അമ്മയെപ്പോലൊരു സ്നേഹത്തിന് മൂര്‍ത്തിയെ
മന്നിതില്‍ കാണില്ല നിശ്ചയമായ്
അമ്മയെന്നുള്ള രണ്ടക്ഷരമാദ്യമായ്
ചുണ്ടില്‍ വിരിഞ്ഞൊരാ ധന്യനേരം
കുഞ്ഞായിരിക്കുമ്പോഴൊക്കെയുമെന്നമ്മ
അമ്മിഞ്ഞിപ്പാല്‍ തന്നു പോറ്റിയില്ലേ?
അമ്മതന്‍ നെഞ്ചോടടുപ്പിച്ചൊരെന് ചുണ്ടില്‍
നെഞ്ചിലെ പാലാഴി ചോര്‍ത്തിയില്ലേ?
പത്തുമാസം ചുമന്നെത്രയോ കഷ്ടത
നിത്യം സഹിച്ചമ്മ നോവു തിന്നും
നമ്മള്‍ക്കു നല്കിയ ജന്മമോര്ത്തീടുകി-
ലമ്മയ്ക്കു വേറെന്തു നല്കിടും ഞാന്‍?
നമ്മള്തന് കാര്യങ്ങളെന്തുമേ ചൊല്ലിടാ-
നമ്മയല്ലാതെ മറ്റാരു കേള്‍ക്കും?
അമ്മതാന്‍ ചോരയും നീരും നമുക്കായി
ജീവിതമര്‍പ്പിച്ച കര്‍മ്മയോഗി
ഭാര്യയു,മമ്മയു,മമ്മായിയമ്മയും
വല്യമ്മയും മുതുമുത്തശ്ശിയായ്
എല്ലാം നിറഞ്ഞൊരാ ദിവ്യമാം നാമത്തെ
നിത്യം മനസ്സില്‍ നമിച്ചിടുന്നു.
കരയാന്‍ വിതുമ്പിയ വേളയിലൊക്കെയും
ചിരിതൂകിയമ്മയെന്നരികിലെത്തും
പിരിയില്ലയീ ബന്ധമെന്നുമെന്നേക്കുമായ്
ഒരുനാളുമണയാത്ത മണിദീപമായ്
ജീവന്റെ ചൈതന്യമെന്നില്‍ വിടര്‍ത്തിയ
ദേവിയാമമ്മെ നമിച്ചിടുന്നു.
അന്ത്യമായമ്മയ്ക്കൊരുമ്മയും നല്കി ഞാന്‍
എന്നേക്കുമമ്മയെ യാത്രയാക്കി
അല്ലലില്ലാത്തൊരു ലോകത്തിലേക്കമ്മ
ഉല്ലാസമോടെ പറന്നകന്നു
അമ്മതന്‍ പാവനസ്നേഹത്തിലൂറുന്ന
നന്മയ്ക്കായമ്മയെ വാഴ്ത്തുക നാം
മക്കള്‍ക്കു വേണ്ടിയുള്ളമ്മതന് പ്രാര്‍ത്ഥന
ഒക്കെയും ദൈവത്തിന് പക്കലെത്തി
സര്‍വ്വസൗഭാഗ്യവും നല്കിയൊരീശനെ
നിത്യമായെന്നും സ്തുതിക്കുന്നു ഞാന്‍.