- സീറോ മലബാര്‍സഭയില്‍ സിനഡുതീരുമാനപ്രകാരം നടപ്പാക്കുന്ന നവീകരിച്ച ഏകീകൃതകുര്‍ബാനക്രമം സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച ഇടയലേഖനത്തില്‍നിന്ന്:
1934 മുതല്‍ നമ്മുടെ സഭ ആരാധനക്രമ നവീകരണത്തിന്റെ പാതയിലായിരുന്നു. 1986 ല്‍ പുനരുദ്ധരിക്കപ്പെട്ട റാസക്രമം നിലവില്‍ വന്നതോടെ സഭയുടെ പൈതൃകങ്ങളുടെയും തനിമയുടെയും അടിസ്ഥാനത്തില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ സ്വീകരിക്കാന്‍ സഹായകമായ ആഴമേറിയ പഠനങ്ങള്‍ ആരംഭിച്ചു. അതിന്റെ ഫലമായി വിവിധ കൂദാശകളുടെ കര്‍മക്രമങ്ങളും തിരുപ്പട്ടകൂദാശക്രമവും മറ്റ് ആരാധനക്രമകര്‍മങ്ങളും ഏകീകൃതരൂപത്തിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍, വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി ഏകീകൃതരൂപത്തിലാക്കാന്‍ നാം നടത്തിയ പരിശ്രമങ്ങള്‍ പല കാരണങ്ങളാല്‍ പൂര്‍ണഫലപ്രാപ്തിയിലെത്തിയില്ല. 1999 ലെ സിനഡ് ഇതിനായി ഒരു ഏകീകൃതരൂപം നല്‍കിയെങ്കിലും അത് എല്ലാ രൂപതകളിലും നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല. എങ്കിലും വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതിയിലെ ഐക്യത്തിനായി സഭയുടെ തലത്തില്‍ നിരന്തരം ആവശ്യമുയര്‍ന്നുകൊണ്ടിരുന്നു. സഭാമക്കള്‍ അതിനായി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ഈ കാലഘട്ടത്തില്‍ നടന്ന എല്ലാ സഭാ അസംബ്ലികളിലും വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയിലെ ഏകീകരണത്തിനായി എല്ലാവരും ഒരേ സ്വരത്തില്‍ വാദിച്ചിരുന്നു. മെത്രാന്മാരുടെ സിനഡല്‍സമ്മേളനങ്ങളും അര്‍പ്പണരീതിയിലെ ഏകീകരണത്തിനായി പരിശ്രമിച്ചുകൊണ്ടിരുന്നു.
2019 ഓഗസ്റ്റിലെ സിനഡ് സമ്മേളനത്തിനിടയില്‍ മെത്രാന്മാരോടൊപ്പം രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ ഒരുമിച്ചുകൂടിയപ്പോള്‍ അവരും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ ഏകീകരണത്തിനായി ശക്തമായി ആവശ്യപ്പെട്ടു. 2020 ഓഗസ്റ്റിലെ മെത്രാന്മാരുടെ സിനഡ് അതുവരെ വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി നടപ്പാക്കാതിരുന്ന രൂപതകളില്‍ അപ്രകാരം ചെയ്യണമെന്നു നിര്‍ദേശിച്ചു.
കൊറോണക്കാലത്ത് ഓണ്‍ലൈന്‍ കുര്‍ബാനകളില്‍ പ്രത്യക്ഷപ്പെട്ട വിവിധ രൂപതകളിലെ അര്‍പ്പണരീതികളുടെ വൈവിധ്യവും വൈരുധ്യവും സഭാംഗങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കി. പരിശുദ്ധ സിംഹാസനത്തെയും കുര്‍ബാനയര്‍പ്പണരീതികളിലെ അനൈക്യം അദ്ഭുതപ്പെടുത്തി. ഐകരൂപ്യം കൊണ്ടുവരേണ്ടത് സഭയുടെ ഐക്യത്തിന് അത്യാവശ്യമാണെന്ന നിഗമനത്തില്‍ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയം എത്തിച്ചേര്‍ന്നു. അതിന്‍പ്രകാരം 2020 മേയ് നാലിന് അപ്പസ്‌തോലിക് നുണ്‍ഷ്യോ മേജര്‍ ആര്‍ച്ചുബിഷപ്പിനു കത്തെഴുതി. നവീകരിച്ച വിശുദ്ധ കുര്‍ബാനയുടെ തക്‌സ അംഗീകാരത്തിനു സമര്‍പ്പിച്ചപ്പോള്‍ അര്‍പ്പണരീതിയില്‍ ഐക്യം ആവശ്യപ്പെട്ടുകൊണ്ട് 2020 നവംബര്‍ 9 ന് പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയം നേരിട്ടു കത്തെഴുതി. നവീകരിച്ച തക്‌സയ്ക്ക് അംഗീകാരം നല്‍കിക്കൊണ്ട് 2021 ജൂണ്‍ 9 ന് എഴുതിയ കത്തിലും വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതിയിലുള്ള ഐകരൂപ്യം വ്യക്തമാക്കുന്ന നിര്‍ദേശങ്ങള്‍ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയം നല്‍കി. ഇതിനെത്തുടര്‍ന്നാണു പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പതന്നെ വളരെ ആധികാരികമായി 2021 ജൂലൈ മൂന്നാം തീയതി നമ്മുടെ സഭയില്‍ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതിയിലെ ഐകരൂപ്യം ആവശ്യപ്പെട്ടുകൊണ്ടു മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായവിശ്വാസികള്‍ക്കുമായി കത്തെഴുതിയത്. ഇത് സീറോ മലബാര്‍സഭ മുഴുവനുംവേണ്ടി പരിശുദ്ധ പിതാവ് എഴുതിയ കത്താണ്. അതിനാല്‍, ഈ കത്തിലെ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഓരോ സീറോ മലബാര്‍ വിശ്വാസിക്കും കടമയുണ്ട്.
ഈ പശ്ചാത്തലത്തില്‍, 2021 ഓഗസ്റ്റ് 16 മുതല്‍ 27 വരെ ഓണ്‍ലൈനായി സമ്മേളിച്ച സിനഡ് ഈ വിഷയം ആഴമായ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കി. രണ്ടായിരം വര്‍ഷത്തെ അനുസ്യൂതമായ കത്തോലിക്കാവിശ്വാസപാരമ്പര്യമുള്ള സീറോ മലബാര്‍സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത സാര്‍വത്രികസഭയോടും മാര്‍പാപ്പായോടും പുലര്‍ത്തിയ അചഞ്ചലമായ വിശ്വസ്തതയാണ്. പത്രോസിനോടൊപ്പവും പത്രോസിനോടുള്ള വിധേയത്വത്തിലും ((cum Petro et sub Petro) സഭാതലവനോടും രൂപതാമെത്രാനോടുമുള്ള അനുസരണത്തിലും ജീവിച്ച പാരമ്പര്യമാണ് നമ്മുടെ പിതാമഹന്മാര്‍ നമുക്കു പകര്‍ന്നുതന്നിട്ടുള്ളത്. 1934 ല്‍ സഭയുടെ ആരാധനക്രമം സംബന്ധിച്ചുണ്ടായ സമാനമായ പ്രതിസന്ധിയില്‍ എറണാകുളം മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവ് മാര്‍പാപ്പായ്ക്ക് എഴുതിയത്, ''തിരുസിംഹാസനം എടുക്കുന്ന ഏതു തീരുമാനവും ഞങ്ങള്‍ക്കു പൂര്‍ണമായും സ്വീകാര്യമാണ്'' എന്നായിരുന്നു. ഈ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. പരിശുദ്ധാത്മാവ് തിരുസ്സഭയെ ഏറ്റവും വ്യക്തമായും കൃത്യമായും പഠിപ്പിക്കുന്നത് പരിശുദ്ധ പിതാവിലൂടെയാണെന്നു നാം വിശ്വസിക്കുന്നു. പരിശുദ്ധ പിതാവിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വിശ്വാസികള്‍ക്കുള്ള കടമയെക്കുറിച്ചു നമുക്ക് അറിവുള്ളതാണല്ലോ (CCEO, c. 45). ആരാധനക്രമത്തെ സംബന്ധിച്ച കാര്യങ്ങള്‍ അന്തിമതീര്‍പ്പു കല്പിക്കേണ്ടതു മാര്‍പാപ്പായാണെന്നു സഭാപ്രബോധനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട് (ടഇ, 22). മാര്‍പാപ്പാ തീര്‍പ്പുകല്പിച്ച ആരാധനക്രമത്തില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ മാറ്റംവരുത്താനോ വൈദികര്‍ക്കോ മറ്റുള്ളവര്‍ക്കോ അവകാശമില്ല (sc, 22.3). അതിനാല്‍, പരിശുദ്ധ പിതാവിന്റെ നിര്‍ദേശം നടപ്പാക്കാന്‍ നാം ബാധ്യസ്ഥരാണ്. വ്യത്യസ്തമായ ഒരു തീരുമാനമെടുക്കാന്‍ സിനഡിനോ ഏതെങ്കിലും രൂപതാധ്യക്ഷനോ അവകാശമില്ല. 'അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണ്' (1 സാമു 15:22) എന്നതു നാം മറക്കരുത്. പരിശുദ്ധ പിതാവു കാണിച്ചുതരുന്ന വഴിയാണു നമുക്കു ദൈവാനുഗ്രഹത്തിന്റെ വഴി. അതിനാല്‍, സഭാമക്കള്‍ ആഗ്രഹിച്ചതും സിനഡ് അംഗീകരിച്ചതും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിരിക്കുന്നതുമായ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതി അനുവര്‍ത്തിക്കുകയെന്നതു കത്തോലിക്കരായ നമ്മെ സംബന്ധിച്ചിടത്തോളം സഭാകൂട്ടായ്മയിലുള്ള നമ്മുടെ ഉത്തരവാദിത്വനിര്‍വഹണവും പരിശുദ്ധ പിതാവിനോടുള്ള വിധേയത്വത്തിന്റെ പ്രകാശനവുമാണ്.
ആരാധനക്രമത്തില്‍ ഐകരൂപ്യമല്ല ഐക്യമാണു വേണ്ടതെന്നു ചിന്തിക്കുന്നവരുണ്ടാകാം. ഐക്യവും ഐകരൂപ്യവും ഒന്നല്ലെങ്കിലും പരസ്പരപൂരകങ്ങളാണ്. അടിസ്ഥാനഘടകങ്ങളിലുള്ള ഐകരൂപ്യം ഐക്യത്തിന് ആവശ്യമാണ്. ആരാധനക്രമത്തിന്റെ അടിസ്ഥാനരൂപങ്ങളില്‍ ഐകരൂപ്യമില്ലാതെ ഐക്യം സാധ്യമാവില്ല. ഇതിനു നമ്മുടെ സഭയുടെ ചരിത്രംതന്നെ സാക്ഷിയാണ്. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലെ ഐകരൂപ്യം ഇതാണ്: കാര്‍മികന്‍ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും ഉള്‍പ്പെടെ വിശ്വാസപ്രമാണം കഴിയുന്നതുവരെ വചനവേദി(ബേമ്മ)യില്‍ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും വി. കുര്‍ബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിര്‍വഹിക്കുക. അര്‍ത്ഥപൂര്‍ണമായ ബലിയര്‍പ്പണത്തിനു വചനത്തിന്റെ മേശയും (ബേമ്മ) അപ്പത്തിന്റെ മേശയും (ബലിപീഠം) ആവശ്യമാണെന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നുണ്ട് (DV, 14). നമ്മുടെ സഭയിലെ പൗരാണികമായ പാരമ്പര്യവും ഇതുതന്നെയാണ്.
നമ്മുടെ വിശുദ്ധ കുര്‍ബാനയില്‍ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും യഥാക്രമം ഈശോയുടെ ജനനത്തെയും പരസ്യജീവിതത്തെയുമാണ് അനുസ്മരിപ്പിക്കുന്നത്. ഈ അടിസ്ഥാനത്തിലാണ് വിശുദ്ധ കുര്‍ബാനയുടെ ആദ്യഭാഗം വചനവേദിയില്‍ ജനാഭിമുഖമായി അര്‍പ്പിക്കുന്നത്. തുടര്‍ന്ന്, കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസ്സാക്ഷിയോടുംകൂടി'വിശ്വാസപ്രമാണത്തിനുശേഷം വിശുദ്ധ മദ്ബഹായില്‍ പ്രവേശിക്കുന്ന പുരോഹിതന്‍ സഭയുടെ നാമത്തില്‍ മിശിഹായുടെ പ്രതിനിധിയായി പരമപിതാവിനു ബലിയര്‍പ്പിക്കുകയാണ്. അതിനാലാണു കൂദാശാഭാഗം മദ്ബഹായ്ക്ക് അഭിമുഖമായി അര്‍പ്പിക്കണമെന്നു നിര്‍ദേശിച്ചിരിക്കുന്നത്. പാശ്ചാത്യ, പൗരസ്ത്യസഭകളിലെല്ലാം 1965 വരെ അള്‍ത്താരയ്ക്ക് അഭിമുഖമായാണ് വി. കുര്‍ബാന അര്‍പ്പിച്ചിരുന്നത്. സഭയുടെ ആരംഭം മുതലേ നിലനിന്നിരുന്ന ഈ വിശുദ്ധപാരമ്പര്യം വീണ്ടെടുക്കാനാണു പരിശുദ്ധ പിതാവു നമ്മോട് ആവശ്യപ്പെടുന്നത്. വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണഭാഗം സമാപിക്കുന്നതുകൊണ്ടാണു കുര്‍ബാനസ്വീകരണത്തിനുശേഷമുള്ള കൃതജ്ഞതാപ്രാര്‍ത്ഥനകളും സമാപനാശീര്‍വാദവും ജനങ്ങളുടെ നേരേ തിരിഞ്ഞു ചൊല്ലേണ്ടതാണെന്നു നിര്‍ദേശിച്ചിരിക്കുന്നത്.
വിശുദ്ധ കുര്‍ബാനയെന്നതു മിശിഹായുടെ ശരീരമായ സഭ ശിരസ്സായ അവിടത്തോടു ചേര്‍ന്നു പിതാവായ ദൈവത്തിനര്‍പ്പിക്കുന്ന ബലിയാണ്. അതിനാല്‍, സഭാഗാത്രമായ ദൈവജനവും ശിരസ്സായ മിശിഹായുടെ നാമത്തില്‍ വിശുദ്ധ രഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്ന വൈദികനും പിതാവായ ദൈവത്തിന്റെ സിംഹാസനമായ വിശുദ്ധ അള്‍ത്താരയ്ക്ക് അഭിമുഖമായി ബലിയര്‍പ്പണവേദിയില്‍ വ്യാപരിക്കുന്നതു സമുചിതമാണെന്ന് ആദിമകാലംമുതലേ സഭ കരുതിയിരുന്നു. വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന കാര്‍മികന്‍ ഒരേസമയം ക്രിസ്തുവിനെയും സഭയെയും പ്രതിനിധാനം ചെയ്യുന്നു (alter Christus et altera Ecclesia). ക്രിസ്തീയജീവിതം സ്വര്‍ഗത്തെ ലക്ഷ്യമാക്കിയുള്ള തീര്‍ത്ഥാടനമാണെന്ന വിശ്വാസവും ഈ അനുഷ്ഠാനത്തിലൂടെ തിരുസ്സഭ പ്രഘോഷിക്കുന്നുണ്ട്. മദ്ബഹാ പ്രതിനിധാനം ചെയ്യുന്ന സ്വര്‍ഗത്തെ ലക്ഷ്യമാക്കി ദൈവജനമൊന്നാകെ തീര്‍ത്ഥാടനം ചെയ്യുന്ന അനുഭവമാണു കുര്‍ബാനയിലൂടെ ലഭിക്കുന്നത്. ദൈവത്തിന്റെ സിംഹാസനമായ ബലിപീഠത്തിനു മുന്നില്‍ കുമ്പിട്ടാരാധിക്കുന്ന മാലാഖവൃന്ദങ്ങളോടും സ്വര്‍ഗവാസികളായ വിശുദ്ധരോടും ചേര്‍ന്നു ഭൂവാസികളും ദൈവത്തെ ആരാധിക്കുന്ന രീതിയിലാണു നമ്മുടെ വിശുദ്ധകുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരേസമയം പരിശുദ്ധ ത്രിത്വത്തിന്റെ സിംഹാസനവും നമ്മുടെ കര്‍ത്താവിന്റെ കബറിടവുമായി പരിഗണിക്കപ്പെടുന്ന വിശുദ്ധ അള്‍ത്താരയ്ക്കു നമ്മുടെ ആരാധനക്രമത്തില്‍ വലിയ പ്രാധാന്യമുണ്ട്. അതിനാലാണ് അള്‍ത്താരയിലേക്കു തിരിയുന്നതിനെ കര്‍ത്താവിലേക്കു തിരിയുന്നതായി (conversi ad Dominum)) നമ്മുടെ പിതാക്കന്മാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍, നമ്മുടെ സഭയുടെ തനതായ പാരമ്പര്യം പരിഗണിച്ചു വിശുദ്ധ കുര്‍ബാനയിലെ അനാഫൊറയുടെ ആരംഭംമുതല്‍ വിശുദ്ധ കുര്‍ബാനസ്വീകരണംവരെയുള്ള ഭാഗം മദ്ബഹായ്ക്ക് അഭിമുഖമായി അര്‍പ്പിക്കണമെന്ന സിനഡിന്റെ തീരുമാനം ഉടനടി (promptly)) നടപ്പാക്കാന്‍ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആരാധനക്രമത്തിലെ ഐക്യമാണു സഭയുടെ കൂട്ടായ്മയുടെ അടിസ്ഥാനമെന്ന സത്യം തിരിച്ചറിയാന്‍ നാം വൈകിയതും സഭാഗാത്രത്തില്‍ ഏറെ മുറിവുകള്‍ സൃഷ്ടിക്കാന്‍ കാരണമായി. ഈ വീഴ്ചയെ എളിമയോടും അനുതാപത്തോടുംകൂടി നമുക്കു ദൈവതിരുമുമ്പില്‍ ഏറ്റുപറയാം. അള്‍ത്താരയില്‍ ഐക്യം ഇല്ലാതെ സഭയില്‍ ഐക്യം സാധ്യമല്ല'എന്ന ബെനഡിക്റ്റ് മാര്‍പാപ്പായുടെ ചിന്ത നമുക്കു മാര്‍ഗദീപമാകട്ടെ.
ഏകീകൃത ബലിയര്‍പ്പണരീതി നടപ്പാക്കുന്നതിലെ വൈഷമ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു വിവിധ തലങ്ങളില്‍നിന്നുയര്‍ന്ന നിരീക്ഷണങ്ങളെക്കുറിച്ചും സിനഡ് പിതാക്കന്മാര്‍ ആത്മാര്‍ത്ഥമായി ചര്‍ച്ച ചെയ്തു. ഏതാനും ദശകങ്ങളായി ശീലിച്ച പതിവുശൈലി മാറ്റുമ്പോഴുള്ള പ്രായോഗികബുദ്ധിമുട്ടിനെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആശങ്കകള്‍ പിതാക്കന്മാര്‍ ഹൃദയപൂര്‍വം മനസ്സിലാക്കുന്നു. എന്നാല്‍, കര്‍ത്താവിന്റെ അജഗണത്തെ ഒരുമയോടെ മുന്നോട്ടു നയിക്കാനുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനം ശിരസ്സാവഹിക്കണമെന്നാണു സിനഡിലെ ചര്‍ച്ചകളിലൂടെ പരിശുദ്ധാത്മാവു പ്രചോദിപ്പിക്കുന്നതെന്നു പിതാക്കന്മാര്‍ക്കു ബോധ്യപ്പെട്ടു.
അതിനാല്‍, പരിശുദ്ധ പിതാവു നിര്‍ദേശിച്ചപ്രകാരമുള്ള ഏകീകൃത ബലിയര്‍പ്പണരീതിയില്‍ നവീകരിച്ച കുര്‍ബാനക്രമം ((editio typica) അടുത്ത ആരാധനക്രമവത്സരം ആരംഭിക്കുന്ന 2021 നവംബര്‍ 28-ാം തീയതി മംഗളവാര്‍ത്തക്കാലം ഒന്നാം ഞായറാഴ്ചമുതല്‍ നമ്മുടെ സഭയില്‍ നടപ്പാക്കാന്‍ സിനഡു തീരുമാനിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരു മനസ്സോടെ ഈ തീരുമാനം നടപ്പാക്കണമെന്നു സിനഡുപിതാക്കന്മാര്‍ സഭാംഗങ്ങളെല്ലാവരോടും സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.
സിനഡിന്റെ വിജയത്തിനുവേണ്ടി സഭ മുഴുവന്‍ കഴിഞ്ഞ ഒരു മാസം ഉപവസിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നല്ലോ. സിനഡില്‍ നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ദൈവാനുഗ്രഹം ലഭിക്കുന്നതിന് ഈ പ്രാര്‍ത്ഥന സഹായകമായി. സഭാമക്കളേവരോടും ഹൃദയപൂര്‍വം നന്ദി പറയുന്നു.
വി. കുര്‍ബാനയര്‍പ്പണം ദൈവജനത്തിനു കൂട്ടായ്മയുടെ അനുഗ്രഹം സ്വന്തമാക്കാനുള്ള അവസരമാക്കി മാറ്റാന്‍ നമുക്ക് ഒരു മനസ്സോടെ തീരുമാനമെടുക്കാം. ഇക്കാര്യത്തില്‍ ഇനിയും വിയോജനസ്വരങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ബഹുമാനപ്പെട്ട വൈദികരും സമര്‍പ്പിതരുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നു സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നു. ലോകത്തെ രക്ഷിക്കാന്‍ ഈശോ അര്‍പ്പിച്ച ആത്മബലി അത് അര്‍പ്പിക്കുന്ന അവിടത്തെ മൗതികശരീരമായ നമ്മുടെയും ആത്മബലിയാകട്ടെ. ഭിന്നതകളുടെ മതിലുകള്‍ തകര്‍ക്കുന്ന ദൈവാരൂപിയുടെ പ്രവര്‍ത്തനത്തിനായി നമുക്കു സഭയെ സമര്‍പ്പിക്കാം. കാല്‍വരിയിലെ തിരുക്കുമാരന്റെ ബലിയില്‍ ഏറ്റവും ആത്മാര്‍ത്ഥതയോടെ പങ്കെടുത്ത പരിശുദ്ധ കന്യകാമറിയത്തിന്റെയും സത്യവിശ്വാസം പകര്‍ന്നുതന്ന നമ്മുടെ പിതാവ് മാര്‍ത്തോമ്മാശ്ലീഹായുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും സവിശേഷമായ മാധ്യസ്ഥ്യം കൂട്ടായ്മയുടെ അരൂപിയില്‍ നമ്മെ നയിക്കട്ടെ. കാരുണ്യവാനായ കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!