•  3 Oct 2024
  •  ദീപം 57
  •  നാളം 30
ലേഖനം

'അടയ്ക്കാപ്പട്ടണം' പരിസ്ഥിതിലോലമേഖലയില്‍!

നാല് ഏറുമാടങ്ങളുടെ നടുവില്‍ ഒരു കുരിശുപള്ളി. മേല്‍ക്കൂര പുല്ലുമേഞ്ഞത്; തറ ചാണകം മെഴുകിയത്. അകത്തും പുറത്തുമായി കഷ്ടിച്ച് നൂറുപേര്‍ക്കുള്ള സൗകര്യങ്ങള്‍. ആദ്യം ചുറ്റുവട്ടത്തിലായി മുപ്പതു വീട്ടുകാരേ ഉണ്ടായിരുന്നുള്ളൂ. ക്രമേണ കുടിയേറ്റക്കാര്‍ വന്നുകൊണ്ടിരുന്നു. ആണ്ടുവട്ടത്തില്‍ ഒരു കുര്‍ബാന. പിന്നെ, മാസത്തിലൊന്നായി. അച്ചന്‍ വരേണ്ടതു പത്തുമൈലകലെയുള്ള തലപ്പള്ളീന്ന്. അറുപതു കഴിഞ്ഞ വികാരിയച്ചന്‍ നടന്നുവന്നുവേണം കുര്‍ബാന ചൊല്ലാന്‍. കുര്‍ബാനക്കുപ്പായവും മറ്റും സൂക്ഷിക്കുന്നതു കുട്ടിച്ചേട്ടന്റെ വീട്ടില്‍. കുടിയേറ്റക്കാര്‍ കൂടിയതോടെ, തനിക്കു ബുദ്ധിമുട്ടുണ്ടെങ്കിലും പതിവായി ഞായറാഴ്ചകളില്‍ വൈകുന്നേരം കുര്‍ബാന ചൊല്ലാന്‍ അച്ചന്‍ തീരുമാനിച്ചു. ആളുകള്‍ക്കു വലിയ സന്തോഷമായി. 
    അങ്ങനെയിരിക്കേ, വികാരിയച്ചന് ഒരു അസ്‌തേന്തിയച്ചനെ കിട്ടി. ചുറുചുറുക്കുള്ള കൊച്ചച്ചന്‍. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം. പാലാക്കാരനാണ്. അദ്ദേഹത്തിന്, പുത്തന്‍കുര്‍ബാന ചൊല്ലിയപ്പോള്‍ അങ്കിള്‍ സമ്മാനിച്ച ഒരു സൈക്കിളുണ്ട്. കൊച്ചച്ചന്റെ വരവോടെ വികാരിയച്ചന്‍ കുരിശുപള്ളി അദ്ദേഹത്തിനു വിട്ടുകൊടുത്തു. അദ്ദേഹം ഞായറാഴ്ച പതിവുള്ള കുര്‍ബാനയ്‌ക്കെത്തി. നല്ല പാട്ടും നല്ല പ്രസംഗവും. ആളുകള്‍ക്കെല്ലാം ഇഷ്ടപ്പെട്ടു. കുര്‍ബാന കഴിഞ്ഞിറങ്ങിയപ്പോള്‍ എല്ലാവരുംകൂടി അച്ചനെ വളഞ്ഞു. കുട്ടികളൊക്കെ അടുത്തുവന്ന് അച്ചനെ തൊട്ടുനോക്കുന്നു, ചിലര്‍ അച്ചന്റെ സൈക്കിളിനു ചുറ്റുംകൂടുന്നു. ഒരു ജറ്റുവിമാനം പള്ളിമുറ്റത്തിറങ്ങിയ പ്രതീതി! അതിനിടെ ഒരു 'ചിന്നപ്പയ്യന്‍' അടുത്തുവന്ന് അച്ചനു സ്തുതി ചൊല്ലി: ''ഈശോപിശാചിനു സ്റ്റുതിയായിരിക്കട്ടെ...!'' ആളുകള്‍ പൊട്ടിച്ചിരിച്ചു. പയ്യന്റെ അമ്മയാകെ 'ചമ്മി'! അച്ചന്‍ അവനെ എടുത്തുപൊക്കി... 'ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ' എന്നു പറയാന്‍ പഠിപ്പിച്ചു. 
   ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ വികാരിയച്ചന്‍ പറഞ്ഞു: ''ഞായറാഴ്ചത്തെ രണ്ടു കുര്‍ബാനയും ഞാന്‍ ചൊല്ലിക്കോളാം. അച്ചന്‍ രാവിലെതന്നെ കുരിശുപള്ളിയില്‍ പൊയ്‌ക്കൊള്ളൂ.'' കൊച്ചച്ചന്‍ എല്ലാ ഞായറാഴ്ചയും രാവിലെതന്നെ എത്താന്‍ തുടങ്ങി. കുട്ടികള്‍ക്കു വേദപാഠക്ലാസ് ആരംഭിച്ചു. മുതിര്‍ന്ന കുട്ടികളെയെല്ലാം ഒരുമിച്ചിരുത്തി അച്ചന്‍തന്നെ ക്ലാസ്സെടുത്തു. ഭാഗ്യത്തിനു രണ്ടു പ്രൈമറിസ്‌കൂള്‍ അധ്യാപകര്‍ അവിടെയുണ്ടായിരുന്നു. അവരെ അച്ചന്‍ വേദപാഠാധ്യാപകരാക്കി. കൂടാതെ, കൊച്ചുകുട്ടികളെ പഠിപ്പിക്കാന്‍ രണ്ടു സ്ത്രീകളെ ചുമതലപ്പെടുത്തി. അങ്ങനെ ഓരോരോ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതോടെ കുരിശുപള്ളി സജീവമായി.
    ഇതിനിടെ അച്ചന്‍ കുടുംബനാഥന്മാരുടെ ഒരു സമ്മേളനം വിളിച്ചു. ആരും വിട്ടുനിന്നില്ല, എല്ലാവരും എത്തി. സാങ്കേതികമായിപ്പറഞ്ഞാല്‍, അതു പൊതുയോഗമായി. അതില്‍നിന്നു പതിനഞ്ചുപേരെ തിരഞ്ഞെടുത്ത് ഒരു 'പവര്‍ഗ്രൂപ്പ്' ഉണ്ടാക്കി. പ്രതിനിധിയോഗം എന്ന് അതിനെ വിളിക്കാം. മിക്കവാറും എല്ലാ ഞായറാഴ്ചയും ഈ പവര്‍ഗ്രൂപ്പിന്റെ അല്ലെങ്കില്‍ പ്രതിനിധിയോഗത്തിന്റെ സമ്മേളനമുണ്ടായിരുന്നു. പലതും പറഞ്ഞകൂട്ടത്തില്‍, കുട്ടിച്ചേട്ടന്‍ ഒരഭിപ്രായം പറഞ്ഞു. കുട്ടിച്ചേട്ടന്‍ ആ നാട്ടിലെ അപ്രഖ്യാപിതനേതാവാണ്. അദ്ദേഹത്തിന്റെ അഭിപ്രായം കുരിശുപള്ളി ഇടവകപ്പള്ളിയാക്കണമെന്നായിരുന്നു. എല്ലാവരും അതു ശരിവച്ചു. അന്നുതന്നെ ഒരു അഞ്ചംഗ കോര്‍ഗ്രൂപ്പുണ്ടാക്കി. കൈക്കാരന്മാര്‍ എന്നുവേണമെങ്കില്‍ അവരെ വിളിക്കാം. കുട്ടിച്ചേട്ടന്‍, കുഞ്ഞേപ്പന്‍ചേട്ടന്‍, വര്‍ക്കിച്ചേട്ടന്‍, വാവച്ചേട്ടന്‍, മത്തായിച്ചേട്ടന്‍ എന്നിവരാണു കോര്‍ഗ്രൂപ്പിലെ അംഗങ്ങള്‍. അവര്‍ വികാരിയച്ചന്റെ മുമ്പില്‍ വിഷയം അവതരിപ്പിച്ചു. നിര്‍ദേശം അച്ചനിഷ്ടമായി.
    അഭിവന്ദ്യപിതാവിന്റെ അനുവാദം വാങ്ങാന്‍ അവര്‍ അഞ്ചുപേരും വികാരിയച്ചനും കൊച്ചച്ചനുംകൂടെ യാത്ര തിരിച്ചു. ഐഡിയാ പിതാവിനിഷ്ടപ്പെട്ടു. പക്ഷേ പണം? എല്ലാവരും പരസ്പരം നോക്കി. ഞങ്ങള്‍ പിരിച്ചെടുത്തോളാം എന്നു കുട്ടിച്ചേട്ടന്‍തന്നെ പറഞ്ഞു. ആശീര്‍വാദവും വാങ്ങി അവര്‍ വന്ദ്യപിതാവിന്റെ മുറിയില്‍നിന്നിറങ്ങി. തിരിച്ചുള്ള യാത്രയ്ക്ക് ടിക്കറ്റെടുത്തതു വര്‍ക്കിച്ചേട്ടനായിരുന്നു. 
     പിറ്റേ ഞായറാഴ്ച പ്രതിനിധിയോഗം വിളിച്ചു. പള്ളിപണി സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ച നടത്തി. തടി ആവശ്യത്തിനുള്ളതു പറമ്പിലുണ്ട്. കരിങ്കല്ലിനുള്ള പാറയുമുണ്ട്. കല്ലും തടിയുമാണ് അന്നത്തെ കെട്ടിടങ്ങള്‍ക്കെല്ലാമുള്ളത്. തടിവെട്ടാന്‍ വെട്ടുകാരെയും തടിയറുക്കാന്‍ അറുപ്പുകാരെയും പാറപൊട്ടിക്കാന്‍ വെടിക്കാരനെയും പണിയാനുള്ള ആശാരിമാരെയും കല്ലാശാരിമാരെയും നാട്ടില്‍നിന്നു വരുത്താമെന്നു തീരുമാനിച്ചു. കുട്ടിച്ചേട്ടനും വര്‍ക്കിച്ചേട്ടനും നാട്ടില്‍പോയി വേണ്ടപ്പെട്ട പണിക്കാരെയെല്ലാം കൂട്ടിക്കൊണ്ടുവരാമെന്നേറ്റു.
    രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ പണിക്കാരെയെല്ലാംകൂട്ടി തിരിച്ചെത്തി. പണികള്‍ തകൃതിയായി ആരംഭിച്ചു. തടി വെട്ടിച്ചാടിക്കുന്നു, അറുക്കുന്നു, ആശാരി സ്ഥാനംകണ്ട് പ്ലാന്‍ തയ്യാറാക്കുന്നു, വെടിക്കാരന്‍ തമരടിച്ചു പാറ പൊട്ടിക്കുന്നു... കുരുമുളക് നല്ല വിളവായിരുന്നു; നല്ല വിലയും കിട്ടി. അതുകൊണ്ട് എല്ലാവരുടെയും കൈയില്‍ പണമുണ്ട്. പ്രത്യേകം പിരിവൊന്നുമെടുത്തില്ല. ആള്‍ക്കാരെല്ലാവരുംതന്നെ മാറിമാറി പണിസ്ഥലത്തുണ്ട്. 'സ്‌കില്‍ഡ്‌വര്‍ക്ക്' ഒഴികെ മറ്റെല്ലാ പണികളും ഇടവകക്കാര്‍തന്നെയാണു ചെയ്യുന്നത്. പണിക്കാരും നാട്ടുകാരുമായി ശരാശരി ഇരുപത്തഞ്ചുപേരെങ്കിലും സ്ഥലത്തുണ്ടാകും. അവര്‍ക്കു ഭക്ഷണമൊരുക്കാന്‍ സ്ത്രീകള്‍ ഓരോ ഗ്രൂപ്പായി മാറിമാറി എത്തും.
     പണികള്‍ മുമ്പോട്ടു നീങ്ങി. പണിക്കാവശ്യമായ കല്ലും തടിയുമൊക്കെയായി. അപ്പോഴേക്കും അരിച്ചും പിരിച്ചും ഉണ്ടാക്കിയ കാശെല്ലാം തീര്‍ന്നു. കൂനിമ്മേല്‍ കുരു എന്നപോലെ മുളകിന്റെ വില സീസണായപ്പോഴേക്കും ഇടിഞ്ഞു. ഇടിവെട്ടേറ്റപോലെയായി!
   കൊച്ചച്ചനും വികാരിയച്ചനുംകൂടി സംസാരിച്ചു. ഒരു വഴി തെളിഞ്ഞു, നാട്ടില്‍ പോയി ഒരു പിരിവു നടത്തുക. ചങ്ങനാശ്ശേരിക്കാരന്‍ വികാരിയച്ചന്‍ ചങ്ങനാശ്ശേരിയിലും പാലാക്കാരന്‍ കൊച്ചച്ചന്‍ പാലായിലും പിരിക്കാന്‍ തീരുമാനിച്ചു. കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി പ്രദേശങ്ങളില്‍നിന്നുള്ളവരായതിനാല്‍ പിരിവു മോശം വന്നില്ല. പിരിവില്‍ കൊച്ചച്ചന്‍ വികാരിയച്ചനെ കടത്തിവെട്ടി.
    രണ്ടുവര്‍ഷംകൊണ്ടു പള്ളിപണി ഏതാണ്ടു പൂര്‍ത്തിയാക്കി. തലപ്പള്ളിയെക്കാള്‍ വലുപ്പവും ഭംഗിയുമുണ്ട് കുരിശുപള്ളിക്ക്. അഭിവന്ദ്യപിതാവിനെക്കൊണ്ട് പള്ളി വെഞ്ചരിപ്പിക്കാമെന്നു തീരുമാനിച്ചു. നാട്ടിലാകെ ഒരു ഉത്സവപ്രതീതി! ജാതിമതഭേദമെന്യേ എല്ലാവരും സഹകരിച്ചു. നിശ്ചിതദിവസം പിതാവെത്തി; വെഞ്ചരിപ്പുകഴിഞ്ഞു. പച്ചക്കപ്പയും മൂരിയിറച്ചിയുംകൊണ്ട് ഒരു സദ്യയും, പൊതുസമ്മേളനവും നടന്നു. ഔഖാദര്‍ കുട്ടി സാഹിബും ശിവശങ്കരന്‍ നായരും ആശംസകളര്‍പ്പിച്ചു സംസാരിച്ചത് മതസൗഹാര്‍ദത്തിനു മാതൃകയായി എന്ന് അഭിവന്ദ്യപിതാവ് തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. കൂടാതെ, കൊച്ചച്ചനെ വികാരിയായി നിയമിച്ചിരിക്കുന്നതായി ഒരു പ്രസ്താവന പിതാവ് നടത്തി. അത് നീണ്ട കരഘോഷത്തോടെയാണ് ആളുകള്‍ സ്വീകരിച്ചത്.
    അങ്ങനെയിരിക്കേ 'പുതിയ' വികാരിയച്ചന്‍, തന്നെ സ്‌കൂളില്‍ പഠിപ്പിച്ച സിസ്റ്റര്‍ ആഞ്ചലിക്കാമ്മയെ ഓര്‍ത്തു. അവര്‍ ഇപ്പോള്‍ ക്ലാരസഭയുടെ മദര്‍ജനറലാണ്. ഇടവകയില്‍ ഒരു മഠം സ്ഥാപിക്കണമെന്ന ആഗ്രഹം അവരെ അറിയിച്ചു. പ്രിയശിഷ്യന്റെ അഭ്യര്‍ഥന സന്തോഷത്തോടെ സ്വീകരിച്ചു. അതിനിടെ കുട്ടിച്ചേട്ടന്‍ ഒരു പുതിയ വീടുപണിതിരുന്നു. അപ്പോള്‍, പഴയവീട് കന്യാസ്ത്രീകള്‍ക്കു താമസിക്കാന്‍ കൊടുക്കാമെന്ന് അച്ചനോടു പറഞ്ഞു. അടുത്ത മാസംതന്നെ അഞ്ച് സിസ്റ്റേഴ്‌സ് അവിടെയെത്തി പ്രവര്‍ത്തനങ്ങളാരംഭിച്ചു.
    കുരിശുപള്ളി സാമാന്യം നിലവാരമുള്ള ഇടവകപ്പള്ളിയായി മാറി. എല്ലാംകൂടി നാലരവര്‍ഷം. പക്ഷേ, അതുപെട്ടെന്നാണു കടന്നുപോയത്. കുട്ടിച്ചേട്ടന്‍, വര്‍ക്കിച്ചേട്ടന്‍, കുഞ്ഞാപ്പന്‍ചേട്ടന്‍, മത്തായിച്ചേട്ടന്‍, വാവച്ചേട്ടന്‍ കോര്‍ഗ്രൂപ്പ് ഇനിയുള്ള കാര്യങ്ങളെല്ലാം അടുത്ത തലമുറയ്ക്കു കൈമാറണമെന്ന നിര്‍ബന്ധത്തിലായി. അച്ചന്റെ നിര്‍ബന്ധത്തിനു വഴങ്ങി അഞ്ചുകൊല്ലം തികയ്ക്കാമെന്നേറ്റു. അപ്പോഴേക്കും അച്ചനും സ്ഥലംമാറ്റമായി. അങ്ങനെ ഒരു കാലഘട്ടം പിന്നിട്ടു.
    ഇതിനിടെ, അഭിവന്ദ്യപിതാവ് കേരളത്തിലെ എല്ലാ മെത്രാന്മാര്‍ക്കുമായി ഒരു കത്തയച്ചു. കുടിയേറ്റമേഖലയിലെ വിദ്യാഭ്യാസസൗകര്യത്തെപ്പറ്റിയായിരുന്നു കത്ത്. മലയോരമേഖലയുടെ വികസനത്തിനു പള്ളിക്കൂടങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പിതാവു വിശദമായെഴുതി. എല്ലാ രൂപതകളുടെയും ഉദാരമായ സഹകരണം അഭ്യര്‍ഥിച്ചുകൊണ്ടാണു കത്തു സമാപിച്ചിരിക്കുന്നത്. പിതാവിന്റെ അഭ്യര്‍ഥനയ്ക്ക് വളരെ നല്ല പ്രതികരണമാണുണ്ടായത്. ഉദാരമായ സംഭാവനകള്‍ വന്നു. അപ്പോള്‍ പിതാവ് എല്ലാ ഇടവകകള്‍ക്കും കത്തയച്ചു. വിദ്യാലയങ്ങള്‍ അരംഭിക്കാന്‍ താത്പര്യമുള്ള ഇടവകകള്‍ക്ക് ചെലവിന്റെ അമ്പതു ശതമാനം തുക രൂപതയില്‍നിന്നു നല്കുന്നതാണെന്ന് അറിയിച്ചു.
     ഇതു കേട്ടപാടേ പുതുതായി ചാര്‍ജെടുത്ത കാഞ്ഞിരപ്പള്ളിക്കാരന്‍ യുവവൈദികന്‍ പൊതുയോഗം വിളിച്ച് ആളുകളുടെ അഭിപ്രായം ആരാഞ്ഞു. എല്ലാവരും സഹകരണം വാഗ്ദാനം ചെയ്തു. പണികള്‍ തീരുന്നതിന്റെ മുന്‍ഗണനാക്രമത്തിലാണു സഹായം എന്നു പിതാവിന്റെ കത്തിലുണ്ടായിരുന്നു. വികാരിയച്ചന്‍ പോയ വികാരിയച്ചനെപ്പോലെ ആദ്യമായി വികാരിയായ ആളായതിനാല്‍ അദ്ദേഹം 'നൂറേല്‍' നിന്നു. അപ്പോഴേക്കും കൃഷിസ്ഥലങ്ങളെല്ലാം വിളഭൂമികളായി മാറിയിരുന്നു. ഉത്പന്നങ്ങള്‍ക്ക് നല്ല വിലയും കിട്ടി. അതുകൊണ്ട് നല്ല തുക പിരിഞ്ഞുകിട്ടി. പള്ളിയിലേക്കു വരാന്‍ നിലവാരമുള്ള മൂന്നു റോഡുകള്‍ നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി ഉണ്ടായി. വാഹനസൗകര്യം വര്‍ധിച്ചു. ആറുമാസംകൊണ്ട് സ്‌കൂള്‍ കെട്ടിടത്തിന്റെ പാതിപണികള്‍ തീര്‍ന്നു. അഭിവന്ദ്യപിതാവ് വാഗ്ദാനം ചെയ്ത തുക കൈപ്പറ്റി. രൂപതയില്‍നിന്നുള്ള തുക ആദ്യം നേടുന്ന ഇടവക എന്ന റിക്കാര്‍ഡും ഇട്ടു. കൃത്യം ഒരു വര്‍ഷംകൊണ്ടു പണികള്‍ പൂര്‍ത്തിയാക്കി. അങ്ങനെ പള്ളിയായി, പള്ളിക്കൂടമായി, മഠമായി. നാട്ടിലുണ്ടായ മാറ്റങ്ങള്‍ അദ്ഭുതാവഹമെന്നല്ലാതെ എന്തു പറയേണ്ടൂ! കോര്‍കമ്മിറ്റിയും പവര്‍ഗ്രൂപ്പും എല്ലാം സന്തോഷത്തോടും ചാരുതാര്‍ഥ്യത്തോടുംകൂടെ പിന്‍വാങ്ങി. എല്ലാം പുതുതലമുറയ്ക്കു കൈമാറി.
     വര്‍ഷങ്ങള്‍ കടന്നുപോയി. പള്ളിക്കൂടത്തിന്റെ രജതജൂബിലിയായി. ആഘോഷങ്ങള്‍ പൊടിപൊടിച്ചു. പൂര്‍വവിദ്യാര്‍ഥികളില്‍ വളരെപ്പേര്‍ ദേശത്തും വിദേശത്തും ജോലിക്കാരായി. ജൂബിലിയോടനുബന്ധിച്ചു നടന്ന പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ ഡോക്ടര്‍മാര്‍, എഞ്ചീനിയര്‍മാര്‍, ശാസ്ത്രജ്ഞര്‍, രാഷ്ട്രീയനേതാക്കള്‍...! പൂര്‍വവിദ്യാര്‍ഥിയായ മന്ത്രിയാണ് വികാരിയച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത്. യോഗത്തില്‍ സംബന്ധിച്ചവരെല്ലാം പൂര്‍വികരെ ആദരവോടെ അനുസ്മരിച്ചു. യോഗാധ്യക്ഷന്‍ ഒരു നിര്‍ദേശം വച്ചു. പൂര്‍വവിദ്യാര്‍ഥികള്‍ മുന്‍കൈയെടുത്ത് നമ്മുടെ നാട്ടില്‍ ഒരു കോളജ് സ്ഥാപിക്കണം. നീണ്ട കരഘോഷത്തോടെയാണ് അച്ചന്റെ അഭ്യര്‍ഥനയെ ആളുകള്‍ എതിരേറ്റത്. അന്നുതന്നെ ഒരു കോടി രൂപയുടെ ഓഫര്‍ വന്നു. തികയാതെ വരുന്ന തുക പിരിവെടുത്തു കോളേജുപണി നടത്താമെന്ന് വികാരിയച്ചന്‍ അറിയിച്ചു.
   നടപടിക്രമങ്ങളെല്ലാം ദ്രുതഗതിയില്‍ ആരംഭിച്ചു. പൂര്‍വവിദ്യാര്‍ഥികളുടെ ഓഫറുകളുടെ ചെക്കുകള്‍ വന്നുകൊണ്ടിരുന്നു. സമാന്തരമായി നാട്ടില്‍ പിരിവും നടന്നു. ജാതിമതഭേദമെന്യേ എല്ലാവരുടെയും സഹകരണമുണ്ടായി. ചുരുങ്ങിയ കാലംകൊണ്ട് കോടികള്‍ മുടക്കി മലനാട്ടില്‍ പ്രൗഢഗംഭീരമായ ഒരു ബഹുനിലമന്ദിരം ഉയര്‍ന്നു!
    അഭിവന്ദ്യപിതാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് ബഹു. മുഖ്യമന്ത്രിയായിരുന്നു. അഭിവന്ദ്യപിതാവ് തന്റെ അധ്യക്ഷപ്രസംഗത്തില്‍ ഒരു പ്രഖ്യാപനം നടത്തി. രൂപതയുടെ വടക്കും തെക്കും പടിഞ്ഞാറും ഉള്ള മൂന്നു ഫൊറോനകള്‍ക്കൊപ്പം നാലാമത്തെ ഫൊറോന ആയി ഇടവകയെ ഉയര്‍ത്തിയിരിക്കുന്നു. അങ്ങനെ, സെന്റ് ജോസഫ്‌സ് ഈസ്റ്റേണ്‍ ഫൊറെയിന്‍ ചര്‍ച്ച് നിലവില്‍വന്നു. 'അടയ്ക്കാപ്പട്ടണം' എന്നു പരിഹസിച്ചിരുന്ന പ്രദേശം ഇതോടെ ഒരു സിറ്റിയായി രൂപാന്തരപ്പെട്ടു. പക്ഷേ... അത് ഇന്ന് പരിസ്ഥിതിലോലമേഖലയിലാണ്...!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)