ബെയ്ജിംഗ്: കൊറോണയുടെപേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചൈന, ക്രൈസ്തവര്‍ക്കെതിരായ തുടര്‍പീഡനങ്ങളുടെ പേരിലും വാര്‍ത്തകളില്‍ ഇടംനേടുന്നു. ക്രൈസ്തവദേവാലയങ്ങളിലെ കുരിശുകള്‍ മാറ്റുവാനും, യേശുവിന്റെ രൂപങ്ങള്‍ക്കു പകരം കമ്മ്യൂണിസ്റ്റ്‌നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുമുള്ള ചൈനീസ് സര്‍ക്കാരിന്റെ പുതിയ ഉത്തരവാണ് രാജ്യത്തെ മതപീഡനപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമായി നിരീക്ഷിക്കപ്പെടുന്നതെന്ന് പ്രമുഖ അന്താരാഷ്ട്രമാധ്യമമായ 'എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്‍ഹുയി, ജിയാങ്‌സു, ഹെബെയി എന്നീ പ്രവിശ്യകളിലെ ദേവാലയങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ലഭിച്ചിരിക്കുന്നത്. ഷാംങ്‌സിയിലെ ദേവാലയങ്ങളോട് കുരിശ് അടക്കമുള്ള വിശ്വാസപ്രതീകങ്ങള്‍ മാറ്റി പകരം കമ്മ്യൂണിസ്റ്റ്‌നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനാണ് ഉത്തരവില്‍ അനുശാസിക്കുന്നത്. 'റേഡിയോ ഫ്രീ ഏഷ്യ'യാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അവോഡിയിലെയും യിന്‍ചാങ്ങിലെയും ദേവാലയങ്ങളിലേക്ക് സര്‍ക്കാരുദ്യോഗസ്ഥര്‍ അതിക്രമിച്ചു കടന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് പുതിയ ഉത്തരവും പുറത്തുവന്നിരിക്കുന്നത്.
സര്‍ക്കാര്‍ അധികാരികള്‍ ദേവാലയത്തിന്റെ പൂട്ടു തകര്‍ത്താണ് ദേവാലയത്തില്‍ പ്രവേശിച്ചു വിശുദ്ധവസ്തുക്കള്‍ നശിപ്പിച്ചതെന്ന് വെന്‍സോയിലെ ക്രൈസ്തവര്‍ പറയുന്നു. തടയുവാന്‍ ശ്രമിച്ച തങ്ങളെ സുരക്ഷാഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ ദേവാലയങ്ങളിലെ കുരിശുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നീക്കംചെയ്തിരുന്നു. കൊറോണയെത്തുടര്‍ന്ന് അടഞ്ഞുകിടന്ന ദേവാലയങ്ങള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍ കടുത്ത പീഡനമാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ്ഭരണകൂടം ക്രൈസ്തവസമൂഹത്തിനെതിരേ നടത്തുന്നതെന്ന റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു.
ഉയിഗുര്‍ മുസ്ലീങ്ങളെ പീഡിപ്പിക്കുവാനുള്ള തടങ്കല്‍പ്പാളയങ്ങള്‍ ചൈനയില്‍ ഉണെ്ടന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള ഡ്രോണ്‍ ഫൂട്ടേജുകള്‍ പുറത്തുവന്ന സമയത്തുതന്നെയാണ് ക്രിസ്ത്യാനികള്‍ക്കെതിരേയുള്ള മതപീഡനം ശക്തിപ്രാപിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ചൈനയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നുണെ്ടന്നതിന്റെ തെളിവുകളാണ് കഴിഞ്ഞയാഴ്ച പുറത്തുവന്ന വീഡിയോശകലം. കടുത്ത നിരീക്ഷണത്തിലാണ് ചൈനയിലെ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത്. 2030-ഓടുകൂടി ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവഭൂരിപക്ഷരാജ്യമായി ചൈന മാറുമെന്നാണ് പഠനം. ഈ ഭീതിയാകാം ഭരണകൂടം, മതപീഡനം ശക്തമാക്കുന്നതിനു പിന്നിലെ കാരണമായി നിരീക്ഷിക്കുന്നത്.