•  9 Sep 2021
  •  ദീപം 54
  •  നാളം 23
പ്രതിഭ

കൊളുത്തണം, വരുംതലമുറയ്ക്കായി ഒരു ദീപമെങ്കിലും

   ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതിഭയങ്കരമായ നിമിഷത്തെക്കുറിച്ചോര്‍ത്ത് ഞാനെന്നും നടുങ്ങിയിരുന്നു: ഒരു തെളിവു കാണിച്ചുതരൂ, ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിനു മണിക്കൂറുകള്‍ക്കിടയില്‍, സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും സുഖങ്ങള്‍ക്കായല്ലാതെ, വരുംതലമുറയ്ക്കായി നീ കൊളുത്തിവച്ച ഏതെങ്കിലും ഒരു വെളിച്ചത്തിനുള്ള ഒരു തെളിവ്?
സുഭാഷ് ചന്ദ്രന്റെ  മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍നിന്ന്.
   അഡോള്‍ഫ് ഹിറ്റ്‌ലറുടെ കുപ്രസിദ്ധമായ ഓഷ്വിറ്റ്‌സ് ക്യാമ്പിലെ നരകയാതനകളെ അതിജീവിച്ച വ്യക്തിയായിരുന്നു എഡ്ഡി ജാകു. 2021 ഒക്ടോബറില്‍ 101-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ജാകു തന്റെ അവസാനകാലത്ത് എഴുതിയ പുസ്തകമാണ് '"The Happiest Man on Earth.' കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ നടുക്കുന്ന പീഡനങ്ങളുടെ  ഓര്‍മകള്‍ക്കിടയിലും ജാകു ഇങ്ങനെ ഒരു വരി കുറിക്കുന്നുണ്ട്: ''ഒന്നുമാത്രം ഓര്‍ക്കുക,  നിങ്ങള്‍ ജീവിച്ചിരിപ്പുണ്ട്. അക്കാര്യത്തില്‍ നമ്മളെല്ലാം ഭാഗ്യവാന്മാരാണ്.'' ജീവിച്ചിരിക്കുക എന്നത്,  ഈ ഭൂമിയില്‍ ഒരു രാത്രികൂടി സമാധാനമായി ഉറങ്ങി,  പുലരിയിലൊരു പുഞ്ചിരിയോടെ എഴുന്നേല്‍ക്കാനാവുക എന്നത് നിസ്സാരമായ ഒരനുഗ്രഹമല്ല; പലപ്പോഴും അതു നാം മനസ്സിലാക്കാറില്ലെങ്കിലും.
   ജീവിതത്തില്‍ ഒരുപാട് സമയം  മുന്നിലുണ്ട് എന്നതാണ് പലപ്പോഴും നാം വച്ചുപുലര്‍ത്തുന്ന വലിയൊരു തെറ്റുധാരണ. വരുമോ എന്നുറപ്പില്ലാത്ത നാളയെ പ്രതീക്ഷിച്ച് നാം ഈ ദിനംകൂടി അലസമായി കഴിയാമെന്നു നിശ്ചയിക്കുന്നു. 'ഒഴികഴിവുകളുടെ പച്ചവിറകിന്‍മേല്‍/ നമ്മുടെ ജന്മദീര്‍ഘമായ ശവദാഹം' എന്നെഴുതുന്നുണ്ട് കെ ജി ശങ്കരപ്പിള്ള.
ഒഴികഴിവുകളില്‍ നാം നമ്മുടെ ആഗ്രഹങ്ങളെ അടക്കം ചെയ്യുന്നു. നിരാശയുടെ കരിമ്പടംകൊണ്ടു വലിയ സ്വപ്നങ്ങളുടെ മുഖം മറയ്ക്കുന്നു.
എത്തിച്ചേരാന്‍ ഒരു ലക്ഷ്യമില്ലാതാകുമ്പോള്‍, നേടിയെടുക്കാന്‍ ഒരു സ്വപ്നമില്ലാതാകുമ്പോള്‍ നൈമിഷികസുഖങ്ങളിലേക്ക്, വലിയ തിന്മകളിലേക്ക് ഒക്കെയും നമ്മള്‍ പെട്ടുപോകും. When a person can't find a deep sense of meaning, they distract themselves with pleasure’ എന്നെഴുതുന്നുണ്ട് വിക്ടര്‍ ഫ്രാങ്കിള്‍. (Viktor Frankl) ലഹരിമരുന്നു മുതല്‍ ഇന്റര്‍നെറ്റ് അഡിക്ഷന്‍ വരെയുള്ള നിരവധിയായ നൈമിഷികസുഖങ്ങളില്‍ നമ്മള്‍ കുരുങ്ങിപ്പോകുന്നത് ജീവിക്കുന്ന ജീവിതത്തിന്  അര്‍ഥം കണ്ടെത്താന്‍ സാധിക്കാതെ വരുമ്പോഴാണ്.
    മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്‌നേഹിതരുടെയും ഉള്‍പ്പെടെ എത്രയോ പേരുടെ അധ്വാനത്തിലും പ്രാര്‍ഥനയിലും പടുത്തുയര്‍ത്തപ്പെട്ടതാണ് നാമോരോരുത്തരുടെയും ജീവിതം. അവരുടെ വിയര്‍പ്പുതുള്ളികളോടു കൃതജ്ഞതയുള്ളവരായിരിക്കാന്‍ നമുക്കു കടമയുണ്ട്. 'സ്‌നേഹമാണ് നിങ്ങള്‍ക്കും എല്ലാറ്റിനും ഇടയിലുള്ള പാലം'  എന്നു പറഞ്ഞത് റൂമിയാണ്. നിങ്ങളുടെ വഴികളില്‍ വെളിച്ചമായവരോട്, വീഴാനാഞ്ഞപ്പോള്‍ കൈത്താങ്ങായവരോട് നിങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ സ്‌നേഹമുണ്ടെങ്കില്‍ ഒരു ലഹരിക്കും നിങ്ങളെ അടിമയാക്കാനാവില്ല. സ്‌നേഹത്തോളം വീര്യമുള്ള മറ്റൊരു ലഹരിയുമില്ല  ഭൂമിയില്‍.
   ഒന്നു ചിന്തിക്കൂ, എത്ര മനോഹരമാണ് നാം ജീവിക്കുന്ന ഈ പ്രപഞ്ചം! ചുറ്റും എത്രയോ മനുഷ്യരുണ്ട്,  സ്‌നേഹസൗഹൃദങ്ങളുടെ സപ്തവര്‍ണങ്ങള്‍ പങ്കിടാന്‍. എത്രയോ ഇടങ്ങളുണ്ട് നമുക്കു യാത്ര ചെയ്യാന്‍, എത്രയോ പുസ്തകങ്ങളുണ്ട് അറിവിന്റെയും അനുഭൂതിയുടെയും അതുല്യലോകം പകരാന്‍.
   എത്ര കാഴ്ചകള്‍, വര്‍ണങ്ങള്‍, രുചികള്‍... അതൊക്കെയും അനുഭവിക്കാതെ ആസ്വദിക്കാതെ ജീവിതം ജീവിച്ചുതീര്‍ക്കുന്നതില്‍ എന്തര്‍ഥം! അലെഫ് എന്ന നോവലിലൂടെ പൗലോ കൊയ്‌ലോ ഇപ്രകാരം എഴുതുന്നു: ''ജീവിക്കുക എന്നാല്‍ പലതും അനുഭവിക്കുക എന്നാണര്‍ഥം. അല്ലാതെ, വെറുതെ എവിടെയെങ്കിലും കുത്തിയിരുന്ന് ജീവിതത്തിന്റെ അര്‍ഥത്തെക്കുറിച്ച് ആലോചിക്കുകയല്ല.''
ജീവിച്ചുതന്നെയാണ് നാം ജീവിതത്തിന്റെ അര്‍ഥം കണ്ടെത്തേണ്ടത്. എന്നാല്‍, ജീവിക്കാന്‍ തെരഞ്ഞെടുക്കുന്ന വഴി വിവേകപൂര്‍വമായിരിക്കണമെന്നുമാത്രം. നരകപാതയില്‍ നടന്നിട്ട് സ്വര്‍ഗസൗഭാഗ്യങ്ങള്‍ തേടുന്നതില്‍ അര്‍ഥമില്ല.
   അര്‍ഥപൂര്‍ണമായ ഒരു ജീവിതം നയിക്കാന്‍ ഏറ്റവും അനിവാര്യമായി വേണ്ട ഒന്ന് Commitment അഥവാ പ്രതിബദ്ധതയാണ്. സമൂഹത്തോട്, സ്വഭവനത്തോട്, എല്ലാറ്റിനും ഉപരിയായി അവനവനോട് (അവളവളോടും) ഉള്ള പ്രതിബദ്ധത. സുപ്രസിദ്ധ അമേരിക്കന്‍ ബ്ലോഗര്‍ ആയ മാര്‍ക്ക് മാന്‍സണ്‍ ഇപ്രകാരം എഴുതുന്നുണ്ട്: 'പ്രതിബദ്ധത നിങ്ങള്‍ക്കു സ്വാതന്ത്ര്യം തരുന്നു. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ അപ്രധാനവും ബാലിശവുമായ കാര്യങ്ങളില്‍ പെട്ടുപോവില്ല. പ്രതിബദ്ധത നിങ്ങളുടെ ജാഗ്രതയെയും ശ്രദ്ധാകേന്ദ്രീകരണത്തെയും പ്രബലപ്പെടുത്തുന്നു. അത് തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയെ എളുപ്പമുള്ളതാക്കുന്നു. എന്തെങ്കിലും നഷ്ടപ്പെടും എന്നുള്ള ഭീതിയെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു.''
അചഞ്ചലമായ പ്രതിബദ്ധതയാണ് അസൂയാവഹമായ വിജയങ്ങളിലേക്കു നിങ്ങളെ നയിക്കുന്നത്. നിങ്ങളുടെ വിജയം നിങ്ങളുടെ മാത്രം വിജയമല്ല, അതു നിങ്ങളുടെ പിന്നാലെ വരുന്നവര്‍ക്ക്,  വരുംതലമുറകള്‍ക്ക് ഒക്കെയുമുള്ള പ്രചോദനവും മാതൃകയുംകൂടിയാണ്.
നിങ്ങളില്‍ അദമ്യമായ ആഗ്രഹമുണ്ടെങ്കില്‍, ഉള്ളിലെ പ്രതിഭയുടെ കനലിനെ തെളിച്ചെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ ബഹുമുഖപ്രതിഭയാകാന്‍ നിങ്ങള്‍ക്കു കഴിയും. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് രവീന്ദ്രനാഥടാഗോറിന്റെ ജീവിതം. കഥയും കവിതയും നോവലും എല്ലാം എഴുതി സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം വരെ സ്വന്തമാക്കിയ ടാഗോറിന് ചെറുപ്പംമുതല്‍ ചിത്രകലയോടും ഏറെ താത്പര്യമുണ്ടായിരുന്നു. എന്നാല്‍, യൗവനകാലത്ത് ചിത്രകലയില്‍ അധികസമയം ചെലവഴിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാല്‍, ഓരോ ദിനവും സ്വയം വെല്ലുവിളിച്ച് പുതിയ പാടവങ്ങള്‍ സ്വന്തമാക്കിയിരുന്ന അദ്ദേഹം 67-ാം വയസ്സില്‍ തന്റെ ആദ്യ പെയ്ന്റിംഗ് പൂര്‍ത്തിയാക്കി. 
പിന്നീട്, പാരീസിലും റഷ്യയിലുംവരെ ചിത്രകലാസ്വാദകര്‍ അദ്ഭുതത്തോടെ നോക്കിനില്‍ക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ ജീവിതത്തിന്റെ സായംസന്ധ്യയില്‍ അദ്ദേഹം സൃഷ്ടിച്ചു.
ജീവിതമായിരുന്നു അദ്ദേഹത്തിന്റെ ലഹരി. കലയും സാഹിത്യവുമായിരുന്നു അദ്ദേഹത്തിന്റെ പാഷന്‍.
'വഴി നടക്കുന്നവനേ/  വഴിയെന്നൊന്നില്ല/ നടന്നുവേണം/  വഴിയാവാന്‍' എന്ന് അന്റോണിയോ മച്ചാഡോ. എപ്പോഴും ആള്‍ക്കൂട്ടത്തിനു പിന്നാലെതന്നെ പോകണമെന്നില്ല. സ്വപ്നങ്ങളുടെ വഴിയില്‍ ഏകാകിയായാലും ലക്ഷ്യത്തിലെത്തുംവരെ യാത്ര അവസാനിപ്പിക്കരുത്.
വജ്രമാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ വെള്ളിയിലോ വെങ്കലത്തിലോ തൃപ്തരാകരുത്. തണുത്ത കാലഘട്ടത്തിന്റെ അലസമൗഢ്യത്തില്‍ പുതച്ചു മൂടി ഉറങ്ങാന്‍ ജീവിതത്തെക്കുറിച്ചു സ്വപ്നങ്ങളുള്ളവര്‍ക്കു കഴിയില്ല.
"We grow great by dreams. All big men are dreamers'  എന്നു വുഡ്രോ വില്‍സണ്‍.
'നാം ഉത്കൃഷ്ടവിചാരങ്ങളും ഉന്നതാദര്‍ശങ്ങളുംകൊണ്ട് ബുദ്ധി നിറയ്ക്കുക. അപ്പോള്‍ നമ്മില്‍നിന്നു മഹാകര്‍മങ്ങള്‍ ഉദ്ഭവിക്കും'  എന്നു സ്വാമി വിവേകാനന്ദനും ഓര്‍മിപ്പിക്കുന്നു. 'ഞാനെന്ന ഭാവം എത്രത്തോളം കുറയുന്നോ,  അത്രത്തോളം ഈശ്വരന്‍ എന്ന ഭാവം നമ്മില്‍ വര്‍ധിക്കും'  എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
റോബിന്‍ ശര്‍മ അദ്ദേഹത്തിന്റെ വിഖ്യാതമായ The Monk who Sold his Ferrari  എന്ന ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്ന ആശയവും സുപ്രധാനമാണ്. റോബിന്‍ ഇങ്ങനെ എഴുതുന്നു: 'ലോകത്തെ ഏറ്റവും ആഹ്ലാദവും ഊര്‍ജസ്വലതയും സംതൃപ്തിയും ഉള്ളവര്‍ നമ്മില്‍നിന്ന് അശേഷം വ്യത്യസ്തരല്ല. അസ്ഥിയും മാംസവുംതന്നെയാണ് എല്ലാവരും. ഒരേ പ്രാപഞ്ചിക ഉറവിടത്തില്‍നിന്നും വന്നെത്തിയവര്‍. എങ്കിലും വെറുതെ നിലനിന്നുപോരുകമാത്രമല്ലാത്തവര്‍. സാധാരണ ജീവിതത്തില്‍നിന്നു വ്യത്യസ്തമായി അവര്‍ പലതും ചെയ്യുന്നു. മനുഷ്യശേഷിയുടെ നാളങ്ങളെ ഊതിത്തെളിക്കുന്നു. അവരെന്നും വ്യത്യസ്തമായി ചിന്തിക്കുന്നു. പുതുമയെ സ്വീകരിക്കുന്നു. സാഹസങ്ങള്‍ ഏറ്റെടുക്കുന്നു. അവര്‍ക്ക് ഈ ലോകത്തെ മാറ്റിമറിക്കാനാവും.'' ജീവിതം മഹത്തായ ഒരനുഗ്രഹമാണെന്നു തിരിച്ചറിയാന്‍, ആ തിരിച്ചറിവില്‍  അര്‍ഥപൂര്‍ണമായി ജീവിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ.
എത്ര വളര്‍ന്നാലും / മണ്ണില്‍ തൊട്ടുതന്നെ നില്‍ക്കുക./ ആകാശത്തേക്കു കൈകള്‍ നീട്ടി/ നക്ഷത്രങ്ങള്‍ പറിച്ചെടുത്ത്/ഭൂമിയിലെ ഇരുളില്‍ വിതറുക... എന്ന് പി കെ പാറക്കടവിന്റെ കവിത.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)