ഈസ്റ്റര്‍ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍നിന്നു നല്കിയ ഊര്‍ബി എത്ത് ഓര്‍ബി (നഗരത്തിനും ലോകത്തിനും) സന്ദേശത്തില്‍നിന്ന്
ക്രൂശിക്കപ്പെട്ട ഈശോ ഉയിര്‍ത്തെഴുന്നേറ്റു!
ക്രൂശില്‍ മരിച്ചു കല്ലറയില്‍ അടക്കപ്പെട്ട ഈശോതന്നെയാണ് യഥാര്‍ത്ഥ ഈശോ. ഭയവും വേദനയും വിലാപവും നിറഞ്ഞവരുടെ അടുത്തുവന്ന് ഉത്ഥിതന്‍ പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം. ശിഷ്യന്മാരുടെ അവിശ്വസനീയമായ കണ്ണുകള്‍ക്കുമുന്നില്‍ അവന്‍ ആവര്‍ത്തിക്കുന്നു: ''നിങ്ങള്‍ക്കു സമാധാനം!''
'ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു! അവന്‍ സത്യമായും ഉയിര്‍ത്തെഴുന്നേറ്റു!' അതൊരു മിഥ്യയല്ല, നമ്മുടെ ഭാവനയുടെ ഫലവുമല്ല. ഇന്ന്, എന്നത്തേക്കാളും, നമുക്ക് അവനെ ആവശ്യമുണ്ട്. നമുക്കു സ്നേഹത്തിന്റെ വിജയത്തില്‍ വിശ്വസിക്കാനും അനുരഞ്ജനത്തിനായി പ്രത്യാശിക്കാനും ക്രൂശിക്കപ്പെട്ടതും ഉയിര്‍ത്തെഴുന്നേറ്റതുമായ കര്‍ത്താവിനെ ആവശ്യമുണ്ട്. ഇന്ന്, എന്നത്തെക്കാളും, അവന്‍ നമ്മുടെ ഇടയില്‍ നില്‍ക്കുകയും നമ്മോട് ആവര്‍ത്തിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്: 'നിങ്ങള്‍ക്കു സമാധാനം!'
ഇന്ന് നമ്മോടു സമാധാനത്തെക്കുറിച്ചു സംസാരിക്കാനുള്ള അവകാശം അവനുണ്ട്. ഈശോയ്ക്കു മാത്രമേ അതിനു കഴിയൂ. കാരണം, അവന്‍ നമ്മുടെ മുറിവുകള്‍ വഹിക്കുന്നു, അവ നമ്മോടുള്ള അവന്റെ സ്‌നേഹത്തിന്റെ മായാത്ത മുദ്രയാണ്, ശാശ്വതമായ ഒരു മദ്ധ്യസ്ഥപ്രവൃത്തിയാണ്, അങ്ങനെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ കാണുമ്പോള്‍ നമ്മോടും ലോകം മുഴുവനോടും കരുണ കാണിക്കും. ഉയിര്‍ത്തെഴുന്നേറ്റ ഈശോയുടെ ശരീരത്തിലെ മുറിവുകള്‍ അവന്‍ നമുക്കായി പൊരുതി ജയിച്ച, സ്‌നേഹത്തിന്റെ ആയുധങ്ങള്‍കൊണ്ടു നേടിയ യുദ്ധത്തിന്റെ അടയാളമാണ്, അങ്ങനെ നമുക്കു സമാധാനമുണ്ടാകാനും സമാധാനത്തില്‍ നിലനില്‍ക്കാനും സാധിക്കുന്നു. ആ മഹത്തായ മുറിവുകളെ നാം ധ്യാനിക്കുമ്പോള്‍, നമ്മുടെ അവിശ്വസനീയമായ കണ്ണുകള്‍ വിടര്‍ന്ന്, കഠിനമായ ഹൃദയങ്ങള്‍ തുറന്ന് ഈസ്റ്റര്‍ സന്ദേശത്തെ നാം സ്വാഗതം ചെയ്യുന്നു: ''നിങ്ങള്‍ക്കു സമാധാനം!''
സഹോദരീസഹോദരന്മാരേ, ക്രിസ്തുവിന്റെ സമാധാനം നമ്മുടെ ജീവിതത്തിലും വീടുകളിലും രാജ്യങ്ങളിലും പ്രവേശിക്കാന്‍ നമുക്ക് അനുവദിക്കാം!
യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്നു സമാധാനമുണ്ടാകട്ടെ, യുക്രെയ്ന്‍ വലിച്ചിഴയ്ക്കപ്പെട്ട ക്രൂരവും വിവേകശൂന്യവുമായ യുദ്ധത്തിന്റെ അക്രമവും നാശവുംകൊണ്ട് കഠിനമായി പരീക്ഷിക്കപ്പെട്ടു. കഷ്ടപ്പാടുകളുടെയും മരണത്തിന്റെയും ഭയാനകമായ ഈ രാത്രിയില്‍, പ്രത്യാശയുടെ ഒരു പുതിയ പ്രഭാതം ഉടന്‍ പ്രത്യക്ഷപ്പെടട്ടെ! സമാധാനത്തിന് ഒരു തീരുമാനമുണ്ടാകട്ടെ. ആളുകള്‍ കഷ്ടപ്പെടുമ്പോള്‍ ശക്തിപ്രകടനത്തിന് അറുതി വരട്ടെ. ദയവായി, ദയവായി, നാം യുദ്ധം ചെയ്യരുത്! നമ്മുടെ മുകപ്പുകളിലും തെരുവീഥികളിലും നിന്നു സമാധാനത്തിനായി മുറവിളികൂട്ടാന്‍ നമുക്കെല്ലാവര്‍ക്കും പ്രതിജ്ഞാബദ്ധരാകാം! സമാധാനത്തിനായുള്ള ജനങ്ങളുടെ അഭ്യര്‍ത്ഥന രാഷ്ട്രനേതാക്കള്‍ കേള്‍ക്കട്ടെ. ഏതാണ്ട് എഴുപതുവര്‍ഷംമുമ്പ് ശാസ്ത്രജ്ഞര്‍ ഉന്നയിച്ച ആ വിഷമകരമായ ചോദ്യം അവര്‍ ശ്രദ്ധിക്കട്ടെ: 'നമ്മള്‍ മനുഷ്യരാശിയെ ഇല്ലാതാക്കുമോ, അതോ മനുഷ്യവര്‍ഗം യുദ്ധം ഉപേക്ഷിക്കുമോ?' (റസ്സല്‍ - ഐന്‍സ്റ്റീന്‍ മാനിഫെസ്റ്റോ, 9 ജൂലൈ 1955). അനേകം യുക്രെയ്‌നിയന്‍ ഇരകള്‍, ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍, ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍, വിഭജിച്ച കുടുംബങ്ങള്‍, പ്രായമായവര്‍, തകര്‍ന്നു നിലംപൊത്തിയ നഗരങ്ങള്‍ എന്നിവയെല്ലാം ഞാന്‍ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. യുദ്ധത്തില്‍നിന്നു പലായനം ചെയ്യുന്ന അനാഥരായ കുട്ടികളുടെ മുഖങ്ങള്‍ ഞാന്‍ കാണുന്നു. നാം അവരെ നോക്കുമ്പോള്‍, നമ്മുടെ ലോകമെമ്പാടും കഷ്ടപ്പെടുന്ന മറ്റെല്ലാ കുട്ടികളുടെയും വേദനയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ നമുക്കു കഴിയില്ല:
പ്രിയ സഹോദരീസഹോദരന്മാരേ, എല്ലാ യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മുഴുവന്‍ മനുഷ്യകുടുംബത്തെയും ബാധിക്കുന്നു. യുദ്ധത്തിന്റെ തുടര്‍ച്ചയായ അടയാളങ്ങളും ജീവിതത്തിന്റെ വേദനാ ജനകമായ നിരവധി തിരിച്ചടികളും അഭിമുഖീകരിക്കുമ്പോള്‍, പാപത്തിന്റെയും ഭയത്തിന്റെയും മരണത്തിന്റെയും വിജയിയായ യേശുക്രിസ്തു, തിന്മയ്ക്കും അക്രമത്തിനും കീഴടങ്ങരുതെന്ന് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. സഹോദരീസഹോദരന്മാരേ, ക്രിസ്തുവിന്റെ സമാധാനത്താല്‍ നാം വിജയിക്കട്ടെ! സമാധാനം സാധ്യമാണ്; സമാധാനം ഒരു കടമയാണ്; സമാധാനം എല്ലാവരുടെയും പ്രാഥമികോത്തരവാദിത്വമാണ്!