•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

കോമുവും കേശുവും

  • കെ.ടി. മാത്യു
  • 5 August , 2021

കുഞ്ചനപ്പൂപ്പന്റെ പേരക്കിടാങ്ങളായിരുന്നു കോമുവും കേശുവും.
ഇളയവനായ കേശു  പച്ചപ്പാവമായിരുന്നു! എന്നാല്‍, മൂത്തവനായ കോമുവാകട്ടെ മഹാ ദുഷ്ടനും!
ഒരു ദിവസം കുഞ്ചനപ്പൂപ്പന്‍ കോമുവിനെയും കേശുവിനെയും അടുത്തു വിളിച്ചു പറഞ്ഞു: ''അപ്പൂപ്പന്‍ കാശിക്കു പോവുകയാണു മക്കളേ... ചിലപ്പോള്‍ തിരിച്ചു വന്നില്ലെന്നും വരാം... അപ്പൂപ്പന്‍ പോയാല്‍ നിങ്ങള്‍ സ്‌നേഹത്തോടെ കഴിയണം.''
കുഞ്ചനപ്പൂപ്പന്‍ രണ്ടുപേര്‍ക്കും ഓരോ സ്വര്‍ണമോതിരവും  കൊടുത്തു. പിന്നെ ഓരോ മഷിപ്പേനയും!
കോമുവിനും കേശുവിനും സന്തോഷമായി.
കുഞ്ചനപ്പൂപ്പന്‍ പോയിക്കഴിഞ്ഞപ്പോള്‍ മൂത്തവനായ കോമു എന്തു ചെയ്‌തെന്നോ?
കേശു ഉറങ്ങുന്ന തക്കം നോക്കി അവന്റെ സ്വര്‍ണമോതിരം കട്ടെടുത്ത് നാടുവിട്ടോടി.
കേശു ഉറക്കമുണര്‍ന്നപ്പോള്‍ കോമുവിനെ കണ്ടില്ല. കേശുവിനു സങ്കടമായി. 
കേശു വിഷമിച്ചിരിക്കുമ്പോള്‍ വീട്ടിലേക്ക് നല്ലവനായ ഒരു മന്ത്രവാദിയപ്പൂപ്പന്‍ കയറി വന്നു. കേശു നടന്നതെല്ലാം  മന്ത്രവാദിയപ്പൂപ്പനോടു പറഞ്ഞു.
ഉടനെ മന്ത്രവാദിയപ്പൂപ്പന്‍ പൊക്കണത്തില്‍നിന്ന് ഒരു മാന്ത്രികമോതിരമെടുത്ത് കേശുവിനു കൊടുത്തുകൊണ്ട് പറഞ്ഞു.
''മോനേ, കേശൂ,  ഈ മാന്ത്രികമോതിരം വിരലിലിട്ടാല്‍ രാജകീയപദവികള്‍ നിന്നെത്തേടിയെത്തും. പിന്നെ കുഞ്ചനപ്പൂപ്പന്‍ തന്ന ആ മഷിപ്പേനയുണ്ടല്ലോ. ഒരു കാലത്തും അതിലെ മഷി വറ്റുകയുമില്ല.'' കേശുവിനെ അനുഗ്രഹിച്ച് മന്ത്രവാദിയപ്പൂപ്പന്‍ മറഞ്ഞു.
ഉടനെ കേശു മാന്ത്രികമോതിരം വിരലിലിട്ടു. എന്നിട്ട് മഷിപ്പേന കൈയിലെടുത്തു. പെട്ടെന്ന് മഷിപ്പേന കേശുവിനോട് സംസാരിക്കുവാന്‍ തുടങ്ങി. ''മിടുമിടുക്കന്‍ കേശൂ, ദയവായി കുറെ വെള്ളക്കടലാസുകള്‍ കൊണ്ടു വരൂ. ഞാനതില്‍ നിറയെ കഥകളെഴുതാം. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ചിരിപ്പിക്കുന്ന കഥകള്‍!''
ഉടനെ കേശു ഒരു കെട്ട് വെള്ളക്കടലാസ് മേശപ്പുറത്ത് കൊണ്ടുവന്നുവച്ചു. അതിശയം! പെട്ടെന്ന് മഷിപ്പേന വെള്ളകടലാസില്‍ കഥകളെഴുതുവാന്‍ തുടങ്ങി.
അങ്ങനെ കേശുവിന്റെ വീട്ടില്‍ കഥകള്‍ നിറഞ്ഞു.
ഒരു ദിവസം കേശു ഒരു രാജകീയവിളംബരം കേട്ടു. ''കൊട്ടാരത്തില്‍ മഹാരാജാവിനെ കഥപറഞ്ഞ് രസിപ്പിക്കുവാന്‍ ആളെ ആവശ്യമുണ്ട്.'' 
ഉടനെ കേശു കൊട്ടാരത്തില്‍ ചെന്ന് മഹാരാജാവിനെ മുഖം കാണിച്ചു. ''നാം ഇതുവരെ കേള്‍ക്കാത്ത രസകരമായ കഥകളാണു പറയേണ്ടത്. ഒരിക്കല്‍ പറഞ്ഞ കഥ വീണ്ടും പറഞ്ഞാല്‍  തല വെട്ടിക്കൊല്ലും.'' മഹാരാജാവിന്റെ അരുളപ്പാടു കേട്ടപ്പോള്‍ കേശുവിന് പേടിയായി.
എങ്കിലും അവന്‍ ധൈര്യം സംഭരിച്ച് കുഞ്ചനപ്പൂപ്പന്റെ മഷിപ്പേന എഴുതിയ പൊട്ടിച്ചിരിപ്പിക്കുന്ന കഥകള്‍ മഹാരാജാവിനോടു പറയുവാന്‍ തുടങ്ങി-
മഹാരാജാവിന് സന്തോഷമായി. അദ്ദേഹം കുലുങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു. ''ഹായ്, ഇത്രയും രസകരമായ കഥകള്‍ എന്റെ ആയുസ്സില്‍ കേട്ടിട്ടില്ലല്ലോ!'' അദ്ദേഹം കേശുവിനെ കൊട്ടാരത്തില്‍ പാര്‍പ്പിക്കുവാന്‍ ഉത്തരവായി. മാത്രമല്ല, ദിവസവും കഥ പറഞ്ഞ് കഴിയുമ്പോള്‍ മഹാരാജാവ് കേശുവിന്  ഓരോ സ്വര്‍ണമോതിരം സമ്മാനിക്കാനും തുടങ്ങി.
അങ്ങനെ കേശുവിന്റെ മുറിയില്‍ സ്വര്‍ണമോതിരങ്ങള്‍ നിറഞ്ഞു. അപ്പോള്‍ അവന്‍ തന്റെ മോതിരം കട്ടെടുത്തോടിയ ജ്യേഷ്ഠന്‍  കോമുവിനെ ഓര്‍മിച്ചു.
ഒരു ദിവസം കേശുവിന്റെ മുറിയിലതാ ഒരു പാമ്പ് പടമെടുത്തു നില്‍ക്കുന്നു! ഉടനെ കേശു പാമ്പിനെക്കൊല്ലാന്‍ വടിയെടുത്തു. അപ്പോള്‍ പാമ്പ് പറഞ്ഞു. ''കേശൂ, ദയവായി എന്നെ കൊല്ലരുതേ... ഞാന്‍ നിന്റെ ജ്യേഷ്ഠന്‍ കോമുവാണ്. നാട്ടുവിട്ടോടിയ ഞാന്‍ ഒരിക്കലൊരു മന്ത്രവാദിയപ്പൂപ്പനെ അപമാനിച്ചു. അദ്ദേഹം എന്നെ  ശപിച്ച് പാമ്പാക്കി മാറ്റി.'' അതു കേട്ടപ്പോള്‍ കേശുവിനു സങ്കടമായി.
അന്നു രാത്രി കേശു തനിക്ക് മാന്ത്രികമോതിരം സമ്മാനിച്ച മന്ത്രവാദിയൂപ്പപ്പനെ സ്വപ്നം കണ്ടു. മന്ത്രവാദിയപ്പൂപ്പന്‍ കേശുവിനോട് പറഞ്ഞു. ''മോനേ കേശൂ, നിന്റെ വിരലിലെ മാന്ത്രികമോതിരംകൊണ്ട് ആ പാമ്പിന്റെ തലയിലൊന്നു തൊട്ടാല്‍ മതി. അപ്പോള്‍ നിന്റെ ജ്യേഷ്ഠന് പുനര്‍ജന്മം കിട്ടും!''
പിറ്റേന്ന് കേശു മന്ത്രവാദിയപ്പൂപ്പന്‍ പറഞ്ഞതുപോലെ ചെയ്തു. അതിശയം! മുന്നിലതാ കോമു! 
കോമു പൊട്ടിക്കരഞ്ഞുകൊണ്ട് കേശുവിന്റെ കാല്‍ക്കല്‍ വീണ്  മാപ്പു ചോദിച്ചു. കേശു കോമുവിനു മാപ്പുകൊടുക്കുകയും മഹാരാജാവിന്റെ അനുവാദപ്രകാരം അവനെ കൊട്ടാരത്തില്‍ താമസിപ്പിക്കുകയും ചെയ്തു.
പിന്നീട്  കേശുവിനെ സ്‌നേഹിച്ചും സഹായിച്ചും കോമു നല്ലവനായി ജീവിച്ചു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)