സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതുമുതല്‍ പിങ്ക്‌ളാങ്കിക്കു സമയം തീരെയില്ല, ഹിന്ദി കുറച്ചു ബുദ്ധിമുട്ടായിത്തോന്നി, പപ്പയും അമ്മയും ട്യൂഷനു വിടാമെന്നു പറഞ്ഞെങ്കിലും ഇപ്പോള്‍ വേണ്ടായെന്ന് അവന്‍ പറഞ്ഞു. മഴ പതുക്കെ മാറി. അന്തരീക്ഷം പ്രസന്നമായി. ഓണപ്പരീക്ഷയ്ക്കിനി അധികം നാളില്ല, നന്നായി പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും, ചിലപ്പോഴൊക്കെ ഹിന്ദിയും കണക്കും അങ്ങോട്ടു മനസ്സിലാകുന്നില്ല.
ഓണപ്പരീക്ഷയുടെ മാര്‍ക്കു വരട്ടെ എന്നു പപ്പയും അമ്മയും പറഞ്ഞു.
പിപ്പിന്‍ വന്നതില്‍പിന്നെ കുറച്ച് ഉഴപ്പാണെന്ന് ആശയ്ക്കു തോന്നിയെങ്കിലും, അവര്‍ അതു പറഞ്ഞ് അവനെ വിഷമിപ്പിച്ചില്ല.
അശ്വിനും ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ് ഇവ തലയില്‍ കയറുന്നില്ല എന്നു പറഞ്ഞു. വിശാലിനു കണക്കുമാത്രം ബുദ്ധിമുട്ടാണ്. ആദ്യപരീക്ഷയുടെ മാര്‍ക്കുവരെ നോക്കാമെന്ന് അവര്‍ തമ്മില്‍ പറഞ്ഞു.
എല്ലാവരുടെയും മുടി വെട്ടിയതൊക്കെ പതുക്കെ വളര്‍ന്നു. അശ്വിന്റെ മെഡിക്കല്‍ റിസള്‍ട്ട് വന്നതില്‍, ഡോക്ടര്‍മാര്‍ സന്തോഷം പ്രകടിപ്പിച്ചു. എന്നാലും എല്ലാ മൂന്നുമാസവും പരിശോധന ചെയ്യണം.
മാലാഖമാര്‍, പതിവുപോലെ വിവരങ്ങളൊക്കെ തിരക്കിക്കൊണ്ടിരുന്നു. അവരോടു പുതിയ പള്ളിയിലേക്കു പോകുന്ന കാര്യം ചോദിക്കാന്‍ ആഗ്രഹിച്ചെങ്കിലും ചോദിച്ചില്ല.
സ്‌കൂളില്‍ നട്ട ചീരയും വെണ്ടയും കുറച്ചൊക്കെ മഴയില്‍ പോയെങ്കിലും, അതും വലിയ കുഴപ്പമില്ലാതെ വളര്‍ന്നു. പിപ്പിന്‍ കുറച്ചു വലുതായി.
ഐവാന്റെ ജന്മദിനം ഓഗസ്റ്റ് മൂന്നിനായിരുന്നു. ക്ലാസ്സിലെ കുട്ടികള്‍ക്കൊക്കെ മിഠായി കൊടുത്തെങ്കിലും, ആ ശനിയാഴ്ച ആണ്‍കുട്ടികളെ വീട്ടിലേക്കു വിളിച്ചു. എല്ലാവര്‍ക്കും വരാന്‍ സാധിച്ചില്ലെങ്കിലും, ഒമ്പതു പേര്‍ വന്നു. അവര്‍ വന്നതിന്റെ പ്രധാന കാരണം, പിപ്പിനെ കാണുക എന്നതാണ്.
അന്നവിടെ ഒരു മേളമായിരുന്നു. ചെറിയ സമ്മാനങ്ങള്‍ അവര്‍ കൈമാറി. ആശ അവര്‍ക്കു ഫ്രൈഡ് റൈസും ചിക്കനും പുഡ്ഡിങ്ങും ഉണ്ടാക്കി.
അശ്വിന്‍ ഒരു ചെറിയ പന്തുമായിട്ടാണു വന്നത്. മുറ്റത്തു കുട്ടികള്‍ എല്ലാവരുംകൂടെ, പിപ്പിന്റെ കൂടെ പന്തു കളിച്ചു.
വളരെ നാളുകള്‍ക്കു ശേഷം ആ വീട് ശബ്ദായമാനമായി. പപ്പയും വേഗം കടയില്‍നിന്നു തിരികെവന്നു, കുട്ടികള്‍ക്കൊക്കെ കൈനിറച്ചു, ചോക്ലേറ്റ് കൊടുത്തു. അങ്ങനെ ഐവാന്റെ പത്താംപിറന്നാള്‍ ഗംഭീരമാക്കി.
അമ്മ അവനെ പിങ്ക്‌ളാങ്കി എന്നു വിളിച്ചപ്പോള്‍ കുട്ടികള്‍ എല്ലാവരുംകൂടെ അവനെ കളിയാക്കി ആര്‍ത്തുവിളിച്ചു:
''പിങ്ക്‌ളാങ്കി, പിങ്ക്‌ളാങ്കി, പിങ്ക്‌ളാങ്കി.''
സാധാരണ ആരെങ്കിലും കളിയാക്കുമ്പോള്‍ സങ്കടം വരുന്നതാണ്. പക്ഷേ, എന്തോ ഈ പ്രാവശ്യം ഒന്നും തോന്നിയില്ല.
പപ്പയും അമ്മയും ചേച്ചിയും ചേട്ടനും മാത്രമല്ല, ഏറ്റവും അടുത്തവര്‍ എല്ലാവരും അങ്ങനെയാണ് അവനെ വിളിക്കുന്നത്. എന്തിന് മാലാഖാമാര്‍പോലും ആ പേരാണു വിളിക്കുന്നത്.
കൂട്ടുകാര്‍ പോയതിനു ശേഷം പപ്പയും അമ്മയും കാണാതെ മുകളിലത്തെ മുറിയിലേക്കു പോയി. അഞ്ചു മാലാഖമാരും ഒരേ സ്വരത്തില്‍ പറഞ്ഞു:
''ജന്മദിനമാണെന്നു നീ പറഞ്ഞില്ലല്ലോ. എന്നാലും ഞങ്ങളുടെ വക ജന്മദിനാശംസകള്‍.''
''അത് മൂന്നാം തീയതി ആയിരുന്നു, അന്നു സ്‌കൂള്‍ ഇല്ലാഞ്ഞതിനാല്‍ കൂട്ടുകാര്‍ വന്നു.''
''എന്നാലും ഞങ്ങളോട് ഒന്നു പറയാമായിരുന്നു.''
പരിഭവം പറഞ്ഞത് ഗബ്രിയേല്‍മാലാഖയാണ്.
അവര്‍ അഞ്ചു പേരും ഒന്നിച്ച് അവനെ ആശ്ലേഷിച്ചു.
''ഗ്രൂപ്പ് ഹഗ്'' പിങ്ക്‌ളാങ്കി പറഞ്ഞു.
''എസ് ഡിവൈന്‍ ഏന്‍ജല്‍സ് ഹഗ്.''
അവരുടെ കരവലയത്തില്‍ അവന്‍ സുരക്ഷിതനായപോലെ തോന്നി.
വളരെ സന്തോഷകരമായ ഒരു പിറന്നാള്‍ ആഘോഷം.
തിങ്കളാഴ്ച എന്തോ സ്‌കൂളില്‍ പോകാന്‍ മടിതോന്നി. എന്നാലും പോകാതിരിക്കാന്‍ സാധിക്കില്ല. ചെറിയ പനിയുണ്ടെന്ന് അമ്മയോടു പറഞ്ഞുനോക്കിയെങ്കിലും അതു വിലപ്പോയില്ല, നെറ്റിയില്‍ കൈവച്ചു നോക്കിയിട്ട് അമ്മ പറഞ്ഞു:
''എവിടെ പനി, പച്ചവെള്ളം പോലെയുണ്ട് നെറ്റി. രാവിലെ സ്‌കൂളില്‍ പോകാതിരിക്കാന്‍ ഓരോ അടവുമായി എത്തിയിരിക്കുകയാണ്.''
അമ്മ അതുപറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു.
''കള്ളച്ചിരി ഒന്നും വേണ്ട, സ്‌കൂള്‍ ബസ് ഇപ്പോള്‍ വരും, വേഗം പോകാനൊരുങ്ങൂ.''
മനസ്സില്ലാമനസ്സോടെ, ബസില്‍ കയറി.
ഇടയ്ക്ക് അവനോടു കുശലം ചോദിക്കുന്ന എട്ടാംക്ലാസ്സിലെ ചേട്ടന്‍ ചോദിച്ചു:
''എന്താ ഒരു ഉത്സാഹം ഇല്ലാതെ?''
''ഒന്നുമില്ല, ഒരു ചെറിയ മടി''
''നിനക്കും മടിയുടെ അസുഖം ഉണ്ടോ? എനിക്കിതു പതിവാ, കുറച്ചു വലുതായിരുന്നെങ്കില്‍ വല്ല ഓട്ടോയും ഓടിക്കാന്‍ പോകാമായിരുന്നു''
''ദേ ഞാനിതു തമാശ പറഞ്ഞതാ, നീ ഇത് ആരോടും പറയേണ്ട കേട്ടോ.''
അന്ന് ആദ്യമായി ആ ചേട്ടന്റെ പേരു ചോദിച്ചു.
''ചേട്ടന്റെ പേരെന്താ?''
പോക്കറ്റില്‍ കിടന്ന സ്‌കൂള്‍ ഐഡി കാര്‍ഡ് ചേട്ടന്‍ കാണിച്ചു കൊടുത്തു.
''പ്രസാദ് വേണുഗോപാല്‍. നയന്‍ സി.''
''ചേട്ടന്‍ ഒന്‍പതാം ക്ലാസ് ആണോ, ഞാന്‍ കരുതി എട്ടാണെന്ന്.''
സ്‌കൂള്‍ എത്തിയപ്പോള്‍ വൈകുന്നേരം കാണാം എന്നു പറഞ്ഞു പ്രസാദ്, ഹൈസ്‌കൂള്‍ ബ്ലോക്കിലേക്കു നടന്നുപോയി. ആ ചേട്ടനോട് പിങ്ക്‌ളാങ്കിക്ക് ഒരു ഇഷ്ടം തോന്നി.
ബസ്സില്‍ അങ്ങനെ ആരുമായും അവന്‍ സംസാരിക്കാറില്ല, മൂന്നു സ്റ്റോപ്പ് കഴിഞ്ഞു കയറുന്ന അവന്റെ ക്ലാസ്സിലെ കുട്ടികളോടല്ലാതെ. പ്രസാദ്, ഐവാന്റെ വീടിനു മുന്നേയുള്ള സ്റ്റോപ്പില്‍ നിന്നാണു കയറുന്നത്. കഴിഞ്ഞ വര്‍ഷവും ആ ചേട്ടനുണ്ടായിരുന്നു ബസ്സില്‍ എന്നവന്‍ ഓര്‍ത്തു.
അങ്ങനെ ഓണപ്പരീക്ഷ വന്നു. പതിവുതെറ്റിക്കാതെ അമ്മ പരീക്ഷ എഴുതിയിട്ടു വരുന്നതും കാത്തിരുന്നു. അതിലെ ചോദ്യങ്ങള്‍ ചോദിക്കല്‍ സ്ഥിരം ഉള്ളതാണ്. പേപ്പര്‍ കിട്ടുമ്പോള്‍ അറിയാന്‍ പോകുന്ന കാര്യം അമ്മയ്ക്ക് ഇപ്പോഴേ അറിയണം. കണക്കുപരീക്ഷ വിചാരിച്ചപോലെ ബുദ്ധിമുട്ടുണ്ടാക്കിയില്ല, ഹിന്ദിക്ക് ഉറപ്പായിട്ടും തോല്‍ക്കും. ഓണാവധി കഴിഞ്ഞാല്‍ റ്റിയൂഷന്‍ വേണ്ടിവരുമെന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞു പൊന്നുച്ചേച്ചി ഓണത്തിന് രണ്ടു ദിവസത്തേക്കു വന്നു. ഉണ്ണിച്ചേട്ടനും ചേട്ടത്തിയും വന്നില്ല, ചേട്ടന് കോളജില്‍ സെമസ്റ്റര്‍ എക്‌സാം ആണെന്ന്.
''അവര് ഇപ്രാവശ്യം ഓണത്തിനു വരാഞ്ഞത് ഒരുവിധത്തില്‍ നന്നായെന്ന് അമ്മ, പപ്പയോടു പറഞ്ഞു, കാരണം, മാലാഖമാരെ അവിടെയാണല്ലോ വച്ചിരിക്കുന്നത്.
കൂടെ ഒരു പരാതിയും.
''എന്നാണോ ഈ ഇച്ചായന്മാര്‍ ഇതൊക്കെ എടുത്തുകൊണ്ടുപോകുന്നത്?''
അമ്മയുടെ ആ പറച്ചില്‍ അത്രയ്ക്കിഷ്ടമായില്ല പിങ്ക്‌ളാങ്കിക്ക്. അവര് അവനെ ഇട്ടിട്ടു പോകുന്നത് ആലോചിക്കുമ്പോള്‍, കണ്ണുകള്‍ തനിയെ നിറയും.
പിങ്ക്‌ളാങ്കി പൊക്കം വച്ചെന്നും, വലിയ കുട്ടിയായെന്നും പൊന്നുച്ചേച്ചി പറഞ്ഞു. വന്ന ദിവസം ചേച്ചിക്ക് പിപ്പിനെ മുറിയില്‍ കയറ്റാന്‍ ഇഷ്ടമില്ലായിരുന്നു, പിന്നെ ചേച്ചിയാണ് പിറ്റേദിവസം പിപ്പിന്റെകൂടെ ഏറ്റവും കൂടുതല്‍ കളിച്ചത്.
നാളെ തിങ്കള്‍, സ്‌കൂള്‍ തുറക്കും. മിക്കവാറും എല്ലാ പരീക്ഷ പ്പേപ്പറും കിട്ടും. അമ്മയുടെ കൈയില്‍നിന്നു വഴക്കുറപ്പാണ്. ഒരാഴ്ച ടി വി കാണിക്കില്ല, അത് പതിവുശിക്ഷയാണ്. പിപ്പിന്റെ കാര്യത്തിലും അമ്മ സ്ട്രിക്ടാകും.