ഭരണമേറ്റ ആദ്യവര്‍ഷം ആദ്യമാസംതന്നെ ഹെസെക്കിയാ കര്‍ത്താവിന്റെ ആലയത്തിന്റെ വാതിലുകള്‍ തുറക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു. അവന്റെ കല്പനപ്രകാരം അഹറോന്റെ പുത്രന്മാരായ പുരോഹിതന്മാര് ദഹനബലിയും പാപപരിഹാരബലിയും ഇസ്രയേലിനു മുഴുവനുംവേണ്ടി അര്‍പ്പിച്ചു. രണ്ടാംമാസം പതിന്നാലാംദിവസം പെസഹാക്കുഞ്ഞാടിനെ കൊന്ന് പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളും ആഘോഷിച്ചു. ദൈവമായ കര്‍ത്താവിന്റെ മുമ്പാകെ നന്മയും നീതിയും പ്രവര്‍ത്തിച്ച് ഹെസെക്കിയാ അവിടുത്തോടു വിശ്വസ്തത പുലര്‍ത്തി. ദൈവാലയശുശ്രൂഷയോടു ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും അവന് പൂര്‍ണഹൃദയത്തോടെ ചെയ്തുവന്നു.
അസ്സീറിയന്‍ അടിമത്തം
ഇസ്രയേലിലും യൂദായിലും സമാധാനപൂര്‍ണമായ ഭരണം നിലനില്‍ക്കുമ്പോഴായിരുന്നു അസ്സീറിയയുടെ ഇസ്രയേലിനുമേലുള്ള ആക്രമണം. ബി സി 722 ല്‍ ഇസ്രയേലിനെ ആക്രമിച്ച അസ്സീറിയന്‍ രാജാവായ ഷല്‍മനേസര്‍ മൂന്നു വര്‍ഷത്തെ ഉപരോധത്തിനുശേഷം സമരിയ കീഴടക്കി. അത് ഇസ്രയേല്‍ രാജാവായ ഹോസിയായുടെ ആറാം ഭരണവര്ഷവുമായിരുന്നു. ഷല്‍മനേസര്‍ ഇസ്രയേല്‍ക്കാരെ അസ്സീറിയയിലെ ഹാലാ, ഹോസാനിലെ ഹാബോര്‍ നദീതീരം, മെദിയാ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചു. കാരണം, അവര്‍ ദൈവമായ കര്‍ത്താവിന്റെ ഉടമ്പടി ലംഘിക്കുകയും അവിടുത്തെ ദാസനായ മോശയുടെ കല്പനകള് പാലിക്കാതിരിക്കുകയും ചെയ്തു (2 രാജാക്കന്മാര് 18:9-12). അസ്സീറിയാരാജാവാകട്ടെ, തന്റെരാജ്യത്തെ വിവിധ നഗരങ്ങളില്‍നിന്ന് ആളുകളെ കൊണ്ടുവന്ന് ഇസ്രയേല്ജനത്തിനുപകരം സമരിയാനഗരങ്ങളില്‍ പാര്‍പ്പിച്ചു.
ഹെസെക്കിയാരാജാവിന്റെ 14-ാം ഭരണവര്‍ഷം, അതായത് ബി സി 714 ല്‍ അസ്സീറിയാ രാജാവായ സെന്നാക്കെരിബ് യൂദായുടെ സുരക്ഷിതനഗരങ്ങള്‍ ആക്രമിച്ചുകീഴടക്കി. പിടിച്ചെടുത്ത നഗരങ്ങളില്‍നിന്നു പിന്മാറാന് ആവശ്യപ്പെട്ടുകൊണ്ട് 300 താലന്ത് വെള്ളിയും മുപ്പതു താലന്ത് സ്വര്‍ണവും ഹെസെക്കിയാരാജാവ് സെന്നാക്കെരിബിനു കൊടുത്തയച്ചു. അതുകൂടാതെ, ദൈവാലയത്തിന്റെ കതകുകളും കട്ടിളക്കാലുകളും പൊതിഞ്ഞിരുന്ന സ്വര്‍ണമെടുത്ത് അസ്സീറിയാരാജാവിനു നല്കി. എങ്കിലും, സെന്നാക്കെരിബും അസ്സീറിയന്സ്ഥാനികളും യൂദാരാജാവിനെ പരിഹസിക്കുകയും കൂടുതല്‍ നിന്ദനങ്ങള്‍ ചൊരിയുകയും ചെയ്തു. ജറുസലെമിലെ ദൈവത്തെക്കുറിച്ച് ഭൂമിയിലെ ജനതകളുടെ ദേവന്മാരെക്കുറിച്ചെന്നതുപോലെ അവര്‍ സംസാരിച്ചു. ഹെസെക്കിയാരാജാവും ഏശയ്യാപ്രവാചകനും സ്വര്‍ഗത്തിലേക്കു നോക്കി സ്വരമുയര്‍ത്തി പ്രാര്‍ഥിച്ചു. കര്‍ത്താവ് ഒരു ദൂതനെ അയച്ചു. അവന് അസ്സീറിയാരാജാവിന്റെ പാളയത്തിലെ വീരയോദ്ധാക്കളെയും സേനാധിപന്മാരെയും സേവകരെയും വെട്ടിവീഴ്ത്തി. ലജ്ജിച്ചു തല താഴ്ത്തി സ്വദേശത്തേക്കു മടങ്ങിയ സെന്നാക്കെരിബിനെ അയാളുടെ പുത്രന്മാര് വാളിനിരയാക്കി. അങ്ങനെ കര്‍ത്താവായ ദൈവം ഹെസെക്കിയായെയും ജറുസലെം നിവാസികളെയും രക്ഷിച്ചു (2 ദിനവൃത്താന്തം 32:19-22).
ഹെസെക്കിയായുടെ പുത്രനായ മനാസ്സെ അധികാരമേറ്റശേഷം ബാലിനു ബലിപീഠങ്ങള്‍ നിര്‍മിക്കുകയും, അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിക്കുകയും, ആകാശഗോളങ്ങളെ സേവിക്കുകയും ആരാധിക്കുകയും ചെയ്തു. ദൈവാലയത്തിന്റെ രണ്ട് അങ്കണങ്ങളിലും ആകാശഗോളങ്ങള്‍ക്കു ബലിപീഠങ്ങള്‍ പണിതു. സ്വന്തം പുത്രന്മാരെ അവന് ബെന്‍ഹിന്നോം താഴ്വരയില് ഹോമിച്ചു. ജ്യോത്സ്യം, ആഭിചാരം, ശകുനം എന്നിവ സ്വീകരിക്കുകയും പ്രേതാവിഷ്ടരുടെയും മന്ത്രവാദികളുടെയും ഉപദേശം ആരായുകയും ചെയ്തു. ഇസ്രയേല്‍ജനത്തിന്റെ മുമ്പില്‍ കര്‍ത്താവു നശിപ്പിച്ച ജനതകള്‍ ചെയ്തതിനേക്കാള്‍ വലിയ തിന്മ ചെയ്യാന്‍ യൂദായെയും ജറുസലെം നിവാസികളെയും മനാസ്സെ പ്രേരിപ്പിച്ചു (2 ദിനവൃത്താന്തം 33:1-9).
കര്‍ത്താവായ ദൈവം മനാസ്സെയോടും ജനത്തോടും സംസാരിച്ചെങ്കിലും അവര്‍ വകവച്ചില്ല. അതിനാല്‍ കര്‍ത്താവ് അസ്സീറിയാരാജാവിന്റെ സേനാധിപന്മാരെ അവര്‍ക്കെതിരേ അയച്ചു. അവര്‍ മനാസ്സെയെ കൊളുത്തിട്ടു പിടിച്ച് ഓട്ടുചങ്ങലകളാല്‍ ബന്ധിച്ച് തങ്ങളുടെ രാജ്യത്തേക്കു കൊണ്ടുപോയി. കഷ്ടതയിലായപ്പോള്‍ അവന് തന്റെ ദൈവമായ കര്‍ത്താവിനോടു കരുണയ്ക്കുവേണ്ടി യാചിച്ചു. അവന്റെ പ്രാര്‍ഥന കേട്ട കര്‍ത്താവ് അവനെ ജറുസലെമിലേക്കു തിരിയെ കൊണ്ടുവന്നു. കര്‍ത്താവാണ് ദൈവമെന്ന് അപ്പോള്‍ അവന് മനസ്സിലാക്കി. അവന് കര്‍ത്താവിന്റെ ആലയത്തില്‍നിന്ന് അന്യദേവന്മാരെയും വിഗ്രഹത്തെയും നീക്കം ചെയ്തു. ദൈവാലയഗിരിയിലും ജറുസലെമിലും താന്‍ നിര്‍മിച്ച ബലിപീഠങ്ങള്‍ തകര്‍ക്കുകയും കര്‍ത്താവിന്റെ ബലിപീഠം വീണ്ടും പ്രതിഷ്ഠിച്ച് അതില്‍ സമാധാനബലികളും കൃതജ്ഞതാബലികളും അര്‍പ്പിക്കുകയും ചെയ്തു (2 ദിനവൃത്താന്തം 33:10-16).
മനാസ്സെയുടെ പൗത്രനായ ജോസിയായുടെ 18-ാം ഭരണവര്‍ഷം ദൈവാലയം ശുദ്ധീകരിച്ചപ്പോഴാണ് മോശവഴി കര്‍ത്താവു നല്‍കിയിരുന്ന നിയമഗ്രന്ഥം കണ്ടെത്തിയത്. രാജാവു പുരോഹിതരെയും ജനത്തെയും വിളിച്ചുകൂട്ടി ദൈവാലയത്തില്‍നിന്നു കണ്ടെത്തിയ ഉടമ്പടിയുടെ ഗ്രന്ഥം അവരെ വായിച്ചുകേള്‍പ്പിച്ചു. കര്‍ത്താവിനെ പിന്‍ചെല്ലുമെന്നും, അവിടുത്തെ കല്പനകളും പ്രമാണങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടെ പാലിക്കുമെന്നും സിംഹാസനത്തിലിരുന്നുകൊണ്ട് കര്‍ത്താവിന്റെ മുമ്പില്‍ ഉടമ്പടി ചെയ്തു. ഇസ്രയേല്ദേശത്തുണ്ടായിരുന്ന സകല മ്ലേച്ഛതകളും ജോസിയ നീക്കം ചെയ്തു.
മോശയുടെ നിയമങ്ങളനുസരിച്ചു പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടുംകൂടെ കര്‍ത്താവിനെ പിന്‍ചെന്ന മറ്റൊരു രാജാവ് മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല. എങ്കിലും, മനാസ്സെ നിമിത്തം യൂദായ്ക്കെതിരെ ജ്വലിച്ച കര്‍ത്താവിന്റെ ഉഗ്രകോപം ശമിച്ചില്ല. അവിടുന്ന് അരുള്‍ചെയ്തു: ''ഇസ്രയേലിനെപ്പോലെ യൂദായെയും എന്റെ കണ്മുമ്പില് നിന്നു ഞാന്‍ തൂത്തെറിയും. ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിനെയും, എന്റെ നാമം ഇവിടെ ആയിരിക്കുമെന്നു ഞാന്‍ അരുള്‍ചെയ്ത ആലയത്തെയും ഞാന്‍ നിര്‍മാര്‍ജനം ചെയ്യും'' (2 രാജാക്കന്മാര് 23:25-27).
അസ്സീറിയാ രാജാക്കന്മാര് ഇസ്രയേലിനെ ഇരുപത്തഞ്ചു വര്‍ഷവും, യൂദായെ ഒരു നൂറ്റാണ്ടിലധികവും അടക്കിഭരിച്ചു.
ബാബിലോണ്‍പ്രവാസം
യഹോയാക്കിന് യൂദായില്‍ ഭരണം നടത്തുമ്പോഴായിരുന്നു ബാബിലോണ്‍രാജാവായ നബുക്കദ്നേസറിന്റെ ആക്രമണം. അതു നബുക്കദ്നേസറിന്റെ എട്ടാം ഭരണവര്‍ഷമായിരുന്നു. ബാബിലോണ്‍ രാജാവ് യഹോയാക്കിനെ തടവുകാരനാക്കുകയും, ദൈവാലയത്തിലെയും കൊട്ടാരത്തിലെയും നിധികള്‍ കൊള്ളയടിക്കുകയും സോളമന് ആലയത്തിനുവേണ്ടി നിര്‍മിച്ച സ്വര്‍ണപ്പാത്രങ്ങള്‍ കഷണങ്ങളാക്കുകയും ചെയ്തു. കര്‍ത്താവ് മുന്‍കൂട്ടി അറിയിച്ചതുപോലെതന്നെയാണ് ഇതു സംഭവിച്ചത്. പ്രഭുക്കന്മാര്, ധീരയോദ്ധാക്കള്‍, ശില്പികള്, ലോഹപ്പണിക്കാര്‍, ജറുസലെംനിവാസികള്‍ എന്നിവരടക്കം പതിനായിരങ്ങളെ അവന് പിടിച്ചുകൊണ്ടുപോയി. യൂദായുടെമേലുള്ള നബുക്കദ്നേസറിന്റെ ഈ ആക്രമണം ബി സി 597 ലായിരുന്നുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നബുക്കദ്നേസര്‍ അടിമകളായി പിടിച്ചുകൊണ്ടുപോയവരുടെ എണ്ണമിതാണ്: അവന്റെ ഏഴാം ഭരണവര്‍ഷം മൂവായിരത്തിയിരുപത്തിമൂന്നു യഹൂദര്‍, പതിനെട്ടാം ഭരണവര്‍ഷം എണ്ണൂറ്റിമുപ്പത്തിരണ്ടുപേര്‍, ഇരുപത്തിമൂന്നാം ഭരണവര്‍ഷം നബുസരദാന്‍ പിടിച്ചുകൊണ്ടുപോയ എഴുന്നൂറ്റിനാല്പത്തിയഞ്ചു യഹൂദര്‍. ആകെ നാലായിരത്തിയറുനൂറുപേര്‍. അങ്ങനെ യൂദാ സ്വന്തം നാട്ടില്‍നിന്നും നിഷ്കാസിതരായി (ജറെമിയാ 52:27-30).
യഹോയാക്കിന്റെ സഹോദരനായ സെദെക്കിയായെ സാമന്തരാജാവായി വാഴിച്ചശേഷമാണ് നബുക്കദ്നേസര്‍ ബാബിലോണിലേക്കു മടങ്ങിയത്. യഹോയാക്കിനെപ്പോലെ അവനും കര്‍ത്താവായ ദൈവത്തിന്റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചതിനാല്‍ അവിടുത്തെ കോപം ജറുസലെമിനും യൂദായ്ക്കുമെതിരേ ജ്വലിച്ചു. കര്‍ത്താവ് അവരെ തന്റെ മുമ്പില്‍നിന്ന് തള്ളിക്കളഞ്ഞു (2 രാജാക്കന്മാര് 24:17-20).
ബാബിലോണ്രാജാവായിരുന്ന നബുക്കദ്നേസറിന്റെ രണ്ടാമത്തെ ആക്രമണം സെദെക്കിയായുടെ ഒന്പതാംഭരണവര്ഷം രണ്ടാം മാസം പത്താം ദിവസമായിരുന്നു. രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ഉപരോധംമൂലം ജറുസലെമിലെ ജനങ്ങള്‍ കടുത്ത പട്ടിണിയിലായി. നഗരത്തില്‍നിന്നു പലായനം ചെയ്ത സെദെക്കിയായെ പിന്തുടര്ന്നു പിടികൂടിയ ബാബിലോണ്‍ രാജാവ് അവന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തശേഷം ചങ്ങലകൊണ്ടു ബന്ധിച്ച് ബാബിലോണിലേക്കു കൊണ്ടുപോയി (2 രാജാക്കന്മാര് 25:1-7, ജറെമിയാ 52:1-11).
ദൈവാലയം നശിപ്പിക്കുന്നു
നബുക്കദ്നേസറിന്റെ 19-ാം ഭരണവര്‍ഷം അഞ്ചാംമാസം ഏഴാം ദിവസം ജറുസലെമിലെത്തിയ അവന്റെ അംഗരക്ഷകരുടെ നായകനായ നബുസരദാന്‍ കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും നിരവധിയായ വീടുകളും അഗ്നിക്കിരയാക്കി. മാളികകള്‍ കത്തിച്ചാമ്പലായി. കോട്ടകള്‍ തകര്‍ത്തു. അതിദരിദ്രരായ ചിലരെ ഉഴവുകാരായും മുന്തിരിത്തോട്ടപ്പണിക്കാരായും അവിടെത്തന്നെ നിയോഗിച്ചശേഷം നഗരത്തില്‍ അവശേഷിച്ച സകലരെയും നബുസരദാന്‍ തന്നോടുകൂടെ കൊണ്ടുപോയി. ദൈവാലയത്തില്‍ കണ്ട വിലയേറിയ വസ്തുക്കളെല്ലാം അവന് ബാബിലോണിലേക്കു കടത്തി. സ്വര്‍ണമോ വെള്ളിയോ ആയി ഉണ്ടായിരുന്നതെല്ലാം അവന് കൊണ്ടുപോയി. ദൈവാലയത്തിലെ ഓട്ടുസ്തംഭങ്ങളും പീഠങ്ങളും ജലസംഭരണിയുമെല്ലാം കഷണങ്ങളാക്കിയാണ് കൊ ണ്ടുപോയത്. കര്‍ത്താവിന്റെ ആലയത്തില്‍ സോളമന് നിര്‍മിച്ച ഇവയുടെ ഓടിന്റെ തൂക്കം നിര്‍ണയാതീതമായിരുന്നു (2 രാജാക്കന്മാര് 25:8-16, ജറെമിയ 52:12-23). ബി സി 587/586 വര്‍ഷങ്ങളിലായിരുന്നു ഈ സംഭവങ്ങളെല്ലാം അരങ്ങേറിയതെന്ന് ചരിത്രരേഖകളിലുണ്ട്. അക്കാലത്തു ജീവിച്ചിരുന്ന ജറെമിയാ പ്രവാചകന് ഇവയെല്ലാം കാലേകൂട്ടി പ്രവചിച്ചിരുന്നു.
സൈന്യങ്ങളുടെ കര്‍ത്താവ് അരുള്‍ചെയ്യുന്നു: ''നിങ്ങള്‍ എന്റെ വചനം കേള്‍ക്കാതിരുന്നതിനാല്‍ ഉത്തരദേശത്തെ വംശത്തിനെയും ബാബിലോണ്‍ രാജാവായ നബുക്കദ്നേസറിനെയും ഞാന്‍ വിളിച്ചുവരുത്തും. ഞാന്‍ ഈ ദേശത്തെയും ഇതിലെ നിവാസികളെയും ചുറ്റുമുള്ള ജനതകളെയും നിശ്ശേഷം നശിപ്പിക്കും. ഞാന്‍ അവരെ ഒരു ബീഭത്സവസ്തുവും പരിഹാരവിഷയവും ശാശ്വതനിന്ദാപാത്രവുമാക്കും. ഈ ദേശം നശിപ്പിച്ചു ശൂന്യമാക്കും. ഈ ജനതകള്‍ ബാബിലോണ്രാജാവിന് എഴുപതുവര്‍ഷം ദാസ്യവൃത്തി ചെയ്യും. എഴുപതുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബാബിലോണ്‍ രാജാവിനെയും ജനതയെയും കല്‍ദായദേശത്തെയും അവരുടെ അകൃത്യങ്ങള്‍ നിമിത്തം ഞാന്‍ ശിക്ഷിക്കും'' (ജറെമിയാ 25:8-12).
(തുടരും)
തോമസ് കുഴിഞ്ഞാലിൽ
