പാലാ: സാഹിത്യലോകം യുവപ്രതിഭകള്‍ക്കു മതിയായ അവസരം പ്രദാനം ചെയ്യണമെന്നും അത്തരം സംരംഭങ്ങള്‍ക്ക് ദീപനാളം വേദിയാകുന്നത് ശ്ലാഘനീയമാണെന്നും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. ദീപനാളം ഓഡിറ്റോറിയത്തില്‍ സ്കൂള്‍ - കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന സാഹിത്യശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീപനാളം ചീഫ് എഡിറ്റര്‍ ഫാ. കുര്യന് തടത്തില്‍ ആമുഖപ്രഭാഷണം നടത്തി. എഴുത്തുകാരനും നിരൂപകനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം ചെയ്തു. അക്ഷരസമരത്തിന്റെ അമരക്കാരന് ഫാ. ഡോ. തോമസ് മൂലയില്‍, കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്കാര്‍ ജേതാവ് മോബിന് മോഹന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി. ഡോ. തെരേസ് ആലഞ്ചേരിയുടെ 'നിലാവിന്റെ നിറം' എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. പാലാ സെന്റ് തോമസ് കോളജ് വൈസ് പ്രിന്‍സിപ്പലും മലയാളവിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യര്‍ ആശംസയര്‍പ്പിച്ചു. തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്, എഴുത്തുകാരായ മോബിന് മോഹന്‍, ഡോ. സി. തെരേസ് ആലഞ്ചേരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
പ്രഫ. സിജു ജോസഫ്, ഡോ. അലക്സ് ജോര്‍ജ്, ജോയി മുത്തോലി, ജോര്‍ജ് കെ.എം., ഡാലിയ വിജയകുമാര്‍, ബിനു സുതന്, ലിജി ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.