ആര്‍ത്തലച്ചെത്തിയ മഴ തോര്‍ന്നുതുടങ്ങിയിരുന്നു. തളം കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മഴത്തുള്ളികള്‍ വൃത്തം വരയ്ക്കുന്നു. അവള്‍ ഇപ്പോള്‍ മഴ ആസ്വദിക്കുകയാവും. എത്രയോ തവണ പിന്നാമ്പുറത്തെ മുറ്റത്ത് മഴയില്‍ തുള്ളിക്കളിക്കുന്നതു കണ്ടിട്ടുണ്ട്. ഇവള്‍ക്കു വട്ടാണോ എന്നുപോലും ചിന്തിച്ചിട്ടുണ്ട്. കൂടെ ഇറങ്ങിച്ചെല്ലാന്‍ വിളിക്കുമ്പോള്‍ മടിച്ചിരുന്നാല്‍ ദേഹത്തേക്കു വെള്ളം തേകിയൊഴിക്കും; എന്നിട്ട് ആര്‍ത്തു ചിരിക്കും. അന്നേരം ചെവി ചുവക്കുന്നതുവരെ തിരുമ്മി വേദനിപ്പിക്കണമെന്നും തോന്നും. എങ്കിലും അവളോട് ഉള്ളിന്റെയുള്ളില്‍ സ്‌നേഹമായിരുന്നല്ലോ.
മുറ്റത്തെ പന്തലില്‍ ആളൊഴിഞ്ഞിരിക്കുന്നു. രണ്ടു മൂന്നു സുഹൃത്തുക്കള്‍ മുറ്റത്തിനരികിലേക്കു മാറിനിന്നു സംസാരിക്കുന്നു.
സുഹൃത്ത് രമേശ് അടുത്തേക്കു വന്നു: ''എന്നാ ഞങ്ങള്‍ എറങ്ങട്ടേടാ, ആവശ്യമെന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കണം.''
''ശരി അങ്ങനെയാകട്ടെ.''
അമ്മ ചിഞ്ചുമോളെയും എടുത്തുകൊണ്ടുവന്നു. ''നീയിങ്ങനെ ഒരേയിരുപ്പിരുന്നാലെങ്ങനെയാ? പോയവരോ പോയി, എന്തെങ്കിലും വന്നു കഴിക്ക്. ഇവരുടെ കാര്യം നോക്കാന്‍ വേറാരുണ്ട്?''
ചിഞ്ചുമോള്‍ അമ്മയുടെ കൈയില്‍നിന്നിറങ്ങി മടിയില്‍ കയറിയിരുന്നു. അവള്‍ക്ക് ഒന്നും മനസ്സിലായിട്ടില്ല. എങ്കിലും എന്തോ സംഭവിച്ചിരിക്കുന്നതായറിയാം.
''അച്ഛേ, അമ്മയെപ്പഴാ വരുവാ.''
''അമ്മ ഉടനെ വരും.''
താന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. അല്ലെങ്കിലും ഓവര്‍ടൈം ജോലി ചെയ്ത് ക്ഷീണിച്ചു വരുമ്പോള്‍ എല്ലാം ശ്രദ്ധിക്കാന്‍ പറ്റുമോ?
ഇടയ്ക്ക് തലവേദനയുടെ കാര്യം ഇന്ദു പറയുമായിരുന്നു. സാധാരണ തലവേദനയായി മാത്രമേ കണക്കാക്കിയിരുന്നുള്ളൂ.
അമ്മയെയുംകൂട്ടി ഹോസ്പിറ്റലില്‍ പോകാന്‍ ഒരിക്കല്‍ പറഞ്ഞതാണ്. അന്നേരം ചേട്ടനു കൊണ്ടുപോകാന്‍ പറ്റുമെങ്കിലേ ഞാന്‍ പോകൂ എന്ന വാശിയിലായിരുന്നു.
അവള്‍ പണ്ടേ ഒരു വാശിക്കാരിയായിരുന്നു. ബ്രോക്കര്‍ സുഗുണന്റെകൂടെയാണ് ഇന്ദുവിനെ പെണ്ണുകാണാന്‍ പോയത്. അവളുടെ വീട്ടുകാര്‍ക്കു ബോധിച്ചില്ലെങ്കിലും ഈ വിവാഹംതന്നെ മതിയെന്ന് അവള്‍ വാശി പിടിച്ചു.
ഒരു സര്‍ക്കാര്‍ ജോലിക്കാരനെക്കൊണ്ട് ഇന്ദുവിനെ വിവാഹം കഴിപ്പിക്കാനായിരുന്നു അവളുടെ അച്ഛന്‍ ഉദ്ദേശിച്ചിരുന്നത്. അതിനിടയിലാണ് എന്റെ വിവാഹാലോചനയുമായി സുഗുണന്‍ ചെന്നത്. ആദ്യം വേണ്ടെന്നു പറഞ്ഞെങ്കിലും ബ്രോക്കറുടെ നിര്‍ബന്ധപ്രകാരം കണ്ടു പൊയ്‌ക്കോട്ടെ എന്ന് അച്ഛന്‍ സമ്മതിച്ചു.
ചിഞ്ചുമോള്‍ മുഖം പിടിച്ചു തിരിച്ചുകൊണ്ടു ചോദിച്ചു: ''അമ്മ എപ്പോഴാ വരുവാ...''
പുതിയ സാരിയൊക്കെയുടുത്ത് ഇന്ദു എങ്ങോട്ടോ യാത്ര പോയിരിക്കുകയാണെന്നാണ് ചിഞ്ചു വിചാരിച്ചിരിക്കുന്നത്.
''ഉടനെ വരും മോളെ.''
കണ്ണില്‍ നിറഞ്ഞ വെള്ളം അവള്‍ കാണാതെ തുടച്ചു.
ടാര്‍ജെറ്റ് ഒപ്പിക്കാനുള്ള മരണപ്പാച്ചിലിനിടയില്‍ കുടുംബത്തെ ശ്രദ്ധിക്കാന്‍ എവിടെയാണ് സമയം? ശ്രദ്ധിക്കേണ്ടതായിരുന്നു. മോളെയെടുത്ത് തോളത്തു കിടത്തി വരാന്തയില്‍ക്കൂടി നടന്നു. അടുത്ത മഴയ്ക്കുള്ള തുടക്കമാണെന്നു തോന്നുന്നു. പിശറന്‍കാറ്റിന്റെകൂടെ മഴത്തുള്ളികളും വരാന്തയിലേക്കു കയറിവന്നു.
മോളെ ബഡ്ഡില്‍ കിടത്തുമ്പോള്‍ മനസ്സ് ഒന്നു തേങ്ങി. അവളുടെ സ്ഥലം ഒഴിഞ്ഞുകിടക്കുന്നു. എന്തുകൊണ്ടോ മുറിയില്‍ അധികസമയം നില്‍ക്കാന്‍ തോന്നിയില്ല. പുറത്തേക്കു നടക്കുമ്പോള്‍ പിറകില്‍നിന്ന് 'ഉണ്ണിയേട്ടാ' എന്നൊരു വിളി കേള്‍ക്കുന്നതുപോലെ.
വരാന്തയിലെ ചാരുകസേരയിലിരുന്നു. അച്ഛന്റെ കസേരയായിരുന്നു. മനസ്സിനു വിഷമം വരുന്ന സമയം ചാരുകസേരയില്‍ കുറച്ചുനേരം കിടന്നാല്‍ ആശ്വാസം കിട്ടും, ആരോ തലോടുന്നതുപോലെ തോന്നും.
വെളിച്ചം കുറഞ്ഞു വരുന്നു. മഴയോടൊപ്പം ഇരുട്ടും പരന്നുതുടങ്ങിയിരിക്കുന്നു.
''ഉണ്ണിയേട്ടാ,'' ഇന്ദു മുന്നില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നു.
അവള്‍ വിവാഹവസ്ത്രം ധരിച്ചാണു നില്‍ക്കുന്നത്. വളരെ മനോഹരിയായിരിക്കുന്നു. അയാളുടെ ഉള്ളിലൂടെ മിന്നല്‍ കടന്നുപോയി. ''ചേട്ടനെന്നാ ഇങ്ങനെ അന്തംവിട്ടു നോക്കിയിരിക്കുന്നത്?''
''വെറുതേ'' അയാളില്‍നിന്നു ശബ്ദം യാന്ത്രികമായി പുറത്തുവന്നു.
''ഇനിയും ജോലി ജോലീന്നു പറഞ്ഞ് വീട്ടില്‍ താമസിച്ചുവരരുത്, നമ്മുടെ മോള്‍ തനിയേ ഉള്ളൂവെന്ന് ഓര്‍മ്മ വേണം.''
അയാള്‍ ഇന്ദുവിന്റെ മുഖത്തേക്കു ദീനമായി നോക്കി.
''ഞാനൊത്തിരി സ്വപ്നം കണ്ടതാ നമ്മളൊന്നിച്ചൊരു നല്ല ജീവിതം. പക്ഷേ, അതിന് ദൈവം അനുവദിച്ചില്ല. ഉണ്ടായിരുന്ന സമയത്ത് ചേട്ടനു സമയവുമില്ലായിരുന്നു.''
ഇന്ദു അയാളുടെ കൈയില്‍ പിടിച്ചു. അവള്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകള്‍ വജ്രംപോലെ തിളങ്ങുന്നുണ്ടായിരുന്നു.
ഇന്ദുവിന്റെ കണ്ണുകളെ നേരിടാനാകാതെ അയാള്‍ താഴേക്കു നോക്കിനിന്നു.
അയാളുടെ ശരീരം തളരുന്നുണ്ടായിരുന്നു. ശരീരത്തുകൂടി വിയര്‍പ്പുചാലുകള്‍ ഒഴുകുന്നു.
ഞെട്ടിയെഴുന്നേറ്റ അയാള്‍ക്ക് വരാന്തയില്‍നിന്ന് ഒരു പുകമഞ്ഞു നീങ്ങി ആകാശത്തു മറയുന്നതുപോലെ തോന്നി. മഴ മാറി ആകാശം തെളിഞ്ഞിരിക്കുന്നു.