•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ആത്മാവില്‍ നിറയുന്ന ഐക്യകേരളം

  • പെരുമ്പടവം ശ്രീധരന്‍
  • 28 October , 2021

നവംബര്‍ 1 കേരളപ്പിറവി

മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നു നാട്ടുരാജ്യങ്ങളായി വേര്‍തിരിഞ്ഞുകിടന്നിരുന്ന കേരളം 1956 നവംബര്‍ ഒന്നിനാണ് ഒന്നായിത്തീരുന്നത്. എങ്കിലും കേരളമെന്ന നമ്മുടെ നാട് നേരത്തേതന്നെ ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ഭരണപരമായ കാര്യങ്ങളില്‍ അതു വേര്‍തിരിക്കപ്പെട്ടപ്പോഴും കേരളം എന്ന മഹത്തായ സങ്കല്പം നമ്മുടെ മനസ്സിനെ ഉത്തേജിപ്പിച്ചുനിര്‍ത്തി.
ഒരുമയുടെ ആ മധുരസങ്കല്പം ഐക്യകേരളത്തിലൂടെ യാഥാര്‍ത്ഥ്യമായി. നാട്ടുരാജ്യങ്ങളുടെ സംയോജനം മാത്രമല്ല, മൂന്നു സംസ്‌കാരങ്ങളുടെ കൂടിച്ചേരല്‍ കൂടിയായിരുന്നു അത്. അങ്ങനെ, തങ്ങളുടെ സാംസ്‌കാരികപാരമ്പര്യത്തെ പൊതുവായി അവകാശപ്പെടാന്‍ കഴിഞ്ഞ ജനത ഒറ്റസമൂഹമായി, ഒരു കുടുംബംപോലെ കഴിയുന്ന കാലത്തിലേക്കു കടന്നു. അതൊരുഹൃദയവികാരമായിത്തീര്‍ന്നു. അതാണു നമ്മെ പുരോഗതിയില്‍നിന്നു പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്. അതു നമ്മുടെ ഭാഷയിലും സാഹിത്യത്തിലും സാമൂഹികജീവിതത്തിലുമൊക്കെ വമ്പിച്ച മാറ്റങ്ങളുണ്ടാക്കി. നമ്മുടെ ഭാഷയുടെയും സാഹിത്യത്തിന്റെയും സാമൂഹികജീവിതത്തിന്റെയും വിവിധ തലങ്ങളിലൂടെ വൈകാരികമായ ഒരു അടുപ്പം ഉണ്ടാകുകയും നാം ഒരു ജനത എന്ന നിലയില്‍ തലയുയര്‍ത്തിനില്ക്കുകയും ചെയ്തു. പിന്നീടുണ്ടായ എല്ലാ വളര്‍ച്ചയ്ക്കും സംയോജിതകേരളം തീര്‍ച്ചയായും പ്രയോജനപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടും പ്രമുഖസ്ഥാനത്തുനില്‍ക്കുന്ന ഒരു സംസ്ഥാനമായിത്തീരാന്‍ കേരളത്തിനു കഴിഞ്ഞു. നമ്മള്‍ നിലനിര്‍ത്തിയ ആ സ്‌നേഹവും സാഹോദര്യവുമാണ് നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ നിദാനമായിത്തീര്‍ന്നത്; അത് അറിയുന്നതുകൊണ്ടാണ് നമ്മള്‍ കേരളീയരായിരിക്കുന്നതില്‍ അഭിമാനം കൊള്ളുന്നത്.
കേരളത്തിന്റെ സാംസ്‌കാരികപാരമ്പര്യം ലോകം മുഴുവന്‍ അറിയപ്പെടുന്നതാണ്. ലോകത്ത് എവിടെയും
മലയാളിയും നമ്മുടെ കൊച്ചുകേരളവും ബഹുമാനിക്കപ്പെടുന്നു. ഇന്നു കേരളവും മലയാളഭാഷയും ഇന്ത്യന്‍ സംസ്‌കാരങ്ങളില്‍ വച്ച്, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍വച്ച് ഏറ്റവും മികച്ചതായി അംഗീകരിക്കുന്നുമുണ്ട്.
നമ്മുടെ മലയാളം ലോകത്തിലെ മികച്ച ഭാഷകളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. വേദേതിഹാസപുരാണങ്ങളെയും പ്രപഞ്ചനിഗൂഢതകളെയും വകഞ്ഞുമാറ്റിച്ചെല്ലുന്ന ഒരു ഭാഷയാണിത്. ഏത് അനുഭവത്തെയും ഉള്‍ക്കൊള്ളാന്‍ മലയാളഭാഷയ്ക്കു കഴിയും. വേദേതിഹാസപുരാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ മറ്റു ഭാഷകളുടെ മുമ്പില്‍ത്തന്നെയാണു മലയാളത്തിന്റെ സ്ഥാനം. മലയാളസാഹിത്യം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ ഇന്ത്യന്‍ ഭാഷാകവികളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന മഹാകവിയാണ്. ആചാര്യനെന്നാണ് നമ്മള്‍ അദ്ദേഹത്തെ വിളിക്കുന്നത്. ചെറുശ്ശേരിയും കുഞ്ചന്‍ നമ്പ്യാരും ഭാഷയുടെ നക്ഷത്രശോഭയ്ക്കു മാറ്റു കൂട്ടിയവരാണ്. വള്ളത്തോള്‍, ഉള്ളൂര്‍, കുമാരനാശാന്‍ കവിത്രയവും മലയാളത്തിന്റെ അഭിമാനമേറ്റുന്നു. മലയാളകവിതയുടെ 'സുവര്‍ണകൈലാസം' എന്നാണ് കുമാരനാശാന്‍ അറിയപ്പെടുന്നത്. തകഴി, ബഷീര്‍, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, ലളിതാംബിക അന്തര്‍ജനം, എം.ടി,സക്കറിയ തുടങ്ങി മലയാളത്തിന്റെ ഓരോ എഴുത്തുകാരനും ഇന്ത്യന്‍ സംസ്‌കാരത്തിനും സാഹിത്യത്തിനും നല്കിയ സംഭാവനകള്‍ ചെറുതല്ല.
രണ്ടുവര്‍ഷംമുമ്പ് മലയാളത്തെ ശ്രേഷ്ഠഭാഷയായി ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ചു. വളരെക്കുറച്ചാളുകള്‍ സംസാരിക്കുന്ന ഒരു ഭാഷ എന്നതായിരുന്നു ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്നതിനു തടസ്സമായിഇന്ത്യാഗവണ്‍മെന്റ് കണ്ടുവച്ചിരുന്ന ന്യായം. അന്ന് അതിനെതിരായി ഒരു പ്രക്ഷോഭം നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവരികയുണ്ടായി. കേരളസാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഈ അംഗീകാരത്തിനുവേണ്ടി കേന്ദ്രഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്താനും ശ്രേഷ്ഠഭാഷയായി അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞുവെന്നതില്‍ എനിക്ക് അഭിമാനമുണ്ട്.
മലയാളഭാഷയും സാഹിത്യവും ഇന്ന് പല വിതാ
നങ്ങളില്‍ അംഗീകരിക്കപ്പെടുകയും ഇന്ത്യന്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച സാഹിത്യമായിത്തീരു
കയും ചെയ്‌തെന്നു നിസ്സംശയം പറയാന്‍ കഴിയും. ശ്രേഷ്ഠഭാഷ എന്ന അംഗീകാരം ഇല്ലെങ്കില്‍ത്തന്നെയും മലയാളത്തിന് ഒരു സ്ഥാനമുണ്ട്. ഭാഷയുടെ വളര്‍ച്ചയ്ക്കും കേരളത്തിന്റെ ഏകീകരണം വളരെയധികം സഹായകരമായിത്തീര്‍ന്നിട്ടുണ്ട്.
സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും സമുദായമൈത്രിയിലും ഇന്ത്യയിലെ മറ്റേതു സംസ്ഥാ
നത്തെയുംകാള്‍ മുന്‍പന്തിയില്‍ നില്ക്കുന്ന നമ്മുടെ കൊച്ചുകേരളത്തെ പിന്നോട്ടു വലിക്കുന്ന ഛിദ്രശക്തികളെ തിരിച്ചറിയാന്‍ മലയാളിക്കു കഴിയട്ടേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് മലയാളത്തിന്റെ നല്ല എഴുത്തുകാര്‍. നിക്ഷിപ്തതാത്പര്യക്കാരായ രാഷ്ട്രീയ-മതനേതാക്കളുടെ വലയില്‍ വീഴാതെ കേരളത്തിന്റെ പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതില്‍ അവര്‍ക്കു വലിയ കടമയുണ്ട്.
ഐക്യകേരളത്തിന്റെ ആത്മാവ് ഒരിക്കലും നഷ്ട
മായിക്കൂടാ. ഓരോ ഐക്യകേരളദിനാചരണത്തിലും ജനമനസ്സിലുയരേണ്ടത്, ഒരുമയുടെയും സ്‌നേഹത്തിന്റെയും നന്മയുടെയും വികാരമായിരിക്കണം. വിഭാഗീയപ്രവണതകളെ തിരിച്ചറിയാനും അതു മുളയിലേ നുള്ളിക്കളയാനും അക്ഷരജ്ഞാനമുള്ള മലയാളിക്കു കഴിയും; കഴിയണം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)