പാലാ: മാനവരാശിയുടെ നിലനില്പിനു ഹരിതസമൃദ്ധി അനിവാര്യമാണെന്നും കാര്‍ബണ്‍ വ്യാപനം തടയുന്നതിനു സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്നും പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അഭിപ്രായപ്പെട്ടു. ലോകപരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി എസ്എംവൈഎം രൂപതാസമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പിഎസ്ഡബ്‌ളിയുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വടക്കേത്തൊട്ടി, എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപതയിലെ പള്ളികള്‍, മഠങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്കും കര്‍ഷകകുടുംബങ്ങളിലേക്കുമുള്ള ഫലവൃക്ഷത്തൈകള്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു. ഹൈബ്രീഡ് പച്ചക്കറിത്തൈകളും വിവിധയിനം ഫലവൃക്ഷത്തൈകളും ഹരിതസമൃദ്ധമാസാചരണത്തിന്റെ ഭാഗമായി രൂപതയിലുടനീളം വിതരണം ചെയ്യുമെന്ന് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അറിയിച്ചു.