•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ചാരിതാര്‍ത്ഥ്യത്തോടെ വള്ളോംപുരയിടത്തിലച്ചന്‍ കൃതജ്ഞതയോടെ ജിനിലും മാതാപിതാക്കളും

ല്‍ഫോന്‍സാമ്മയെ വിശുദ്ധയെന്നു പ്രഖ്യാപിക്കുന്നതിനു ശാസ്ത്രീയമായി തെളിയിക്കപ്പെട്ട അദ്ഭുതം സംഭവിച്ചത് കുറുപ്പന്തറ ഒഴുതൊട്ടിയില്‍ ഷാജി - ലിസി ദമ്പതികളുടെ മകനായ ജിനില്‍ മെറിന്‍ ഷാജിയിലാണ്. ജിനിലിന്റെ രണ്ടു പാദങ്ങളും ജന്മനാ അകത്തേക്കു വളഞ്ഞ നിലയിലായിരുന്നു. അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയാല്‍ കാലുകളുടെ ഈ വൈകല്യം മാറിയെന്നതാണ് ജിനിലില്‍ സംഭവിച്ച അദ്ഭുതം. ഈ അദ്ഭുതത്തിനു കാരണക്കാരനായതു താനാണല്ലോ എന്ന സംതൃപ്തിയാണ് ഇപ്പോള്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം റെക്ടറായി സേവനമനുഷ്ഠിക്കുന്ന ഫാ. ജോസ് വള്ളോംപുരയിടത്തിനുള്ളത്.

ഫാത്തിമാപുരം പള്ളിയില്‍ വികാരിയായിരിക്കുമ്പോഴാണ് ആ ഇടവകക്കാരിയായിരുന്ന പനച്ചിക്കല്‍ ലിസിയില്‍നിന്നു മകന്‍ ജിനിലിന്റെ ദുഃഖകഥ ഫാ. വള്ളോംപുരയിടം അറിയുന്നത്.
ജിനില്‍ പിറന്നു പിറ്റേന്നുതന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി പ്ലാസ്റ്ററിട്ടു. വേദനയെത്തുടര്‍ന്ന് പ്ലാസ്റ്റര്‍ മാറ്റി. അപ്പോഴേക്കും കാലില്‍ വ്രണം പടര്‍ന്നിരുന്നു. ശസ്ത്രക്രിയ മാത്രമാണ് ഇനി പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. പക്ഷേ, ഇതു സംബന്ധിച്ച് പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയുമായിരുന്നില്ല.
ഈ സാഹചര്യത്തില്‍ ജിനിലിനെയുംകൊണ്ട് ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലെത്തി പ്രാര്‍ത്ഥിക്കാന്‍ വള്ളോംപുരയിടത്തിലച്ചന്‍ മാതാപിതാക്കളെ ഉപദേശിക്കുകയായിരുന്നു.
1999 ലെ ഒരു ആദ്യവെള്ളിയാഴ്ച ജിനിലിനെയും കൂട്ടി അവര്‍ അല്‍ഫോന്‍സാമ്മയുടെ അടുക്കലെത്തി. കബറില്‍ കുഞ്ഞിനെ കിടത്തിയപ്പോള്‍ അവന്‍ കൈകാലുകളിട്ട് അടിക്കുകയും പിടയ്ക്കുകയും ചെയ്തത് അമ്മ ലിസി ഇപ്പോഴും ഓര്‍ക്കുന്നു. അല്‍ഫോന്‍സാമ്മയോടു പ്രാര്‍ത്ഥിച്ച് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ച് അവര്‍ മടങ്ങി.
ഷാജിയും ലിസിയും ജിനിലുമായി അന്ന് ഫാത്തിമാപുരത്തുള്ള ലിസിയുടെ വീട്ടിലേക്കാണ് പോയത്. അന്ന് സന്ധ്യാപ്രാര്‍ത്ഥനയുടെ സമയത്ത് ജിനില്‍ 'പപ്പാ' എന്നു വിളിച്ച് നാലഞ്ചടി നടന്നു. പിറ്റേന്നു രാവിലെതന്നെ ഷാജിയും ലിസിയും ഫാത്തിമാപുരം പള്ളിയിലെത്തി അല്‍ഫോന്‍സാമ്മവഴി ജിനിലില്‍ സംഭവിച്ച അദ്ഭുതം വള്ളോംപുരയിടത്തിലച്ചനെ അറിയിക്കുകയായിരുന്നു. 
ജിനില്‍ വളര്‍ന്നു. കര്‍ത്താവ് തന്നെ പൗരോഹിത്യത്തിലേക്കു വിളിക്കുന്നതായി അവന് അനുഭവപ്പെട്ടു. പാലാ രൂപതയ്ക്കുവേണ്ടി ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയില്‍ പഠനമാരംഭിച്ചു. 
ഇപ്പോള്‍ തലശ്ശേരിയിലുള്ള കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ ഒന്നാംവര്‍ഷ തത്ത്വശാസ്ത്രവിദ്യാര്‍ത്ഥിയാണ് ജിനില്‍. വി. അല്‍ഫോന്‍സാമ്മവഴി തനിക്കു ലഭിച്ച അദ്ഭുതസൗഖ്യത്തിന് അളവില്ലാത്ത കടപ്പാടുകളുമായി, ദൈവാനുഗ്രഹത്തിന്റെ നിറസാക്ഷ്യമായി കൂടുതല്‍ വിനയാന്വിതനാകുന്നു ജിനില്‍. 
സഹോദരന്‍ ജൂബിന്‍ മെറിന്‍ ഷാജി ബി.ടെകിനുശേഷം യു.കെ.യില്‍ മാസ്റ്റേഴ്‌സ് ബിരുദം ചെയ്യുകയാണിപ്പോള്‍.
ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം റെക്ടറായ വള്ളോംപുരയിടത്തില്‍ ബഹുമാനപ്പെട്ട ജോസച്ചന്‍ നടന്നതെല്ലാം ഒരു ദൈവനിയോഗമായി കാണുന്നു.


 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)