''മുത്തശ്ശാ, എന്തുകൊണ്ടാണ് ബാര്‍ബറെ നാപിതന്‍ എന്നു പറയുന്നത്? മുത്തശ്ശന്‍ വല്യ മാഷായിരുന്നില്ലേ?'' ഉണ്ണി പതിവുപോലെ മുത്തശ്ശന്റെ തോളില്‍ കൈയിട്ടുകൊണ്ട് ഓരോന്നു ചോദിക്കാന്‍ തുടങ്ങി. മുത്തശ്ശന്‍ പറഞ്ഞു: ''പണ്ടൊക്കെ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകരെയും രോഗികളെ ചികിത്സിക്കാന്‍ ഡോക്ടറെയും വീടുകളിലേക്കു വിളിച്ചു കൊണ്ടുവരുമായിരുന്നു. അങ്ങനെ വീടുകളിലേക്കു ക്ഷണിച്ചുവിളിക്കുന്നവരെ പ്രാപിപ്പിക്കപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തില്‍, സംസ്‌കൃതത്തില്‍ ''ആപിതര്‍'' എന്നു പറയപ്പെടുന്നു (ആപ്തന്‍ = പ്രാപിച്ചവന്‍; ആപിതന്‍ = പ്രാപിപ്പിക്കപ്പെട്ടവന്‍). എന്നാല്‍, ബാര്‍ബര്‍ അഥവാ ക്ഷുരകന്‍മാരെ ആരും വിളിച്ചുവരുത്തിയിരുന്നില്ല, അവര്‍ക്കറിയാമായിരുന്നു, ഓരോരുത്തരുടെയും മുടി മുറിക്കലും താടിവടിക്കലുമൊക്കെ എന്നൊക്കെ വേണമെന്ന്. അതിനാല്‍, അവര്‍ ആരും കൂട്ടിക്കൊണ്ടു വരാതെതന്നെ വന്ന് അവരുടെ ജോലി ചെയ്തിരുന്നു. അതിനാല്‍, 'ആപിതര്‍ അല്ലാത്തവര്‍' എന്ന അര്‍ത്ഥത്തില്‍ അവരെ നാപിതര്‍ (ന + ആപിതര്‍) എന്നു വിശേഷിപ്പിച്ചിരുന്നു. അന്നു തൊഴില്‍ ചെയ്തിരുന്നവരിലധികവും ആപിതരോ നാപിതരോ ആയിരുന്നു.''
''അപ്പോള്‍ ഇന്നത്തെ അധ്യാപകരെ നാപിതര്‍ എന്നു പറയാമോ മുത്തശ്ശാ?'' ഉണ്ണിക്കു സംശയമായി. ''അതെന്താ ഉണ്ണീ അങ്ങനെ ഒരു സംശയം, അധ്യാപകരെ വീട്ടില്‍ വിളിച്ചുകൊണ്ടുവരുമായിരുന്നു എന്നല്ലേ ഞാന്‍ പറഞ്ഞത്?''
''ഇപ്പോള്‍ ഫലത്തില്‍ മറിച്ചാണ് മുത്തശ്ശാ; ഞങ്ങളുടെ സ്‌കൂളില്‍ ഇങ്ങനെയാണ് - കുട്ടികള്‍ സ്‌കൂളില്‍ വരുകയോ വരാതിരിക്കുകയോ ചെയ്യും; വന്നാല്‍ത്തന്നെ ഒരു ക്ലാസിലെ കുട്ടികള്‍ രണ്ടു ക്ലാസിലായി ഇരിക്കും; ടീച്ചര്‍ ഒരു പീരിയഡ് പഠിപ്പിച്ച അതേ ക്ലാസ് അടുത്ത അവറില്‍ ബാക്കി കുട്ടികളെ പഠിപ്പിക്കും; പിന്നത്തെ രണ്ടവര്‍ ബി ഡിവിഷനിലെ കുട്ടികളെ പഠിപ്പിക്കും. വീണ്ടും അന്നുതന്നെ സി ഡിവിഷന്‍കാര്‍ക്കും അതേ പോര്‍ഷന്‍ രണ്ടു മണിക്കൂര്‍ പഠിപ്പിക്കും. ഇങ്ങനെ ആറു മണിക്കൂര്‍ പഠിപ്പിച്ചതിനുശേഷം ക്ലാസ്സില്‍ വരാത്ത കുട്ടികള്‍ക്കായി ഒരു മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ്സ് നടത്തുന്നു. പിന്നെ എല്ലാവര്‍ക്കുമായി നോട്ടുകള്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കി അതും മൊബൈല്‍വഴി വീടുകളില്‍ത്തന്നെ എത്തിച്ചുകൊടുക്കും. അപ്പോള്‍ ഇങ്ങനെ കുട്ടികള്‍ വന്നാലും വന്നില്ലെങ്കിലും അവരെ തേടിനടന്നു പഠിപ്പിക്കുന്നത് നാപിതന്റെ പണിതന്നെയല്ലേ?''
''അപ്പോള്‍ ഉണ്ണീ, ഒരധ്യാപകന്‍ ദിവസവും ഏഴു മണിക്കൂര്‍ പഠിപ്പിക്കുന്നതിനു പുറമേ കമ്പ്യൂട്ടറില്‍ നോട്ടുകള്‍ തയ്യാറാക്കി നല്‍കുകയും ചെയ്യുന്നുണ്ടോ? അതും ആഴ്ചയില്‍ ആറു ദിവസം? ഞാന്‍ പഠിപ്പിക്കുന്ന കാലത്ത് ഒരധ്യാപകന്‍ ആഴ്ചയില്‍ ഇരുപത്തെട്ടു പീരിയഡ് പഠിപ്പിച്ചാല്‍ മതിയായിരുന്നല്ലോ. എന്താ ഇപ്പോള്‍ ഹയര്‍ സെക്കന്ററിയില്‍ പണ്ടത്തെ ഒന്നാംക്ലാസ്സുപോലെ ഒരു ക്ലാസ്സില്‍ ഒരു ടീച്ചറാണോ?''
''അതല്ല മുത്തശ്ശാ, കുട്ടികളിലെന്നപോലെ ടീച്ചര്‍മാരിലും പലര്‍ക്കും കൊവിഡാണ്; സ്‌കൂ ളിലാണെങ്കില്‍ ക്ലാസുകളൊന്നും വെറുതേ ഇരുത്താന്‍ പാടില്ലത്രേ; അതിനാല്‍ വരുന്ന അധ്യാപകര്‍ ആറു മണിക്കൂറും പഠിപ്പിക്കും. ഓണ്‍ലൈന്‍ ക്ലാസ്സും നോട്ടുകള്‍ തയ്യാറാക്കലും വീട്ടില്‍ ചെന്നാണ്. അതിനിടയ്ക്ക് വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും ഫോണ്‍കോളുകളും തുടരെത്തുടരെ ഉണ്ടാകുമത്രേ, അസുഖവിവരങ്ങള്‍ പറയാനും അന്വേഷിക്കാനുമൊക്കെയായി. സ്റ്റാഫ് മീറ്റിങ്, പിടിഎ മുതലായവയൊക്കെ രാത്രിയിലാണ്.''
മുത്തശ്ശന്‍ വീണ്ടും ചോദിച്ചു: ''എന്തിനാണ് അധ്യാപകര്‍ കുറവുള്ളപ്പോള്‍ ക്ലാസ്സുകള്‍ ഇങ്ങനെ രണ്ടാക്കിയിരുത്തുന്നത്? കുട്ടികളെ ഒന്നിച്ചിരുത്തിയാല്‍ അധ്യാപകര്‍ക്ക് കുറെയൊക്കെ ആശ്വാസമാകില്ലേ?''
''മുത്തശ്ശന്‍ എന്തബദ്ധമാണീ പറഞ്ഞത്? അതു രോഗവ്യാപനത്തിന് കാരണമാകില്ലേ? മുത്തശ്ശാ, സ്‌കൂളില്‍ ഒരു ബൈക്കില്‍ മൂന്നു കുട്ടികള്‍വരെ വരുന്നുണ്ട്; ഏല്ലാവരും തോളില്‍ കയ്യിട്ടാണ് നടക്കുന്നതും ടോയ്‌ലറ്റില്‍ പോകുന്നതുമെല്ലാം; ഊണു കഴിക്കുമ്പോള്‍ ഒരേ പാത്രത്തില്‍നിന്ന് കയ്യിട്ടുവാരല്‍ പതിവാണ്; ബസിലും ട്രെയിനിലും എല്ലാ സീറ്റിലും യാത്രക്കാര്‍. അവിടെയൊന്നും രോഗം പരക്കില്ലേ? ഈ നിയമം കുറെ കടുപ്പംതന്നെ.''
''എന്നിട്ടെന്താ അധ്യാപകരൊന്നും ഇതിനെതിരേ പ്രതികരിക്കാത്തത്?''
''മുത്തശ്ശാ, അധ്യാപര്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ പാടില്ലത്രേ; പഠിപ്പിക്കാനുള്ള വിഷയങ്ങളിലെ ഫോക്കസ് ഏരിയയെക്കുറിച്ചുപോലും പ്രതികരിക്കുന്നവര്‍ക്കെതിരേ അച്ചടക്കനടപടിയുണ്ടത്രേ!''
''ഏയ്, അങ്ങനെയൊന്നും നമ്മുടെ സര്‍ക്കാര്‍ പറയില്ല. ഞാനുമൊരു സംഘടനാപ്രവര്‍ത്തകനായിരുന്നു. അന്നൊക്കെ സംഘടനാറിപ്പോര്‍ട്ടവതരിപ്പിക്കുമ്പോള്‍ അന്താരാഷ്ട്രവൃത്താന്തങ്ങള്‍ കുറഞ്ഞുപോയാല്‍വരെ ഞങ്ങള്‍ വിമര്‍ശിക്കുമായിരുന്നു. നെല്‍സന്‍ മണ്ഡേലയും വിന്നിയും ഡൈവോഴ്‌സ് ചെയ്ത വൃത്താന്തം സംഘടനാറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് കൈയടി നേടിയിട്ടുള്ളവനാ നിന്റെ ഈ മുത്തശ്ശന്‍.''
''അതിനു മുത്തശ്ശാ, അന്നത്തെ നേതാക്കളുടെ മരുമക്കളാണിന്ന്...''
''നീ എഴുന്നേറ്റു പോകുന്നുണ്ടോ... ഈയിടെയായി തര്‍ക്കുത്തരം കുറെ കൂടുന്നുണ്ട്; അവന്റെ ഒരു നാപിതനും ക്ഷുരകനും!'' ഉണ്ണി പറഞ്ഞു തീരുംമുമ്പേ മുത്തശ്ശനു കലി വന്നു. പാര്‍ട്ടിയെ കുറ്റം പറയാന്‍ പാടില്ല. മുത്തശ്ശന്‍ ചാരുകസേരയില്‍ കിടന്നു നെടുവീര്‍പ്പിട്ടു.