2022 മേയ് 15 ന് വത്തിക്കാനില്‍ പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പ ദേവസഹായംപിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍ ഒരു വിശ്വാസജീവിതംകൂടി പീഠത്തില്‍ കൊളുത്തിവച്ച വിളക്കുപോലെ അള്‍ത്താരയില്‍ തെളിയുകയാണ്.
പലരുടെയും വിശ്വാസം തൊലിപ്പുറത്തുള്ള ഒരു കുമിള കണക്കെയാണ്. പെട്ടെന്നു വീര്‍ത്തുവരികയും അടുത്തനിമിഷം പൊട്ടിപ്പോകുകയും ചെയ്യുന്ന തരത്തിലുള്ള ഒന്ന്. വിശ്വാസജീവിതം ഒരു നീര്‍ക്കുമിളപോലെയാകാന്‍ കാരണങ്ങള്‍ പലതാണ്.
പ്രാര്‍ത്ഥിച്ചതു കിട്ടാത്തതുമുതല്‍ സഭാധികാരികളില്‍നിന്നുള്ള തിക്താനുഭവങ്ങള്‍വരെ. എപ്പോള്‍ വേണമെങ്കിലും വിശ്വാസമെന്ന പുറങ്കുപ്പായം വലിച്ചൂരാനും എടുത്തു ധരിക്കാനും ത്രാണിയുള്ള മറ്റു ചിലരുമുണ്ട്. അസാമാന്യമായ വഴക്കം സിദ്ധിച്ചവരാണവര്‍.
വേറേ ചിലരുണ്ട്. പാറമേല്‍ പണിത വീടുപോലെയുള്ളതാണ് അവരുടെ വിശ്വാസം. തിരുവചനത്തിന്റെ ശേലിനോടു ചേര്‍ന്നുപറയുകയാണെങ്കില്‍ പ്രതികൂലങ്ങളുടെ മഴയ്ക്കും പ്രതിസന്ധികളുടെ കൊടുങ്കാറ്റുകള്‍ക്കും മുമ്പില്‍ ഉറച്ചുനില്ക്കാന്‍ കഴിവുള്ളവര്‍. പറഞ്ഞുവരുന്നത് മറ്റാരെയുംകുറിച്ചല്ല. മേയ് 15 ന് വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്ന ഇന്ത്യയുടെ ആദ്യത്തെ രക്തസാക്ഷിയും അല്മായവിശുദ്ധനുമായ ദേവസഹായംപിള്ളയെക്കുറിച്ചാണ്. നാല്പതുവയസ്സുപോലും പൂര്‍ത്തിയായിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനാണ്, ഇനിയും എത്രയോ വര്‍ഷം ജീവിച്ചിരിക്കാന്‍ കഴിയുമായിരുന്നിട്ടും അതെല്ലാം വേണ്ടെന്നുവച്ച്...
കഴിഞ്ഞ ദിവസങ്ങളില്‍ ആ വിശുദ്ധന്റെ ജീവചരിത്രത്തിലൂടെ ഒരിക്കല്‍ക്കൂടി കടന്നുപോയിരുന്നു.
ഹോ, എന്തൊരു പ്രകാശമാനമായ ജീവിതം!
ക്രിസ്തുവിനെപ്രതി ഭൗതികമായിട്ടുള്ളതെല്ലാം ഉച്ഛിഷ്ടംപോലെ കരുതിയ ഒരാള്‍. എത്രയെത്ര നേട്ടങ്ങള്‍ സ്വന്തമാക്കാമായിരുന്ന വ്യക്തിയാണ് അതെല്ലാം വേണ്ടെന്നുവച്ച് തന്റെ ക്രിസ്തുവിശ്വാസത്തില്‍ മലപോലെ നിലയുറപ്പിച്ചത്!
തിരുവിതാംകൂര്‍രാജാവിന്റെ സൈന്യാധിപനും കൊട്ടാരമേലന്വേഷകനുമായിരുന്ന നീലകണ്ഠപ്പിള്ളയ്ക്ക് ഓച്ഛാനിച്ചുനിന്നാല്‍ സ്വര്‍ണത്തളികയില്‍ വീരാളിപ്പട്ടും പൊന്നും കിരീടവുമെല്ലാം കിട്ടുമായിരുന്നു. പക്ഷേ, ജന്മംകൊണ്ടുതന്നെ ക്രിസ്ത്യാനിയായിത്തീര്‍ന്നവരെക്കാള്‍ വിശ്വാസതീക്ഷ്ണതയും ദൈവസ്നേഹവും കൂടുതലായി പ്രകടമാക്കുന്നവരാണു ജീവിതത്തിലെ ഒരു പ്രത്യേക നിമിഷത്തില്‍ ക്രിസ്തുവിനെ കര്‍ത്താവും നാഥനുമായി സ്വീകരിച്ചവര്‍. പൗലോസായി രൂപാന്തരപ്പെട്ട സാവൂളും
ദേവസഹായംപിള്ളയായി മാറിയ നീലകണ്ഠപ്പിള്ളയുംപോലെയുള്ള നിരവധി ഉദാഹരണങ്ങളുണ്ട് സഭയുടെ വിശുദ്ധചരിതത്തിലും അല്മായമുന്നേറ്റത്തിലും.
നമ്മില്‍ ഭൂരിപക്ഷത്തെയുംപോലെ വിയര്‍പ്പൊഴുക്കാതെയും ശ്രമിക്കാതെയും കിട്ടിയതായിരുന്നില്ല അവര്‍ക്കു ക്രിസ്തുവിശ്വാസവും ക്രിസ്തുവും.
ജീവിതത്തിലെ ഏതോ നിര്‍ണായകനിമിഷത്തില്‍ ക്രിസ്തു അവരെ സ്വന്തമാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുവിനെ അവര്‍ ജീവശ്വാസമായി ഏറ്റെടുക്കുകയും ചെയ്തു.
തലസ്ഥാനനഗരത്തിനടുത്തുള്ള നട്ടാലം ഗ്രാമത്തില്‍ മരുതംകുളങ്ങര വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയു മകനായി 1712 ഏപ്രില്‍ 23 ന് ജനിച്ച നീലകണ്ഠപ്പിള്ള തിരുവിതാംകൂര്‍ രാജാവിന്റെ സൈന്യത്തില്‍ ചേര്‍ന്നത് 21 ാം വയസിലായിരുന്നു. അതുവരെയും ജനിച്ചുവളര്‍ന്ന മതത്തിന്റെയും ജീവിതപരിസരങ്ങളുടെയും എല്ലാ തീവ്രതയും സ്വന്തമാക്കി ജീവിച്ചിരുന്ന നീലകണ്ഠപ്പിള്ളയുടെ ജീവിതം ക്രിസ്തുകേന്ദ്രീകൃതമായി മാറിയത് അവിസ്മരണീയമായ ഒരു കണ്ടുമുട്ടലിനെത്തുടര്‍ന്നായിരുന്നു.
യുദ്ധത്തടവുകാരനായി പിടികൂടുകയും പിന്നീട് തിരുവിതാംകോട്ടെ സൈന്യത്തിന്റെ ചുമതലക്കാരനായി മാറുകയും ചെയ്ത ഡച്ച്സൈന്യാധിപന്‍ ഡിലനോയിയുമായുള്ള കണ്ടുമുട്ടലായിരുന്നു അത്. സമാനഹൃദയര്‍ പരസ്പരം ആകര്‍ഷിക്കപ്പെടും എന്നുപറയുന്നതുപോലെ ഡിലനോയിയും നീലകണ്ഠനും സുഹൃത്തുക്കളാകാന്‍ തെല്ലും സമയമെടുത്തില്ല. ആ സൗഹൃദം രക്തസാക്ഷിത്വത്തിന്റെ കാല്‍വരിമലയിലേക്കുളള ചൂണ്ടുപലകയായി മാറിയെന്നതു ചരിത്രം.
ഡിലനോയ്‌വഴി ക്രിസ്തുവിനെ അറിഞ്ഞ നീലകണ്ഠപ്പിള്ള രാജാവിനെയും മറ്റ് അധികാരികളെയും തെല്ലും ഭയക്കാതെയും വരുംവരായ്കകളെക്കുറിച്ച് ആശങ്കകളില്ലാതെയും ക്രിസ്തുമതം സ്വീകരിച്ചു. അതോടെ നീലകണ്ഠപ്പിള്ള മരിക്കുകയും ദേവസഹായം പിളള ജനിക്കുകയുമായിരുന്നു. ചന്ദനം ചാരിയവനെ ചന്ദനം മണക്കും എന്നതുപോലെ ക്രിസ്ത്യാനിയായതിനെ തുടര്‍ന്ന് ഭര്‍ത്താവിലുണ്ടായ മാറ്റം ഭാര്യ ജഞാനപ്പൂവിനെയും സ്വാധീനിച്ചു. ജ്ഞാനപ്പൂ ത്രേസ്യാ എന്ന പേരു സ്വീകരിച്ച് ക്രിസ്ത്യാനിയായതായിരുന്നു അതിന്റെ അവസാനം.
ഇവിടെ സ്വാഭാവികമായും ഒരു ആത്മശോധന നടത്തേണ്ടതുണ്ടെന്നു തോന്നുന്നു. എന്റെ ജീവിതംവഴി, എന്റെ പ്രവൃത്തിവഴി, എന്റെ ഇടപെടല്‍ വഴി എത്രപേരില്‍ മാറ്റമുണ്ടായിട്ടുണ്ട്? എത്രപേരെ ഞാന്‍ സ്വാധീനിച്ചിട്ടുണ്ട്? കുടുംബം എന്ന വ്യവസ്ഥിതിക്കു കീഴില്‍ പരസ്പരം സ്വാധീനിക്കാന്‍ കഴിയുന്നവരില്‍ ദമ്പതികളോളം മറ്റാരുമില്ല. എന്നിട്ടും പങ്കാളിയുടെ വിശ്വാസജീവിതത്തില്‍ എത്രപേര്‍ മാറ്റംവരുത്തുന്നുണ്ട്?
നാമമാത്രക്രിസ്ത്യാനികളായ ഓരോരുത്തര്‍ക്കും ആത്മനിന്ദ തോന്നേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.
ക്രിസ്തുമതം ഉപേക്ഷിക്കാന്‍വേണ്ടി കാരാഗൃഹത്തിലടച്ച 1749 ഫെബ്രുവരി 24 മുതല്‍ രക്തസാക്ഷിത്വം വരിച്ച 1752 ജനുവരി 14 വരെയുള്ള നാളുകള്‍ ദേവസഹായംപിളളയുടെ കഠിനയാതനകളുടേതായിരുന്നു. കൊടും പീഡനങ്ങളുടേതായിരുന്നു; ശ്വാസം മുട്ടിച്ചുകൊല്ലാന്‍ ഒരുക്കിയ സാഹചര്യങ്ങള്‍ക്കിടയിലും ദൈവത്തെ സ്തുതിച്ച ദേവസഹായം പുതിയ കാലത്തെ മറ്റൊരു ദാനിയേലായി മാറുകയായിരുന്നു.
ഏതുവിധേനയും ക്രിസ്തുമതം ഉപേക്ഷിക്കാനും പഴയ മതവിശ്വാസങ്ങളിലേക്കു തിരികെവരാനുമായി എത്രയെത്ര സമ്മര്‍ദ്ദങ്ങളാണ് ദേവസഹായത്തിന് അനുഭവിക്കേണ്ടിവന്നത്! പക്ഷേ, നശ്വരമായ അപ്പത്തിനു വേണ്ടിയായിരുന്നില്ല ദേവസഹായം ചെയ്തതൊന്നും. അതുകൊണ്ടാണ് കാറ്റാടിമലയില്‍ വച്ച് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.
പലവിധത്തില്‍ അദ്ദേഹത്തെ കൊലചെയ്യാന്‍ ഭടന്മാര്‍ ശ്രമിച്ചുവെങ്കിലും എല്ലാംപരാജയപ്പെട്ടുവെന്നാണ് ചരിത്രം. മൂന്നു ഭടന്മാര്‍ ഒരേസമയം നിരന്നുനിന്ന് അദ്ദേഹത്തെ വെടിവച്ചുവെങ്കിലും ഒരു വെടിയുണ്ടപോലും പിള്ളയെ സ്പര്‍ശിച്ചില്ലത്രേ.. ഒടുവില്‍ അങ്ങയെ വധിക്കാതെ രാജസന്നിധിയില്‍ ചെന്നാല്‍ രാജാവ് ഞങ്ങളെ വധിക്കുമെന്ന ഭടന്മാരുടെ ധര്‍മ്മസങ്കടത്തിനു മുമ്പിലാണ് ഒരിക്കല്‍കൂടി വെടിവയ്ക്കാന്‍ വിശുദ്ധന്‍ കല്പിച്ചതും ആ വെടിയുണ്ടയില്‍ അദ്ദേഹത്തിന്റെ ജീവന്‍ കോര്‍ത്തെടുക്കപ്പെട്ടതും. 1752 ജനുവരി 14 ആയിരുന്നു അന്നേദിനം.
ക്രിസ്തുവിനെ അത്രയധികം സനേഹിച്ചിരുന്നതുകൊണ്ടാവാം, ക്രിസ്തുവിന്റെ മരണസമയത്തു സംഭവിച്ചതുപോലെയുള്ള പല പ്രകൃത്യാത്ഭുതങ്ങളും വിശുദ്ധന്റെ മരണസമയത്തും നടന്നത. ഒരു വെള്ളിയാഴ്ചയായിരുന്നു മരണം സംഭവിച്ചത് എന്നതിനു പുറമേ ക്രിസ്തുവിന്റെ മരണസമയത്തുണ്ടായതുപോലെ പ്രകൃതിയില്‍ നിരവധിയായ ഭാവദേദങ്ങളും ആ നിമിഷം സംഭവിക്കുകയുണ്ടായി.
വെടിയേറ്റുവീണ പിള്ളയുടെ ശരീരം വന്യമൃഗങ്ങള്‍ക്കുള്ള ആഹാരമായി മാറിയെന്നതാണ് ഏറെ ഖേദകരം. കേവലം ഒരു മനുഷ്യനായിരുന്നു ഇത്തരത്തിലുള്ള അന്ത്യം സംഭവിച്ചിരുന്നതെങ്കില്‍ അതോടെ അയാള്‍ അവസാനിക്കുമായിരുന്നു. പക്ഷേ, ദേവസഹായം അവിടെനിന്ന് ആരംഭിക്കുകയായിരുന്നു.
1756 മുതല്‍ ആരംഭിച്ച ദേവസഹായംപിള്ളയുടെ നാമകരണനടപടികളുടെ സമാപനമാണ് 2022 മേയ് 15 ന് പൂര്‍ത്തിയാകുന്നത്. കോട്ടാറിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലില്‍ വച്ച് കര്‍ദിനാള്‍ അമാത്തോ ദേവസഹായംപിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍ ഒരു വിശ്വാസജീവിതംകൂടി അള്‍ത്താരയില്‍ പീഠത്തില്‍ കൊളുത്തിവച്ച വിളക്കുപോല്‍ തെളിയുകയാണ്.
ക്രിസ്തുവിനു കൊടുത്തതൊന്നും വെറുതേയാകില്ല. അവനുവേണ്ടി സഹിച്ചതൊന്നും പാഴാവുകയുമില്ല. ദേവസഹായത്തിന്റെ ജീവിതം അടിവരയിടുന്നത് ഇക്കാര്യംകൂടിയാണ്. തിരുവിതാംകോട് സൈന്യത്തിലെ ഉന്നതപദവികള്‍വരെ വഹിക്കാമായിരുന്നുവെങ്കിലും നൂറ്റാണ്ടുകള്‍ക്കിപ്പുറം ആരും പ്രത്യേകമായി ഓര്‍മിക്കപ്പെടാതെ കടന്നുപോകുമായിരുന്നു നീലകണ്ഠനും. പക്ഷേ, രാജാവിന്റെ ഔദാര്യങ്ങള്‍ വേണ്ടെന്നു വയ്ക്കുകയും ക്രിസ്തുവിന്റെ രാജ്യത്തിനുവേണ്ടി രക്തം ചിന്തുകയും ചെയ്തതിന്റെ പേരില്‍ ദേവസഹായം ഇന്ന് ചിരഞ്ജീവിയായിരിക്കുന്നു.