•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

പൂര്‍വികരിലൂടെ ലഭിച്ച വിശ്വാസം നമ്മുടെ കരങ്ങളില്‍ ഭദ്രമാണോ?

  • മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍
  • 7 July , 2022

ഭാരതമണ്ണില്‍ ക്രൈസ്തവവിശ്വാസത്തിന്റെ തിരി തെളിച്ചത് പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരാളായിരുന്ന തോമാശ്ലീഹയാണ്. യേശുവിന്റെ പരസ്യജീവിതാരംഭത്തില്‍ത്തന്നെ അദ്ദേഹം ദിവ്യഗുരുവിനെ അനുഗമിച്ചുവെന്ന് സുവിശേഷവിവരണങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാവുന്നതാണ്. ഭാരതത്തിന്റെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന തോമാശ്ലീഹാ ഭാരതമണ്ണില്‍ത്തന്നെ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ചു. അതിന്റെ ഓര്‍മ ദുക്‌റാനത്തിരുനാളായി നാം ആചരിക്കുന്നു. പാരമ്പര്യങ്ങളുടെ വെളിച്ചത്തില്‍ തോമാശ്ലീഹായുടെ ധീരമൃത്യുവിന്റെ  1950-ാം വര്‍ഷത്തില്‍ നാം എത്തിയിരിക്കുകയാണ്. 
യേശുവിന്റെ നേര്‍ശിഷ്യനാണ് തോമാശ്ലീഹാ. യേശുവിന്റെ കൂടെ നടന്ന ആള്‍. യേശുവിനെ നേരിട്ടു കാണുകയും കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്ത ആള്‍. യേശു പ്രവര്‍ത്തിച്ചതിന്റെയും പഠിപ്പിച്ചതിന്റെയും പൊരുള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ബോധ്യപ്പെട്ട ശിഷ്യന്‍. പ്രസംഗിക്കേണ്ട സുവിശേഷത്തെക്കുറിച്ചുള്ള അറിവിന്റെ പൂര്‍ണതയിലേക്കു പരിശുദ്ധാത്മാവ് നയിച്ചവരില്‍ ഒരുവന്‍. യേശുവിനെക്കുറിച്ച് ആധികാരികമായി പ്രസംഗിക്കാനും പഠിപ്പിക്കാനും പ്രാപ്തി ലഭിച്ചവന്‍. അവസാനം യേശുവിനുവേണ്ടി മരിച്ചവന്‍. ഭാരതത്തിന്റെ ധീരനായ അപ്പസ്‌തോലന്‍. 
തോമാശ്ലീഹായില്‍നിന്നു നേരിട്ട് വിശ്വാസം സ്വീകരിച്ച നമ്മുടെ പൂര്‍വികര്‍ എത്രയോ ധീരരും ഭാഗ്യവാന്മാരുമാണ്! എത്ര ധന്യമാണ് നമ്മുടെ വിശ്വാസപൈതൃകം! തങ്ങള്‍ക്കു ലഭിച്ച വിശ്വാസം അവികലം സൂക്ഷിച്ച് അടുത്ത തലമുറയ്ക്കു കൈമാറുന്നതിനു നമ്മുടെ പൂര്‍വികര്‍ നിഷ്ഠയുള്ളവരായിരുന്നു. ദാരി
ദ്ര്യവും രോഗവും നാശനഷ്ടങ്ങളും നേരിട്ടപ്പോഴും അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നു. 
ത്യാഗം, അധ്വാനം, പ്രാര്‍ത്ഥന എന്നിവകൊണ്ട് അവന്‍ തങ്ങളുടെ വിശ്വാസജീവിതത്തിനു കോട്ടകെട്ടി. ഒരര്‍ത്ഥത്തില്‍ അവരും രക്തസാക്ഷികളായി ജീവിച്ചുമരിച്ചവരാണ്. അവരെയെല്ലാം ആദരവോടെ ഓര്‍ക്കേണ്ട ദിവസമാണ് ദുക്‌റാന. അതുപോലെ, നമ്മുടെ വിശ്വാസക്കൈമാറ്റത്തിനും വിശ്വാസവളര്‍ച്ചയ്ക്കും കാരണമായ വ്യക്തികളെയും, അവരില്‍ പ്രത്യേകിച്ച് വിശ്വാസപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും നമുക്കു നന്ദിപൂര്‍വം ഓര്‍ക്കാം. 
നമ്മുടെ വിശ്വാസജീവിതത്തെക്കുറിച്ച് ഗൗരവമായും വിമര്‍ശനാത്മകമായും ചിന്തിക്കേണ്ട ഒരവസരമാണിത്.  തോമാശ്ലീഹായില്‍നിന്നു പൂര്‍വികരിലൂടെ നമുക്കു ലഭിച്ച വിശ്വാസം നമ്മുടെ കരങ്ങളില്‍ ഭദ്രമാണോ? 'വിശ്വാസിയാകാതെ അവിശ്വാസിയായിരിക്കുക' എന്ന ലൗകികപ്രലോഭനം ശക്തമായി നാം നേരിടുന്ന ഇക്കാലത്ത്, നാം ചെവികൊടുക്കുന്നത് 'അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക' (യോഹ.20:27) എന്ന യേശുവചനത്തിനാണോ? 'കാണുകയും കേള്‍ക്കുകയും ചെയ്തല്ലാതെ വിശ്വസിക്കുകയില്ല' എന്നു പറയുന്നവരുടെ കൂട്ടത്തിലാണോ നാം, അതോ 'കാണാതെ വിശ്വസിക്കുന്ന ഭാഗ്യവാന്മാരുടെ'ഗണത്തിലോ? (യോഹ. 20:29) യേശുവുമായുള്ള വ്യക്തിപരമായ അനുഭവം കൂടുതല്‍ ലഭ്യമാക്കാന്‍ അവസരം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തില്‍ തോമാശ്ലീഹാ ഉദ്‌ഘോഷിച്ച വാക്കുകള്‍ വ്യവസ്ഥകളില്ലാതെ വിശ്വസിക്കാനുള്ള ആഹ്വാനത്തില്‍ എത്തിനില്ക്കുന്നു. 
നമ്മുടെ സഭയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ വിശ്വാസത്തിന്റെ വസന്തകാലമായിരുന്നു. ബാഹ്യജീവിതത്തില്‍ മാത്രമല്ല, ആന്തരികവ്യക്തിജീവിതത്തിലും അങ്ങനെതന്നെയായിരുന്നു. സഭാംഗങ്ങളില്‍ വളരെയധികം പേര്‍ പൗരോഹിത്യം സ്വീകരിക്കാന്‍ മുന്നോട്ടുവന്നു. ധാരാളം പേര്‍ സമര്‍പ്പിതജീവിതാവസ്ഥ സ്വീകരിച്ചു. മനുഷ്യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ധാരാളം പ്രേഷിതര്‍ നമ്മുടെ സഭയില്‍നിന്ന് എത്തിച്ചേര്‍ന്നു. ആത്മീയപരിവര്‍ത്തനം നേടിക്കൊടുത്ത വലിയ വചനപ്രഘോഷകരും പ്രഘോഷണകേന്ദ്രങ്ങളും ഉയര്‍ന്നുവന്നു. വളരെയധികം ആളുകള്‍ വചനം 
പഠിക്കാന്‍ തത്പരരായി. ധാരാളം ദൈവാലയങ്ങള്‍, ദൈവസാന്നിധ്യം അറിയിക്കുന്ന കുരിശുപള്ളികള്‍ എന്നിവയെല്ലാം സ്ഥാപിതമായി. പ്രവാസികള്‍ക്കായി അജപാലനസൗകര്യങ്ങളും സംവിധാനങ്ങളും രൂപീകൃതമായി. പൗരോഹിത്യമോ സന്ന്യാസമോ സ്വീകരിക്കാതെതന്നെ സുവിശേഷത്തിനു സാക്ഷികളായി തങ്ങളെത്തന്നെ സ്വയം സമര്‍പ്പിച്ച ധാരാളം കുടുംബസ്ഥര്‍ സഭയിലുണ്ടായി. ആന്തരികവും ബാഹ്യവുമായ ഒരു വിശ്വാസമുന്നേറ്റത്തിന്റെ നല്ല നാളുകള്‍ നമുക്കുണ്ടായി. 
ഇന്നത്തെ നമ്മുടെ വിശ്വാസജീവിതത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഏവര്‍ക്കും ബോധ്യമുണ്ട്. കൊറോണയുടെ സംഹാരതാണ്ഡവമാണ് ആ പരിതാപകരമായ അവസ്ഥയ്ക്കു കാരണമെന്നും പലരും വിലയിരുത്തുന്നു. കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും വിശ്വാസജീവിതത്തിനു പരിക്കേറ്റിരിക്കുന്നുവോ എന്നു പ്രഥമദൃഷ്ട്യാ തോന്നിപ്പിക്കുന്ന അവസ്ഥാവിശേഷം നിലനില്‍ക്കുന്നു. ഇവിടെയാണ്- 'അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക' (യോഹ. 20:27) എന്ന യേശുവിന്റെ ആഹ്വാനത്തിന്റെ പ്രസക്തി നാം ഉള്‍ക്കൊള്ളുന്നത്. വിശ്വാസത്തിനു മങ്ങലേല്ക്കാന്‍ പല കാരണങ്ങളും, വിശ്വാസത്തിന്റെതന്നെ പ്രതിസന്ധികളും ഉണ്ടായാലും ഈ തിരുവചനം മുറുകെപ്പിടിക്കാന്‍ തോമാശ്ലീഹായിലൂടെ യേശു നമ്മോട് ആവശ്യപ്പെടുകയാണ്. 
നമ്മുടെ വിശ്വാസത്തിന് ഒരു ഉയിര്‍പ്പ് ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. അതു ലക്ഷ്യമാക്കിക്കൊണ്ടാണ് കേരള കത്തോലിക്കാസഭ 2022 മുതല്‍ 2025 വരെയുള്ള കാലഘട്ടം സഭാനവീകരണകാലമായി പ്രഖ്യാപിച്ചിട്ടുള്ളതും അതു ഫലപ്രദമായി ആചരിക്കാന്‍വേണ്ട കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതും. 'സഭ ക്രിസ്തുവില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്ന ഭവനം' എന്നതാണ് നവീകരണയജ്ഞത്തിന്റെ ആപ്തവാക്യം. പോള്‍ ആറാമന്‍ മാര്‍പാപ്പാ പഠിപ്പിക്കുന്നതുപോലെ, സഭ സുവിശേഷികയാണ്; അവള്‍ ഈ ദൗത്യം ആരംഭിക്കുന്നത് തന്നെത്തന്നെ സുവിശേഷവല്‍ക്കരിച്ചുകൊïാണ്. താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ അവള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കണം. തന്റെ പ്രത്യാശയ്ക്കുള്ള കാരണങ്ങളും സ്‌നേഹപ്രമാണത്തെക്കുറിച്ചും അവള്‍ കേള്‍ക്കണം (EN.41). സഭയുടെ എല്ലാ പ്രഘോഷണങ്ങളുടെയും ആദ്യസ്വീകര്‍ത്താക്കള്‍ സഭാമക്കള്‍തന്നെയാണ്. മറ്റുള്ളവര്‍ക്കുവേണ്ടിയല്ല സഭയ്ക്കുവേണ്ടിത്തന്നെയാണ് സുവിശേഷപ്രഘോഷണം ആദ്യം നടത്തേണ്ടത്. സഭ സഭയോടുതന്നെ ഇടവിടാതെ സുവിശേഷം പ്രഘോഷിക്കുന്നവളാകണം. സുവിശേഷമൂല്യങ്ങള്‍ സഭയുടെ അകവും പുറവും നിര്‍ണയിക്കുമ്പോഴാണ് സഭ യേശുവിന്റെ സഭയാകുന്നത്. വിശ്വാസജീവിതം നവസുവിശേഷവത്കരണംകൊണ്ട് പ്രകാശപൂരിതമാക്കണം. ഭൗതികവത്കരണത്തെ സുവിശേഷവല്‍ക്കരണംകൊണ്ടു പ്രതിരോധിക്കേണ്ടിയിരിക്കുന്നു. സുവിശേഷമൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍, ഭൗതികവത്കരണത്തിന്റെ വക്താക്കളും വിശ്വാസിയാകാതെ അവിശ്വാസിയായി മാറി എന്നതിന്റെ അടയാളങ്ങളുമായി സഭാമക്കള്‍ അധഃപതിക്കും. സഭയെത്തന്നെ കൂടുതല്‍ സുവിശേഷവത്കരിക്കാന്‍ വ്യക്തികളും കുടുംബങ്ങളും നേതൃത്വവും കൂടുതല്‍ സുവിശേഷവത്കരിക്കപ്പെടേണ്ടിരിക്കുന്നു. വ്യക്തികേന്ദ്രീകൃതവും കുടുംബകേന്ദ്രീകൃതവുമായ അജപാലനശൈലി ഇതിനായി കൂടുതല്‍ അവലംബിക്കണം. കേരളസഭയുടെ നവീകരണത്തില്‍ ലക്ഷ്യം വയ്ക്കുന്ന കര്‍മപരിപാടികള്‍ മേല്‍സൂചിപ്പിച്ചതുപോലെ വിശ്വാസജീവിതത്തിന്റെ പുനരുത്ഥാനത്തിനു കാരണമാകട്ടെ. അതിന് ആസൂത്രണം ചെയ്തിരിക്കുന്നവ; കൂട്ടായ്മയിലേക്കുള്ള മാനസാന്തരം, പ്രാര്‍ത്ഥനാജീവിതം, വിശ്വാസപരിശീലനം, അനുരഞ്ജനമേഖലകള്‍, ദരിദ്രശുശ്രൂഷ, പ്രേഷിതപ്രഘോഷണം, വൈദിക - സന്ന്യസ്ത പ്രേഷിതത്വം, കുടുംബപ്രേഷിതത്വശുശ്രൂഷ, അല്മായപങ്കാളിത്തവും പ്രേഷിതത്വവും, യുവജനശുശ്രൂഷ, പരിസ്ഥിതിപരമായ മാനസാന്തരം, സംവാദമേഖലകള്‍ എന്നിങ്ങനെയാണ്. ഇവയെല്ലാം ഒരു പ്രത്യേക പ്രദേശത്തിന്റെ വിശ്വാസജീവിതമല്ല; മറിച്ച്, വിശ്വാസിസമൂഹത്തിന്റെ നവീകരണമാണു ലക്ഷ്യമിടുന്നത്. 
കേരളസഭയുടെ നവീകരണകാലഘട്ടത്തില്‍ സീറോമലബാര്‍ സഭാംഗങ്ങള്‍ തങ്ങളുടെ വിശ്വാസജീവിതത്തില്‍ കൂടുതല്‍ തീക്ഷ്ണതയുള്ളവരായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിരുനാള്‍ സഹായകമാകട്ടെ. കൈമോശം വന്നുപോയവയെ പതിന്മടങ്ങു ശക്തിയോടെ തിരിച്ചുപിടിക്കാന്‍ ഇനിയുള്ള നമ്മുടെ വിശ്വാസ-സാക്ഷ്യജീവിതത്തിനാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഏവര്‍ക്കും ദുക്‌റാനത്തിരുനാളിന്റെ അനുഗ്രഹാശംസകള്‍.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)