•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

മലയാളപാഠപുസ്തകങ്ങളില്‍ അക്ഷരമാല തിരികെയെത്തുന്നു

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 3 March , 2022

മലയാളത്തിന്റെ മഹത്ത്വം വാനോളം ഉയര്‍ത്തുന്ന കര്‍മപരിപാടികള്‍കൊണ്ടു സമ്പന്നമായിരുന്നു ഇത്തവണത്തെ ലോകമാതൃഭാഷാദിനാചരണം. ''എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്,  ഞാന്‍ കാണുന്ന നക്ഷത്രമാണ്... എന്റെ ഭാഷ ഞാന്‍ തന്നെയാണ്.'' എം.ടി. വാസുദേവന്‍നായര്‍ എഴുതിയ ഈ ഭാഷാപ്രതിജ്ഞ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നമ്മുടെ കുട്ടികള്‍ ഏറ്റുചൊല്ലി. നമ്മുടെ മൂല്യങ്ങളും ആചാരാനുഷ്ഠാനങ്ങളും പെരുമാറ്റച്ചട്ടങ്ങളും ആദര്‍ശങ്ങളും പഴഞ്ചൊല്ലുകളും ശൈലികളും തുടങ്ങി കേരളീയരുടെ മഹിമയാര്‍ന്ന ചരിത്രബോധത്തിന്റെയും സാംസ്‌കാരികപ്പെരുമയുടെയും പരിസരങ്ങളില്‍നിന്ന് ഊറ്റംകൊണ്ടു പരുവപ്പെടുത്തിയ ഒരു സ്വത്വബോധമാണ് നമ്മുടെ മാതൃഭാഷയെന്ന് മലയാളി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്.
അടുത്ത അധ്യയനവര്‍ഷംമുതല്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അക്ഷരമാല തിരികെയെത്തുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചതിനു കേരളക്കരയില്‍ വന്‍സ്വീകാര്യതയാണു ലഭിച്ചത്. നേരത്തേ നിയമസഭയിലും ചോദ്യോത്തരവേളയില്‍ മന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു. പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന ഘട്ടത്തില്‍ അക്ഷരമാല അനുയോജ്യമായ ക്ലാസില്‍ ചേര്‍ക്കുന്നത് കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്തു തീരുമാനിക്കും. ലിപി പരിഷ്‌കരണത്തിനു വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും, മാറുന്ന ലിപിയനുസരിച്ചുള്ള അക്ഷരമാലയായിരിക്കുമോ പുസ്തകങ്ങളില്‍ ഉണ്ടാവുകയെന്നത് കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്യും. പാഠപുസ്തകപരിഷ്‌കരണത്തെത്തുടര്‍ന്ന് ഒഴിവാക്കപ്പെട്ട അക്ഷരമാലയെ തിരികെപ്പിടിക്കാന്‍ ഭാഷാസ്‌നേഹികളും സാംസ്‌കാരികപ്രവര്‍ത്തകരും കാലങ്ങളായി നടത്തിയ കൂട്ടായ യത്‌നത്തിനാണ് ഫലം കണ്ടുതുടങ്ങിയിരിക്കുന്നത്.
മലയാള അക്ഷരമാലയെ പാഠപുസ്തകങ്ങളില്‍ പുനഃപ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെ 'മായരുത് മലയാളം' എന്ന പേരില്‍ മാതൃഭൂമി ദിനപത്രം കഴിഞ്ഞ കുറേ നാളുകളായി നടത്തിവന്ന കാമ്പയിന്‍ മലയാളക്കരയിലാകെ ശ്രദ്ധിക്കപ്പെട്ടു. പ്രൊഫ. എം.എന്‍. കാരശ്ശേരി, ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍, ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍ തുടങ്ങിയവരുടെ ലേഖനങ്ങളോടെയാണ് മാതൃഭൂമി ഈ സദുദ്യമത്തിനു തുടക്കമിട്ടത്. പക്ഷേ, 2009 ലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി അക്ഷരമാലയെ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള മലയാള പാഠപുസ്തകങ്ങളില്‍നിന്നു കുടിയൊഴിപ്പിച്ചതിനെതിരേ ലേഖനങ്ങളെഴുതിയും, സര്‍ക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും മുമ്പില്‍ നിവേദനങ്ങളും കത്തുകളും പരാതികളും ഉന്നയിച്ചും അക്ഷരസമരത്തിന്റെ അമരക്കാരനായി രംഗത്തുണ്ടായിരുന്നത് പാലാക്കാരനായ ഭാഷാസ്‌നേഹി ഡോ. തോമസ് മൂലയില്‍ എന്ന വൈദികനാണ്. ''മാതൃഭാഷാപോഷകസന്നദ്ധസമിതി'' എന്ന പേരില്‍ ഒരു സമിതി രൂപവത്കരിച്ച ഫാദര്‍ മൂലയില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുംവേണ്ടി ഒട്ടേറെ ബോധവത്കരണയജ്ഞങ്ങള്‍ നടത്തി. അക്ഷരമാല, അക്ഷരക്കൂട്ട് തുടങ്ങിയ ചിത്രീകരണങ്ങളും, അക്ഷരക്കുടുക്ക എന്ന ലഘുഗ്രന്ഥവും, ഉച്ചാരണസഹായി എന്ന പേരിലിറക്കിയ ദൃശ്യശ്രാവ്യാവിഷ്‌കാരവും, പ്രൈമറിതല സമഗ്രസാക്ഷരതായജ്ഞം എന്ന പതിനഞ്ചിന കര്‍മപരിപാടികളടങ്ങിയ പ്രൊജക്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇവയെല്ലാം വിദ്യാഭ്യാസമന്ത്രിയുടെ സമക്ഷം അദ്ദേഹം സമര്‍പ്പിച്ചിരിക്കുകയുമാണ്.
പ്രാഥമികക്ലാസുകളില്‍ മലയാളബോധനം ആശയാധിഷ്ഠിതമാകയാല്‍ അക്ഷരമാലയ്ക്കു പ്രസക്തിയില്ലെന്നത്രേ അക്ഷരമാലയെ പാഠപുസ്തകങ്ങളില്‍നിന്നു പടിയിറക്കിയ ഭാഷാവിദഗ്ധര്‍ അന്ന് അഭിപ്രായപ്പെട്ടത്. സൂക്ഷ്മത്തില്‍നിന്നു സ്ഥൂലത്തിലേക്ക് എന്ന പുരാതനരീതി(അക്ഷരംണ്ണവാക്ക്ണ്ണവാക്യംണ്ണആശയം) ഉപേക്ഷിച്ച്, സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്ക് എന്ന ആധുനികരീതിയോടായിരുന്നു അവര്‍ക്കു പ്രിയം. എന്നാല്‍, അക്ഷരപഠനവും പരിശീലനവും ഒഴിവാക്കുകയല്ല, വാക്കുകളിലെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പംതന്നെ അവയിലെ അക്ഷരങ്ങളും പ്രൈമറി ക്ലാസുകളില്‍ നിര്‍ബന്ധമായും പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു പാഠ്യപദ്ധതിയായിരിക്കും കൂടുതല്‍ സ്വീകാര്യമെന്നു തോന്നിയതുകൊണ്ടാണ് അക്ഷരമാലയെ പാഠപുസ്തകങ്ങളില്‍ പുനഃപ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ താത്പര്യമെടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നിരിക്കുന്നതും ശ്ലാഘനീയമാണ്. പത്താംക്ലാസ്‌വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായാല്‍ നിരീക്ഷണകാലാവധി പൂര്‍ത്തിയാകുംമുമ്പ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി അവസാനഘട്ടത്തിലാണ്. സിവില്‍ സര്‍വീസിനെ മാതൃഭാഷാകേന്ദ്രിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു.
രാജ്യത്തെ മൂന്നു ശതമാനം പേര്‍മാത്രം സംസാരിക്കുന്ന ഭാഷയാണു മലയാളമെങ്കിലും അഞ്ചു ശ്രേഷ്ഠഭാഷകളിലൊന്നാണ് നമ്മുടെ മാതൃഭാഷയെന്ന അവബോധത്തോടെ മലയാളഭാഷയുടെ വികസനത്തിനും പരിപോഷണത്തിനുമായി സര്‍ക്കാര്‍തലത്തില്‍ ഒരു 'മലയാളഭാഷാവകുപ്പ്' രൂപവത്കരിക്കണം. 2015 ല്‍ കേരള നിയമസഭ പാസാക്കിയ സമഗ്രമായ ഔദ്യോഗിക ഭാഷാബില്‍ രാഷ്ട്രപതിയുടെ ഒപ്പിനായി അയച്ചെങ്കിലും ഏതോ ഫയലിലെ ചുവപ്പുനാടയ്ക്കുള്ളില്‍ അതു മോചനമില്ലാതെ ദീര്‍ഘനിദ്രയിലാണ്. ഐക്യകേരളം രൂപംകൊണ്ട് 65 വര്‍ഷം കഴിഞ്ഞിട്ടും ശ്രേഷ്ഠഭാഷയായ മലയാളത്തെ ഔദ്യോഗികഭാഷയായി അംഗീകരിക്കാന്‍പോലും ഭരണകൂടങ്ങള്‍ക്കാവാത്തത് ആശങ്കയായി തുടരുമ്പോഴും, മലയാളം അക്ഷരമാല പുനഃപ്രതിഷ്ഠിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നു പ്രതീക്ഷിക്കാം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)