്നു
എന്നാല്‍, മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ രാജ്യത്തു വര്‍ദ്ധിക്കുന്നുവെന്നും ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നുവെന്നുമുള്ള സംഘപരിവാറിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. 2019 - 2021 ലെ ദേശീയകുടുംബാരോഗ്യസര്‍വേ കണക്കുകള്‍പ്രകാരം ഹിന്ദുസ്ത്രീ
കളുടെ പ്രത്യുത്പാദനനിരക്കില്‍ 30 ശതമാനം കുറവു രേഖപ്പെടുത്തിയപ്പോള്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പ്രത്യേകിച്ചും മുസ്ലീംസ്ത്രീകളുടെ പ്രത്യുത്പാദനനിരക്കിലുïായ കുറവ് 35 ശതമാനമാണ്. 1992 ല്‍ മുസ്ലീം സ്ത്രീകളുടെ പ്രത്യുത്പാദനനിരക്ക് 4.4 ശതമാനമായിരുന്നത് 2021 ല്‍ 2.3 ശതമാനമായി
കുറയുകയുണ്ടായി. ഹിന്ദുസ്ത്രീകളുടേത് 3.3 ശതമാനത്തില്‍നിന്ന് ഈ കാലയളവില്‍ 1.94 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. മറ്റു മതന്യൂനപക്ഷവിഭാഗങ്ങളില്‍ ക്രിസ്ത്യാനികളുടേത് 1.88 ശതമാനം, സിഖ് 1.61 ശതമാനം, ജൈന 1.6 ശതമാനം, ബുദ്ധിസ്റ്റ് 1.39 ശതമാനം എന്നിങ്ങനെയാണ്. ഏറ്റവും പുതിയ ദേശീ
യകുടുംബാരോഗ്യസര്‍വേ കണക്കുകള്‍പ്രകാരം, ഹിന്ദുസ്ത്രീകളുടെ ശരാശരി പ്രത്യുത്പാദനനിരക്കും മതന്യൂനപക്ഷങ്ങളില്‍ പ്രബലമായ മുസ്ലീംസ്ത്രീകളുടെ നിരക്കും തമ്മിലുള്ള വ്യത്യാസം
0.4 2 ശതമാനം മാത്രമാണ്. ക്രിസ്ത്യന്‍സ്ത്രീകളുടെ ശരാശരി പ്രത്യുത്പാദനനിരക്ക് ഹിന്ദുസ്ത്രീകളുടേതിനെക്കാള്‍ കുറവാണെന്നു മാത്രമല്ല പ്രത്യേകിച്ച്
കേരളത്തില്‍ ദേശീയ ശരാശരിയെക്കാള്‍ വളരെ താഴെയാണെന്നും കാണാന്‍ സാധിക്കും. കേരളത്തിലെ ചില ജില്ലകളില്‍ ക്രിസ്ത്യന്‍ജനസംഖ്യാവര്‍ധനയും ശരാശരി പ്രത്യുത്പാദനനിരക്കും നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തപ്പെട്ട സാഹചര്യങ്ങളും ഉനായിട്ടുണ്ട്. ശാരാശരി മറ്റു വിഭാഗങ്ങളുടെ ജനസംഖ്യാവര്‍ദ്ധന 17.7 ശതമാനമാണെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുടേത് 15.7 ശതമാനമാണ് (2011 സെന്‍സസ്).
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ ജനസംഖ്യാശതമാനവര്‍ദ്ധന നേര്‍പകുതിയായിട്ടുണ്ട് എന്നു കണക്കുകളില്‍ കാണാം. 2030 ല്‍ എല്ലാ മതവിഭാഗങ്ങളിലെയും പ്രത്യുത്പാദനനിരക്ക് തുല്യതയിലെത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്. രാജ്യത്ത് ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് (ഠഎഞ) അടിസ്ഥാനമാക്കിയാണ് ജനസംഖ്യാവര്‍ദ്ധന കണക്കാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഫെര്‍ട്ടിലിറ്റി നിരക്കിന്റെ കാര്യത്തില്‍ 41.2 ശതമാനം കുറവാണ് ഹിന്ദുസമുദായത്തില്‍ ഉണ്ടായതെങ്കില്‍, മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ 46.5 ശതമാനമാണ് കുറവുണ്ടായത്. ക്രിസ്ത്യന്‍വിഭാഗങ്ങളിലേക്കുവരുമ്പോള്‍ അത് 50 ശതമാനത്തിനും മുകളിലാണ്. ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍ പ്രകാരം, ഹിന്ദുജനസംഖ്യാവര്‍ദ്ധനയില്‍ 3.1 ശതമാനം ഇടിവു സംഭവിച്ചപ്പോള്‍ മുസ്ലീം ജനസംഖ്യാവര്‍ദ്ധനയില്‍ 4.7 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ഇതിലും കൂടുതലാണ് ക്രിസ്ത്യന്‍വിഭാഗങ്ങളില്‍.
ലക്ഷ്യം ഹിന്ദുരാഷ്ട്രം
വിവാദപരാമര്‍ശങ്ങളിലൂടെ മോഹന്‍ ഭഗവത് എന്താണുദ്ദേശിക്കുന്നതെന്നു വളരെ വ്യക്തമാണ്. രാജ്യത്ത് ഒരു പ്രത്യേക മതവിഭാഗത്തിന്റെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്നും അതിനാല്‍ ജനസംഖ്യാനിയന്ത്രണത്തിനു സമഗ്രപദ്ധതി വേണമെന്നുമാണ് പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസമത്വവും നിര്‍ബന്ധിതമതപരിവര്‍ത്തനവും രാജ്യം വിഭജിക്കപ്പെടാന്‍തന്നെ കാരണമാകുമെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞുവയ്ക്കുന്നത്. ഇന്ത്യയില്‍ 'മതാടിസ്ഥാന അസമത്വവും' 'നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും' കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്നതാണ് അദ്ദേഹത്തിന്റെ വിഷമം. ഇതിനു ശാശ്വതമായ പരിഹാരവും അദ്ദേഹം കണ്ടെത്തുന്നുണ്ട്. അത് ഹിന്ദുരാഷ്ട്രരൂപവത്കരണംതന്നെയാണ്. പ്രസംഗത്തിനിടയില്‍, രാജ്യത്ത് സംഘപരിവാറിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നതുമൂലം ഹിന്ദുരാഷ്ട്രരൂപവത്കരണത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനസംഖ്യാനിയന്ത്രണത്തിനുവേണ്ടിയുള്ള തന്റെ വാദങ്ങളുടെ ആത്യന്തികമായ ലക്ഷ്യം ഹിന്ദുരാഷ്ട്രരൂപവത്കരണത്തിന് അനുകൂലമായ കളമൊരുക്കലാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുകയാണ് ഇവിടെ മോഹന്‍ ഭഗവത് ചെയ്യുന്നത്. ഇന്ത്യയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. അതിനെ നേരിടാന്‍ കഴിയാതെ വര്‍ഗീയവിദ്വേഷം പടര്‍ത്താനാണ് മോഹന്‍ ഭഗവത് ശ്രമിക്കുന്നത്.