•  26 Sep 2024
  •  ദീപം 57
  •  നാളം 29
നേര്‍മൊഴി

മതപരിവര്‍ത്തനനിരോധന നിയമത്തിന്റെ മാനങ്ങള്‍

2024 ജൂലൈ 30 ന് ലഖ്‌നൗവിലെ വിധാന്‍ഭവനില്‍ സംസ്ഥാനനിയമസഭയുടെ മണ്‍സൂണ്‍സമ്മേളനത്തില്‍ മതപരിവര്‍ത്തനനിരോധനനിയമഭേദഗതി അവതരിപ്പിച്ചു പാസാക്കി. 2021 മുതല്‍ യു.പിയില്‍ നിയമവിരുദ്ധമതപരിവര്‍ത്തനനിയമം പ്രാബല്യത്തിലുണ്ട്. ആ നിയമം ഭേദഗതി ചെയ്തു കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ശിക്ഷ കൂടുതല്‍ കഠിനമാക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പില്‍ യു.പി.യിലെ അപ്രതീക്ഷിതപരാജയവും പ്രധാനമന്ത്രിയില്‍നിന്നും മറ്റു കേന്ദ്രനേതാക്കന്മാരില്‍നിന്നും വേണ്ടത്ര പരിഗണന ലഭിക്കാത്തതുമാകാം ഇത്തരമൊരു നിയമഭേദഗതിക്കു കാരണമെന്നാണ് കരുതപ്പെടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഒരു സമാന്തര അധികാരകേന്ദ്രം രൂപപ്പെടുത്തുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പുപ്രചാരണയോഗങ്ങളില്‍നിന്നുപോലും ആദ്യഘട്ടത്തില്‍ മാറ്റിനിറുത്തിയത് എന്നാണ് പല മാധ്യമപ്രവര്‍ത്തകരും നിരീക്ഷിക്കുന്നത്.
മതപരിവര്‍ത്തനത്തെ സംബന്ധിച്ചു രാജ്യത്തിന്റെ നിലപാട് എന്താണ്? രാജ്യത്ത് പൊതുവായ മതപരിവര്‍ത്തനനിരോധനനിയമമില്ല. 12 സംസ്ഥാനങ്ങളില്‍മാത്രമാണ് ഇപ്പോള്‍ അത്തരം നിയമങ്ങള്‍ നിലവിലുള്ളത്. ആന്ധ്രപ്രദേശ്, ഒറീസ, യു.പി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്,  ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ നിയമമുള്ളത്. ഇവയെല്ലാംതന്നെ ബി.ജെ.പി. അധികാരത്തിലുള്ള സംസ്ഥാനങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.
    മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പരാതികളുണ്ടാവുകയോ ആ വിഷയത്തില്‍ ക്രമസമാധാനപ്രശ്‌നമുണ്ടാവുകയോ ചെയ്യുമ്പോഴാണ് ഒരു സംസ്ഥാനത്ത് ഈ വിഷയത്തില്‍ നിയമനിര്‍മാണം നടത്തേണ്ടിവരിക. രാഷ്ട്രീയനേട്ടത്തിനുവേണ്ടിയും നിയമനിര്‍മാണം നടത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവുകയില്ല.
     ഭരണഘടനയുടെ 250-ാം ഖണ്ഡിക മതസ്വാതന്ത്ര്യത്തെക്കുറിച്ചാണ്. ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കുന്നതിനും ജീവിക്കുന്നതിനും അതു പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്കു ഭരണഘടന ഉറപ്പുവരുത്തുന്നു. അതിനര്‍ഥം, ഈ അവകാശം വ്യക്തികളോ സമൂഹങ്ങളോ ഭരണകൂടംതന്നെയോ തടസ്സപ്പെടുത്തിയാല്‍ അവര്‍ക്കു നിയമപരിരക്ഷയ്ക്ക് അര്‍ഹതയുണ്ട് എന്നാണ്. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തെയാണ് നിയമംമൂലം നിരോധിച്ചിരിക്കുന്നത്. അതായത്, നിയമാനുസൃതമായ മതപരിവര്‍ത്തനം ആകാമെന്നാണ്. മറ്റുള്ളവരുടെ പ്രേരണയാലോ നിര്‍ബന്ധംമൂലമോ ഭയംകാരണമോ മതപരിവര്‍ത്തനം ലക്ഷ്യംവച്ചുള്ള വിവാഹബന്ധങ്ങള്‍ വഴിയോ ഭീഷണിമൂലമോ ഊരുവിലക്കു ഭയന്നോ ഒക്കെ  മതം മാറിയാല്‍ അതിനെ നിയമവിരുദ്ധമതപരിവര്‍ത്തനമായി കണക്കാക്കാം. വേണ്ടത്ര അറിവോടും സമ്മതത്തോടും പൂര്‍ണമനസ്സോടുംകൂടി ഒരാള്‍ക്ക് പിറന്നമതം ഉപേക്ഷിക്കുന്നതിനോ മറ്റൊരു മതം തിരഞ്ഞെടുക്കുന്നതിനോ അവകാശമുണ്ടായിരിക്കുന്നതാണ്. മതപരിവര്‍ത്തനം നടത്തുന്നവര്‍ പൂര്‍ത്തിയാക്കേണ്ട നിയമവ്യവസ്ഥകള്‍ അതതു സംസ്ഥാനങ്ങളിലുണ്ട്.
    മതവിശ്വാസവും അതിന്റെ ജീവിതമുറകളും ഒരു പരിധിവരെ സ്വകാര്യമാകയാല്‍ സര്‍ക്കാരിന് അതില്‍ കാര്യമൊന്നുമില്ല. നിയമപ്രശ്‌നമോ ക്രമസമാധാനപ്രശ്‌നമോ സാമൂഹികപ്രശ്‌നമോ ഇല്ലെങ്കില്‍ വിശ്വാസവിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ അത് ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാകാം. എന്നാല്‍, പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് സര്‍ക്കാരുകള്‍ക്കു നിയമനിര്‍മ്മാണം നടത്താന്‍ സാധിക്കുമെന്ന കാര്യം സമ്മതിച്ചേ മതിയാവൂ. മതപരിവര്‍ത്തനനിരോധനനിയമം പ്രതികൂലമായി ബാധിക്കുന്നത് ന്യൂനപക്ഷമതങ്ങളെയാണ്. ഇത്തരം നിയമങ്ങള്‍ നിലവില്‍ വരുമ്പോള്‍ അതു ദുരുപയോഗിക്കപ്പെടാനും അവ്യക്തമായ കാരണങ്ങളാല്‍പ്പോലും പീഡിപ്പിക്കപ്പെടാനും ശിക്ഷിക്കപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട്, രാജ്യത്തിന്റെ മതേതരസംസ്‌കാരത്തെയും ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തെയും മാനിച്ചുകൊണ്ടുള്ള നയങ്ങളും നിലപാടുകളുമാണ് സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.
     മതസ്വാതന്ത്ര്യം അനുവദനീയമായ ഈ രാജ്യത്ത് മതസ്വാതന്ത്ര്യത്തിന് എതിരായതെന്നു തോന്നിപ്പിക്കുന്ന മതപരിവര്‍ത്തനിരോധനനിയമം നിയമപരമായി നിലനില്ക്കുന്നതാണോ എന്ന ചോദ്യം പ്രസക്തമാണ്. ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി അത്തരം നിയമനിര്‍മാണം നിലനില്ക്കുന്നതാണെന്നാണ്. 1977 ല്‍ മധ്യപ്രദേശ് സര്‍ക്കാരും റവ. സ്റ്റനിസ്ലാവൂസും തമ്മില്‍ ഈ വിഷയത്തില്‍ നടന്ന നിയമവ്യവഹാരത്തില്‍ സുപ്രീംകോടതി പറഞ്ഞത് സര്‍ക്കാരിനു നിയമനിര്‍മാണം നടത്താമെന്നാണ്. മതം മാറ്റാനുള്ള അവകാശം ഭരണഘടനയുടെ 25-ാം ഖണ്ഡിക ഉള്‍ക്കൊള്ളുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 
ഇന്ത്യയില്‍ മതപരിവര്‍ത്തനം വ്യാപകമായി നടക്കുന്നില്ലെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. ക്രൈസ്തവര്‍ രാജ്യത്ത് 2.4 ശതമാനംമാത്രമാണ്. രണ്ടായിരം വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യം കൈസ്തവര്‍ക്കുണ്ട്. ക്രൈസ്തവസഭ മിഷനറിസ്വഭാവമുള്ളതാണ്. ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിച്ച് ക്രൈസ്തവസമൂഹങ്ങള്‍ രൂപീകരിക്കാനുള്ള ദൗത്യം സ്വീകരിച്ചവരാണ് ക്രൈസ്തവിശ്വാസികള്‍. ഈ ദൗത്യം യാഥാര്‍ഥ്യമാക്കുന്നതിന് ആളും അര്‍ഥവും ക്രൈസ്തവസമൂഹത്തിനുണ്ട്. എന്നിട്ടും അവരുടെ ജനസംഖ്യ കൂടുകയല്ല, കുറയുകയാണു ചെയ്യുന്നത് എന്നു കണക്കുകള്‍ ബോധ്യപ്പെടുത്തുമ്പോള്‍ മതപരിവര്‍ത്തനം എന്ന കുറ്റം ക്രൈസ്തവരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് എന്തു കാരണത്താലാണെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. ക്രൈസ്തവമതവിരുദ്ധത അതിനു പിന്നിലുണ്ടെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ? മതപരിവര്‍ത്തനനിരോധനനിയമം നിലവിലുള്ള സംസ്ഥാനങ്ങളിലെല്ലാം 'ഘര്‍ വാപസി' പ്രോത്സാഹിപ്പിക്കപ്പെടുന്നതായും പ്രചരണമുണ്ട്. മാതൃഭവനത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഘര്‍ വാപസി. അതായത്, ഇത് ഹിന്ദുരാജ്യമാണെന്നും ഏതെങ്കിലും സമയത്ത് മറ്റു മതങ്ങളിലേക്കു പോയിട്ടുണ്ടെങ്കില്‍ അവര്‍ തിരിച്ചുവരേണ്ടതാണെന്നുമുള്ള ധ്വനി ഘര്‍ വാപസി എന്ന ആകര്‍ഷകമായ പ്രയോഗത്തിനു പിന്നിലുണ്ട്. മതങ്ങളുടെ പേരില്‍ വിവേചനം ഉണ്ടാകാതിരിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വികസനത്തിനും അനിവാര്യമാണ്.   

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)