•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രതിഭ

എന്റെ പേര് 'ഗൗരിയുടെ അമ്മ'

വിധിയോടു പൊരുതി ജീവിതവിജയം കൈവരിച്ച ഭിന്നശേഷിക്കാരിയായ  സ്വന്തം മകളെക്കുറിച്ച് അഭിമാനത്തോടെ അമ്മ എഴുതുന്നു.

ഞാന്‍ ''ഗൗരിയുടെ അമ്മ''. ഗൗരി എന്ന മകളിലൂടെ മാത്രം  അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന അമ്മ.
തിരുവനന്തപുരത്തെ ഒരു ഹോസ്പിറ്റലില്‍ പത്തൊന്‍പതു വര്‍ഷംമുമ്പ് ഒരു ഏപ്രില്‍ 26 നായിരുന്നു അവളുടെ ജനനം. ഞങ്ങള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല, ജനിച്ചുവീണത് ഭിന്നശേഷിയുള്ള ഒരു കുഞ്ഞാണെന്ന്. മോളുടെ നട്ടെല്ല് അവസാനിക്കുന്നിടത്ത് ഉണ്ണിയപ്പത്തിന്റെ വലുപ്പമുള്ള മുഴ ഉണ്ടായിരുന്നു. ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവര്‍ പറഞ്ഞത് ആ മുഴ, കൊഴുപ്പ് (ഫാറ്റ് )ആണ് കുഴപ്പമില്ല എന്നാണ്. പിന്നീട് വിശദമായി നോക്കാമെന്നും പറഞ്ഞു. ആറാം മാസത്തില്‍ വിശദമായ പരിശോധനയില്‍ കണ്ടെത്തിയത് അത് സ്പൈന ബൈഫിഡ എന്ന രോഗാവസ്ഥയാണെന്നായിരുന്നു. തുടര്‍ന്ന്, വലിയൊരു സര്‍ജറിക്കു വിധേയയായി. ആ സര്‍ജറി വിജയമായിരുന്നില്ല. പോരാത്തതിനു മുഴയുടെ വലുപ്പം ഇരട്ടിയിലേറെ ആവുകയും ചെയ്തു.
ഓരോ ഘട്ടത്തിലും ഞങ്ങള്‍ പതിയെപ്പതിയെ തിരിച്ചറിഞ്ഞു, അവള്‍ക്കു ജീവിതത്തിലൊരിക്കലും നടക്കാനാകില്ലെന്ന്. ആ സത്യം ഉള്‍ക്കൊള്ളാനാവാതെ ഈ അമ്മ പലപ്പോഴും പകച്ചുനിന്നിട്ടുണ്ട്. പിന്നീട് ചികിത്സയുടെ നീണ്ട നാളുകള്‍. ഓപ്പറേഷനുകള്‍. പോകാത്ത ആശുപത്രികളില്ല. അലോപ്പതിയും ആയുര്‍വേദവും ഹോമിയോയും എന്നു വേണ്ട, പരീക്ഷിക്കാത്ത ചികിത്സാമാര്‍ഗങ്ങള്‍ ഒന്നുംതന്നെയില്ല.
ഏഴു വര്‍ഷം നീണ്ട ആയുര്‍വേദചികിത്സയിലും പറയത്തക്ക മാറ്റം കണ്ടല്ല. നിരാശയുടെ നാളുകള്‍... ഹോമിയോ പരീക്ഷിച്ചുനോക്കി. എവിടെ ആശ്രയിച്ചാലാണ് മകള്‍ക്ക് ആശ്വാസമെന്നായിരുന്നു ഈ അമ്മയുടെ ചിന്ത.
വളരുന്തോറും അവള്‍ തന്റെ കുറവുകള്‍ മനസ്സിലാക്കിത്തുടങ്ങി. അതിനിടയിലും സാധാരണ സ്‌കൂളില്‍ത്തന്നെ പ്രായത്തിനനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കിപ്പോന്നു.
മൂന്നാം ക്ലാസ്സുമുതല്‍ ശാസ്ത്രീയസംഗീതം പഠിക്കാന്‍ തുടങ്ങി. രണ്ടു വര്‍ഷം കഴിഞ്ഞ് ഓടക്കുഴല്‍ വാദനവും ആരംഭിച്ചു.
അരയ്ക്കു താഴേക്കു സ്പര്‍ശനശക്തിയില്ലാത്തതി നാല്‍ യൂറിന്‍ കണ്‍ട്രോള്‍പോലുമില്ലാത്ത കുഞ്ഞ്. എപ്പോഴും ഡയപ്പറുകള്‍ ധരിപ്പിക്കണം. അതിനാല്‍, സ്‌കൂളില്‍  ഞാന്‍ മോള്‍ക്കൊപ്പമിരുന്നു.
അങ്ങനെ  മുന്നോട്ടു പോകുമ്പോള്‍ പതിന്നാലാം വയസ്സില്‍ ഞരമ്പുകളെ ഞെരുക്കുന്ന വേദന തുടങ്ങി. ക്ലാസുകള്‍ പലപ്പോഴും മുടങ്ങി. കൂടുതലും കിടപ്പായി. ചെറിയ ആശ്വാസം തോന്നുന്ന ദിവസങ്ങളില്‍ സ്‌കൂളിലേക്കു പോകും..
ഈ ശാരീരികബുദ്ധിമുട്ടുകള്‍ക്കിടയിലും അവള്‍ സ്‌കൂളിലെ കലോത്സവങ്ങളില്‍ പങ്കെടുത്ത് ഓടക്കുഴല്‍ വാദനത്തിലും മറ്റും സമ്മാനങ്ങള്‍ വാങ്ങി.
കിടന്നുകൊണ്ടായി പഠനം. വീണ്ടും അലോപ്പതിയെ ആശ്രയിച്ചു. ന്യൂറോ മെഡിസിനുകളും ശക്തിയേറിയ വേദനസംഹാരികളും കൊടുത്തുകൊണ്ടിരുന്നു. ഒന്നും പറയത്തക്ക ഫലം കണ്ടില്ല. ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡ് അവസാനിക്കാറായപ്പോള്‍ പൂര്‍ണമായും കിടപ്പുതന്നെ. പരീക്ഷ എങ്ങനെയോ പൂര്‍ത്തിയാക്കി. 
മോളുടെ മാനസികനിലയില്‍പ്പോലും മാറ്റം വന്നുതുടങ്ങി. കഠിനമായ ദേഷ്യം. എപ്പോഴും കരച്ചില്‍. വേദനസംഹാരികള്‍ ഫലിക്കാതെയായിത്തുടങ്ങി. മൈന്‍ഡ് പവര്‍ ട്രെയിനര്‍ ജസ്റ്റിന്‍ തോമസ്‌സാറിന്റെ മികച്ച കൗണ്‍സലിങ്ങിലൂടെ കുറെയൊക്കെ മനോധൈര്യം കൊടുക്കാന്‍ കഴിഞ്ഞു.
അവസാനം എറണാകുളത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായ ആംസ്റ്റര്‍ മെഡിസിറ്റിയെക്കുറിച്ചറിഞ്ഞു. രണ്ടും കല്പിച്ച് അങ്ങോട്ടു പോയി. അവിടത്തെ പ്രഗല്ഭനായ ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ ദിലീപ് പണിക്കരുടെ വിശദമായ പരിശോധനയില്‍ മോള്‍ക്ക് വലിയ രണ്ടു സര്‍ജറികള്‍ ആവശ്യമെന്നു കണ്ടെത്തി. ഒന്ന് ന്യൂറോ മറ്റൊന്ന് സ്പൈന്‍ സര്‍ജറി. അതും നാല്പത്തിയെട്ടു മണിക്കൂര്‍ നീണ്ട സര്‍ജറി.
അപ്പോഴേക്കും 'സ്പൈന ബൈഫിഡ' എന്ന അസുഖത്തിന്റെ അവസ്ഥ മാറി 'ടെദേര്‍ഡ് കോര്‍ഡ് സിന്‍ഡ്രോം വിത്ത് സ്‌കോളിയോസിസ്' എന്നായി രോഗാവസ്ഥയുടെ പേര്.
ഓപ്പറേഷന്‍ദിവസം രാവിലെ എട്ടുമണിക്ക് മോളെ
തിയേറ്ററിലേക്കു കൊണ്ടുപോകുമ്പോള്‍ ഞാന്‍ വലിയ ധൈര്യം മോള്‍ക്കുമുമ്പില്‍ കാണിച്ചു. നീണ്ട
നാല്പത്തിയെട്ടു മണിക്കൂറുകള്‍ കടന്നുപോയത് ഒരു യുഗംപോലെയായിരുന്നു. കണ്ണുകള്‍ പൂട്ടി അവളുടെ ജീവനുവേണ്ടി പ്രാര്‍ത്ഥിച്ച് ഒരേയിരുപ്പ്.
നട്ടെല്ലിലെ അസ്ഥികള്‍ പലതും ഉണ്ടായിരുന്നില്ല. ചിലത് അപൂര്‍ണവുമായിരുന്നത്രേ. കൂടാതെ, നട്ടെല്ലിന് ഒരുപാട് വളവും ഉണ്ടായിരുന്നു. അസ്ഥികളില്ലാത്ത ഭാഗങ്ങളില്‍ ഇംപ്ലാന്റ് ചെയ്യേണ്ടിവന്നു. മുഴ മുറിച്ചുനീക്കാനാവില്ലായിരുന്നു. തൊലിയിലേക്ക് ഒട്ടിപ്പോയ ഞരമ്പുകളെ വേര്‍തിരിച്ചെടുക്കുക വളരെ പ്രയാസമേറിയ കാര്യവും. ഒരു പരിധിവരെ അവര്‍ അതില്‍ വിജയിച്ചു എന്നു പറയാം. ഡോക്ടര്‍മാരുടെ ഒരു വലിയ സംഘമായിരുന്നു അതിനു പിന്നില്‍. 
കൂടാതെ, വിദേശത്തുള്ള ഡോക്ടര്‍മാരുടെ സഹായവും.
ഒരു മാസം കഴിഞ്ഞപ്പോളാണ് ആ നടുക്കുന്ന സത്യം അറിഞ്ഞത്. ഓപ്പറേഷന്‍ ചെയ്ത മുറിവ് ഇന്‍ഫെക്ഷന്‍ ആയിരിക്കുന്നു. ചെയ്തതൊക്കെ വെറുതെയായോ എന്ന് ഡോക്ടര്‍മാര്‍പോലും ഭയന്ന നാളുകള്‍. വീണ്ടും ആറോ ഏഴോ അനുബന്ധസര്‍ജറികള്‍ വേണ്ടിവന്നു. മനസ്സ് കൈവിട്ടു പോകുന്നതു
പോലെ. മോളുടെ അവസ്ഥ ഒന്നിനൊന്നു ദയനീയമാവുകയായിരുന്നു. ഹോസ്പിറ്റലില്‍ത്തന്നെ കൗണ്‍സലിങ് നല്‍കിവന്നു. ഒപ്പം, ഞങ്ങളുടെ നിരന്തരമായ പരിചരണങ്ങളുംകൂടിയായപ്പോള്‍ രണ്ടരമാസത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടിലേക്ക്. തുടര്‍ന്ന് ഫിസിയോ തെറാപ്പിയും മറ്റുമായി മുന്നോട്ട്.
പഠനം നിലച്ച മട്ടായി. ജീവിതത്തോടു നിരാശ കാട്ടി
ത്തുടങ്ങി മോള്‍. ആരെയും കാണണ്ട, ആരോടും
സംസാരിക്കണ്ട.
അപ്പോഴേക്കും പത്താം ക്ലാസ്സ് പാതി പിന്നിട്ടിരുന്നു. ഗൗരിയുടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന സുശീല ബാലകൃഷ്ണന്റെ നിരന്തരശ്രമഫലമായി  വീണ്ടും  പഠിക്കാമെന്ന് അവള്‍ അര്‍ധമനസ്സോടെ സമ്മതിച്ചു. ടീച്ചര്‍ എന്നും വൈകിട്ട് ഏഴു മുതല്‍ ഒന്‍പതുവരെ വീട്ടില്‍ വന്ന് പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുത്തു 
പഠിപ്പിച്ച് അവളില്‍ പ്രതീക്ഷയുണര്‍ത്തി. 
തനിക്കു പഠിക്കാന്‍ കഴിയുമെന്ന വിശ്വാസം അവളില്‍ പതിയെ വേരുറച്ചു. പരീക്ഷാസെന്ററില്‍ പ്രത്യേക അനുമതിയോടെ അവള്‍ക്കായി കൊണ്ടിട്ട ദിവാന്‍കോട്ടില്‍ ചാരിയിരുന്നും കിടന്നും അവള്‍ പരീക്ഷയെഴുതി. സ്‌കൂളിലെ ക്ലാസുകളില്‍ അറ്റന്‍ഡ് ചെയ്യാതെതന്നെ എണ്‍പത്തിയേഴു ശതമാനം മാര്‍ക്കോടെ അവള്‍ പത്താം ക്ലാസ്സ് വിജയിച്ചു.
റിസള്‍ട്ട് അറിയുമ്പോള്‍ അവള്‍ അടുത്ത സര്‍ജറി
ക്കായി ഹോസ്പിറ്റലില്‍ കിടക്കുകയായിരുന്നു. ആ 
വിജയം അവള്‍ക്കു മുന്നോട്ടുപോകാനുള്ള ചവിട്ടുപടിയായിരുന്നു. നിരന്തരമായ യൂറിനറി ഇന്‍ഫെക്ഷന്‍ണ്ടമൂലം കിഡ്‌നി തകരാറിലാവാതിരിക്കാന്‍ ഇലിയല്‍
കണ്‍ഡ്യൂറ്റ്   (ileal conduit) എന്ന നൂതന സര്‍ജറിക്കായാണ് വീണ്ടും അഡ്മിറ്റ് ആയത്. റോബോട്ടിക്
സര്‍ജറി ആയിരുന്നു ചെയ്തത്. മോളുടെ വയര്‍ 
തുളച്ചു പുറമേ യൂറിന്‍ ബാഗ് ഫിറ്റ് ചെയ്തു (കിഡ്‌നിയും ബ്ലാഡറുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ടുള്ള ഒരു സര്‍ജറി).
മുടങ്ങിപ്പോയ ശാസ്ത്രീയസംഗീതവും ഓടക്കുഴല്‍പഠനവും ഇതിനിടെ പുനരാരംഭിച്ചു. അതിനൊപ്പം കവിതയും സിനിമാഗാനങ്ങളുമൊക്കെ പാടിത്തുടങ്ങി. ഗൗരിയെക്കുറിച്ചറിഞ്ഞ ഫ്‌ളവേഴ്‌സ് ടി വി ചാനല്‍, കോമഡി ഉത്സവം പ്രോഗ്രാമില്‍ പങ്കെടുപ്പിച്ചു. അത് അവള്‍ക്ക് ഒരു പ്രത്യേക അനുഭവമായിരുന്നു. അതു കൂടാതെ ജസ്റ്റിന്‍ തോമസ് സര്‍ ഗുഡ്‌നെസ് ടി വിയില്‍ പ്രോഗ്രാം ചെയ്യാന്‍ ക്ഷണിച്ചു.
വീണ്ടും പ്ലസ് വണ്ണിന് സ്‌കൂളിലേക്ക്. ഇക്കുറി ഗവണ്മെന്റ് സ്‌കൂളിലായിരുന്നു ചേര്‍ത്തത്. വയറിനു പുറത്തു യൂറിന്‍ ബാഗ് ഫിറ്റ് ചെയ്തതിനാല്‍ ഡയപ്പറുകള്‍ ധരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അത് അവളില്‍ കുറച്ചുകൂടി ആത്മവിശ്വാസം ഉണ്ടാക്കി. പുതിയ 
സ്‌കൂളും അന്തരീക്ഷവും അവിടുത്തെ അധ്യാപകരുടെ സഹകരണവും പുതിയ കൂട്ടുകാരും എല്ലാം അവള്‍ക്ക്
ഒരുപാടു മാറ്റവുമുണ്ടാക്കി. ഇനി അമ്മ എന്റൊപ്പം സ്‌കൂളില്‍ ഇരിക്കേണ്ട ആവശ്യമില്ലെന്ന് മോള്‍ പറഞ്ഞപ്പോള്‍ വളരെ അദ്ഭുതത്തോടെയാണ് ഞാന്‍ അതു കേട്ടത്. അതേ, എന്റെ മോള്‍ മാറിത്തുടങ്ങിയിരിക്കുന്നു.
പ്ലസ് ടു കാലത്ത് കൊവിഡുമൂലം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരുന്നല്ലോ. ആ വര്‍ഷം സ്‌കൂളില്‍ പോകാനാവാഞ്ഞത് കുറച്ചു നിരാശ നല്‍കിയെങ്കിലും പഠനം കഴിഞ്ഞുള്ള സമയം വെറുതെ നഷ്ടപ്പെടു
ത്താതെ ഓരോ ദിവസവും കൂടുതല്‍ ആക്റ്റീവായിരിക്കാനാണ് ശ്രമിച്ചത്. അതോടൊപ്പം, ടിക്‌ടോക്കില്‍ ഷോര്‍ട്ട് വീഡിയോസ് ചെയ്തു. ഷോര്‍ട്ട് വീഡിയോകളിലൂടെ കൊറോണയെ നേരിടാന്‍ ബോധവത്കരണം നടത്തി. ടിക് ടോക് നിരോധിച്ചപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സില്‍ ആക്റ്റീവായി. ഇപ്പോള്‍ ആയിരത്തിയഞ്ഞൂറോളം ഷോര്‍ട്ട് വീഡിയോസ് 
ചെയ്തുകഴിഞ്ഞു.
പ്ലസ് ടു വിന് 98.25 ശതമാനം മാര്‍ക്കോടെ മികച്ച വിജയം നേടി. കഠിനപരിശ്രമത്തിന്റെ മികച്ച ഫലം!
ഇപ്പോള്‍ വീടിനടുത്തുള്ള ഏറ്റുമാനൂരപ്പന്‍ കോള
ജില്‍ ബി കോം സെക്കന്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിനിയാണ് ഗൗരി. സംഗീതപഠനവും ഓടക്കുഴല്‍പഠ
നവും തുടരുന്നു. ദൈവാനുഗ്രഹത്താല്‍ പൊരുതിനേടിയ വിജയവഴിയിലൂടെ അവള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. 'കാരവാന്‍' എന്ന ഭിന്നശേഷിക്കൂട്ടായ്മയില്‍ സജീവാംഗംകൂടിയാണ് അവള്‍ ഇപ്പോള്‍.
അതേ, ഞാന്‍ ഇപ്പോള്‍ ഗൗരിയുടെ അമ്മ എന്നു മാത്രം അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുള്ള അമ്മമാരോട് ഈ അമ്മയ്ക്കു പറയാനുള്ളത്, വീട്ടിലെ നാലു ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാതെ അവരിലെ കഴിവുകളെ കണ്ടറിഞ്ഞ് അവരെ മുന്നോട്ടു കൊണ്ടുവരിക. ഒരമ്മയ്ക്കു 
മാത്രമേ അവളുടെ കുഞ്ഞുങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ തിരിച്ചറിയാന്‍ കഴിയൂ. അവരെ ധൈര്യമായി പുറത്തേക്കു കൊണ്ടുവരാന്‍ അറിയൂ. അവര്‍ക്കും മറ്റു കുട്ടികളെപ്പോലെ അവകാശങ്ങളുണ്ട്.
എന്നെന്നും ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ 
താങ്ങായി കൂടെയുണ്ട് എന്ന വിശ്വാസത്തോടെ...


ഗൗരിയുടെ അമ്മ
ആശാ പ്രദീപ്‌

Login log record inserted successfully!