•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ജനപ്രതിനിധികളില്‍ ക്രിമിനലുകള്‍ വര്‍ദ്ധിക്കുന്നുവോ?

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 17 February , 2022

രാജ്യത്തെ ജനപ്രതിനിധികള്‍ ക്രിമിനല്‍കേസുകളില്‍ പ്രതിയാക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നത് അപമാനകരമെന്നു മാത്രമല്ല പ്രതിഷേധാര്‍ഹവുമാണ്. കീഴ്‌ക്കോടതികളില്‍ ജനപ്രതിനിധികള്‍ക്കെതിരേയുള്ള  കേസുകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വന്‍വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. ഡിസംബര്‍ 2021 വരെയുള്ള കണക്കനുസരിച്ച്, വിവിധ കോടതികളിലായി എം.എല്‍.എ. മാര്‍ക്കും എം.പി.മാര്‍ക്കുമെതിരേ 4,984 ക്രിമിനല്‍കേസുകള്‍ കെട്ടിക്കിടക്കുന്നതായാണ് ഇക്കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. 2018 ല്‍ 4110, 2020 ല്‍ 4859 എന്നിങ്ങനെയായിരുന്നു കേസുകളുടെ എണ്ണം.
കേരളത്തിലും, 2018 നും 2020 നുമിടയില്‍ ജനപ്രതിനിധികള്‍ക്കെതിരേയുള്ള കേസുകളില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2018 ല്‍ 312 കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍, 2021 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം 401 ക്രിമിനല്‍കേസുകളാണ് സംസ്ഥാനത്തെ വിവിധ കോടതികളിലുള്ളത്. ജനപ്രതിനിധികള്‍ക്കെതിരായ കേസുകളില്‍ അതിവേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്ന സംസ്ഥാനമാണു കേരളമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ജനപ്രതിനിധികള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ഉത്തര്‍പ്രദേശിലാണ്. യു.പി.യിലെ വിവിധ കോടതികളിലായി 1339 ക്രിമിനല്‍ കേസുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. ഉത്തര്‍പ്രദേശിനു പിന്നാലെ ബീഹാറിലാണ് ജനപ്രതിനിധികള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. അതേസമയം ബിഹാറില്‍ കേസുകളില്‍ അതിവേഗം തീര്‍പ്പുണ്ടാകുന്നുണ്ട്.
ജനപ്രതിനിധികള്‍ക്കെതിരേയുള്ള  കേസുകളിലെ വന്‍വര്‍ദ്ധന പരിഗണിച്ച് അവയ്ക്കു തീര്‍പ്പുണ്ടാക്കിയതിനുശേഷം മാത്രമേ മറ്റു കേസുകള്‍ പരിഹരിക്കാവൂ എന്ന് അമിക്കസ് ക്യൂറി നിര്‍ദേശിക്കുന്നതായാണു റിപ്പോര്‍ട്ട്. പ്രതിദിനവിചാരണ നടത്തുകയും വാദിഭാഗവും പ്രതിഭാഗവും വിചാരണയുമായി സഹകരിക്കുകയും ചെയ്യണമെന്നാണ് അമിക്കസ് ക്യൂറി നിര്‍ദേശിക്കുന്നത്. അഞ്ചു വര്‍ഷത്തിലേറെയായി തീര്‍പ്പാകാത്ത കേസുകളുടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണക്കോടതി അതതു ഹൈക്കോടതികള്‍ക്കു റിപ്പോര്‍ട്ടു നല്കണമെന്നും നിര്‍ദേശമുണ്ട്.
എന്തൊക്കെയായാലും, ജനപ്രതിനിധികള്‍ക്കെതിരേ ക്രിമിനല്‍കേസുകളില്‍ വര്‍ദ്ധനയുണ്ടാകുന്നത്  ഒട്ടും ആശാസ്യമല്ല. രാജ്യത്തെ ഭരണയന്ത്രം തിരിക്കുന്നവരും അവരെ നിയന്ത്രിക്കുന്നവരും ക്രിമിനല്‍സ്വഭാവമുള്ളവരും അത്തരത്തിലുള്ള പശ്ചാത്തലസ്വാധീനമുള്ളവരുമാണെന്നു പറയുമ്പോള്‍ രാജ്യത്തെ ക്രമസമാധാനനിലയുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചു കൂടുതലൊന്നും പറയേണ്ടതില്ലല്ലോ. അടുത്ത കാലത്തുണ്ടായ പുരാവസ്തു തട്ടിപ്പുകേസിലും സ്വര്‍ണക്കടത്തുകേസിലും മറ്റും ജനപ്രതിനിധികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പങ്കാളിത്തത്തെപ്പറ്റിയുള്ള നാണംകെട്ട റിപ്പോര്‍ട്ടുകള്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്കു പുതിയ അറിവൊന്നുമല്ല. മാത്രമല്ല, ഇവിടെ നടക്കുന്ന അഴിമതിക്കേസുകളുടെയും ഗുണ്ടാക്രമണങ്ങളുടെയും തീവ്രവാദക്കേസുകളുടെയും മറ്റും പിന്നാമ്പുറങ്ങളില്‍ രാഷ്ട്രീയലോബികളുടെ രഹസ്യ അജണ്ടയുണ്ടെന്നുള്ളതു പകല്‍പോലെ വ്യക്തമാണ്. പണവും അധികാരവും ഭരണം കൈയാളുന്നിടത്ത് ഏതു കേസും തീര്‍പ്പാക്കാതെ വലിച്ചുനീട്ടിക്കൊണ്ടുപോകാനും തെളിവുകള്‍ നശിപ്പിക്കാനും കൃത്രിമത്തെളിവുകള്‍ ചമയ്ക്കാനും അധികം വിയര്‍പ്പൊഴുക്കേണ്ടതില്ല. മാത്രമല്ല, വാദിഭാഗത്തും പ്രതിഭാഗത്തും ന്യായീകരണത്തൊഴിലാളികളുടെ അന്യായവിചാരണകള്‍ അരങ്ങുതകര്‍ക്കുന്നിടത്ത് സത്യവും നീതിയുമൊക്കെ തമസ്‌കരിക്കപ്പെട്ടുപോകും.
ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതു ജനങ്ങള്‍തന്നെയായിരിക്കേ, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ അധികാരക്കസേരകളിലെത്തിക്കുന്നതില്‍ ജനം മറുപടി പറയണം. പൗരന്റെ വോട്ടധികാരം സ്വാതന്ത്ര്യത്തോടും ഇച്ഛാശക്തിയോടുംകൂടി നിര്‍വഹിക്കുന്നില്ല എന്നതിന്റെ ഉത്തമോദാഹരണമാണല്ലോ, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കു തുടര്‍ച്ചയായി വാഴ്‌വു കൊടുക്കുന്നത്. ഈ ചിന്താഗതിക്കാണു മാറ്റമുണ്ടാവേണ്ടത്. നാടു നന്നാകണമെങ്കില്‍ പ്രഥമതഃ ജനം നന്നാകണം. അഴിമതിയും അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നാട്ടില്‍നിന്നു തുടര്‍ച്ചുമാറ്റണമെന്ന് അവര്‍ ആഗ്രഹിക്കുകയും ധാര്‍മികതയ്ക്കു വില കല്പിക്കുന്ന പ്രബുദ്ധരും സത്യസന്ധരുമായ ജനപ്രതിനിധികളെ വോട്ടു ചെയ്തു വിജയിപ്പിക്കുകയും ചെയ്യണം. ഇതിനു തയ്യാറാകാതെ, ഏതെങ്കിലും പാര്‍ട്ടിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ അടിമയായിപ്പോയാല്‍, പൗരന്റെ അസ്തിത്വവും വ്യക്തിത്വവും അവകാശവും അധികാരവും തകരുമെന്നതില്‍ സംശയമില്ല. അപ്പോള്‍, പൊളിച്ചെഴുത്തു വേണ്ടത് പൗരബോധത്തിലും അവന്റെ ധാര്‍മികനിലപാടുകളിലുമാണ്.
തിരഞ്ഞെടുക്കപ്പെട്ടവരെയും തിരഞ്ഞെടുത്തവരെയും മാത്രം പഴിക്കുന്നതിനുമപ്പുറത്ത് ഉദ്യോഗസ്ഥലോബികളുടെ സ്വാധീനവും പല കേസുകളിലും നിര്‍ണായകമാണ്. ഇവരുടെ തിരക്കഥകളും പൊറാട്ടുനാടകങ്ങളും കേസുകള്‍ക്കു പുതിയ വഴിത്തിരിവുണ്ടാക്കുന്നതും അതിനു മാധ്യമങ്ങള്‍ കുട പിടിക്കുന്നതും കേസുകള്‍ അനാവശ്യവിവാദങ്ങളിലേക്കു വലിച്ചിഴക്കപ്പെടുന്നതിനു കാരണമാകുന്നു. ഏതായാലും, ജനപ്രതിനിധികള്‍ക്കെതിരേയുള്ള ക്രിമിനല്‍കേസുകള്‍ പെരുകുന്നതില്‍ ഭരണാധികാരികള്‍ക്കും ഭരണീയര്‍ക്കും അവര്‍ക്കിടയിലുള്ള ഉദ്യോഗസ്ഥമാഫിയയ്ക്കും ഒരുപോലെ പങ്കുണ്ടെന്നതു വ്യക്തം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)