കട്ടന്‍കാപ്പി ഊതിയൂതി കുടിക്കുന്നതിനിടയില്‍ അയാളുടെ മുഖത്തുവിരിഞ്ഞ സന്തോഷം കണ്ട് അവള്‍ ചോദിച്ചു:
''എന്താ ഇത്ര സന്തോഷം? നാളെ വീട്ടില്‍ പോയി അച്ഛനെയും അമ്മയെയും കാണാമെന്നോര്‍ത്താണോ, എങ്കില്‍ ആ ആഗ്രഹം പൂവണിയാന്‍ പോകുന്നില്ല. എനിക്കു കടല്‍ക്കരയില്‍ പോകണം. എന്നെ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനാണോ ഭാവം?''
അവള്‍ മുഖം വീര്‍പ്പിച്ചിരുന്നു. അവളുടെ മുഖത്ത് ഉരുണ്ടുകൂടിയ സങ്കടത്തിന്റെ കാര്‍മേഘപടലങ്ങള്‍ അയാളെ അസ്വസ്ഥനാക്കി.
അവളുടെ ശബ്ദം ഇടിമുഴക്കംപോലെ ഉയര്‍ന്നു:
''അച്ഛനും അമ്മയ്ക്കും വയ്യെങ്കില്‍ ഏതെങ്കിലും അനാഥാലയത്തില്‍ കൊണ്ടുപോയി ആക്ക്. മാസംതോറും അവരുടെ ഫീസ് കൊടുത്താല്‍ മതിയല്ലോ. ഇടയ്ക്കിടയ്ക്ക് അവരെ ഇവിടെക്കൊണ്ടുവന്നു നിര്‍ത്താന്‍ പദ്ധതിയുണ്ടെങ്കില്‍ അതങ്ങു മാറ്റിവച്ചേക്ക്. അല്ലെങ്കില്‍ത്തന്നെ നിങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും മതിയല്ലോ. അവരോടാണ് കൂടുതല്‍ സ്‌നേഹം. പിന്നെ എന്നെ കെട്ടിയത് എന്തിനാണ്?''
മൗനം അവര്‍ക്കിടയില്‍ മതിലുകള്‍ തീര്‍ത്തു.
ഒടുവില്‍ നേര്‍ത്തസ്വരത്തില്‍ അയാള്‍ പറഞ്ഞു:
''എന്റെ ശാലൂ, നീ എന്നെ മനസ്സിലാക്കൂ. എനിക്ക് ഒരു ജീവിതം തന്നത് അവരാണ്. എനിക്കുവേണ്ടി മാത്രം ജീവിച്ചവര്‍. അവര്‍ അല്പം സന്മനസ്സു കാണിച്ചില്ലായിരുന്നെങ്കില്‍ ഞാനീ നിലയില്‍ എത്തില്ലായിരുന്നു. അവര്‍ വിരിച്ച നനുനനുത്ത ശീതളിമയ്ക്കു താഴെയാണ് നീ ഇരിക്കുന്നതെന്ന് ഓര്‍ക്കണം. എനിക്ക് അവരെ അനാഥാലയത്തിലാക്കാന്‍ ആവില്ല. അവര്‍ എന്നെ കണ്ടെത്തിയത് അവിടെനിന്നാണ്.''
അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ മുഖം ഇടിവേട്ടേറ്റ ചില്ലകള്‍പോലെയായി.