മനസ്സില്‍ സന്തോഷം കൊണ്ടുനടക്കുന്ന വ്യക്തികള്‍ ന്യൂനങ്ങളായ അനുഭവങ്ങള്‍ വരുമ്പോള്‍ സമര്‍ഥമായി നേരിടും. ഇതിന്റെയെല്ലാം താക്കോലിരിക്കുന്നത് തലച്ചോറിനുള്ളിലെ അമിഗ്ദല എന്ന ഭാഗത്താണ്. ഒരു ബദാം പരിപ്പിന്റെ ആകൃതിയിലുള്ള ഒരു കൊച്ചു സാധനമാണിത്. ദുരനുഭവങ്ങളെ തട്ടിക്കീറി അത്തരം മനുഷ്യര്‍ അതിനിടയിലൂടെ നന്മയുടെ രശ്മികള്‍ കാണാന്‍ തുടങ്ങും.
അതിരാവിലെതന്നെ അകാരണമായി ഒരാള്‍ നിങ്ങളോടു ക്ഷോഭിക്കുന്നു;അല്ലെങ്കില്‍ അത്യാവശ്യമായി പുറത്തേക്കു പോകാന്‍ തയ്യാറെടുക്കുമ്പോഴുണ്ട് ടയര്‍ പഞ്ചര്‍! ബര്‍ത്ത്‌ഡേയുടെ കേക്കുമുറിക്കുമ്പോള്‍ കേള്‍ക്കുന്നു ഒരു അത്യാഹിതത്തിന്റെ ദുര്‍വാര്‍ത്ത. നാമെല്ലാവരും ഇത്തരം അനുഭവങ്ങളിലൂടെ സ്ഥിരം കടന്നുപോകുന്നവരാണ്. പക്ഷേ, എങ്ങനെ ഈ പരിതഃസ്ഥിതികള്‍ കൈകാര്യം ചെയ്യുന്നുവെന്നുള്ളത് നമ്മുടെ തലച്ചോറിന്റെ മാത്രം പ്രത്യേകതയാണ്. കുറേക്കൂടി ആഹ്ലാദജീവിതം നയിക്കുന്നവരെങ്കില്‍ അവര്‍ക്കു മെച്ചമായി വികാരങ്ങളെ നിയന്ത്രിക്കാനാകും. മറിച്ച്, മ്ലാനജീവിതം നയിക്കുന്നവരെങ്കില്‍ അവര്‍ വേവലാതിപ്പെട്ട് അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം വലിച്ചുകീറിക്കളയും.
ഇത് എന്തുകൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ? ആനന്ദജീവിതം നയിക്കുന്നവര്‍ അവര്‍ ധരിക്കുന്ന കണ്ണടയിലൂടെ നോക്കുമ്പോള്‍ പോസിറ്റീവായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവയെ അരിച്ചുമാറ്റാനും ശ്രമിക്കും. നല്ല അനുഭവങ്ങള്‍ വരുമ്പോഴെല്ലാം അവര്‍ അതെല്ലാം വേണ്ടുവോളം ആസ്വദിച്ചു സ്വന്തം സദ്ഭാവനകളെ ഉണര്‍ത്തുന്നു. അതിനെ അതിന്റെ പരമകോടിയിലെത്തിക്കുന്നു. മോശമായവ കാണുമ്പോഴും അവര്‍ പതറാതെ നില്‍ക്കും.
ന്യൂനങ്ങളായ കാര്യങ്ങളെ അവഗണിച്ചും നമ്മെ പിറകോട്ടടിക്കുന്ന അനുഭവങ്ങളെ തൃണവത്ഗണിച്ചും മുന്നേറാനുള്ള ജീവിതവീക്ഷണമാണ് നമുക്കു സൃഷ്ടിച്ചെടുക്കേണ്ടത്. തിക്താനുഭങ്ങള്‍ മറന്ന് നന്മയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതേക്കുറിച്ചു പഠിക്കാനാണ് ശാസ്ത്രജ്ഞന്മാര്‍ അമിഗ്ദലയെ നിരീക്ഷിക്കുന്നത്. വിഭിന്ന വൈകാരികസ്വഭാവമുള്ളവരുടെ പോസിറ്റീവായ അനുഭവങ്ങള്‍ വരുമ്പോഴുള്ള ഉദ്ദീപനം അവിടെ ദൃശ്യമാകുന്നു. ഒരു പുതിയ കണ്ടുപിടിത്തത്തില്‍, അനുകമ്പ, ഭൂതദയ, ആര്‍ദ്രത, കാരുണ്യം, സര്‍വോപരി ജീവിതാനന്ദത്തിന്റെ മാനുഷികസത്തയും അവിടെത്തന്നെ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നു മനസ്സിലാകുന്നു.
നല്ലതിനെയും മോശമായതിനെയും സന്തുഷ്ടമനുഷ്യര്‍ എങ്ങനെ സ്വീകരിക്കുന്നു?
മനുഷ്യജീവിതത്തില്‍ സന്തുഷ്ടി ഉറപ്പിക്കാന്‍ നാം ദുരനുഭവങ്ങള്‍ അരിച്ചെടുത്തുമാറ്റാന്‍ ഒരു അരിപ്പ സൃഷ്ടിക്കുന്നുണ്ടോ? അതോ വ്യഥയിലാണ്ടവരെ കാണുമ്പോള്‍ നാം നമ്മുടെ അമിഗ്ദലയെ അത്തരം പിരിമുറുക്കങ്ങളില്‍നിന്ന് മനഃപൂര്‍വം ഒഴിവാക്കുമോ? വേദനയില്‍ പുളയുന്ന ഒരു രോഗിയെ കാണുമ്പോള്‍, അല്ലെങ്കില്‍ നിങ്ങളുടെ അയല്‍ക്കാരന്‍ അകാരണമായി നിങ്ങളോടു ക്ഷുഭിതനാകുമ്പോള്‍, അല്ലെങ്കില്‍ നിങ്ങളുടെ കാറിന് ഒരാള്‍ ദീര്‍ഘനേരം സൈഡ് തരാതെ മെല്ലെപ്പോകുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഇത്തരം പഠനങ്ങളില്‍ എങ്ങനെയാണ് ക്രിയാത്മകമോ ന്യൂനമോ ആയ കാര്യങ്ങളോട് ഒരു സന്തുഷ്ടനായ വ്യക്തി പ്രതികരിക്കുന്നത് എന്നാണ് നിരീക്ഷിക്കുക. മറുവശത്ത് അധികം സന്തുഷ്ടരല്ലാത്തവര്‍ ഇത്തരം അനുഭവങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നും പരിശോധിക്കുന്നു.
കിര്‍ക്കിലാന്‍ഡ് എന്നൊരു ശാസ്ത്രജ്ഞന്‍ ഇതേക്കുറിച്ചു ചില വിശദമായ പഠനങ്ങള്‍ നടത്തി. ആദ്യമായി അദ്ദേഹം പൊതുവെ സന്തുഷ്ടജീവിതം നയിക്കുന്ന ചിലരെ ചോദ്യാവലികളിലൂടെ തിരഞ്ഞെടുത്തു. അവര്‍ക്കു മുമ്പില്‍ കുറെ പോസിറ്റീവും നെഗറ്റീവും ന്യൂട്രലുമായ ചിത്രങ്ങള്‍ നിരത്തിവച്ചു. അവരുടെ ബ്രെയിന്‍ ഈ ചിത്രങ്ങളോട് എങ്ങനെ പ്രതീകരിക്കുന്നു എന്നു നോക്കാനായിരുന്നു ശ്രമം. ഇത്തരം ആളുകളില്‍ അമിഗ്ദലയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുന്നതായി കണ്ടു; നെഗറ്റീവെന്നോ പോസിറ്റീവെന്നോ ഉള്ള ഭേദമെന്യേ.
സന്തുഷ്ടരായ വ്യക്തികള്‍ ദുരനുഭവങ്ങള്‍ ഇല്ലാത്ത നിഷ്‌ക്രിയരോ ന്യൂനതകള്‍ കാണാനാവാത്തവരോ അല്ല. അവര്‍ പരിതഃസ്ഥിതികളോടിണങ്ങി അനുരഞ്ജനപ്പെടുന്നവരാണ്; സുഖദുഃഖസമ്മിശ്രമാണ് ജീവിതം എന്ന യാഥാര്‍ഥ്യം തൊട്ടറിയുന്നവരാണ്. ന്യൂനമായ ഒരനുഭവത്തോടുള്ള നമ്മുടെ ഇന്ദ്രിയത്തിന്റെ അവബോധവും പ്രതികരണശേഷിയുമാണ് വാസ്തവത്തില്‍ സന്തുഷ്ടജീവിതത്തിന്റെ മുഖ്യഘടകം. മനസ്സിന്റെ സമതുലനാവസ്ഥ നിലനിര്‍ത്തുന്നതിലാണ് കാര്യം. ഒരുകാലത്തു ഭയാശങ്കകളുടെ കേന്ദ്രമായിട്ടാണ് അമിഗ്ദല അറിയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അത് ആഴത്തില്‍ അന്തഃപ്രേരിതമായി നമുക്ക് അപരന്റെ ദുഃഖം കാണാനും സഹായഹസ്തം നീട്ടാനുള്ള പ്രചോദനംതരാനും ഉപകരിക്കുന്ന ആനന്ദത്തിന്റെ കേന്ദ്രമായിട്ടുകൂടി അതിനെ പരിഗണിക്കേണ്ടിയിരിക്കുന്നു.
ലേഖനം
ആനന്ദത്തിന്റെ തലസ്ഥാനം
ജോസ് വഴുതനപ്പിള്ളി
