•  3 Jul 2025
  •  ദീപം 58
  •  നാളം 17
പ്രതിഭ

ശാന്തമാകൂ... കാതോര്‍ക്കൂ...

    മൂല്യമായ ജീവനെ തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാത്തുപോന്ന തലമുറ പഴങ്കഥയാകുകയാണോ? എവിടെയാണ് നമ്മുടെ പ്ലാനും പദ്ധതിയും വഴിമാറിപ്പോയത്?
   ഇന്ന് എല്ലാറ്റിന്റെയും ''ഡ്രൈവിങ് സീറ്റില്‍'' ഇന്റലിജെന്‍സും പണവും വന്നുപെട്ടിരിക്കുന്നുവെന്നു പൊതുവില്‍ സംസാരമുണ്ടെങ്കിലും നാമതൊന്നും വിലയിട്ടു വിലയിരുത്താറില്ല. ഒന്നാമതെത്തുക, ധനാഢ്യനാകുക എന്നതൊക്കെ നമ്മുടെ കുട്ടികളുടെ മുഖ്യ അജണ്ടയാകുന്നുണ്ടോയെന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും.
    ദൈവഭയം ബുദ്ധിശക്തിയുടെ ആരംഭമാണെന്നുള്ളത് ഇന്ന് സിലബസിനു പുറത്തായിരിക്കുകയാണ്. പഠനത്തിന്റെ ലക്ഷ്യം ഗ്രേഡും പോയിന്റും തൊഴിലും മാത്രമാണിന്ന്. പ്ലേസ്‌കൂള്‍ മുതല്‍ തുടങ്ങുന്ന സിലബസും കരിക്കുലവും പുസ്തകഭാരവും ഇടംവലം അറിയാതുള്ള സ്‌കൂള്‍ബസ് യാത്രയും നന്മയുടെ സഞ്ചാരപഥത്തിലാകേണ്ടതല്ലേ? മക്കളുടെ ബാല്യം ഇന്നു ബാല്യമാണോ? കളിയും ചിരിയും തുറന്ന സംസാരവും എവിടെ? സര്‍ഗശേഷിയുടെ കാര്യക്ഷമമായ നിരീക്ഷണവും പ്രോത്സാഹനവും എവിടെ? അക്കാദമിക് എക്‌സലെന്‍സിലേക്ക് 'തല്ലിപ്പഴുപ്പിക്കുന്ന' സിദ്ധാന്തങ്ങളാണെവിടെയും.
   പ്ലേസ്‌കൂളിലേക്കുള്ള പ്രവേശനത്തിനുപോലും ഇന്റര്‍വ്യൂ ഉണ്ടത്രേ! ഈ മക്കളുടെ അകം നമുക്കു വായിക്കാനാവാത്തത് എന്ത്? ചുറ്റുമുള്ളതിനെയെല്ലാം പാഠങ്ങളാക്കി ഉല്ലാസഭരിതരായി ബാല്യം ജീവിച്ചുതീര്‍ക്കേണ്ടിടത്ത് ഇല്ലാത്ത പാഠങ്ങളും വല്ലാത്ത സംവിധാനങ്ങളും കുട്ടികളെ വീര്‍പ്പുമുട്ടിക്കുന്നു. പരിസ്ഥിതിയോ പരിതഃസ്ഥിതിയോ മനസ്സിലാക്കാന്‍ അനുവദിക്കാത്ത പഠനമുറിയും പാഠങ്ങളും! മക്കളുടെ ജീവിതം ബാല്യംമുതല്‍ സമ്മര്‍ദ്ദത്തിലാണ്. പഠിക്കണം ജയിക്കണം; ഉന്നതശമ്പളമുള്ള തൊഴില്‍ നേടണം. ഇതിനായി വയറെരിഞ്ഞും മുണ്ടുമുറുക്കിയും മാതാപിതാക്കള്‍ കഠിനപ്രയത്‌നത്തിലാണ്.
എങ്ങനെ ജീവിക്കണം, സമൂഹത്തില്‍ എങ്ങനെ പെരുമാറണം, സൗഹൃദങ്ങള്‍ എങ്ങനെ കെട്ടിപ്പടുക്കണം, ഉറ്റവരെയും ഉടയവരെയും അയല്‍ക്കാരെയും ബന്ധുജനങ്ങളെയും തിരിച്ചറിഞ്ഞ് തന്മയീഭാവത്തോടെ എങ്ങനെ ജീവിക്കണം എന്നൊക്കെ പഠനമുറിയില്‍ വര്‍ത്തമാനമാകാറുണ്ടോ? മാതാപിതാക്കളുടെ ശീലുകളെയെല്ലാം തകിടം മറിക്കുന്ന അന്യഭാഷാപഠനരീതി നാം ജീവിക്കുന്ന ചുറ്റുപാടുകളെ തിരിച്ചറിയാതെ പോകുന്നതിലേക്കും വഴി നയിക്കുന്നു. മലയാളം പാഠത്തിനു പുറത്തായിരിക്കുന്നു. 
   പണം നല്ല സേവകനാണെങ്കിലും ഒരു നല്ല യജമാനനല്ലെന്നാണ് പറയുക; ഇന്ന് യുവതലമുറയുടെ തേരോട്ടം ഏതു വിധേനയും ധനസമ്പാദനവും സുഖലോലുപതയും ലക്ഷ്യമാക്കി മാറുന്നതുപോലെ! പഴയകാലത്ത് മക്കളൊക്കെ ഒരു മുഖ്യധാരാവിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമായിരുന്നു. സുകൃതിയും കുസൃതിയും ഒന്നിച്ചു കളിച്ചുവളര്‍ന്നിരുന്നിടത്ത് ഇന്ന് പലവിധ തരംതിരിവ് പ്രാഥമികവിദ്യാഭ്യാസത്തില്‍പ്പോലും വന്നുപെട്ടതിനാല്‍ ഓരോരുത്തരും 'എന്റെ ലോകം' രൂപപ്പെടുത്തിയാണ് സമൂഹത്തിലേക്കു കടന്നുവരുന്നത്. 
ഹൃദയതുറവോടെ ചിരിച്ചു കളിച്ചു വളരാതെ, പഠനം ജീവിതമാക്കിയ മക്കള്‍ പുറത്തിറങ്ങുമ്പോള്‍ അമിതസ്വാതന്ത്ര്യത്തിന്റെ കെണിയിലാകുന്നു; വിനോദസഞ്ചാരകേന്ദ്രങ്ങളൊക്കെ വിനോദങ്ങളെക്കാള്‍ ആധുനികതയുടെ പലവിധ വിപണികളായി മാറുന്നു. 
കുട്ടികളെ മാന്യന്മാരാക്കുന്ന വിദ്യാഭ്യാസചിന്തകളേക്കാള്‍ ആവശ്യം മനുഷ്യരാക്കുന്ന ചിന്തകളാണ്. ഒരേ മത്സരത്തില്‍ പങ്കെടുത്തു പരാജിതരാകാതെ സ്വയം മത്സരയിനം കണ്ടെത്തുന്ന ത്രില്‍ കുട്ടികള്‍ രൂപപ്പെടുത്തട്ടെ. ജീവന്‍ വെടിഞ്ഞുള്ള ഒരു കാര്യത്തിനും മക്കളിടപെടാനിടയാകരുത്. ആത്മവിശ്വാസവും ആത്മാര്‍ഥതയും ആത്മസംതൃപ്തിയും ഹൃദയാനന്ദമെന്ന ദൈവികസന്തോഷാവസ്ഥയിലേക്കെത്തുന്നതിന് നാളെയുടെ തലമുറ പരുവപ്പെടണം. ലഹരിയുപയോഗത്തില്‍നിന്നു തലമുറ മാറിനടക്കണം; നന്മയുള്ളവരാകണം, നല്ലതു പ്രവര്‍ത്തിക്കണം. കൂട്ടും കൂട്ടായ്മയും വിശാലമായ സൗഹൃദങ്ങളും രൂപപ്പെടുത്തണം. ചങ്ങാതി നന്നായാല്‍ കണ്ണാടിവേണ്ടെന്നു പഴമക്കാര്‍ പറഞ്ഞത് വെറുംവാക്കല്ല.
    വീട്ടിലും വിദ്യാലയത്തിലും നമ്മുടെ മക്കളെ ഹൃദയപൂര്‍വം തിരിച്ചറിഞ്ഞ് പരിചരിക്കാനും പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും തിരുത്താനുമാകണം. മക്കളുടെ മേഖലകള്‍ മുതിര്‍ന്നവര്‍ അറിയണം; കൂട്ടും കൂട്ടുകാരും ആരെന്നറിയണം. സത്യം സത്യമെന്നും തിന്മ തിന്മയെന്നും വിവേചിച്ചറിയാനുള്ള കഴിവാണ് ബുദ്ധിശക്തിയുടെ അടയാളം; ഇതുതന്നെയാണ് തലമുറകള്‍ക്കാവശ്യവും. നീക്കുപോക്കുകളല്ല, നിലപാടുകളാണ് നമ്മുടെ വ്യക്തിത്വത്തിന്റെ കാതല്‍. നല്ല നാളേക്ക് നല്ല വായനയെന്നത് മക്കളെ പഠിപ്പിക്കണം. മഹാത്മാക്കളെക്കുറിച്ചുള്ള പഠനവും വായനയും ശക്തിപ്പെടുത്തണം; ചഞ്ചലപ്പെടാത്ത മനഃസാക്ഷി ബലപ്പെടുത്തണം. 
    മലയാളി മലയാളത്തിനു പുറത്തായിരിക്കുന്നു. എഴുത്തിലും വായനയിലും ഭക്ഷണക്രമത്തിലും വസ്ത്രധാരണത്തിലും ജീവിതരീതികളിലും സൗഹൃദങ്ങളിലുമൊക്കെ മലയാളി വിദേശി ആയിരിക്കുന്നു; ഒപ്പം നാം പഠിക്കുന്നതും പഠിച്ച് തുടര്‍ജീവിതത്തിലേക്ക് എത്തിപ്പെടുന്നതും അന്യനാട്ടിലാണെന്ന ധാരണ ജനനം മുതല്‍ മക്കളുടെ കാതിലോതുന്നു. ഇന്നത്തെ സിദ്ധാന്തം മലയാളിയുടെ ജനിതകനന്മകളെയെല്ലാം തകിടം മറിച്ചിരിക്കുന്നു; ആത്മജ്ഞാനം വികലമായിരിക്കുന്നു. ജന്മനാടിനെ മറക്കുവാന്‍ പ്രേരിപ്പിക്കുന്ന തൊഴിലധിഷ്ഠിത പഠനവഴികള്‍ മലയാളിയുടെ മനസ്സിനെ സമ്മര്‍ദത്തിലാക്കുന്നു.
   ജനാലകളും വാതിലുകളും ഇല്ലാത്ത വീടുകളില്‍ കാറ്റോട്ടം കുറയും. ബാഹ്യബന്ധങ്ങളും കുറയും. വീട്ടിലുള്ളവര്‍ക്കു ശ്വാസം മുട്ടും. ജീവിതമാകെ സമ്മര്‍ദത്തിലാകും! സമ്മര്‍ദത്തിനൊടുവില്‍ വാതിലുകള്‍ തുറന്നാലും അന്ധാളിപ്പ് മാറില്ല; എന്തു ചെയ്യണമെന്നറിയാതെ 'ദിക്കുമുട്ടും.' ഈ ടെന്‍ഷനില്‍ ഒരു ഷെയറിങ് പെയര്‍ ഇല്ലാതെ പോകുന്ന കാലമാണിന്ന്. ഒരു തുറന്നുപറച്ചിലിന് ഇടമില്ലത്രേ! തുറക്കാതിരുന്നാല്‍ 'അഗ്നിപര്‍വതം രൂപപ്പെടും... എന്നു പൊട്ടും... എങ്ങനെ പൊട്ടും... എന്തെല്ലാം നാശമുണ്ടാക്കും എന്നൊന്നും പ്രവചിക്കാനാകില്ലല്ലോ. ഇതൊക്കെയാണ് ഇന്നിന്റെ പ്രശ്‌നവും. 
   ഇതു ജയിക്കാന്‍ മാത്രമുള്ള മത്സരങ്ങളുടെ കാലമാണ്. വേദിക്കുതാഴെ കൈയടിക്കാന്‍ ആളില്ലാത്ത കാലം; എല്ലാവരും വിജയികളാണത്രേ; ഒപ്പം എല്ലാവരും സമ്മാനിതരുമാണ്. എല്ലാവരും ഒരേ തൂവല്‍പ്പക്ഷികളാകാന്‍ മത്സരിക്കുന്നു. തൊഴില്‍ പ്രശ്‌നമാകുന്നു. 
ഇങ്ങനെയാണ് മലയാളിയുടെ തൊഴിലിടങ്ങളില്‍ അതിഥികള്‍ ചുവടുറപ്പിച്ചത്. നമ്മുടെ പഠനവഴികളില്‍ നമ്മിലേക്കു ലയിച്ചുചേര്‍ന്ന ഒന്നാണ് 'ഞാന്‍ മോശക്കാരനല്ല, ഒട്ടും മോശക്കാരനല്ല'യെന്നുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ ഈഗോ അത്ര ചെറുതല്ല. ഈഗോ മാറണമെങ്കില്‍ മറുനാടന്‍മരുന്നു മാത്രമാണ് പരിഹാരമെന്നു നമുക്കറിയാം. ജോലിയെന്തായാലും കൂലി കേമമാകണമെന്നു മാത്രമാണ് നമ്മുടെ ചിന്ത. നമ്മെ തിരിച്ചറിയാന്‍ നാം മാത്രല്ലേ മറുനാട്ടിലുള്ളൂ. അതുകൊണ്ട് രാപകല്‍ തൊഴിലെടുത്തു ജീവിക്കും. അത്രതന്നെ.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)