പിറ്റേന്നു സ്‌കൂളില്‍ എത്തിയപ്പോള്‍, വീട്ടില്‍ ചോദിച്ചിട്ടു മുടി വെട്ടാമെന്നു പറഞ്ഞവരും, തങ്ങളും മുടി വെട്ടുമെന്നു പറഞ്ഞു. അടുത്ത തിങ്കളാഴ്ച
സ്‌കൂളില്‍ എത്തുന്നതിനുമുമ്പേ എല്ലാവരും തലമുടി വെട്ടിയിട്ടു വരാം എന്നു തീരുമാനിച്ചു.
ഈ സ്‌കൂള്‍വര്‍ഷത്തെ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് ടീച്ചര്‍ പറഞ്ഞപ്പോള്‍,
സ്‌കൂള്‍കോമ്പൗണ്ടില്‍ ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കാമോ എന്ന് ഐവാന്‍.
''നല്ല നിര്‍ദേശമാണ്, പക്ഷേ, സ്‌കൂള്‍ ഇല്ലാത്ത ദിവസം ആരു ചെടികള്‍ക്കു വെള്ളമൊഴിക്കും?'' ടീച്ചര്‍ ചോദിച്ചു. സ്‌കൂളിന്റെ തൊട്ടടുത്തുള്ള, വിനീത പ്രിന്‍സിപ്പല്‍ സമ്മതിച്ചാല്‍, താനും ആ സ്‌കൂളില്‍ത്തന്നെ എട്ടില്‍ പഠിക്കുന്ന ചേച്ചിയും ചേര്‍ന്ന് വെള്ളമൊഴിക്കാമെന്ന് ഐവാന്‍ പറഞ്ഞപ്പോള്‍ , അതൊരു ആശ്വാസമായി. പ്രിന്‍സിപ്പലിന്റെ അനുവാദം, നിര്‍മ്മലറ്റീച്ചര്‍ വാങ്ങിക്കാമെന്നു വാക്കു പറഞ്ഞു.
വെണ്ട, പച്ചമുളക്, ചീര ഇവയാണ് ആദ്യമായി നടാന്‍ തീരുമാനിച്ചത്. എല്ലാറ്റിനും ടീച്ചറുടെ സഹായം ഉണ്ടാകും. അടുത്ത ബുധനാഴ്ച ഗ്രീന്‍ഡേ ആയി പ്രഖ്യാപിച്ചു.
എല്ലാ ദിവസവും സ്‌കൂളില്‍ നടക്കുന്ന കാര്യങ്ങള്‍ മാലാഖമാരെ പിങ്ക്‌ളാങ്കി ധരിപ്പിച്ചുകൊണ്ടേയിരുന്നു.
അമ്മ മുടിവെട്ടിക്കൊടുക്കാമെന്നു പറഞ്ഞിട്ട്, പപ്പാ സമ്മതിച്ചില്ല, പപ്പാ അവനെ കൂട്ടിക്കൊണ്ടുപോയി മുടി മൊട്ടയടിച്ചു.
വീട്ടില്‍ വന്നു, ചേട്ടനെയും ചേച്ചിയെയും വീഡിയോ കോള്‍ ചെയ്തപ്പോള്‍ ചേച്ചി കളിയാക്കി:
''മൊട്ടത്തലയാ, മോരുകുടിയാ, ചട്ടി എടുത്തൊരു കൊട്ടുകൊട്.''
തന്റെ മൊട്ടത്തല, പതുക്കെ തലോടിയപ്പോള്‍, ഒരു രസം തോന്നി. നാളെ സ്‌കൂളില്‍ ചെല്ലുമ്പോള്‍ എല്ലാവരും എങ്ങനെ ഉണ്ടാകും, എന്തോ?
രാവിലെ സ്‌കൂള്‍ബസില്‍ കയറിയപ്പോള്‍, അവന്റെ ക്ലാസ്സിലെ ആരും ഉണ്ടായിരുന്നില്ല. എട്ടില്‍ പഠിക്കുന്ന ഒരു ചേട്ടന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു:
''എന്താ നേര്‍ച്ചമൊട്ടയാണോ?''
''അല്ല, ചുമ്മാ.''
രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ഐവാന്റെ ക്ലാസിലെ വിനോദ് കയറി. അവന്‍ മൊട്ട അടിച്ചു തല ഒരു തൊപ്പിവച്ച് മറച്ചുവെച്ചിരുന്നു, ആ റൂട്ടില്‍ ഐവാന്റെ ക്ലാസ്സിലുള്ള ആറ് ആണ്‍കുട്ടികളും ബസില്‍ കയറി. എല്ലാവരും തലമുടി കളഞ്ഞിരുന്നു.
ക്ലാസിലെ പതിനഞ്ചു പേരും മുടി മുറിച്ചാണു വന്നത്. ക്ലാസ് തുടങ്ങി കുറച്ചുകഴിഞ്ഞാണ് അശ്വിന്‍ എത്തിയത്. അവന്‍ ആകെ ക്ഷീണിച്ചിരുന്നു. മുടി കുറച്ചു വളര്‍ന്നിട്ടുണ്ട്. അവനെ കണ്ടപ്പോള്‍ ഐവാനു വിഷമം തോന്നി, എന്നാലും അസുഖം കുറവുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷവും.
കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് അശ്വിനെ 'വെല്‍ക്കം' പറഞ്ഞു സ്വീകരിച്ചു. ആദ്യബെഞ്ചില്‍ അവന്‍ ഇരുന്നു. തന്റെ കൂട്ടുകാര്‍ എല്ലാവരും, തന്നെ പിന്താങ്ങാന്‍ മുടിയില്ലാതെ വന്നത് അവന് ആശ്ചര്യമായി.
അടുത്തിരുന്ന ആല്‍ഫിയോട് അവന്‍ ചോദിച്ചു:
''ടീച്ചര്‍ പറഞ്ഞിട്ടാണോ നിങ്ങള്‍ മുടിവെട്ടിയത്?''
''അല്ല, ഇത് ഐവാന്റെ ഐഡിയ ആയിരുന്നു, ബാക്കി എല്ലാവരും അതിന് ഓക്കേ പറഞ്ഞു.''
പിറകോട്ടുതിരിഞ്ഞ് അശ്വിന്‍ പറഞ്ഞു:
''താങ്ക്‌സ് ഐവാന്‍.''
അശ്വിന്റെ അമ്മ ക്ലാസ്സിനു പുറത്തു ടീച്ചറിനെ കാണാന്‍ കാത്തുനിന്നിരുന്നു, തന്റെ മകനെ കൂട്ടുകാര്‍ എതിരേറ്റത് അവര്‍ കണ്ടു. അവന്‍ എങ്ങനെ ക്ലാസ്സിലേക്കു വരുമെന്നവര്‍ ആശങ്കപ്പെട്ടിരുന്നു.
ഈ കുഞ്ഞുങ്ങള്‍ കരുണയുള്ളവരാണെന്ന് അവര്‍ക്കു ബോധ്യമായി.
ബെല്‍ അടിച്ചപ്പോള്‍ നിര്‍മ്മല റ്റീച്ചര്‍ അശ്വിന്റെ അമ്മയോടു സംസാരിച്ചിട്ട് അകത്തേക്കു വന്നു. ക്ലാസ്സിലെ മൊട്ടകളെ കണ്ടപ്പോള്‍ ടീച്ചര്‍ ഒന്ന് അമ്പരന്നു.
''അശ്വിനെ സ്വീകരിക്കാന്‍, തിരഞ്ഞെടുത്ത വിധംകൊള്ളാം, ഈ ക്ലാസ്സ് എന്തുകൊണ്ടും യുനീക് ആണ്. സത്യത്തില്‍ മറ്റു ക്ലാസ്സിലെ കുട്ടികള്‍ നിങ്ങളെ മാതൃകയാക്കണം.''
ഇതു ടീച്ചര്‍ പറഞ്ഞപ്പോള്‍ ഐവാന്‍ പിറകോട്ടു തിരിഞ്ഞു വിശാലിനെ നോക്കിയിട്ട്, തള്ളവിരല്‍ ഉയര്‍ത്തിക്കാട്ടി.
ക്ലാസ്സില്‍ ആരുംതന്നെ അശ്വിനോട് അവന്റെ അസുഖത്തിന്റെ കാര്യം സംസാരിച്ചില്ല.
സ്‌കൂള്‍ വിട്ടു വൈകുന്നേരം വീട്ടില്‍ ചെന്നപ്പോള്‍, അമ്മയോട് അവന്‍ ക്ലാസ്സിലെ കാര്യങ്ങളൊക്കെ പറഞ്ഞുകേള്‍പ്പിച്ചു. പിന്നെ പതിവുപോലെ, പിപ്പിനുമായി കളിച്ചു. അവനോടും കഥകള്‍ പങ്കുവച്ചു.
അമ്മയുടെ കണ്ണുവെട്ടിച്ച്, മാലാഖമാരെ കാണാന്‍ പോയി, അശ്വിന്‍ തിരികെ ക്ലാസ്സില്‍ വന്ന വിവരം പറഞ്ഞു.
ടീച്ചര്‍ തന്റെ ക്ലാസ്സിലെ കുട്ടികള്‍, നല്ല മക്കളാണെന്നു പറഞ്ഞെന്നും അവരെ ധരിപ്പിച്ചു.
''നിന്റെ കൂട്ടുകാരല്ലേ അവര്‍, അപ്പോള്‍ തീര്‍ച്ചയായും അവരും നല്ല കുട്ടികളായിരിക്കും.'' അതു പറഞ്ഞത് മിഖായേല്‍മാലാഖയാണ്. തന്റെ ക്ലാസ്സിലെ കുട്ടികള്‍ ചെറിയ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്ന കാര്യവും അവരോടു പങ്കുവച്ചു. താഴേക്കു വന്നപ്പോള്‍ അമ്മ ഫോണില്‍ സംസാരിക്കുന്നതു കേട്ടു.
പള്ളി പണിതു കഴിഞ്ഞു എന്നു മനസ്സിലായി.
അമ്മ ഐവാനോടായി പറഞ്ഞു:
''അങ്ങനെ ആ പള്ളിപണി കഴിഞ്ഞു, വെഞ്ചരിപ്പിന്റെ ദിവസം അവര്‍ ഉടനെ പറയും. എത്ര ദിവസമായി ആ രൂപങ്ങള്‍ ഇവിടെ ഇരിക്കുന്നു, അടുത്ത മാസം ഉണ്ണി വരും, അവന്റെ മുറി എത്ര നാളായി അടച്ചുപൂട്ടിയിട്ടിരിക്കുന്നു. രൂപങ്ങള്‍ എടുത്തുകൊണ്ടു പോയിട്ടു വേണം അതൊന്നു വൃത്തിയാക്കാന്‍.''
''മാലാഖമാര്‍ പോകും ഇല്ലേ?''
''പിന്നെ പോകാതെ, ഇതു കൊടുത്തിട്ടു വേണം അച്ചായന്മാര്‍ക്ക്, ബാക്കി പൈസാ വാങ്ങിക്കാന്‍. നല്ല, ഭംഗിയുള്ള രൂപങ്ങള്‍ അല്ലേ! അതു പള്ളിയില്‍ ഇരിക്കുന്നതു കാണാന്‍ നല്ല രസമായിരിക്കും!''
ഐവാന് കണ്ണുനീരടക്കാന്‍ സാധിച്ചില്ല, അമ്മ കാണാതെ അവന്‍ കണ്ണു തുടച്ചു, എന്നാലും അമ്മയ്ക്കു മനസ്സിലായി അവന് എന്തോ ഒരു വിഷമം ആണെന്ന്.
''രൂപങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതിനു നീ എന്തിനാ വിഷമിക്കുന്നത്?''
''അറിയില്ല...''
''ഈയിടെയായി, നീ കുറച്ചു കൂടുതല്‍ സെന്റിമെന്റല്‍ ആകുന്നുണ്ട് കേട്ടോ.''
അതിന് ഉത്തരം പറയാതെ, പിങ്ക്‌ളാങ്കി കട്ടിലില്‍ കമിഴ്ന്നു കിടന്നു കരയാന്‍തുടങ്ങി. കരയുന്ന പിങ്ക്‌ളാങ്കിയെ ആശ്വസിപ്പിക്കാന്‍ എന്നപോലെ, പിപ്പിന്‍ മെല്ലെ അവനോടു ചേര്‍ന്ന് കട്ടിലില്‍ കിടന്നു.
ആശയുടെ ആങ്ങളമാര്‍, പിന്നെ അതിനെക്കുറിച്ചൊന്നും സംസാരിച്ചില്ല, മഴക്കാലം കഴിഞ്ഞേ പള്ളിവെഞ്ചരിപ്പ് നടക്കൂ എന്ന് അമ്മ സിസിലിയാന്റിയോടു പറയുന്നത് കേട്ടു. എന്നാണോ ഈ മഴക്കാലം കഴിയുന്നത്?
അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി ആര്‍ത്തലച്ച മഴയോടെ കര്‍ക്കടകം കടന്നുവന്നു, മഴക്കാലത്തു പിപ്പിന്‍ വീടിനുള്ളില്‍ ത്തന്നെയായി താമസം, പതുക്കെ പ്പതുക്കെ ആശയുടെ ഹൃദയവും അവന്‍ കവര്‍ന്നു. പപ്പാ കടയിലും, പിങ്ക്‌ളാങ്കി സ്‌കൂളിലും പോയാല്‍ അവര്‍ രണ്ടുപേരും മാത്രമാണ് വീട്ടില്‍. താന്‍ പകലെല്ലാം തന്നെയല്ല എന്ന തോന്നല്‍ ആശയ്ക്കും വന്നുതുടങ്ങി.
(തുടരും)