•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഫാ. ബ്രൂണോ കണിയാരകത്തിന്റെയും സി. മേരി കൊളേത്തയുടെയും നാമകരണനടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി

പാലാ: പാലാ രൂപതാംഗങ്ങളായ ഫാ. ബ്രൂണോ കണിയാരകത്ത്, സിസ്റ്റര്‍ മേരി കൊളേത്ത എന്നിവരുടെ നാമകരണനടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി. രാമപുരം ഇടവകാംഗവും സിഎംഐ സന്ന്യാസമൂഹാംഗവുമായിരുന്ന കണിയാരകത്ത് ഫാ. ബ്രൂണോയുടെയും, ചേര്‍പ്പുങ്കല്‍ ഇടവകാംഗവും എഫ്‌സിസി സന്ന്യാസസമൂഹാംഗവുമായിരുന്ന സി. മേരി കൊളേത്തയുടെയും നാമകരണനടപടികള്‍ക്ക് പാലാ രൂപതയില്‍ തുടക്കം കുറിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വത്തിക്കാനില്‍നിന്ന് അനുമതി ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു.
ആത്മാവച്ചന്‍ എന്നറിയപ്പെടുന്ന ഫാ. ബ്രൂണോയുടെ കബറിടം കുര്യനാട് സിഎംഐ ആശ്രമദേവാലത്തിലാണു സ്ഥിതിചെയ്യുന്നത്. 1894 നവംബര്‍ 20നാണ് ജനനം. വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടൊപ്പം പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 15 ആശ്രമങ്ങളില്‍ സേവനം ചെയ്തു. 25 വര്‍ഷം കുര്യനാട് ആശ്രമത്തിലായിരുന്നു ശുശ്രൂഷ. നിര്‍ധനരോടു കാരുണ്യം കാണിച്ചുള്ള ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. 1991 ഡിസംബര്‍ 15 നു ദിവംഗതനായി. കുര്യനാട് ആശ്രമത്തില്‍ കബറടക്കി.
സിസ്റ്റര്‍ മേരി കൊളേത്ത 1904 മാര്‍ച്ച് മൂന്നിനു ജനിച്ചു. കൊളേത്താമ്മ എന്ന പേരിലാണ് അറിയപ്പെട്ടത്. സഹനവും ഏകാന്തവാസവുമെല്ലാം സ്നേഹമാക്കി മാറ്റിയ സന്ന്യാസജീവിതമായിരുന്നു നയിച്ചിരുന്നത്. വാകമല സെന്റ് ജോസഫ് സ്‌കൂള്‍, ആനിക്കാട് ഹോളി ഫാമിലി സ്‌കൂള്‍, മണിയംകുന്ന് സെന്റ് ജോസഫ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. അധ്യാപകവൃത്തിക്കുശേഷം 1932 ഒക്ടോബര്‍ നാലിന് ക്ലാരസമൂഹാംഗമായി. 1984 ഡിസംബര്‍ എട്ടിന് അന്തരിച്ചു. മണിയംകുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.
ഫാ. ബ്രൂണോയുടെ നാമകരണനടപടികള്‍ക്കുള്ള അനുമതിപത്രം സിഎംഐ കോട്ടയം പ്രോവിന്‍ഷ്യാള്‍ ഫാ. ജോര്‍ജ് ഇടയാടിയിലും, സി. കൊളേത്തയുടെ നാമകരണനടപടികള്‍ക്കുള്ള അനുമതിപത്രം എഫ്സിസി ഭരണങ്ങാനം പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ടും മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍നിന്ന് ഏറ്റുവാങ്ങി. പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ സന്നിഹിതനായിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)