•  3 Apr 2025
  •  ദീപം 58
  •  നാളം 5
പ്രതിഭ

പാലായുടെ പുണ്യം

''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ മനുഷ്യശിശു കേവലം അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടി മാത്രം ഉപയോഗിച്ച് വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെപ്പറ്റിയാണ് മനുഷ്യജീവിതം എന്നു പറയുന്നതെങ്കില്‍ പ്രിയപ്പെട്ടവളേ, മനുഷ്യനായി ജനിച്ചതില്‍ എനിക്കഭിമാനിക്കാന്‍ ഒന്നുമില്ല.'' സുഭാഷ് ചന്ദ്രന്റെ ''മനുഷ്യന് ഒരു ആമുഖം'' എന്ന നോവലിലെ വരികളാണിത്. ശ്വസിക്കുകയും ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു കടന്നുപോകുന്നതല്ല ജീവിതമെന്നും ഭൂമിയില്‍ ദൈവം തരുന്ന കാലം നൂറുമേനി ഫലം പുറപ്പെടുവിക്കുകയാണു ജീവിതത്തിന്റെ ലക്ഷ്യമെന്നും തിരിച്ചറിയുന്ന ചില മനുഷ്യരുണ്ട്. പാലായുടെ പ്രഥമമെത്രാനായ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ അത്തരം തിരിച്ചറിവുണ്ടായിരുന്ന ഒരു ജ്ഞാനമനുഷ്യനായിരുന്നു. ജ്ഞാനി മാത്രമല്ല, ജ്ഞാനത്തെ സ്‌നേഹത്തില്‍ ലയിപ്പിച്ച യോഗി. ആത്മീയാചാര്യനായിരിക്കുമ്പോള്‍ത്തന്നെ മനുഷ്യരുടെ ഭൗതികജീവിതാവശ്യങ്ങളും അദ്ദേഹം കണ്ടിരുന്നു. ജാതിമതഭേദമെന്യേ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്കു വയലില്‍പിതാവ് പ്രാര്‍ഥനകൊണ്ടും പ്രവൃത്തികൊണ്ടും കൈത്താങ്ങായി.
ഒരു പെരുന്നാള്‍ക്കാലത്തായിരുന്നു തന്റെ ജനനമെന്നു പിതാവ് തന്റെ ആത്മകഥയില്‍ ഓര്‍മിക്കുന്നുണ്ട്. പെരുന്നാള്‍ എന്നത് ആത്മീയതയുടെ പ്രഘോഷണവും ഒപ്പംതന്നെ, ആനന്ദത്തിന്റെയും ആഘോഷത്തിന്റെയുമെല്ലാം കൂടിച്ചേരലുമാണല്ലോ. പെരുന്നാളിന്റെ പുണ്യത്തില്‍ പിറവിയെടുത്ത പിതാവ് ഈ ആത്മീയ-ഭൗതികസംലയനംകൊണ്ട് തന്റെ കര്‍മവഴികളെയെല്ലാം അനുഗ്രപൂര്‍ണമാക്കി മാറ്റി. പള്ളിക്കും പള്ളിക്കൂടത്തിനുമായി അക്ഷീണം പ്രയത്‌നിച്ചു. പ്രാര്‍ഥനയാലും പുണ്യപ്രവൃത്തികളാലും പരസ്പരസ്‌നേഹത്താലും നിസ്വാര്‍ഥമായ സഹായസഹകരണങ്ങളാലും ഒരു നാടിനെത്തന്നെ ആത്മീയമായും ഭൗതികമായും വളര്‍ത്തി. മഹിതമായ വിശ്വാസപാരമ്പര്യമുള്ള പാലായെ ഇന്നു കാണുന്ന പാലായാക്കി മാറ്റിയത് പിതാവിന്റെ ദീര്‍ഘവീക്ഷണമായിരുന്നു. 
പാലായെ വഴിനടത്തിയ പിതാവ്
കപ്പയും കുരുമുളകും കൊക്കോയും റബറുമൊക്കെയായി കാര്‍ഷികസംസ്‌കാരത്തിനു കേളികേട്ട നാടായിരുന്നു പണ്ടു മുതല്‍ക്കേ പാലാ. പതിറ്റാണ്ടുകള്‍ക്കുമുന്നേ മാര്‍ത്തോമ്മാ നസ്രാണികള്‍ കുടിയേറിപ്പാര്‍ത്തിരുന്ന പ്രദേശം. ആ നാടിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍മുതല്‍ ഉന്നതവിദ്യാഭ്യാസത്തില്‍വരെ കുതിച്ചുചാട്ടത്തിനു കാരണമായ പ്രസ്ഥാനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് നിത്യസ്മരണീയനായ വയലില്‍പിതാവാണ്. പാലാ സ്‌കൂളില്‍ തന്റെ സേവനം തുടങ്ങിയ പിതാവ് പിന്നീട് സെന്റ്‌തോമസ് ട്രെയിനിങ് സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി. ഇക്കാലത്താണ് പാലായിലൊരു കലാലയം എന്ന വലിയ സ്വപ്നത്തിനായി ആ വൈദികന്‍ ഇറങ്ങിത്തിരിക്കുന്നത്. കോട്ടയം സി.എം.എസ്. കോളജ്, ആലുവ യു.സി. കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ് എന്നീ കോളജുകള്‍മാത്രമായിരുന്നു അക്കാലത്തുണ്ടായിരുന്ന പ്രമുഖ കോളജുകള്‍.
ഇന്നത്തെപ്പോലെയുള്ള വാഹനസൗകര്യങ്ങളോ ഹോസ്റ്റല്‍സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന അക്കാലത്ത് അതുകൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസമെന്നത് പാലായിലും സമീപപ്രദേശത്തുമുള്ള പാവപ്പെട്ട മനുഷ്യര്‍ക്ക് ഏതാണ്ട് ബാലികേറാമലതന്നെയായിരുന്നു. വിദ്യാഭ്യാസമുള്ള ജനതയാണ് നാളയെ നയിക്കുകയെന്ന ദീര്‍ഘദര്‍ശനമുണ്ടായിരുന്ന വയലില്‍പിതാവ് അതിനാല്‍ത്തന്നെ ഒരു കലാലയം ഈ മണ്ണില്‍ സ്ഥാപിക്കുന്നതിനായി കൈമെയ് മറന്നു പ്രവര്‍ത്തിച്ചു. കോളജ് സ്ഥാപനത്തിനുള്ള പിരിവിനും മറ്റുമായി സഞ്ചരിക്കുന്നതിനിടയില്‍ പലപ്പോഴും ഊണും ഉറക്കവും നഷ്ടമായി. തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഒരു വലിയ ലക്ഷ്യത്തിനായുള്ള യാത്രയ്ക്കിടയില്‍ അദ്ദേഹം കാര്യമാക്കിയില്ല. അങ്ങനെ സാമ്പത്തികമായും രാഷ്ട്രീയമായുമെല്ലാം ഉണ്ടായ അനേകപ്രതിസന്ധികളെ അതിജീവിച്ച് ഒടുവില്‍ കോളജെന്ന സ്വപ്നം, അരുണാപുരത്തെ പാലാ സെന്റ് തോമസ് കോളജ്, പിതാവ് സാധ്യമാക്കുകതന്നെ ചെയ്തു. 
കോളജ് ഉദ്ഘാടനത്തിന്റെ ചടങ്ങുകളൊക്കഴിഞ്ഞ് രാത്രിയില്‍ വെറും തറയില്‍ ഒരു തോര്‍ത്തുമുണ്ട് വിരിച്ച് വിശ്രമിക്കേയാണ്, ചങ്ങനാശേരി രൂപത വിഭജിച്ച് പാലായെന്നൊരു പുതിയ രൂപതയ്ക്കുകൂടി കത്തോലിക്കാസഭ രൂപം കൊടുക്കുന്നുവെന്നും അതിന്റെ പ്രഥമമെത്രാനാകാനുള്ള നിയോഗം തനിക്കാണു ലഭിച്ചിരിക്കുന്നതെന്നും വയലില്‍പിതാവ് അറിയുന്നത്. 'ഇതാ കര്‍ത്താവിന്റെ ദാസി' എന്നേറ്റു പറഞ്ഞ മറിയത്തെപ്പോലെ വലിയ മരിയഭക്തന്‍കൂടിയായിരുന്ന ആ വൈദികന്‍ ദൈവത്തിന്റെ നിയോഗത്തെ, പ്രാര്‍ഥനാപൂര്‍വം ഏറ്റെടുത്തു. ഒരു മതമേലധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ നാടിനും നാട്ടുകാര്‍ക്കും വിശിഷ്യാ, തനിക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തിനും എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാന്‍ യത്‌നിക്കുകയായിരുന്നു വയലില്‍പിതാവ്.
'ജീവിതത്തില്‍ ഒരു വിനാഴിക വെറുതെ കളയാന്‍ മടിക്കുന്നവന്‍ ജീവിതത്തിന്റെ അര്‍ഥമറിഞ്ഞിട്ടില്ല' എന്നെഴുതുന്നുണ്ട് ചാള്‍സ് ഡാര്‍വിന്‍. സമയത്തിനു സത്യമായും പൊന്നിന്‍വിലതന്നെയാണെന്നു തിരിച്ചറിഞ്ഞിരുന്നു വയലില്‍പിതാവ്. മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങളും ശുദ്ധജലലഭ്യതയുമടക്കമുള്ള കാര്യങ്ങളില്‍ പിതാവിന്റെ ഇടപെടലുണ്ടായി. കാര്‍ഷികസംസ്‌കാരത്തിന്റെ ഈറ്റില്ലമായിരുന്ന പാലായ്ക്ക്, കാര്‍ഷികോത്പന്നങ്ങളുടെ ന്യായവില അടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാക്കാന്‍ പരിശ്രമിച്ചു. സമൂഹത്തെ വലിയതോതില്‍ കാര്‍ന്നുതിന്നിരുന്ന മദ്യവിപത്തിനെതിരേ ശക്തമായ പ്രചാരണത്തിനു മുന്‍പന്തിയില്‍നിന്നു. സഭയുടെ ആശുപത്രികളിലും മറ്റും ചികിത്സയ്ക്കായി എത്തുന്ന ദരിദ്രരായ മനുഷ്യര്‍ക്കു തന്നാല്‍ കഴിയുന്ന സാമ്പത്തികമായ ഇളവുകള്‍ നല്‍കി. ആരോഗ്യമേഖലയില്‍ മാത്രമല്ല വിദ്യാഭ്യാസമേഖലയിലും പരമാവധി കുറഞ്ഞ പൈസയ്ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസമായിരുന്നു സഭ പ്രദാനം ചെയ്തത്. ഇതെല്ലാം അടിസ്ഥാനവര്‍ഗമനുഷ്യരോടു വയലില്‍പിതാവിനുണ്ടായിരുന്ന പ്രത്യേക സ്‌നേഹത്തിന്റെയും പരിഗണനയുടെയും നിദര്‍ശനങ്ങളാണ്. പാവപ്പെട്ട മനുഷ്യരുടെ ജീവിതാഭ്യുന്നതിക്കായി സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരോടു സഹായമഭ്യര്‍ഥിക്കുന്നതിനും പിതാവിനു മടിയൊന്നും ഉണ്ടായിരുന്നില്ല.
ക്രൈസ്തവര്‍ക്കുമാത്രമല്ല, പാലായുടെ പരിസരപ്രദേശങ്ങളിലുള്ള അക്രൈസ്തവസഹോദരങ്ങള്‍ക്കും തന്നാലാവുന്ന സഹായഹസ്തം നീട്ടുന്നതില്‍ വയലില്‍പിതാവ് ഒരു കാലത്തും മടികാണിച്ചിരുന്നില്ല. തനിക്കു മുന്നിലെത്തുന്ന മനുഷ്യരുടെ ആത്മീയമായ പ്രതിസന്ധികളില്‍മാത്രമല്ല, ഭൗതികമായ വിഷമങ്ങളിലും പിതാവ് പങ്കുചേര്‍ന്നു.
'അന്യജീവനുതകി 
സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍'
എന്ന കുമാരനാശാന്റെ വരികള്‍ അക്ഷരാര്‍ഥത്തില്‍ പിതാവിന്റെ ജീവിതത്തോടു ചേര്‍ത്തുവയ്ക്കാം. നിഷ്‌കളങ്കമായി സ്‌നേഹിക്കാനും നിസ്വാര്‍ഥമായി സേവനം ചെയ്യാനുംമാത്രം പഠിപ്പിച്ച ക്രിസ്തുവിന്റെ പിന്‍ഗാമി, ഇങ്ങനെയായിത്തീര്‍ന്നില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ.
പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരു കഥയിലെഴുതുന്നതുപോലെ, 'ജനിച്ചു, ജീവിച്ചു മരിച്ചു.' ഇതിനിടയില്‍ നിങ്ങള്‍ ചെയ്ത അദ്ഭുതമെന്ത്? വയലില്‍ പിതാവ് ചെയ്ത അദ്ഭുതമാണ് ഇന്നു നാം കാണുന്ന പാലാ. ഈ നാടും ഈ നാട്ടിലെ വിശ്വാസിസമൂഹവും മാര്‍ സെബാസ്റ്റ്യന്‍ വയലിലെന്ന പുണ്യനാമം എക്കാലവും ഓര്‍മിക്കുകതന്നെ ചെയ്യും. ആ ധന്യസ്മരണയ്ക്കു മുന്നില്‍ ഒരിക്കല്‍ക്കൂടി കൂപ്പുകൈ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)