•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പാലാ മാര്‍ സ്ലീവാ മെഡിസിറ്റി മൂന്നാം വയസ്സിലേക്ക്

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പ്രവര്‍ത്തനസജ്ജമായ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി കേരളത്തിന്റെ ആരോഗ്യരംഗത്ത് അഭിമാനമായി മാറിയിരിക്കുന്നു. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആശുപത്രിയുടെ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ടാം ടവറിന്റെ ആശീര്‍വാദകര്‍മം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. സര്‍വ്വസജ്ജമായ 150 മുറികള്‍, പൊള്ളല്‍ ചികിത്സാ ഐസിയു, അവയവമാറ്റിവയ്ക്കല്‍ ഐസിയു, ഐസൊലേഷന്‍ ഐസിയു, മെഡിക്കല്‍ ഐസിയു, അന്തര്‍ദേശീയനിലവാരമുള്ള 18 സ്യൂട്ട് റൂമുകള്‍ എന്നിവയൊക്കെ രണ്ടാം ടവറില്‍ തയ്യാറായിക്കഴിഞ്ഞു.
ആശുപത്രിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മൂന്നു  സൗജന്യപദ്ധതികളാണ് പാലാ മാര്‍ സ്ലീവാ മെഡിസിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒന്നാമത്തേത്, പുനര്‍ജനി എന്നു പേരിട്ട ഏറ്റവും പ്രധാനപ്പെട്ട സൗജന്യചികിത്സാപദ്ധതിയാണ്. പാലായിലും പരിസരപ്രദേശങ്ങളിലുമുള്ള  അനാഥ - കാരുണ്യകേന്ദ്രങ്ങളില്‍ കഴിയുന്ന നാനാജാതിമതസ്ഥരായ പാവങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാര്‍  നേരിട്ടെത്തി സൗജന്യചികിത്സയും മരുന്നും നല്‍കുന്ന പദ്ധതിയാണിത്. മാസത്തിലെ നിശ്ചിത ഇടവേളകളില്‍ വിദഗ്ധ ഡോക്ടറുമാരും സംഘവും ഈ അനാഥകേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കും.
രണ്ടാമതായി, ഏറെ ജനപ്രീതി നേടിയ കാരുണ്യപദ്ധതിയായ കൊവിഡ് ഫൈറ്റേഴ്‌സിന്റെ (വീടുകളില്‍ചെന്ന് സൗജന്യമായി ചികിത്സിക്കുന്ന പദ്ധതി) പ്രവര്‍ത്തനം ഈ മാസം വീണ്ടും ആരംഭിക്കും. ഇതിനായി കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ടീമിനെ സജ്ജമാക്കിക്കഴിഞ്ഞു. പാവപ്പെട്ട മുഴുവന്‍ പേര്‍ക്കും തികച്ചും സൗജന്യമായി കൊവിഡ് വാക്‌സിേനഷന്‍ നല്‍കുന്ന ''ഞങ്ങളുണ്ട് കൂടെ'' മെഗാ വാക്‌സിനേഷന്‍ക്യാമ്പും മൂന്നാമത്തെ പദ്ധതിയായി ഒരുക്കിയിരിക്കുന്നു.
ആരോഗ്യപരിപാലനം എന്നത് ഒരു ഔദാര്യമല്ല അത് നമ്മുടെ അവകാശമാണെന്നും അതിലൂടെ ആരോഗ്യപരമായ ഒരു തലമുറയെ നമുക്ക് വാര്‍ത്തെടുക്കുവാന്‍ സാധിക്കുമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ചടങ്ങില്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍,  ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ആശുപത്രിയിലെ മറ്റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)