ത്യാഗാശ്ലേഷം തപസ്യയാക്കിയ വെണ്മപ്പൂമൊട്ടേ,
ആതുരരുടെമേലലിഞ്ഞിറങ്ങിയൊരാലിപ്പഴമല്ലേ.
അല്‍ഫോന്‍സാമ്മേ, നിന്‍ ജീവിതമൊരു നിശ്ശബ്ദബലിയല്ലേ,
ഞെരടിപ്പിഴിഞ്ഞ മുന്തിരി,യതില്‍ നീയാനന്ദിച്ചില്ലേ.
നിന്‍ കാലടികള്‍ വെന്തൊരു തീക്കനല്‍ മായാതെ മനസ്സില്‍
ദിവ്യമണാളനുവേണ്ടി ജ്വലിച്ചാദ്യന്തം ബലിയായീ.
അവര്‍ണനീയം ശരശയ്യയില്‍ നീ നേടിയ സായുജ്യം
അനുപമമല്ലോ അവനിയില്‍ നിന്നുടെ സുകൃതവുമെളിമയുമേ.
ഇഹത്തിലഹമതു വെടിഞ്ഞ ഭവതീ നിന്നുടെ മുഖകാന്തി
വരയ്ക്കുവാനാവതില്ലയിനിയും വര്‍ണങ്ങള്‍ പോരാ.
മുറിഞ്ഞൊരുള്ളിനെ മുള്ളാല്‍ കുത്തും മനുഷ്യജന്മത്തി-
ന്നിടയ്ക്കുനിന്നോ മണവും മധുരവുമുള്ളൊരു മലരായ് നീ
തേജസ്വിനീ നിന്നഴകു പരത്തിയ ത്യാഗപരാഗങ്ങള്‍
പരിമളധൂപംപോലീ ധരയില്‍ പടരുകയാണല്ലോ.
കുരിശുചുമന്നു കിരീടം നേടാന്‍ താന്‍താന്‍ വഴികളിലും
തളര്‍ന്നിരിക്കാതുദിച്ചു നില്‍ക്കാന്‍ പ്രാര്‍ത്ഥിച്ചീടണമേ