കേരളത്തിന്റെ സാമൂഹികവ്യവസ്ഥിതിയിലും സാമ്പത്തിക സാമുദായിക സാംസ്‌കാരിക മേഖലകളി ലും സ്വാധീനം ചെലുത്തിക്കൊണ്ട് കുടിയേറ്റത്തൊഴിലാളികളുടെ സാന്നിധ്യം കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 2021 ല്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് പുറത്തിറക്കിയ അതിഥിത്തൊഴിലാളി കള്‍ ഉള്‍പ്പെടുന്ന അസംഘടിതമേഖലയും നഗരവത്കരണവു മെന്ന പഠനറിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന കണ്ടെത്തലുകള്‍ കൂടുതല്‍ ചര്‍ച്ചയ്ക്കും ചിന്തയ്ക്കും വിഷയീഭവിക്കേണ്ടതാണ്. അതിഥിത്തൊഴിലാളികളിലൂടെ രൂപപ്പെടുന്ന സാമൂഹികമാറ്റങ്ങളോടൊപ്പം ഇവരുടെ ജനസംഖ്യാവര്‍ദ്ധനയും മതരാഷ്ട്രീയസമവാക്യങ്ങളില്‍ കാലക്രമേണ രൂപപ്പെടാന്‍ സാധ്യതയുള്ള വെല്ലുവിളികളും കേരളത്തിലെ നിലവിലുള്ള ജനജീവിതത്തെ സാരമായി ബാധിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയരുത്. ഉന്നതവിദ്യാഭ്യാസത്തിനും ഉയര്‍ന്ന തൊഴില്‍സാധ്യതകള്‍ക്കുമായി കേരളത്തിന്റെ യുവതലമുറ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ചേക്കേറുമ്പോള്‍ കേരളത്തിലേക്കു തൊഴില്‍ തേടിയെത്തുന്ന അവിദഗ്ധത്തൊഴിലാളികള്‍ സൃഷ്ടിക്കുന്ന ജനസംഖ്യാപ്പെരുപ്പവുമായി ഇതിനെ തുലനം ചെയ്യാനാവുമോ? സംഘടിതശക്തിയായി കേരളത്തില്‍ ഇക്കൂട്ടരെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന തീവ്രവാദപ്രസ്ഥാനങ്ങളുടെ അണിയറപ്രവര്‍ത്തനങ്ങള്‍ അന്വേഷണവിധേയമാക്കി നിയന്ത്രിച്ചില്ലെങ്കില്‍ പോലീസ്‌സംവിധാനങ്ങള്‍പോലും ഭാവിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ആനുകാലികസംഭവങ്ങള്‍ പലതും സൂചന നല്‍കുന്നു.
ഉറവിടവും വേതനവും
ബംഗാള്‍, ബീഹാര്‍, ഒറീസ, ഉത്തര്‍പ്രദേശ്, ആസാം തുടങ്ങിയവ കൂടാതെ ഇന്ത്യയിലെ ഇതര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുവരെ തൊഴില്‍തേടി കേരളത്തിലെത്തുന്നവരാണ് പ്രധാന കുടിയേറ്റക്കാര്‍. മേല്പറഞ്ഞ സംസ്ഥാനങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറവെന്നു മാത്രമല്ല, വേതനവും കുറവ്. മികച്ച ശമ്പളവും സാമൂഹികാന്തരീക്ഷവും ഇക്കൂട്ടരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നു. ഒരു കാലത്ത് കേരളത്തിലെ യുവത്വം ഗള്‍ഫ് രാജ്യങ്ങള്‍ സ്വപ്‌നം കണ്ടു നടത്തിയ പ്രയാണത്തിന്റെ മറ്റൊരു വകഭേദം കേരളമാകുന്ന ഗള്‍ഫ് സ്വപ്‌നം കണ്ട് ഇതരസംസ്ഥാനത്തൊഴിലാളികള്‍ നടത്തുന്നുവെന്നു പറയാം.
2018 ഡിസംബറിലെ കണക്കുപ്രകാരം ഇന്ത്യയിലെ കാര്‍ഷിക ഗ്രാമീണമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു ലഭിക്കുന്ന ദിവസക്കൂലിയുടെ ശരാശരി 321 രൂപയാണ്. ഗുജറാത്തില്‍ 265 രൂപ. ത്രിപുര 270 രൂപ, ബംഗാള്‍ 329 രൂപ, ഉത്തര്‍പ്രദേശ് 247 രൂപ, ഒറീസ്സ 239 രൂപ. കേരളത്തിലാകട്ടെ 767 രൂപയും. അതിഥികളുടെ സ്വന്തം നാട്ടില്‍ ലഭിക്കുന്നതിനെക്കാള്‍ മൂന്നിരട്ടി. നിര്‍മാണമേഖലയിലും സമാനമായ വേതനവ്യത്യാസമുണ്ട്. മേല്പറഞ്ഞ സംസ്ഥാനങ്ങളില്‍ 300 രൂപ മാത്രം ദിവസക്കൂലിയായി നിര്‍മാണമേഖലയില്‍ ലഭിക്കുമ്പോള്‍ കേരളത്തിലത് 800-1000 രൂപവരെയും അതിനുമുകളിലും. ഈ സാമ്പത്തികനേട്ടമാണ് ഇതരസംസ്ഥാനക്കാരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്.
ജനസംഖ്യ: സര്‍ക്കാര്‍ കണക്കുകള്‍
കേരള സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ ഇവാലുവേഷന്‍ വിഭാഗം നടത്തിയ സര്‍വേകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ കേരളത്തിലെത്തിച്ചേരുന്ന കുടിയേറ്റത്തൊഴിലാളികളുടെ കണക്കുകള്‍ 2021 ല്‍ പുറത്തുവിട്ടു. നിലവിലുള്ള ജനസംഖ്യാവര്‍ദ്ധനനിരക്കനുസരിച്ച് 2030 ല്‍ കേരളത്തിലെ ജനസംഖ്യ 3.60 കോടിയിലെത്താം. 2017-18 ല്‍ 31.4 ലക്ഷം ഉണ്ടായിരുന്ന അതിഥിത്തൊഴിലാളികള്‍ കേരളത്തില്‍ 2030 നോടെ 59.7 ലക്ഷമായി കുതിക്കുമെന്നാണ് ആസൂത്രണബോര്‍ഡ് നല്‍കുന്ന മുന്നറിയിപ്പ്, കേരളജനസംഖ്യയുടെ ആറിലൊന്ന് അന്യസംസ്ഥാനത്തൊഴിലാളികളാണ്. അതായത്, ആകെ ജനസംഖ്യയുടെ 16.6 ശതമാനം. സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ മാറ്റം ഏറെ സ്വാധീനം ചെലുത്തുന്ന നിര്‍ണായകഘടകമാകും.
കേരളത്തില്‍ കുടുംബമായിത്താമസിക്കുന്ന അതിഥിത്തൊഴിലാളികള്‍ 10.3 ലക്ഷമാണ്. വരുന്ന മൂന്നുവര്‍ഷംകൊണ്ടിത് 13.2 ലക്ഷമായും എട്ടു വര്‍ഷംകൊണ്ട് 15.2 ലക്ഷമായും ഉയരും. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നു മൂന്നു രീതിയിലുള്ള കുടിയേറ്റമാണുള്ളത്. വിവിധ കമ്പനികള്‍ നേരിട്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവരുന്നവര്‍. വിവിധ കോണ്‍ട്രാക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്താല്‍ എത്തുന്നവര്‍, ആരുടെയും സഹായമില്ലാതെ കൂട്ടമായെത്തി സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവര്‍. ഇവരുടെ പ്രായമാകട്ടെ പതിനാറിനും മുപ്പത്തഞ്ചിനുമിടയ്ക്ക്. സ്‌കൂളില്‍ പോകാത്തവരും പ്രാഥമികവിദ്യാഭ്യാസം നേടിയവരും ഉള്‍പ്പെടുന്നു. ഹ്രസ്വകാല കുടിയേറ്റക്കാരുടെ എണ്ണം 2017-18 വര്‍ഷത്തില്‍ 21.1 ലക്ഷമെങ്കില്‍ 2025 ഓടെ 34.4 ലക്ഷവും 2030 നോടുകൂടി 44 ലക്ഷമായും ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അയല്‍രാജ്യങ്ങളിലെ അനധികൃതരോ?
ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ മാത്രമല്ല അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്നുള്ളവരും ബംഗാള്‍, ആസാം കൂടാതെ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയും കേരളത്തിലെത്തിയിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കുന്നതു പലരും കേട്ടില്ലെന്നു നടിക്കുന്നു. ഇവരുടെ പൗരത്വരേഖയുടെ നിജസ്ഥിതിയും സംശയത്തോടെ കാണേണ്ടിയിരിക്കുന്നു.
മ്യാന്‍മറില്‍നിന്ന് അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലെത്തിയ രോഹിങ്ക്യന്‍ വിഭാഗങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നു പറയപ്പെടുന്നതില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരാണ്. മ്യാന്‍മറില്‍നിന്നു ബംഗ്ലാദേശിലേക്ക്; ബംഗ്ലാദേശില്‍നിന്നു പുഴകടന്ന് ബംഗാളിലേക്ക്; നിങ്ങളെവിടെനിന്ന് എന്നു ചോദിച്ചാല്‍ കല്‍ക്കട്ടയില്‍നിന്ന് എന്നുള്ള മറുപടി. രേഖകള്‍ വല്ലതുമുണ്ടോയെന്ന ചോദ്യത്തിനു കാണിക്കുന്നത് ഹസ്തരേഖ മാത്രം. ചിലരാകട്ടെ ബാംഗ്ലൂരില്‍നിന്നുള്ള വോട്ടര്‍ ഐഡിയും കാണിക്കും. ഇതെങ്ങനെ കുടിയേറ്റത്തൊഴിലാളികള്‍ സംഘടിപ്പിക്കും? ആരാണിവരുടെ പിന്നില്‍, ഇവരുടെ ലക്ഷ്യമെന്ത്? തൊഴില്‍ ആഭ്യന്തരവകുപ്പുകള്‍ ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരാണ്.
അവിദഗ്ധമേഖലകള്‍ കീഴടക്കി
17.5 ലക്ഷത്തോളം കുടിയേറ്റക്കാര്‍ കേരളത്തില്‍ ജോലിക്കായി ആശ്രയിച്ചിരിക്കുന്നത് കെട്ടിടങ്ങളുള്‍പ്പെടെയുള്ള നിര്‍മാണരംഗത്താണ്. 6.3 ലക്ഷത്തോളം പേര്‍ ഫാക്ടറികളിലും വ്യവസായ ഉത്പാദനമേഖലയിലും മൂന്നു ലക്ഷത്തോളംപേര്‍ കാര്‍ഷികവും അനുബന്ധവുമായ ജോലികളിലും. വന്‍കിട ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മൊത്ത ചെറുകിട വ്യാപാരങ്ങള്‍ എന്നുവേണ്ട സമൂഹത്തിന്റെ താഴേത്തട്ടുമുതല്‍ വിവിധങ്ങളായ അവിദഗ്ധമേഖലകളിലൊക്കെ അതിഥിത്തൊഴിലാളികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. 16,000-20,000 രൂപയോളം മാസം ശരാശരി വരുമാനവുമുണ്ട്.
തീവ്രവാദഗ്രൂപ്പുകള്‍ നുഴഞ്ഞുകയറിയോ?
കിഴക്കമ്പലത്ത് പോലീസ് ജീപ്പ് കത്തിച്ച കുടിയേറ്റത്തൊഴിലാളികളുടെ അഴിഞ്ഞാട്ടത്തിന്റെ മറവില്‍ കിറ്റെക്‌സ് കമ്പനിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചവരുടെയും ശ്രമിക്കുന്നവരുടെയും രാഷ്ട്രീയ അജണ്ടകളും യാഥാര്‍ത്ഥ്യവും അന്വേഷിച്ചറിയേണ്ടതുതന്നെ. വോട്ടുബാങ്ക്‌രാഷ്ട്രീയമറവില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം അവഹേളിതരാകാന്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ ശ്രമിക്കാതെ അതിഥിത്തൊഴിലാളികളുടെയിടയിലേക്കു നുഴഞ്ഞുകയറി അവരെ അക്രമത്തിലേക്കു നയിക്കുന്ന സംഘടിത തീവ്രവാദഗ്രൂപ്പുകളിലേക്ക് അന്വേഷണമാരംഭിക്കുവാന്‍ ഭരണസംവിധാനങ്ങള്‍ക്കാവുമോ?
കൊവിഡ് ആരംഭകാലത്ത് ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട് കേന്ദ്രമായി ഒറ്റരാത്രിയിലെ ഏതാനും മണിക്കൂറുകള്‍കൊണ്ട് പതിനായിരത്തോളം അന്യസംസ്ഥാനത്തൊഴിലാളികള്‍ കൊവിഡ് മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ച് കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും നിഷ്‌ക്രിയരും നോക്കുകുത്തികളുമാക്കി തെരുവില്‍ സംഘടിച്ചിറങ്ങിയതിന്റെ പിന്നിലാരെന്നു പരസ്യമായി വെളിപ്പെടുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മടിക്കുന്നതെന്ത്?
കുടിയേറ്റത്തൊഴിലാളികള്‍ അതിഥിത്തൊഴിലാളികളായി അറിയപ്പെടുന്നത് കേരളത്തില്‍ മാത്രമാണ്. ഇത് കേരളത്തിന്റെ സാംസ്‌കാരികമുന്നേറ്റമാണെന്നു നമുക്ക് അഭിമാനിക്കാമായിരിക്കാം. സംസ്ഥാനത്തേക്കു കടന്നുവരുന്നവരെ മാന്യതയോടെ സ്വീകരിക്കുക മലയാളിയുടെ കുടുംബമഹിമയും അന്തസ്സുമാണെന്നു പറഞ്ഞാലും തര്‍ക്കിക്കേണ്ടതില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും കുടിയേറുന്ന കേരളസമൂഹം ഇന്നും കുടിയേറ്റക്കാരായി മാത്രമാണ് അവിടങ്ങളില്‍ കണക്കാക്കപ്പെടുന്നതെന്നും ഓര്‍മിക്കുക.
ക്രിമിനലുകള്‍ കസറുമ്പോള്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 3650 ലേറെ ക്രിമിനല്‍ കേസുകളാണ് അതിഥിത്തൊഴിലാളികളുടേതായി കേരളത്തിലുള്ളത്. 2021 ല്‍ മാത്രം 1059 പേര്‍ പ്രതികള്‍. മയക്കുമരുന്നുപയോഗത്തിന്റെ പേരില്‍ പ്രതികളായവര്‍ വേറേ. കേരളത്തിലെ വിവിധ ജയിലുകളില്‍ കൊലക്കയര്‍ കാത്തുകഴിയുന്ന പതിനാറു പേരില്‍ മൂന്നുപേര്‍ അതിഥികളുടെ കൂട്ടത്തില്‍പ്പെടുന്നു. കണ്ണൂര്‍ ജയിലിലുള്ള പരിമള്‍ ബഹു, വിയ്യൂരുള്ള ആസാംകാരന്‍ അമീല്‍ ഇസ്ലാം, പൂജപ്പുരയുള്ള യു.പിക്കാരന്‍ നരേന്ദ്രകുമാര്‍ എന്നിവരാണവര്‍. 2021 ല്‍ അതിഥിത്തൊഴിലാളികളുടേതായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പതിനേഴെണ്ണം കൊലപാതകമാണ്. പത്തെണ്ണം കൊലപാതകശ്രമവും 116 എണ്ണം സ്വത്തുകേസും 29 ബലാല്‍സംഗക്കേസും 31 കേസുകള്‍ പോക്‌സോ പ്രകാരമുള്ള കുട്ടികളെ പീഡിപ്പിച്ചതുമാണ്.
മധ്യകേരളത്തിലെ മാറുന്ന സമവാക്യങ്ങള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥിത്തൊഴിലാളികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് മധ്യകേരളത്തിലാണ്. 2017-18 ലെ കണക്കുകള്‍ പ്രകാരമുള്ള 31 ലക്ഷം കുടിയേറ്റത്തൊഴിലാളികളില്‍ 21 ലക്ഷം താത്കാലികമായി എത്തിച്ചേര്‍ന്നവരെന്നാണു പറയപ്പെടുന്നത്. പത്തു ലക്ഷം പേര്‍ ദീര്‍ഘകാലലക്ഷ്യത്തോടെ, ഭാവിയില്‍ സ്ഥിരതാമസമാക്കുകയെന്ന ഉദ്ദേശ്യത്തോടെ നിലവിലുണ്ട്. ഈ പത്തുലക്ഷത്തില്‍ ഏതാണ്ട് പത്തു ശതമാനത്തോളം പേര്‍ കുടുംബമായി ഇതിനോടകം കേരളത്തില്‍ താമസിച്ചുവരുന്നു. ശരാശരി രണ്ടു കുട്ടികളും ഇവര്‍ക്കുണ്ട്.
സംസ്ഥാനത്തെ ജില്ലാതല കണക്കുകള്‍ പരിശോധിച്ചാല്‍ അതിഥിത്തൊഴിലാളികളില്‍ 28 ശതമാനവും എറണാകുളം ജില്ലയിലാണ്. 13.6 ശതമാനം തൃശൂര്‍, 9.7 ശതമാനം ആലപ്പുഴ, 9 ശതമാനം കോട്ടയം എന്നിങ്ങനെ പോകുന്നു ലഭ്യമായ കണക്കുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ അതിഥിത്തൊഴിലാളികളില്‍ 68 ശതമാനവും മധ്യകേരളത്തില്‍. ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത് മധ്യകേരളത്തിലെ രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ വരുംനാളുകളില്‍ വരാനിടയുള്ള മാറ്റങ്ങളിലേക്കാണ്. ഇന്ത്യന്‍പൗരന്മാരെന്ന നിലയില്‍ ഭരണഘടനാപരമായ വോട്ടവകാശം കേരളത്തില്‍ സ്ഥിരതാമസക്കാരായി കാലാന്തരത്തില്‍ മാറാന്‍ സാധ്യതകളുള്ള അതിഥിത്തൊഴിലാളികള്‍ക്കു നിഷേധിക്കാനാവില്ല.
സംഘടിതരൂപം കൈവരിക്കുന്ന അതിഥികളുടെ രാഷ്ട്രീയസ്വാധീനവും മധ്യകേരളത്തില്‍ വരുംനാളുകളില്‍ ശക്തമാകും. നിലവിലുള്ള രാഷ്ട്രീയമുന്നണികളെ വെല്ലുവിളിക്കുന്ന ബാഹ്യശക്തികള്‍ രൂപപ്പെട്ടെന്നും വരാം. സംഘടിതശക്തികളായി മറ്റൊരു സംസ്ഥാനത്തും കുടിയേറ്റത്തൊഴിലാളികള്‍ മാറിയിട്ടില്ല. രാഷ്ട്രീയപ്പാര്‍ട്ടികളും ചില തീവ്രവാദഗ്രൂപ്പുകളും നടത്തുന്ന അണിയറ അജണ്ടകള്‍ മധ്യകേരളത്തില്‍ വിവിധ തലങ്ങളില്‍ ഇവരിലൂടെ മാറ്റങ്ങള്‍ സൃഷ്ടിക്കാം. മതവും ജാതിയും തിരിച്ചുള്ള സര്‍വേ കണക്കുകള്‍ ഔദ്യോഗികമായി ലഭ്യമല്ലെങ്കിലും മുസ്ലീം - ഹൈന്ദവവിഭാഗങ്ങളാണ് അതിഥിത്തൊഴിലാളികളിലേറെയുമെന്നാണു വ്യക്തമാകുന്നത്. ക്രൈ സ്തവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഇതെല്ലാം മധ്യകേരളത്തിലെ മതരാഷ്ട്രീയസമവാക്യങ്ങളെ ഭാവിയില്‍ സ്വാധീനിക്കാം.
കുടിയേറ്റക്കാര്‍ക്കുള്ള പരിപാലനങ്ങള്‍
കുടിയേറ്റത്തൊഴിലാളികളുടെ കേരളത്തിലെ ജീവിതസാഹചര്യങ്ങള്‍ ഏറെ ദയനീയമാണെന്നതു വാസ്തവംതന്നെ. കേരളസമൂഹത്തിന്റെ സാക്ഷര സാംസ്‌കാരിക ജീവിതനിലവാരം ഒരു പരിധിവരെ ഇവര്‍ക്കില്ലെങ്കിലും മനുഷ്യര്‍ക്കുതകുന്ന ജീവിതചുറ്റുപാടുകള്‍ നല്‍കേണ്ടത് നമ്മുടെ കടമയാണ്. ഒത്തുകൂടി താമസിക്കുന്നവരാണ് 96 ശതമാനവും. ഇതില്‍ 36 ശതമാനവും താല്‍ക്കാലിക ഷെഡില്‍. അനുബന്ധസാഹചര്യങ്ങളാകട്ടെ ഏറെ വൃത്തിഹീനവും രോഗസാധ്യതകളേറെയുള്ളതും.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ 13 ശതമാനം പേര്‍ മാത്രം പങ്കുചേരുന്നു. 55.6 ശതമാനം കുടിയേറ്റത്തൊഴിലാളികളും വിവിധ രോഗങ്ങള്‍ക്ക് അടിമകളുമാണ്. കാന്‍സര്‍, എയ്ഡ്‌സ്, ഹൃദ്രോഗം, രക്തസമ്മര്‍ദം, ഡയബറ്റിസ് തുടങ്ങിയവയ്ക്കുപുറമേ അപകടങ്ങളില്‍പ്പെട്ട് കൈകാലുകളില്‍ ക്ഷതമേറ്റവരും മാനസികസമ്മര്‍ദമനുഭവിക്കുന്നവരുമുണ്ട്. 13.5 ശതമാനത്തിന് സാധാരണ രോഗങ്ങള്‍ മാത്രം. ഇക്കൂട്ടരുടെ ആരോഗ്യപ്രശ്‌നങ്ങളും ജീവിതനിലവാരത്തിലെ പിന്നാക്കാവസ്ഥയും സര്‍ക്കാരിന്റെ ഇടപെടലുകള്‍ ആവശ്യമുള്ള മേഖലകളാണ്. ജോലികളിലുള്ള അവ്യക്തതയോടൊപ്പം വിവിധങ്ങളായ കാരണങ്ങളാല്‍ തൊഴില്‍സാധ്യതകള്‍ മങ്ങുന്നതും ഉയര്‍ന്ന ജീവിതച്ചെലവും അതിഥിത്തൊഴിലാളികളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നു.
അതിഥികള്‍ക്കും സംവരണം
വിദ്യാഭ്യാസ, സര്‍ക്കാര്‍ ജോലികളില്‍ അതിഥിത്തൊഴിലാളികള്‍ക്കും സംവരണമേര്‍പ്പെടുത്താനുള്ള നീക്കം സജീവമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്വന്തം മണ്ണിലെ ജനസമൂഹത്തിന്റെ ജീവിതം കുഴിച്ചുമൂടിയാലെന്ത്, സംഘടിത അതിഥികള്‍ക്കു സംരക്ഷണം കൊടുത്ത് കാലക്രമേണ വോട്ടാക്കി അധികാരം നിലനിര്‍ത്താനുള്ള ഇടതുപക്ഷതന്ത്രമാണിത്.മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെ വന്നു താമസിക്കുന്നവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇ.ഡബ്ലിയു.എസ്. സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതോടെ കേരളത്തിലെ മുന്നാക്കസംവരണാനുകൂല്യം ലഭിക്കുന്നവരെയാകും ഇതു ബാധിക്കുക. സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇ.ഡബ്ലിയു.എസ്.) 103-ാം ഭരണഘടനാഭേദഗതിയിലൂടെ 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളില്‍ ഇതു ബാധകമാക്കുന്നത് അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിരുമാനിക്കാനും അധികാരം നല്‍കി. ഇതനുസരിച്ച്, ജസ്റ്റീസ് കെ. ശശിധരന്‍നായര്‍ കമ്മീഷനെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. വാര്‍ഷിക കുടുംബവരുമാനം നാലുലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് സാമ്പത്തികസംവരണം നല്‍കാമെന്ന കമ്മീഷന്റെ ശിപാര്‍ശ 2020 ഒക്‌ടോബറില്‍ സര്‍ക്കാര്‍ നടപ്പാക്കി. ദേശീയതലത്തില്‍ സംവരണേതരവിഭാഗങ്ങള്‍ക്കായി നടപ്പാക്കിയ സംവരണം മറ്റൊരു സംസ്ഥാനത്തുനിന്നു വന്ന് സ്ഥിരതാമസമാക്കി എന്നതുകൊണ്ട് നിഷേധിക്കാനാകില്ലെന്നാണു വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അതിഥിത്തൊഴിലാളികള്‍ക്കും സംവരണമേര്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്കു നീങ്ങുന്നത്.
അതിഥികള്‍ ആതിഥേയരാകുന്നു
കേരളത്തിന്റെ വിവിധങ്ങളായ മണ്ഡലങ്ങളില്‍ അതിഥിത്തൊഴിലാളികള്‍ നിര്‍ണായകപങ്കു വഹിക്കുന്നവരായിട്ടുണ്ടെന്നു മാത്രമല്ല, ഒഴിവാക്കാന്‍ പറ്റാത്ത കണ്ണികളുമാണ്. സൗഹാര്‍ദത്തോടെ സ്വദേശികളെ സ്വീകരിക്കുന്നവരും സമീപിക്കുന്നവരും നല്ല സേവനം നല്‍കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നാടിന്റെ നഗരവത്കരണപ്രക്രിയയിലും അവിദഗ്ധമേഖലകളിലും ഇക്കൂട്ടരുടെ പങ്കാളിത്തം അതിവിശിഷ്ടംതന്നെ. മാന്യതയും പക്വതയും പെരുമാറ്റത്തില്‍ കാത്തുസൂക്ഷിക്കുന്നവരുമുണ്ട്.
അതേസമയം, കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിതമായി തുടരുന്ന അതിഥികളുടെ അക്രമങ്ങളെ ഭരണനേതൃത്വങ്ങള്‍ നിസ്സാരവത്കരിക്കരുത്. കുടിയേറ്റത്തൊഴിലാളികള്‍ സംഘടിതരൂപം കൈവരിച്ചിരിക്കുന്നതുകൂടാതെ തീവ്രവാദഗ്രൂപ്പുകളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവരുടെയിടയില്‍ രൂപപ്പെട്ടിട്ടുണ്ടന്നുള്ളതും മുഖ്യമായ വിഷയമാണ്. കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്ന വോട്ടുബാങ്കായി നാളെ ഇവര്‍ മാറാം. ഇടത്-വലത്-ബിജെപി മുന്നണികള്‍ക്കപ്പുറം മതതീവ്രവാദശക്തികള്‍ക്കുപിന്നില്‍ വിലപേശല്‍കേന്ദ്രങ്ങളായി അണിചേരുന്നത് ഇക്കൂട്ടരായിരിക്കും. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതും രാഷ്ട്രീയ സാമൂഹികമാറ്റങ്ങള്‍ക്കു വിധേയമാകുന്നതും പ്രധാനമായും മധ്യകേരളവുമായിരിക്കും. ഒന്നുകൂടി വ്യക്തമാക്കിയാല്‍, മധ്യകേരളത്തിലെ പ്രമുഖമായ ക്രൈസ്തവസമുദായത്തിന്റെ നിലനില്പുപോലും ഭാവിയില്‍ ഇവരുടെ മറവില്‍ ചോദ്യം ചെയ്യപ്പെടാം. യൂറോപ്പിലേക്ക് ഒഴുകിയെത്തിയ അഭയാര്‍ത്ഥികളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചവരുടെ അനുഭവം ഓര്‍മിക്കുന്നതും ഏറെ നല്ലത്.