നെയ്പ്പായസം
ചേരുവകള്‍
ഉണക്കലരി - 250 ഗ്രാം
ശര്‍ക്കര - അരക്കിലോഗ്രാം
നെയ്യ് - 250 ഗ്രാം
ഈന്തപ്പഴം - 100 ഗ്രാം
തേന്‍ - കാല്‍ കപ്പ്
ഏലക്ക, ജീരകം പൊടിച്ചത് - ഒന്നര ടേബിള്‍സ്പൂണ്‍
കദളിപ്പഴം നുറുക്കിയത് - 2 എണ്ണം
ഉണക്കമുന്തിരി - 100 ഗ്രാം
കല്‍ക്കണ്ടം പൊടിച്ചത് - 100 ഗ്രാം
ഉണക്കത്തേങ്ങ ചെറുതായി അരിഞ്ഞത് - ഒന്നിന്റെ പകുതി
തയ്യാറാക്കുന്ന വിധം
അരി വൃത്തിയാക്കി അരമണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക കുറച്ചു വെള്ളവും അല്പം നെയ്യും ഒഴിച്ച് അരി വേവിച്ചു വറ്റിക്കുക. ഇതിലേക്ക് ശര്‍ക്കര കാല്‍കപ്പ് വെള്ളമൊഴിച്ച് ഉരുക്കി പാനിയാക്കി അരിച്ച് ഒഴിക്കുക. ഈ കൂട്ട് നന്നായി വഴറ്റി കുറച്ചു ഭാഗം നെയ്യും ചേര്‍ത്ത് ഇടയ്ക്കിടയ്ക്ക് ഒഴിച്ച് ഇളക്കി ഉരുളിയില്‍നിന്നു വിട്ടുവരുന്ന പാകത്തിനു വഴറ്റുക. ഇതിലേക്കു നുറുക്കിയ പഴവും ഈന്തപ്പഴവും മുന്തിരിയും ചേര്‍ത്ത് യോജിപ്പിച്ച് അടുപ്പില്‍നിന്നു മാറ്റുക. മറ്റൊരു ചീനച്ചട്ടിയില്‍ കുറച്ചു നെയ്യൊഴിച്ച് ചൂടാക്കി തേങ്ങാക്കൊത്തുചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമായി വറുത്ത് ആ നെയ്യോടുകൂടി പായസത്തിലേക്ക് ഒഴിച്ച് ഇളക്കുക ഏലയ്ക്കപ്പൊടിയും ജീരകപ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അവസാനം തേനും കല്‍ക്കണ്ടം പൊടിച്ചതും ചേര്‍ക്കുക.
മാമ്പഴപ്രഥമന്‍
ചേരുവകള്‍
പഴുത്ത മാങ്ങ - അരക്കിലോ
നെയ്യ് - 50 മില്ലി
ശര്‍ക്കര - 300 ഗ്രാം
(ചൂടുവെള്ളത്തില്‍ ഉരുക്കി അരിച്ചത്)
കുറുകിയ തേങ്ങാപ്പാല്‍ - 400 മില്ലി (ഒരു എണ്ണത്തിന്റേത്)
ഏലക്ക പൊടിച്ചത് - ഒരു ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് - അര ടീസ്പൂണ്‍
നെയ്യില്‍ വറുത്ത കശുവണ്ടി നുറുക്ക് - 20 ഗ്രാം
നെയ്യില്‍ വറുത്ത ഉണക്കമുന്തിരിങ്ങ - 15 ഗ്രാം
കനം കുറച്ച് നുറുക്കി നെയ്യില്‍ വറുത്ത
തേങ്ങാക്കഷണങ്ങള്‍ - 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പഴുത്ത മാങ്ങ ചെറുതായി നുറുക്കി മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് ചുവടു കട്ടിയുള്ള സ്റ്റീല്‍ പാത്രത്തില്‍ ഒഴിച്ച് ചെറുതീയില്‍ നെയ് ചേര്‍ത്തു വരട്ടുക. ഇതില്‍ ശര്‍ക്കര ഉരുക്കി അരിച്ചത് സാവധാനം ചേര്‍ക്കുക. തേങ്ങാപ്പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങി ഏലക്കാ പൊടിച്ചത്, ചുക്കുപൊടി, കശുവണ്ടി, മുന്തിരിങ്ങ, തേങ്ങാക്കഷണങ്ങള്‍ എന്നിവ ചേര്‍ക്കുക.