ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20 ന് യു.എസ്. ഭരണകൂടവും താലിബാന്‍ നേതൃത്വവും തമ്മില്‍ ഒപ്പുവച്ച കരാറിലെ പ്രധാന നിബന്ധനകളിലൊന്ന്, അഫ്ഗാന്‍മണ്ണ് തീവ്രവാദികള്‍ക്കു താവളമാക്കാന്‍ അനുവദിക്കുകയില്ല എന്നതായിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, സെപ്റ്റംബര്‍ ഏഴാം തീയതി താലിബാന്‍ പുറത്തുവിട്ട 33 അംഗ മന്ത്രിസഭയിലെ 17 പേരും ഐക്യരാഷ്ട്രസംഘടനയുടെ കരിമ്പട്ടികയിലുള്ള ഭീകരര്‍! ഐ.എസ്. രൂപംകൊടുത്ത സര്‍ക്കാര്‍
ഭീകരവാദികള്‍ക്കു മുന്‍തൂക്കമുള്ള മന്ത്രിസഭാരൂപീകരണത്തിന് പാക്ചാരസംഘടനയായ ഐ.എസ്. മുഖ്യപങ്കുവഹിച്ചു. കാബൂള്‍ പിടിച്ചെടുത്ത് ഒരു മാസം തികഞ്ഞിട്ടും സര്‍ക്കാര്‍രൂപീകരണം വൈകിയതാണ് പാക്കിസ്ഥാന്‍ ഇടപെടാന്‍ കാരണം. താലിബാന്റെ സഹസ്ഥാപകന്‍കൂടിയായ മുല്ല അബ്ദുള്‍ഗനി ബറാദറും സിറാജുദ്ദീന്‍ ഹഖാനിയും തമ്മിലായിരുന്നു അധികാരത്തര്‍ക്കം. ബറാദര്‍-
ഹഖാനി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ബറാദര്‍ക്കു വെടിയേറ്റതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സര്‍ക്കാര്‍രൂപീകരണത്തിനുമുമ്പ് ഐ.എസ്.ഐ. മേധാവി ലഫ്. ജനറല്‍ ഫയ്‌സ് ഹമീദ് ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. കൊടുംഭീകരനായ സിറാജുദിനോടാണ് ഫയ്‌സിനു കൂടുതല്‍ അടുപ്പം. പാക്പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഏറെ അടുപ്പമുള്ള ഫയ്‌സ്, 2019 മുതല്‍ ഐ.എസ്.ഐ.യുടെ തലവനാണ്.
താലിബാനെ വീണ്ടും അധികാരത്തിലെത്തിക്കുകയെന്ന 20 വര്‍ഷം നീണ്ട പാക്കിസ്ഥാന്റെ രഹസ്യപദ്ധതിയാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. ഭീകരവിരുദ്ധപോരാട്ടത്തിനെന്ന പേരു പറഞ്ഞ് അമേരിക്കയില്‍നിന്നു തന്ത്രപൂര്‍വം യുദ്ധോപകരണങ്ങളും സാമ്പത്തികസഹായവും കൈപ്പറ്റുകയും തീവ്രവാദികള്‍ക്ക് ഒളിത്താവളമൊരുക്കി വീണ്ടും ഒന്നിച്ചുകൂടാന്‍ അവസരം നല്‍കുകയും ചെയ്തത് പാക്കിസ്ഥാനാണ്.
ഇതിനിടെ കാബൂളിന് 80 കിലോമീറ്റര്‍ വടക്കുള്ള പഞ്ച്ഷീര്‍ താഴ്‌വരയില്‍ താലിബാന്‍ഭരണകൂടത്തെ എതിര്‍ക്കുന്ന വടക്കന്‍ സഖ്യത്തെ തോല്പിക്കാന്‍ പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതിനെതിരേ പ്രതിഷേധമുയര്‍ന്നു. 1980 കളിലെ റഷ്യന്‍ അധിനിവേശത്തിനെതിരേയും 1996 ലെ ആദ്യതാലിബാന്‍ സര്‍ക്കാരിനെതിരേയും വിജയകരമായി ചെറുത്തുനിന്ന അഹ്‌മ്മദ് ഷാ മസൂദിന്റെ മകനായ അഹ്‌മ്മദ് മസൂദാണ് വടക്കന്‍സൈന്യത്തിനു നേതൃത്വം നല്‍കുന്നത്. ഇതാദ്യമാണ് താലിബാനനുകൂലമായി പാക്കിസ്ഥാന്‍ പരസ്യമായി യുദ്ധത്തിനിറങ്ങിയതെന്ന പ്രത്യേകതയുമുണ്ട്. താലിബാന്‍ നേതാക്കളെ പ്രീണിപ്പിച്ചുനിര്‍ത്തി തങ്ങള്‍ അവരോടൊപ്പമുണ്ടെന്നു നടിച്ച് കൊടുംഭീകരരായ ഹഖാനികളെയും തങ്ങളുടെ രാജ്യത്തു തമ്പടിച്ചിട്ടുള്ള മറ്റു തീവ്രവാദസംഘടനകളെയും ഇന്ത്യയ്‌ക്കെതിരേ തിരിക്കാനുള്ള ഗൂഢതന്ത്രമാണ് പാക്‌സൈന്യവും ഐ.എസ്.ഐ.യും പയറ്റുന്നത്. അല്‍-ഖ്വയ്ദ, ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തയ്ബ, ഈസ്റ്റ് ടര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റ്, ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ തുടങ്ങി അര ഡസനോളം തീവ്രവാദഗ്രൂപ്പുകളുടെ സുരക്ഷിതസങ്കേതമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26-ാം തീയതി കാബൂള്‍ വിമാനത്താവളകവാടങ്ങളില്‍ ചാവേറാക്രമണം നടത്തി 13 യു.എസ്. സൈനികരടക്കം 183 പേരുടെ ജീവനെടുത്തത് ഇസ്ലാമിക് സ്റ്റേറ്റ് (ഖൊരാസന്‍) ഭീകരരായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയുമായി സൗഹൃദത്തില്‍ കഴിയുന്ന അഫ്ഗാന്‍ജനതയെ ശത്രുതയിലാക്കുന്ന നയതന്ത്രമാണ് പാക്കിസ്ഥാന്‍ പരീക്ഷിക്കുന്നത്. ആഭ്യന്തരകലഹങ്ങളിലും പാശ്ചാത്യാധിനിവേശത്തിലും തകര്‍ന്നടിഞ്ഞ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ ചെലവിട്ട 20000 കോടി പാഴ്‌വേലയായി എന്നു കരുതേണ്ടിവരും.
പുതിയ അച്ചുതണ്ടു രൂപപ്പെടുന്നു
ഇരയെപ്പിടിക്കാന്‍ പതുങ്ങിയിരിക്കുന്ന സിംഹിയെപ്പോലെ അയലത്തു നടക്കുന്ന സംഭവവികാസങ്ങള്‍ വീക്ഷിച്ചുകൊണ്ട് ചൈന കരുക്കള്‍ നീക്കിത്തുടങ്ങി. താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാനും അവരുമായി സൗഹൃദം പുലര്‍ത്താനും തയ്യാറാണെന്നു ചൈന പ്രഖ്യാപിച്ചുകഴിഞ്ഞു. അഫ്ഗാന്‍ - പാക് അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന സിന്‍ജിയാംഗ് പ്രവിശ്യയിലെ ഭൂരിപക്ഷമുസ്ലീം ഉയ്ഗൂര്‍വംശജരില്‍ മതതീവ്രവാദം ആളിപ്പടരാതിരിക്കേണ്ടത് ചൈനയുടെ ആവശ്യമാണ്. ഇന്ത്യയ്ക്കുനേരേ രൂപപ്പെടുന്ന ഒരു പുതിയ ശാക്തികചേരിയുടെ നിഴലാട്ടം പാക്കിസ്ഥാന്റെയും ചൈനയുടെയും നീക്കങ്ങളില്‍ കാണാനാകും. താലിബാന്‍ പിന്തുടരുന്ന കടുത്ത മതമൗലികത ഇന്ത്യാവിരോധം വര്‍ദ്ധിപ്പിക്കും. സൈനികമായും സാമ്പത്തികമായും സഹകരിച്ചുപോകുന്ന ചൈന-പാക് അച്ചുതണ്ടിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനും മാറുന്നത് ഇന്ത്യയെ സംബന്ധിച്ചു ഭീതിജനകമാണ്. മൂന്നു കൂട്ടരും സൈനികമായി ഒത്തുചേര്‍ന്നാല്‍
കാശ്മീരിന്റെ അവശേഷിക്കുന്ന ഭാഗവും ലഡാക്കും ശത്രുകരങ്ങളിലെത്തും. മതമൗലികവാദത്തിനും തീവ്രവാദത്തിനുംപുറമേ ഇന്ത്യ ഭയക്കേണ്ടത് താമസിയാതെ രൂപപ്പെടുന്ന കാബൂള്‍-ഇസ്ലാമാബാദ്-ബെയ്ജിങ് ശാക്തിക അച്ചുതണ്ടിനെയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങിന്റെ സ്വപ്‌നപദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് അല്ലെങ്കില്‍ ''വണ്‍ ബെല്‍റ്റ് വണ്‍ റോഡ്'' എന്ന സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ ഭാഗമെന്നു കരുതിപ്പോരുന്ന പാക്അധിനിവേശകാശ്മീരിലൂടെ കടന്ന് അറബിക്കടല്‍ത്തീരത്ത് ചൈന നിര്‍മിച്ചു നല്‍കിയ ഗ്വാദര്‍ തുറമുഖത്താണെത്തുന്നത്. ഈ സാമ്പത്തിക ഇടനാഴി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയുടെ ആശങ്ക ഇരട്ടിക്കും. അഫ്ഗാനിസ്ഥാനിലെ ഭരണം മതമൗലികവാദികളായ ഭീകരസംഘങ്ങളുടെ കൈകളില്‍ എത്തിപ്പെട്ടതാണ് ലോകരാജ്യങ്ങളെ അസ്വസ്ഥമാക്കുന്നത്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും മറ്റ് അറബ് രാജ്യങ്ങളിലും വേരുകളുറപ്പിച്ച മതതീവ്രവാദികള്‍ക്ക് അത്യന്താധുനികയുദ്ധോപകരണങ്ങള്‍കൂടി ''സൗജന്യമായി'' ലഭിച്ചതോടെ അവര്‍ പൂര്‍വാധികം ശക്തരായി മാറിയതാണ് കൂടുതല്‍ അപകടകരം. പാശ്ചാത്യരാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനില്‍നിന്നു സൈന്യത്തെ പിന്‍വലിച്ചപ്പോള്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയാണ് ഉപേക്ഷിച്ചുപോയത്. താലിബാന്‍പോരാളികള്‍ക്കുമുമ്പില്‍ കീഴടങ്ങിയ അഫ്ഗാന്‍സൈന്യത്തില്‍നിന്നു പിടിച്ചെടുത്ത തോക്കുകളും ആയുധപ്പുരകളില്‍ സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകളും കവചിതവാഹനങ്ങളുമടക്കം വന്‍ ആയുധശേഖരമാണ് തീവ്രവാദികളുടെ കൈകളിലെത്തിയത്. കാബൂള്‍ പിടിച്ചടക്കാനുള്ള ആവേശകരമായ മുന്നേറ്റത്തിനിടെ കീഴടക്കിയ പട്ടണങ്ങളിലെ ജയിലുകളെല്ലാം തകര്‍ത്ത് തീവ്രവാദികളും കൊലപാതകികളും കൊള്ളക്കാരുമായ തടവുകാരെ തുറന്നുവിട്ടതും ആശങ്കയുളവാക്കുന്നുണ്ട്. ചില നാറ്റോ രാജ്യങ്ങളുടെ പക്കലുള്ളതിനെക്കാള്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും താലിബാന്റെ പക്കലുണ്ടെന്ന സിഎന്‍എന്നിന്റെ റിപ്പോര്‍ട്ട് അടുത്തയിടെ പുറത്തുവന്നിരുന്നു.
ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 15,000 രാജ്യാന്തരഭീകരര്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ഇവരോടൊപ്പം ഒരു ലക്ഷത്തോളം വരുന്ന താലിബാന്‍ പോരാളികളും ജയില്‍മോചിതരായ തീവ്രവാദികളും ഒത്തുചേരുമ്പോഴുള്ള ഭീഷണി വലിയ ദുരന്തത്തിലേക്കാകും ലോകത്തെ നയിക്കുക.