പാരിന്റെ പരിത്രാണകനായ ക്രിസ്തു പിറന്ന പുല്ക്കൂട് പുണ്യങ്ങളുടെ കൂടാണ്. മഞ്ഞില്‍ മിഴിതുറന്ന മലരുകള്‍പോലെ പുണ്യങ്ങള്‍ പുല്ക്കൂട്ടില്‍ പരിലസിക്കുന്നുണ്ട്.
1. കരുതല്‍
മറ്റുള്ളവരുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധയും താല്‍പര്യവുമാണ് കരുതല്‍. ദൈവത്തിന് മനുഷ്യമക്കളോടുള്ള കരുതലിന്റെയും ശ്രദ്ധയുടെയും പ്രതീകമാണ് അവിടുന്ന് പാരിലൊരുക്കിയ പുല്ക്കൂട്. മനുഷ്യനെയും അവനു നല്കിയ വാഗ്ദാനത്തെയും തന്റെ സ്മൃതിപഥത്തില്‍ സൂക്ഷിച്ച്, കരതലങ്ങളില്‍ പേരുപോലും കുറിച്ചിട്ടു കരുതുന്നവനാണ് കര്‍ത്താവ്. മനുഷ്യരാശി മഹാനാശത്തില്‍ പതിക്കാതെ പരിരക്ഷിക്കപ്പെടണമെന്ന് തിരുവുള്ളമാകുന്ന ദൈവത്തെ പുല്ക്കൂട്ടില്‍ ദര്‍ശിക്കാം.
മനുഷ്യത്വത്തിന്റെ പ്രകടനമാണ് കരുതല്‍. കുരുവിക്കുപോലും കരുതലുള്ള പ്രപഞ്ചത്തില്‍ തമ്മില്‍ തഴയാനല്ല, താങ്ങാനാണ് മനുഷ്യര്‍ക്കു മനസ്സുണ്ടാകേണ്ടത്. കരുതേണ്ടവരെ കുരുതികൊടുക്കാതിക്കാന്‍ മക്കളും മാതാപിതാക്കളും ഒരുപോലെ ശ്രദ്ധിക്കട്ടെ. ചേര്‍ത്തുനിര്‍ത്തേണ്ടവരെ ജീവിതപങ്കാളികള്‍ ചവറ്റുകൊട്ടയില്‍ തള്ളാതിരിക്കട്ടെ. വൃദ്ധരെയും വ്യാധിതരെയും പുതുതലമുറ വഴിയോരങ്ങളില്‍ ഉപേക്ഷിക്കാതിരിക്കട്ടെ. കുഞ്ഞുന്നാളിലും കല്യാണനേരവുമൊക്കെ കരം പിടിക്കുന്നത് കണ്‍മണിപോലെ കാത്തുകൊള്ളാം എന്നതിന്റെ ഉറപ്പുകൂടിയാണെന്നു മറക്കരുത്. പുകഞ്ഞ കൊള്ളികളായി ആരും പുറത്തെറിയപ്പെടാതിരിക്കട്ടെ. കരുതലിന്റെ അഭാവത്തില്‍ നിസ്സംഗത, നിര്‍വികാരത, ക്രൂരത എന്നിവ മനുഷ്യബന്ധങ്ങളില്‍ പെരുകും. അവ ബന്ധങ്ങളെ ബന്ധനങ്ങളാക്കും.
2. കരുണ
പുല്ക്കൂട് കരുണ എന്ന പുണ്യത്തിന്റെ കൂടാണ്. മറ്റുള്ളവരുടെ ദുരിതങ്ങളെക്കുറിച്ചുള്ള അനുകമ്പാര്‍ദ്രമായ അവബോധവും അവ ലഘൂകരിക്കാനുള്ള ആഗ്രഹവുമാണ് കരുണ. വിണ്ണില്‍നിന്നു മണ്ണിലേക്കു വീശിയ കരുണയുടെ കിരണമാണ് പുല്ക്കൂട്ടിലെ പൈതല്‍. കാലിത്തൊഴുത്ത് ഒരു കനകസക്രാരിയായി മാറിയത് കാരുണ്യരൂപനായ കര്‍ത്താവ് അതില്‍ കന്യാജാതനായതുകൊണ്ടാണ്. കടലോളം കനിവ് അതില്‍ കരകവിഞ്ഞുകിടപ്പുണ്ട്. കാരുണ്യത്തിന്റെ ലാവണ്യം അവിടെ പ്രസരിക്കുന്നുണ്ട്.
കരുണ കാണിക്കാനുള്ള കഴിവ് ദൈവം മനുഷ്യനുമാത്രമേ കൊടുത്തിട്ടുള്ളൂ. കാരണം, അനുകമ്പയുടെ ആര്‍ദ്രതയില്‍ കുഴച്ചെടുത്ത കളിമണ്ണില്‍ അവിടുത്തെ സ്വന്തം സാദൃശ്യത്തിലാണ് മനുഷ്യന്‍ മെനയപ്പെട്ടിട്ടുള്ളത്. മണ്ണിലെ ആയുസ്സിന് അടിസ്ഥാനപരമായി മനസ്സലിവിന്റെ ദൈര്‍ഘ്യമാണുണ്ടാകേണ്ടത്. സഹതാപം അര്‍ഹിക്കുന്നവരില്‍ സ്വന്തം മുഖം കണ്ടെങ്കില്‍മാത്രമേ അവരെ സഹായിക്കാന്‍ സാധിക്കൂ. അപരന്റെ ആപത്തുകളും ആശങ്കകളുമൊക്കെ അകലെനിന്ന് ആസ്വദിക്കേണ്ടവയല്ല. അടുത്തുചെന്ന് അകറ്റേണ്ടവയാണ്. കരുണയില്ലെങ്കില്‍ കരളും കല്ലും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകില്ല. സങ്കടപ്പെടുന്നവരോടൊപ്പം സ്മാര്‍ട്ട് ഫോണില്‍ സെല്‍ഫിയെടുക്കാന്‍ തിടുക്കം കാട്ടാതെ കണ്ണീര്‍ തുടയ്ക്കാന്‍ കരം നീട്ടാം. ദയയുടെ ദനാറയൊന്ന് ഹൃദയത്തില്‍ കരുതുന്നതു നന്ന്. കരുണയുടെ കിണറ് വറ്റിയാല്‍ ബന്ധങ്ങളില്‍ വിദ്വേഷത്തിന്റെ വിള്ളലുകളുണ്ടാകും. സഹജീവികളോട് സഹതാപപൂര്‍വം വര്‍ത്തിക്കാം. കരുണയുടെ ഒരു കൈത്തൂവാലയായി മരണനേരംവരെ വ്യാപരിക്കാന്‍ പരിശ്രമിക്കാം.
3. സമര്‍പ്പണം
പുല്ക്കൂട് സമര്‍പ്പണം എന്ന പുണ്യത്തിന്റെ കൂടാണ്. ബുദ്ധിപരമായോ വൈകാരികമായോ എന്തിനോടെങ്കിലും സ്വയം ബന്ധിപ്പിക്കുന്ന പ്രവൃത്തിയാണ് സമര്‍പ്പണം. നരരക്ഷയെന്ന വലിയ വിലകൊടുക്കേണ്ട ചുമതല ഏറ്റെടുത്ത് അതിനായി സ്വജീവന്‍പോലും സമര്‍പ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായി മനുഷ്യരൂപനായി പിറന്ന പുത്രദൈവത്തിന്റെ പൊന്‍മുഖം കച്ചിമെത്തയില്‍ കാണാം. കാല്‍വരിയിലെ പ്രാണാര്‍പ്പണത്തിനു തുടക്കമായുള്ള തൊഴുത്തിലെ ത്യാഗാര്‍പ്പണം. ഒപ്പം, വിശ്വവിമോചകന്റെ വരവിനും അതുവഴി ആരംഭം കുറിക്കുന്നു.
ആരോടോ എന്തിനോടോ ഒക്കെ പ്രതിബദ്ധതയില്ലാതെ മനുഷ്യനു ജീവിക്കാന്‍ പറ്റില്ല. കുടുംബത്തോടും കടമകളോടും ബന്ധങ്ങളോടും തൊഴിലിനോടും നിലപാടുകളോടും തീരുമാനങ്ങളോടും വാഗ്ദാനങ്ങളോടും ആദര്‍ശങ്ങളോടുമെല്ലാം മനുഷ്യനു പ്രതിബദ്ധതയുണ്ട്. ചെയ്യുന്ന പ്രവൃത്തികളില്‍ സ്വന്തം മെയ്യും മനവും ഹൃദയവും നിക്ഷേപിക്കലാണ് സമര്‍പ്പണം. അവിടെ സ്വാര്‍ത്ഥതയ്ക്കു സ്ഥാനമില്ല. സ്വയംദാനം, സത്യസന്ധത, സ്ഥിരോത്സാഹം എന്നിവയാണ് അര്‍പ്പണത്തിന്റെ അംഗരക്ഷകരും അകമ്പടിസേവകരും. അര്‍പ്പണത്തിന്റെ ആഴം കുറഞ്ഞാല്‍ ഉപേക്ഷയും വീഴ്ചവരുത്തലുമൊക്കെ ജീവിതത്തിന്റെ ഭാഗമാകും. അവ അപജയങ്ങള്‍ക്ക് അവസരമൊരുക്കും.
4. എളിമ
പുല്ക്കൂട് എളിമ എന്ന പുണ്യത്തിന്റെ കൂടാണ്. സ്വന്തം മൂല്യത്തെ വിനയപുരസ്സരം വീക്ഷിക്കലാണ് എളിമ. അഹത്തെ അതിജീവിക്കലാണ് അത്. താഴ്മയുടെ താഴത്തെത്തട്ടാണ് തൊഴുത്ത്. തിന്മയുടെ തമോഗര്‍ത്തത്തില്‍നിന്നു മാനവവംശത്തെ മോചിപ്പിക്കാന്‍ തൊഴുത്തോളം താഴ്ന്ന്, മുഴമൊന്നുപോലുമില്ലാത്ത പുല്ക്കൂട്ടിലെ പഴയ വയ്‌ക്കോല്‍മീതെ അവതരിച്ച ദൈവകുമാരന്‍.
എളിമയ്ക്ക് ഏഴഴകാണ്. ഒരാളുടെ അസ്തിത്വത്തിനും വ്യക്തിത്വത്തിനും മങ്ങാത്ത മനോഹാരിത ചാര്‍ത്തുന്നത് അയാള്‍ അണിയുന്ന ആടകളോ ആഭരണങ്ങളോ അല്ല; പിന്നെയോ, അഭ്യസിക്കുന്ന എളിമയാണ്. നിഗളത്തിന്റെ മുനയൊടിക്കുന്ന ഒന്നാണ് എളിമ. ജീവിതവ്യാപാരങ്ങള്‍ക്ക് താഴ്മയുടെ തങ്കവര്‍ണമുണ്ടെങ്കില്‍ അവയുടെ പൊലിമ വലുതായിരിക്കും. കഴുത്തോളം നിഗളിച്ചുള്ള നടപ്പ് നല്ലതിനല്ല. വിനയം ഒരു നയം ആയിരിക്കണം. ഒരാള്‍ താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ തന്നെ മനസ്സിലാക്കിയിട്ടില്ല എന്നതിന്റെ അടയാളമാണ് അയാളുടെ അഹന്ത. എളിമയുടെ തെളിമ കെട്ടുപോയാല്‍ തട്ടിവീഴാനേ നേരം കാണൂ. എന്തിനും എവിടെയും താഴ്ന്നുകൊടുക്കലല്ല താഴ്മ. താനൊന്നുമല്ല, തനിക്കൊന്നുമില്ല എന്ന് ഒരാള്‍ സ്വയം തരംതാഴ്ത്തി സംസാരിക്കുന്നതുമല്ല എളിമ. എല്ലാമുള്ളപ്പോഴും എന്തൊക്കെയോ ആകുമ്പോഴും മനുഷ്യപ്പറ്റെന്ന അടിസ്ഥാനമൂല്യം കൈവിടാതെ തികച്ചും സാധാരണക്കാരെപ്പോലെ വചിക്കാനും വര്‍ത്തിക്കാനുമുള്ള സിദ്ധിയുടെ പേരാണ് വിനയം. സ്വന്തം വിളിപ്പേരിന്റെ നിഴലായി എളിമ എന്ന മൂന്നക്ഷരങ്ങള്‍ തെളിയുന്നുണ്ടെങ്കിലേ ജീവിതത്തിനു തിളക്കമുണ്ടാകൂ.
5. ഒരുമ
പുല്ക്കൂട് ഒരുമ എന്ന പുണ്യത്തിന്റെ കൂടാണ്. ആളുകള്‍ അന്യോന്യം യോജിച്ചുനില്ക്കുന്ന അവസ്ഥയാണ് ഐക്യം. ചെകുത്താന്‍ ചിതറിച്ചുനിര്‍ത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യവംശത്തെ ചേര്‍ത്തുപിടിക്കാന്‍ കര്‍ത്താവ് വിരിച്ച കരങ്ങളാണ് പിള്ളക്കച്ചയില്‍ കിടക്കുന്ന പൊടിക്കുഞ്ഞിനുള്ളത്. സകലരെയും ഒത്തൊരുമയുടെ ഒറ്റനൂലില്‍ കോര്‍ത്തെടുക്കാന്‍ മണ്ണില്‍ കണ്ണുതുറന്ന ദൈവം.
സമൂഹജീവിയായ മനുഷ്യന്റെ അടിസ്ഥാനസ്വഭാവം ഐക്യമായിരിക്കണം. സഹവാസത്തിന്റെ സ്ഥലമാണ് സൃഷ്ടപ്രപഞ്ചം. നാനാത്വത്തിലെ ഏകത്വത്തിന്റെ മാഹാത്മ്യത്തിന് മൂല്യച്യുതി വരാതിരിക്കാന്‍ മനുഷ്യന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുമയുടെ മാതൃക തേടി ഒരിടത്തും അലഞ്ഞുതിരിയേണ്ട കാര്യമില്ല. സ്വന്തം കൈകാലുകളിലെ വിരലുകളുടെ സ്വരുമ നോക്കിയാല്‍മാത്രം മതി. അവയെല്ലാംതന്നെ ആകൃതിയിലും വലുപ്പത്തിലും പരസ്പരം വിഭിന്നങ്ങളാണ്. അവയുടെ ഉപയോഗങ്ങളും വിവിധങ്ങളാണ്. എങ്കിലും, അവ ഒരുമിച്ചുനില്ക്കുന്നു. ഒന്നിനേല്ക്കുന്ന നൊമ്പരം എല്ലാവരുടേതുമാണ്. വിരലുകള്‍ വരച്ചുകാട്ടുന്ന ഏകതയുടെ ചിത്രമാണ് ഭൂമിയിലെ ഏറ്റവും കമനീയമായ കലാസൃഷ്ടികളിലൊന്ന്. ഒന്നിലധികംപേരുള്ളിടത്ത് അഭിപ്രായവ്യത്യാസങ്ങളും വാക്കുതര്‍ക്കങ്ങളും ഒരിക്കലും ഉണ്ടാവില്ല എന്നല്ല, അവയ്ക്ക് അല്പായുസ്സുമാത്രമേ അനുവദിക്കാവൂ എന്നാണ് അര്‍ഥമാക്കുന്നത്. ലോകത്തിന്റെ കുതിപ്പിലും കിതപ്പിലും, വളര്‍ച്ചയിലും വിളര്‍ച്ചയിലും, ശേഷികളിലും ശോഷണങ്ങളിലും മനുഷ്യര്‍ കരംകോര്‍ത്തു നില്ക്കണം.
6. സമാധാനം
പുല്ക്കൂട് സമാധാനം എന്ന പുണ്യത്തിന്റെ കൂടാണ്. അസ്വസ്ഥതകളില്‍നിന്നു സ്വതന്ത്രമായ അവസ്ഥയാണ് സമാധാനം. പാപവേഴ്ചകളുടെ വാഴ്ചയിലും വീഴ്ചകളിലുംപെട്ട് സ്വസ്ഥത നഷ്ടപ്പെട്ട നരരെ സന്മനസ്സുള്ളവരാക്കി സ്ഥായിയായ സമാധാനം സമ്മാനിക്കാന്‍ പിറന്ന ദൈവസൂനുവാണ് കാലിത്തൊഴുത്തില്‍ കണ്‍തുറന്നത്. അവന്റെ ആഗമനത്തോടെ സ്വര്‍ഗത്തിന്റെ സ്വസ്ഥത പാരിനെ പൊതിഞ്ഞു. ശാശ്വതമായ ശാന്തിയുടെ കാന്തി പ്രപഞ്ചമാകെ പരന്നു. ഊഴിയില്‍ ഉടലെടുത്തപ്പോള്‍മുതല്‍ ഉയിരോടെ ഉയിര്‍ത്തപ്പോള്‍വരെ അവന് നല്കാനുണ്ടായിരുന്നത് സമാധാനം തന്നെ.
ജനിമൃതികള്‍ക്കിടയിലെ ജീവിതകാലത്ത് സ്വായത്തമാക്കാന്‍ മനുഷ്യന്‍ വല്ലാതെ വാഞ്ഛിക്കുന്ന ഒന്നാണ് സമാധാനം. സമ്പത്തും സൗകര്യങ്ങളും സ്ഥാനമാനങ്ങളുമൊക്കെ ആവശ്യത്തിലധികമുണ്ടെങ്കിലും ഉള്ളില്‍ സൈ്വരമില്ലെങ്കില്‍ സകലതും പൊള്ളയായിപ്പോകും. അതുകൊണ്ടാണ് എന്തുവിലകൊടുത്തും അതു നേടാന്‍ മനുഷ്യന്‍ പ്രയത്‌നിക്കുന്നത്. തീരായുദ്ധങ്ങള്‍, മതതീവ്രവാദം, ഭീകരപ്രവര്‍ത്തനങ്ങള്‍, തൊഴിലില്ലായ്മ, പ്രകൃതിക്ഷോഭങ്ങള്‍, മാറാവ്യാധികള്‍ എന്നിങ്ങനെ മനുഷ്യന്റെ മനസ്സമാധാനം കെടുത്തുന്ന കാരണങ്ങള്‍ പലതുണ്ട്. അവയുടെയൊക്കെ നടുവിലും കാറ്റിലുലയുന്ന കൊമ്പിലിരുന്ന് പാട്ടുപാടുന്ന പക്ഷിയുടെ പ്രശാന്തത കൈവരിക്കാന്‍ ക്രിസ്തു ജീവിതത്തില്‍ നിറയുന്നവര്‍ക്കു സാധിക്കും. അനുദിനജീവിതത്തിലുണ്ടാകുന്ന ആകുലതകള്‍, രോഗങ്ങള്‍, നഷ്ടങ്ങള്‍, ഭയങ്ങള്‍, സഹനങ്ങള്‍ ആദിയായവയുടെയൊക്കെ മധ്യത്തിലും കര്‍ത്താവ് കൂട്ടുള്ളവരാണ് ക്രിസ്ത്യാനികള്‍. നസ്രായന്‍ നമ്മുടെ വഞ്ചിയിലുണ്ടെങ്കില്‍ നെഞ്ച് നീറേണ്ടതില്ല. അവന്‍ വള്ളത്തിലുണ്ടെങ്കില്‍ അതില്‍ വെള്ളം കയറുമെന്നോര്‍ത്ത് ഉള്ളം കലങ്ങേണ്ട കാര്യമില്ല. പരിപാലിക്കുന്നവന്‍ പടവിലുണ്ടെങ്കില്‍ പേടി പാടില്ല സമാധാനത്തിലേക്കുള്ള വഴി തേടി സമയം പാഴാക്കാതെ സ്വയം സമാധാനമാകുന്ന വഴിയാകാന്‍ പരിശ്രമിക്കാം. സംഭാഷണവും സഹകരണവുമാണ് സമാധാനത്തിന്റെ സ്തൂപങ്ങള്‍. മനഃശാന്തി മായുമ്പോള്‍ ഭയം ഭരണം ആരംഭിക്കും. കോപം, കലാപം, അക്രമം, ആകുലത, മാനസികവിഭ്രാന്തി തുടങ്ങിയവ ജീവിതനിയന്ത്രണം ഏറ്റെടുക്കും. കുടുംബം സമാധാനത്തിന്റെ കൂടാരമായിരിക്കണം.
(തുടരും)
ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
