ഇന്നലെ പെയ്ത മഴയില്‍ അടുക്കളയില്‍ വെള്ളം കയറി ക്കിടക്കുകയാണ്. നനഞ്ഞ ചുള്ളിക്കമ്പുകള്‍ അടുപ്പില്‍ വച്ച് അല്പം മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി. അത് പുകയുകയാണ്. കലത്തില്‍ വെള്ളമൊഴിച്ച് അടുപ്പില്‍ കയറ്റി. സഞ്ചി തുറന്നു നോക്കി. നാഴി അരിയേയുള്ളൂ. മുഴുവനും ഇന്നെടുത്താല്‍ നാളേക്കില്ല. പകുതിയെടുത്തു കഴുകി കലത്തിലിട്ടു.
''അമ്മച്ചീ.. കുഞ്ഞാറ്റയ്ക്ക് വിശക്കുന്നു. എളുപ്പം താ...''
അവള്‍ കുറെ നേരമായി ബഹളം തുടങ്ങിയിട്ട്. ഒരു കുഞ്ഞുകിണ്ണം മുന്നില്‍ വച്ചു കൈയും കഴുകി കാലും നീട്ടി ഇരിക്കുകയാണ്.
''നീ ഇങ്ങനെ ധൃതി വച്ചാലെങ്ങനാ. ഇത് കത്താത്തതു കണ്ടില്ലേ?''
''എന്റെ അച്ചാച്ചി ഒണ്ടാരുന്നെങ്കി.. കുഞ്ഞാറ്റ എപ്പഴേ കഴിച്ചേനെ...''
മായ ഒന്നും മിണ്ടിയില്ല. അവള്‍ കണ്ണുകള്‍ തുടച്ചു.
''അമ്മച്ചീ... കൊടല് കത്തണ്. എപ്പഴാ ഇത് ശര്യാവുക...''
അവള്‍ സ്പൂണെടുത്തു കിണ്ണത്തില്‍ കൊട്ടിക്കൊണ്ടിരിക്കുകയാണ്.
''മായേ... എന്താ കുഞ്ഞു കിടന്നു വഴക്കിടുന്നത്?''
അവള്‍ വാതില്‍ക്കലേക്കു തിരിഞ്ഞു നോക്കി. മണിസാറാണ്.
''ഈ കഞ്ഞിയൊന്നു തിളച്ചു കിട്ടണ്ടേ സാറേ. അടുപ്പാണേല്‍ കത്തുന്നില്ല. തീ ഊതിയൂതി ഞാന്‍ മടുത്തു.''
''മോള് വാ.. അങ്കിളെന്തെങ്കിലും വാങ്ങിച്ചു തരാം.''
''വേണ്ടങ്കിളേ...''
അവള്‍ കുനിഞ്ഞിരുന്നു. അദ്ദേഹം നിര്‍ബന്ധിച്ചിട്ടും അവള്‍ അനങ്ങിയില്ല. ഒടുവില്‍ പഴ്‌സ് തുറന്ന് ഒരു നൂറു രൂപ എടുത്തു നീട്ടി.
''ഇന്നാ മായേ.. മോള്‍ക്കെന്തെങ്കിലും വാങ്ങിക്കൊടുക്ക്.''
''വേണ്ട സാറേ. സുനിയേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ പോലും അവള്‍ക്കാരും ഒന്നും വാങ്ങിച്ചു കൊടുക്കുന്നത് ഇഷ്ടമല്ലായിരുന്നു.''
''എങ്കില്‍പ്പിന്നെ അവന്‍ എന്തിനീ കടുംകൈ ചെയ്തു? ഈ കുഞ്ഞിന്റെ കാര്യമെങ്കിലും അവന്‍ ഓര്‍ത്തോ?''
''ഇനി പറഞ്ഞിട്ടെന്താ കാര്യം. സുനിതയെ ഇങ്ങനെ നിര്‍ത്തരുത്. അവളെ എത്രയും പെട്ടെന്ന് ആരുടെയെങ്കിലും കൈയില്‍ പിടിച്ചേല്‍പ്പിക്കണമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അതിന് പാവം എവിടുന്നെല്ലാം കടം വാങ്ങിച്ചു? കടക്കാരു നിര്‍ത്താതായാല്‍ പിന്നെ എന്തു ചെയ്യാനാണ്. നമുക്കെങ്ങനെയെങ്കിലും ഒന്നിച്ചുനിന്ന് അതു തീര്‍ക്കാമെന്ന് ഞാന്‍ ആകുന്ന പറഞ്ഞതാണ്. സുനിത അതിനുശേഷം ഒന്നു തിരിഞ്ഞുനോക്കിയിട്ടില്ല. ആരെങ്കിലും എനിക്കൊരു പണി തന്നിരുന്നെങ്കില്‍... സാറേ.. ഇന്നീ കുഞ്ഞിന്റെ പിറന്നാളാണ്. അവള്‍ക്കൊരു കുഞ്ഞുടുപ്പുപോലും...''
കരഞ്ഞുകലങ്ങിയ കണ്ണുകള്‍ പൊത്തിക്കൊണ്ട് മായ അകത്തേക്കു കയറിപ്പോയി.
''മായേ.. ആ വണ്ടി ഇങ്ങു കൊണ്ടുപോര്. ഒരു ഡ്രൈവറെ വച്ച് ഓടിച്ചാല്‍ നിങ്ങള്‍ക്ക് അന്നന്നുള്ള ചെലവ് കഴിയാമല്ലോ.''
''വേണ്ട സാറേ.. അതു വിറ്റാലും സാറിന്റെ കടം തീരില്ലെന്നറിയാം. അതവിടെ കിടക്കട്ടെ.''
മണിസാര്‍ മുറ്റത്തേക്കിറങ്ങി. ആ കശുമാവ് വെട്ടിക്കളഞ്ഞിരിക്കുന്നു. അവള്‍ക്ക് അതു കാണാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ടാവാം. ഓടും കഴുക്കോലും പട്ടികയുമൊക്കെ പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്.
മണിസാര്‍ സ്വയം ഒന്നു മൂളിയിട്ട് എന്തോ തീരുമാനം എടുത്തതുപോലെ നടന്നു.
നേരം കുറെയായി. ഒരുവിധം വെന്തു കിട്ടിയ കഞ്ഞി മായ കിണ്ണത്തിലേക്കു പകര്‍ന്നു. ഉള്ളിയും കാന്താരിയും ചതച്ച് അതിലേക്കിട്ടു. കുഞ്ഞാറ്റ ആക്രാന്തത്തോടെ അത് വലിച്ചു കുടിച്ചു. ചൂടും എരിവുംകൊണ്ട് അവളുടെ കണ്ണില്‍നിന്നു വെള്ളമൊഴുകി. അവള്‍ നിര്‍ത്താതെ ഊതിക്കൊണ്ട് പുറത്തു ചാടി. ചരുവത്തിലിരുന്ന വെള്ളംകൊണ്ട് വായും മുഖവും കഴുകിക്കൊണ്ടിരുന്നപ്പോള്‍ റോഡില്‍ ഒരു ഹോണടി കേട്ടു. അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
''അമ്മച്ചീ.. ദേ നമ്മുടെ കുഞ്ഞാറ്റ!''
മായ പുറത്തേക്ക് ഇറങ്ങിവന്നു.
മണിസാറും ജഗദമ്മറ്റീച്ചറും കൂടി ഓട്ടോയില്‍നിന്നിറങ്ങുന്നു. സാറിന്റെ കൈയില്‍ മൂന്നാലു കിറ്റുകളുണ്ട്. റ്റീച്ചറുടെ കൈയില്‍ ഒരു പട്ടിക്കുട്ടിയുടെ പാവ. അവര്‍ കുഞ്ഞാറ്റയെ മാടി വിളിച്ചു. അവള്‍ ഓടിച്ചെന്നു. റ്റീച്ചര്‍ അവളെ വാരിയെടുത്ത് ഉമ്മ വച്ചു.
''ഹായ്.. എന്റെ പപ്പിക്കുട്ടി...''
''മോള്‍ക്കിഷ്ടായോ?''
''ഉം...''
''എന്നാ വാ നമുക്ക് വീട്ടിലേക്കു പൂവാം..''
അവള്‍ അവരെയും കൂട്ടി വീട്ടിലെത്തി.
വന്നപാടെ മണിസാര്‍ പറഞ്ഞു:
''കേട്ടോ മായേ.. ഇന്നുമുതല്‍ ആ വണ്ടി ഇവിടെ കിടക്കും. ഇവടച്ഛന്റെ ഓര്‍മയ്ക്കായിട്ട്. അതാണ് ഡ്രൈവര്‍. അയാള്‍ കൃത്യമായി കളക്ഷന്‍ നിങ്ങളെ ഏല്പിക്കും.''
''അയ്യോ സാറേ.. സാറിനു തരാനുള്ള പണം?''
ജഗദമ്മറ്റീച്ചര്‍ മുന്നോട്ടുവന്നു.
''അതൊക്കെ ആരു ചോദിച്ചു മായേ.. ഈ കുഞ്ഞിനെ നോക്കിയാല്‍ പോരേ. നീ അവളെ നന്നായി വളര്‍ത്ത്.''
റ്റീച്ചര്‍ പൊതി വാങ്ങി അവളെ ഏല്പിച്ചു.
കുഞ്ഞാറ്റയ്ക്കുള്ള ഉടുപ്പ്... കേക്ക്... മിഠായികള്‍... തനിക്കുള്ള സാരി...
ഡ്രൈവര്‍ കുറെ പാത്രങ്ങളുമായി അകത്തുകയറി.
''ഇനി ഞങ്ങള്‍ പോകുകയാണ്. ഞങ്ങളെ കൊണ്ടുവിട്ടിട്ട് ഇവന്‍ വണ്ടി തിരിച്ചു കൊണ്ടുവരും. നാളെ മുതല്‍ ഇവിടെനിന്ന് ഓട്ടം തുടങ്ങും.''
മായ എന്തു പറയണമെന്നറിയാതെ നിന്നു. ജീവിതം വീണ്ടും തളിരണിയുകയാണെന്ന് അവള്‍ക്കു തോന്നി.